Prabodhanm Weekly

Pages

Search

2013 ജനുവരി 26

കുറ്റകൃത്യങ്ങളെ കുടിയൊഴിപ്പിക്കാന്‍ വധശിക്ഷ മതിയാകുമോ?

ആദം ചൊവ്വ

വധശിക്ഷ അത്യന്തം ക്രൂരമായ ഒരു ശിക്ഷാ സമ്പ്രദായമാണെന്നും അതു നിരോധിക്കപ്പെടേണ്ടതാണെന്നുമുള്ള മുറവിളി അടുത്ത കാലത്തായി നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവന്നിരുന്നു. 'വധിശിക്ഷാ വിരുദ്ധ സമിതി' എന്ന പേരിലുള്ള ഒരു പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചതായും അതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലാണ് അവരെന്നും നമുക്കറിയാം. മനുഷ്യ ജീവനെ ഹനിച്ചുകളയാനിടയാക്കുന്ന വധശിക്ഷ നിരോധിക്കുന്നതോടൊപ്പം എട്ടു കൊല്ലം ശിക്ഷ പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാരെ വിട്ടയക്കുക, ശിക്ഷകള്‍ ലഘൂകരിക്കുക തുടങ്ങി തടവുകാരുടെ അവകാശാനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തെ രാജ്യത്തെ വിവിധ സംഘടനകള്‍ പിന്തുണക്കാന്‍ മുന്നോട്ടുവന്നതായും നമുക്കറിയാം.
ശിക്ഷ കഴിവതും ലഘുവാക്കണമെന്ന വാദഗതി ശക്തമായി നിലനില്‍ക്കുമ്പോഴാണ്, കഴിഞ്ഞ മാസം ദല്‍ഹിയിലുണ്ടായ ക്രൂരമായ ബലാത്സംഗവും അതിനിരയായ പെണ്‍കുട്ടിയുടെ ദാരുണ മരണവും സൃഷ്ടിച്ച വികാരപ്രകടനത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങള്‍ നമ്മുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദല്‍ഹിയിലെ തെരുവീഥികളില്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ യുവതീയുവാക്കള്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകളില്‍ കാണാന്‍ കഴിഞ്ഞ മുദ്രാവാക്യങ്ങള്‍ ഇതാണ് ''ബലാത്സംഗത്തിന് വധശിക്ഷ,'' ''ബലാത്സംഗക്കാരന്റെ ലിംഗം ഛേദിക്കൂ,'' ''ബലാത്സംഗക്കാരനെ എറിഞ്ഞു കൊല്ലൂ'' ''സ്ത്രീ വെറും ശരീരമല്ല.'' ദല്‍ഹിയില്‍ മാത്രമല്ല ഇന്ത്യയിലെ പല നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളില്‍പോലും ഉയര്‍ന്നുവന്ന മുദ്രാവാക്യവും ഇതുതന്നെയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കടുത്ത ശിക്ഷ വേണം, അതും വധശിക്ഷ തന്നെയായിരിക്കണമെന്ന വാദം ശക്തിപ്പെട്ടു വരികയാണ്. അടുത്ത ദിവസം ഒരു ടിവി ചാനല്‍ ഒരുക്കിയ സംവാദം കൗതുകകരമായ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുകയുണ്ടായി. സിനിമാ നടന്‍ മോഹന്‍ലാല്‍ അടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ള സ്ത്രീപുരുഷന്മാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മിക്കപേരും വധശിക്ഷയെ അനുകൂലിച്ചു സംസാരിച്ച കൂട്ടത്തില്‍ ചിലര്‍ക്ക് നിര്‍ദേശിക്കാനുണ്ടായത് ഇസ്‌ലാമിക ശിക്ഷാരീതിയായ പരസ്യമായ എറിഞ്ഞു കൊല്ലലാണ് ഏറ്റവും ഫലപ്രദമായ പരിഹാരം എന്നായിരുന്നു.
വധശിക്ഷയും കഠിനമായ മറ്റു ശിക്ഷകളും അവസാനിപ്പിക്കണമെന്ന് മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ നിന്നാണ് വധശിക്ഷ അടിയന്തരമായും നിര്‍ബന്ധമായും നടപ്പില്‍ വരണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നത്. കൂട്ടത്തില്‍, ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്ന ശിക്ഷകള്‍ ക്രൂരമാണെന്ന് പറഞ്ഞ് പരത്തിയ ലോകത്താണ് അതിന്റെ ശ്രേഷ്ഠതയെയും യുക്തിഭംഗിയേയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ പൊന്തിവന്നിരിക്കുന്നത്.
എന്തുകൊണ്ട് സമൂഹത്തില്‍ കുറ്റങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു, ഇവ ഒരളവോളമെങ്കിലും കുറച്ചുകൊണ്ടുവരാനുള്ള മാര്‍ഗങ്ങളെന്തൊക്കെ, ഇസ്‌ലാമിന്റെ ഇക്കാര്യത്തിലെ കാഴ്ചപ്പാടും സമീപനവും എന്തൊക്കെ എന്നീ കാര്യങ്ങള്‍ പരിശോധിക്കേണ്ട സന്ദര്‍ഭമാണ് നമ്മുടെ മുന്നില്‍ വന്നുവീണിരിക്കുന്നത്.

ശാസ്ത്രീയ പഠനങ്ങള്‍
മനുഷ്യമനസ്സിന്റെ നിഗൂഢതകള്‍ പോലും കണ്ടെത്താന്‍ സാധിച്ചിരുന്ന കണ്‍ഫ്യൂഷിയസ് മനുഷ്യരെല്ലാം നല്ലവരാണെന്ന് പറയുകയുണ്ടായി. എന്നാല്‍ നല്ലവരായ ഈ മനുഷ്യര്‍ കുറ്റങ്ങളിലേക്ക് വഴുതി വീണു പോകുന്നതിന്റെ കാരണമെന്ത്? കുറ്റങ്ങള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് അറിയാമായിരുന്നിട്ട് കൂടി കുറ്റം ചെയ്യാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന മനോവിഭ്രമത്തിന്റെ പിന്നിലുള്ള ശക്തിയെന്ത്?
കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന ജൈവ-പാരമ്പര്യ ഘടകങ്ങളെക്കുറിച്ചും മാനസികഘടനയെ കുറിച്ചും കഴിഞ്ഞ മൂന്ന് നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗൗരവമേറിയ പഠനങ്ങള്‍ ആരംഭിച്ചതായി കാണാം. ഇറ്റലിയിലെ സീസര്‍ ബെക്കാറിയ, സീസര്‍ ലോബ്രോസ് തുടങ്ങിയ ചിന്തകന്മാരുടെ പഠനങ്ങള്‍ ആധുനിക കുറ്റകൃത്യപഠനത്തിന്റെ അസ്തിവാരമായി പരിഗണിക്കപ്പെടുന്നു. ക്രിമിനോളജി എന്ന പുതിയൊരു ശാസ്ത്രശാഖ തന്നെ അക്കാലം മുതല്‍ക്ക് രൂപം കൊണ്ടതായി കാണാം. മനുഷ്യനെ കുറ്റത്തിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത് ഇതിനുശേഷമാണ്. ഇരുപതാം നൂറ്റാണ്ടോടെ ശ്രദ്ധേയമായ പല പഠനങ്ങളും ഈ രംഗത്ത് നടക്കുകയുണ്ടായി. സിഗ്മണ്ട് ഫ്രോയിഡ്, അദ്ദേഹത്തിന്റെ സമകാലീനനായ ആല്‍ഫ്രഡ് ആഡ്‌ലര്‍, ആഷ്‌ലി മൊണ്ടേഗ് എന്നിവരുടെ നിരീക്ഷണങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ക്കാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ സ്വാധീനം നേടാന്‍ സാധിച്ചത്. മനുഷ്യജീവിതത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന അച്ചുതണ്ട് ലൈംഗികാസക്തിയാണെന്ന് സിദ്ധാന്തിച്ച ഫ്രോയ്ഡ് കുറ്റം ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം ലൈംഗിക സ്വാതന്ത്ര്യത്തിന്റെ മേലുള്ള സമൂഹത്തിന്റെ കടിഞ്ഞാണാണെന്നാണ് കണ്ടെത്തിയത്. സമൂഹം, മതം, ധാര്‍മികത, പാരമ്പര്യങ്ങള്‍ തുടങ്ങിയ ശക്തികള്‍ മനുഷ്യന്റെ ലൈംഗിക വികാരങ്ങള്‍ അമര്‍ച്ച ചെയ്യുന്നുണ്ടെന്നും അതില്‍ നിന്നുണ്ടാകുന്ന മാനസിക വൈകല്യങ്ങളാണ് കുറ്റത്തിന് പ്രേരണ നല്‍കുന്നത് എന്നുമാണ് ഫ്രോയിഡിയന്‍ മനഃശാസ്ത്രത്തിന്റെ കാതല്‍. ഈ ആശയം യൂറോപ്പില്‍ ആധുനിക ക്രിമിനോളജിയെയും, ശിക്ഷയെക്കുറിച്ച കാഴ്ചപ്പാടിനെയും വളരെയേറെ സ്വാധീനിക്കുകയുണ്ടായി. മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമോ പ്രവര്‍ത്തന സ്വാതന്ത്ര്യമോ ഇല്ലാത്തതിനാല്‍ അവന്‍ ചെയ്യുന്ന കുറ്റത്തിന് അവന്‍ ഉത്തരവാദിയല്ല എന്ന ചിന്താഗതിയാണ് ഈ മനഃശാസ്ത്ര വിശകലനം ഉയര്‍ത്തിവിട്ടത്. കുറ്റകൃത്യം മനഃപൂര്‍വമുള്ള പ്രവൃത്തിയല്ലാത്തതിനാല്‍ കഠിനമായ ശിക്ഷ അടിച്ചേല്‍പിക്കുന്നത് അഭിലഷണീയമല്ല എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നതിനാല്‍ യൂറോപ്പില്‍ അന്നുവരെ നിലനിന്നിരുന്ന ശിക്ഷാ സമ്പ്രദായങ്ങളില്‍ വലിയ മാറ്റമാണ് അതുണ്ടാക്കിയത്. കുറ്റവും ശിക്ഷയും സംബന്ധിച്ചു ജൂതക്രിസ്തീയ മതങ്ങള്‍ ഉദ്‌ഘോഷിച്ചിരുന്ന ദൈവിക നിയമങ്ങളെ തള്ളിക്കളയാനും പുതിയ ശിക്ഷാരീതികള്‍ ഉയര്‍ന്നുവരാനും ഇത് ഇടയാക്കി. വധശിക്ഷയും കഠിനമായ ശാരീരിക പീഡനങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഇതിനുശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ ലൈംഗികരാജകത്വവും കുറ്റകൃത്യങ്ങളും ക്രമാതീതമായി പെരുകിവന്നു എന്ന ചരിത്ര യാഥാര്‍ഥ്യം പിന്നീടുള്ള പല ചിന്തകരും അംഗീകരിക്കുകയും ഫ്രോയിഡിന്റെ ലൈംഗിക സിദ്ധാന്തം അബദ്ധമാണെന്ന് സമര്‍ഥിക്കുകയും ചെയ്യുകയുണ്ടായി.
മുതലാളിത്ത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം മൂലധനത്തിന്റെ കൈയേറ്റമാണ് കുറ്റകൃത്യത്തിന്റെ കാരണമെങ്കില്‍, സാമ്പത്തിക ചൂഷണമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് എന്ന വീക്ഷണമാണ് കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കുള്ളത്. അതായത് കുറ്റകൃത്യങ്ങളുടെ അടിസ്ഥാനം സമ്പത്താണെന്ന് ഇരുവിഭാഗവും വാദിക്കുന്നു. സാമ്പത്തികമായി തകര്‍ന്ന ഒരു സമൂഹത്തില്‍ ഉല്‍കൃഷ്ട ഗുണങ്ങളൊന്നും പ്രതീക്ഷിക്കുക സാധ്യമല്ലെന്നും അതിനാല്‍ സദാചാര ലൈംഗിക കുറ്റങ്ങളുടെ പേരില്‍ വലിയ ശിക്ഷയൊന്നും നല്‍കിക്കൂടാ എന്നും അവര്‍ സിദ്ധാന്തിക്കുന്നു. കുറ്റവാളികളുടെ നേരെയുള്ള ഈ അയഞ്ഞതും ഔദാര്യപൂര്‍ണവുമായ സമീപനം മുതലാളിത്ത-കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സൃഷ്ടിച്ചുവിട്ട നിയമരാഹിത്യവും കുറ്റകൃത്യങ്ങളുടെ ആധിക്യവും എത്രമാത്രമാണെന്ന് നമുക്കൊക്കെ അറിയാം. ലൈംഗികാരാജകത്വവും ധര്‍മക്ഷയവും അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ് അവിടങ്ങളില്‍.

മതങ്ങളുടെ കാഴ്ചപ്പാട്
കുറ്റവാസനയെ സംബന്ധിച്ച മനഃശാസ്ത്രപഠനങ്ങളെയും മനഃശാസ്ത്ര-സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങളെയും ആധുനിക കാലത്തെ മതപണ്ഡിതന്മാര്‍ പൂര്‍ണമായും തള്ളിക്കളയുന്നില്ലെങ്കിലും കുറ്റങ്ങള്‍ പെരുകാനുള്ള കാരണങ്ങള്‍ ഇതൊന്നുമല്ല എന്നേടത്തുതന്നെയാണ് അവര്‍ ഉറച്ചുനില്‍ക്കുന്നത്. ശിക്ഷയെക്കുറിച്ചുള്ള ഭയാശങ്കകള്‍ കുറയുന്നതോടൊപ്പം തന്നെ ദൈവപ്രോക്തങ്ങളായ നിയമങ്ങളും ദൈവദൂതന്മാരുടെ വചനങ്ങളും നിരാകരിക്കപ്പെടുന്നതിന്റെ അനന്തരഫലമാണ് കുറ്റകൃത്യങ്ങളുടെ ആധിക്യം. ദൈവശാസനകള്‍ ധിക്കരിക്കുക വഴി പരലോകത്ത് കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന ബോധം നഷ്ടപ്പെടുമ്പോഴാണ് കുറ്റംചെയ്യാന്‍ പേടി തോന്നാത്തത്. പ്രവാചകനായ ഈസാ(അ) അനുശാസിക്കപ്പെട്ടിരിക്കുന്നതായി ബൈബിളില്‍ പറയുന്നത് ഇപ്രകാരം ''നിന്റെ വലത്തെ കണ്ണ് നിനക്ക് പാപകാരണമാകുന്നെങ്കില്‍ അത് ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ശരീരം മുഴുവന്‍ നരകത്തില്‍ നിപതിക്കുന്നതിനേക്കാള്‍ ഉത്തമം ഒരവയവം നിനക്ക് നഷ്ടപ്പെടുന്നതാണ്. നിന്റെ വലതുകൈ പാപകാരണമാകുന്നെങ്കില്‍ അത് വെട്ടിമുറിച്ചു കളയുക. ശരീരം മുഴുവന്‍ നരകത്തില്‍ നിപതിക്കുന്നതിനേക്കാള്‍ ഉത്തമം ഒരവയവം നിനക്ക് നഷ്ടപ്പെടുന്നതാണ്.''
പുതിയ നിയമത്തിലെന്നപോലെ പഴയ നിയമത്തിലും ഇതേപോലുള്ള വ്യക്തമായ ശാസനകള്‍ കാണാം. ''ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചാരത്തിലേര്‍പെടുന്നുവെങ്കില്‍ വ്യഭിചാരിയും വ്യഭിചാരിണിയും വധിക്കപ്പെടുക തന്നെവേണം'' മറ്റൊരു വചനം ഇപ്രകാരം ''മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച കന്യകയെ ഒരുത്തന്‍ നഗരത്തില്‍ വെച്ച് കണ്ടു. അവളുമായി ശയിച്ചു. എങ്കില്‍ അവര്‍ രണ്ടുപേരേയും നഗര കവാടത്തില്‍ കൊണ്ടുവന്ന് എറിഞ്ഞു കൊല്ലണം''-കുറ്റവാളികള്‍ക്ക് കഠിനശിക്ഷ തന്നെ നല്‍കണമെന്നാണ് ക്രിസ്തുമതം അനുശാസിച്ചത്. എന്നാല്‍ കാലക്രമേണ മതനിയമങ്ങളില്‍ അയവ് വരുത്തുകയും പുതിയ കാഴ്ചപ്പാടുകളും കണ്ടെത്തലുകളും അംഗീകരിക്കാന്‍ തയാറാവുകയും ശിക്ഷകള്‍ ലഘൂകരിക്കുകയും ചെയ്ത പാശ്ചാത്യ ലോകം എത്തിപ്പെട്ടിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി നാം മനസ്സിലാക്കിക്കഴിഞ്ഞതാണ്.
കുറ്റവും ശിക്ഷയും സംബന്ധിച്ച് ലോകത്തിലെ ഇതര സിദ്ധാന്തങ്ങളില്‍നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് ഇസ്‌ലാമിനുള്ളത്. അതില്‍ പ്രധാനപ്പെട്ടത് കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിന് അനല്‍പമായ സ്വാധീനമുണ്ട് എന്നതാണ്. ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പൊതുസ്വഭാവം, അത് അംഗീകരിച്ചിരിക്കുന്ന സദാചാര മൂല്യങ്ങള്‍, ആ രാഷ്ട്രത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍, കുറ്റവാളികളുടെ നേരെയുള്ള സമീപനം തുടങ്ങിയ ഘടകങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതിനോ കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനോ സഹായകമാവുന്നത്. വ്യക്തിയെ കുറ്റത്തിലേക്ക് നയിക്കുന്ന എല്ലാ സാഹചര്യങ്ങളും അടച്ചു കളയുകയോ നീക്കം ചെയ്യുകയോ എന്നതാണ് ഇതുസംബന്ധിച്ച ഇസ്‌ലാമിന്റെ മൗലിക കാഴ്ചപ്പാട്. കളവ്, കൊള്ള, കൊല തുടങ്ങിയ കുറ്റങ്ങളിലേക്ക് നയിക്കുന്ന മുഖ്യപ്രേരകം സാമ്പത്തിക പ്രയാസമായിരിക്കാം. അത്തരമൊരു സാഹചര്യം ഇല്ലായ്മ ചെയ്യുന്നതിന് ഇസ്‌ലാമിക രാഷ്ട്രം പ്രതിജ്ഞാബദ്ധമായിരിക്കും. പൗരന്മാരുടെ ആവശ്യം പൂര്‍ത്തീകരിക്കുകയും തുല്യാവസരങ്ങള്‍ നല്‍കുകയും ചൂഷണത്തിന് വിധേയമാവാതെ ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിന്റേതാണ്. ജോലി ചെയ്തു സമ്പാദിക്കാന്‍ സാധിക്കാത്ത ദുര്‍ബലരോ അംഗവൈകല്യമുള്ളവരോ രോഗികളോ ആണെങ്കില്‍ ബൈത്തുല്‍മാല്‍ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇങ്ങനെ എല്ലാ സാഹചര്യവും ഒരുക്കിയതിന് ശേഷവും ഒരാള്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നുവെങ്കില്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ അയാളെ ശിക്ഷിക്കണം.
അതേപോലെ തന്നെയാണ് ലൈംഗിക കുറ്റങ്ങളുടെ കാര്യവും. ലൈംഗിക വികാര പൂര്‍ത്തീകരണം മനുഷ്യന്റെ നൈസര്‍ഗ്ഗികമായ ശാരീരിക ചോദനയാണ്. അതു പൂര്‍ത്തീകരിക്കാനുള്ള ന്യായമായ മാര്‍ഗമായി ഇസ്‌ലാം വിവാഹത്തെ കാണുന്നു. അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് വെളിയിലുള്ള ലൈംഗിക പ്രേരണക്ക് സഹായകമായിത്തീരുന്ന ആഭാസകരമായ എല്ലാ സംവിധാനങ്ങളെയും അതു കൊട്ടിയടക്കുന്നു. ദൈനംദിന ജീവിതത്തിലും ഒട്ടേറെ വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വസ്ത്രധാരണരീതി, അന്യരായ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സ്വതന്ത്രമായ കൂടിച്ചേരലുകളിലെ നിരോധനം തുടങ്ങി ലൈംഗികാതിക്രമങ്ങളിലേക്കും ആഭാസങ്ങളിലേക്കും വഴുതിവീഴാവുന്ന എല്ലാ മാര്‍ഗങ്ങളും രാഷ്ട്രം അടച്ചുകളയുന്നു. ഇത്തരമൊരു സംശുദ്ധ അന്തരീക്ഷത്തിലും നാലുപേരുടെ സാക്ഷ്യം സാധ്യമാവുംവിധം വ്യഭിചാരത്തിലേര്‍പ്പെടുന്ന വ്യക്തിയെയാണ് ദാക്ഷിണ്യമില്ലാത്ത ശിക്ഷക്ക് വിധേയമാക്കുന്നത്.
ഇസ്‌ലാമിന്റെ രണ്ടാമത്തെ സിദ്ധാന്തം, കോടതികള്‍ നല്‍കുന്ന കഠിനമായ ശിക്ഷയെക്കുറിച്ചുള്ള ഭയം കൊണ്ടുമാത്രം കുറ്റകൃത്യങ്ങളെ പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റില്ല എന്നതാണ്. പരലോകത്തെ അല്ലാഹുവിന്റെ കോടതിയില്‍ തന്റെ കര്‍മങ്ങള്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്നുള്ള ദൃഢവിശ്വാസത്തിന് മാത്രമേ കുറ്റങ്ങളെ വിപാടനം ചെയ്യാന്‍ സാധിക്കൂ. നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഇതിനെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ദല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗ സംഭവം ഉയര്‍ത്തിവിട്ട പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇങ്ങ് നമ്മുടെ കേരളത്തില്‍പോലും നിഷ്ഠൂരമായ ബലാത്സംഗത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്നത്, ശിക്ഷയെക്കുറിച്ച ഭയം ഇല്ലാത്തതുകൊണ്ട് മാത്രമാണ് എന്ന് അനുമാനിക്കാം. നിയമത്തിന്റെ കണ്ണ് വെട്ടിച്ചും നിയമപാലകരെ സ്വാധീനിച്ചും ശിക്ഷയില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗവും നമ്മുടെ നാട്ടില്‍ സുലഭമാണല്ലോ. അതിനാല്‍ കുറ്റകൃത്യങ്ങള്‍ ദൈവിക ശാസനകളെ ധിക്കരിക്കലാണെന്നും പരലോകത്ത് കഠിനമായ ശിക്ഷക്ക് കാരണമാകുമെന്നുമുള്ള വിശ്വാസം രൂഢമൂലമാകുമ്പോള്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ കുറയുകയുള്ളൂ.
ഈ വിശ്വാസമുള്ള ഒരു വ്യക്തി വല്ല തെറ്റും ചെയ്തുപോയെങ്കില്‍ ഈ ലോകത്ത് വെച്ചുതന്നെ ശിക്ഷിക്കപ്പെടാനും ശുദ്ധീകരിക്കപ്പെടാനുമാണ് ആഗ്രഹിക്കുക. ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ കുറ്റവാളിയുടെ മനസ്സ് പാപങ്ങളില്‍നിന്ന് വിമുക്തി നേടുന്നു. ഇസ്‌ലാമിക ശിക്ഷാനിയമത്തിന്റെ ഈ സവിശേഷത കൊണ്ടാണ് കുറ്റവാളികള്‍ നബിതിരുമേനിയുടെ സന്നിധിയില്‍ വന്നു താന്‍ വ്യഭിചാരം നടത്തിപ്പോയെന്നും, കൊല നടത്തേണ്ടിവന്നുവെന്നും, കളവ് ചെയ്തുവെന്നും മറ്റുമുള്ള കുറ്റങ്ങള്‍ ഏറ്റുപറഞ്ഞതും അന്ത്യനാളില്‍ ശുദ്ധമനസ്‌കരായി തങ്ങളുടെ രക്ഷിതാവിനെ സമീപിക്കാന്‍ ഈ ലോകത്ത് വെച്ച്തന്നെ തങ്ങളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതും.
ചുരുക്കത്തില്‍, തെറ്റ് ചെയ്യാന്‍ ഇടവരാത്ത വിധമുള്ള സാമൂഹിക വ്യവസ്ഥിതി സംജാതമാക്കുന്നതോടൊപ്പം തന്നെ ദൈവഭയവും പരലോക വിശ്വാസവും മനുഷ്യനിലുണ്ടാക്കിക്കൊണ്ട് അവരെ തെറ്റുകുറ്റങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുക എന്ന ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. മുഹമ്മദ് നബി(സ)യുടെ കാലത്ത് നടന്ന കരഛേദം ആകെ ഒന്ന്, എറിഞ്ഞുകൊല്ലല്‍ സംഭവം രണ്ടോ മൂന്നോ മാത്രം. നാനൂറ് വര്‍ഷക്കാലത്തെ ഇസ്‌ലാമിക ഭരണത്തിനിടക്ക് നടന്ന കരഛേദം കേവലം ആറും വ്യഭിചാരത്തിന്റെ പേരില്‍ എറിഞ്ഞു കൊല്ലപ്പെട്ടത് പതിനാലും മാത്രം. പഴയ ഒരു കണക്ക്പ്രകാരം, ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പിലുള്ള സുഊദി അറേബ്യയില്‍ 10 ലക്ഷം ആളുകളുടെ തോതില്‍ കണക്ക് ശേഖരിച്ചപ്പോള്‍ കുറ്റവാളികളുടെ തോത് കേവലം 22 ആയിരുന്നു. ഇതേ കാലയളവില്‍ ചില പരിഷ്‌കൃത രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്ക് (യു.എന്‍ അധികൃതര്‍ തിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചത്) ഇപ്രകാരം. ഫ്രാന്‍സ്-32000, പശ്ചിമജര്‍മനി- 42000, ഫിന്‍ലന്റ്-63000, കാനഡ-75000. ഇന്ത്യയില്‍ ഓരോ വര്‍ഷവും രേഖപ്പെടുത്തപ്പെട്ട ബലാത്സംഗത്തിന്റെയും ഇതര കുറ്റങ്ങളുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന വസ്തുത കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
ചോദ്യം ഇതാണ്: എന്തുകൊണ്ട് നമ്മുടെ 'പരിഷ്‌കൃത' ലോകത്ത് കുറ്റങ്ങള്‍ അനുക്രമം അനിയന്ത്രിതമായി പെരുകുന്നു? 'ക്രൂരവും പൈശാചികവു'മെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന ശിക്ഷകള്‍ നടപ്പുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ എന്തുകൊണ്ട് കുറ്റങ്ങള്‍ അത്ഭുതകരമാംവിധം കുറയുന്നു?

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍