ആകാശക്കൊള്ളക്ക് അറുതിയില്ലേ?
ഇടിയപ്പം, പുട്ട് കടല തുടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ അഭാവമല്ല എയര്‍ ഇന്ത്യാ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍. വാസ്‌കോഡ ഗാമയുടെ കാലംതൊട്ട് കടല്‍ കൊള്ളക്കാര്‍ക്ക് ഇരയായിട്ടുണ്ട് കേരളം. പക്ഷേ ആകാശ കൊള്ളക്ക് തുടക്കം കുറിച്ചത് എയര്‍ ഇന്ത്യയാണെന്ന് ഏതു മന്ദബുദ്ധിയും സമ്മതിച്ചുതരും.
ഇതര റൂട്ടുകളിലെ നഷ്ടം നികത്താനുളള കേവല കറവപ്പശുക്കളാണ് ഗള്‍ഫ് പ്രവാസികള്‍. സമ്മതിച്ചു കൊടുക്കാമായിരുന്നു, ഒരു മഹത്തായ വ്യവസായ സംരംഭമായി എയര്‍ ഇന്ത്യ വളര്‍ന്ന് വികസിച്ചിരുന്നെങ്കില്‍.... മറിച്ചാണ് സംഭവിക്കുന്നത്. ഓരോ കാരണങ്ങള്‍ നിരത്തി കൂനിന്‍മേല്‍ കുരുവെന്നോണം 5000 കോടിയുടെ ആസ്തിയാണ് വിറ്റുതുലക്കാന്‍ എയര്‍ ഇന്ത്യ ഈയിടെ തീരുമാനിച്ചത്. പ്രവാസികളുടെ ചോരയാണ് ഉദ്യോഗസ്ഥ പ്രഭുക്കള്‍ ഊറ്റുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് കത്തുന്ന പുരമേല്‍ നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭമാണല്ലോ.
തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ലെന്ന ഉറച്ച നിശ്ചയത്തിലാണ് എക്കാലവും എയര്‍ ഇന്ത്യ. കേരള ബജറ്റിനേക്കാള്‍ അധികമാണ് മാസം തോറും 25 ലക്ഷം പ്രവാസികള്‍ അയക്കുന്ന തുക. പരശുരാമന്‍ മഴു എറിഞ്ഞതുകൊണ്ടല്ല, അനേകായിരം പ്രവാസികള്‍ അരയും തലയും മുറുക്കിയത് കൊണ്ടാണ് കേരളമുണ്ടായത്. അധികം വന്ന ഒരു കിലോ ലഗേജിന് ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് 80 റിയാല്‍ ഈടാക്കിയ എയര്‍ഇന്ത്യക്ക് പ്രവാസിയോട് എന്ത് കടപ്പാട്! വിദേശ എയര്‍ കമ്പനികള്‍ പ്രകടിപ്പിക്കാറുള്ള സഹതാപം പോലും എയര്‍ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കരുത്. ബഹിഷ്‌കരിക്കുവാന്‍ തയാറാവുക എന്നതാണ് ഈ വെള്ളാനകളുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാനുള്ള ഏക വഴി. സംഘടനകളുടെയോ, നേതാക്കളുടെയോ, സഹായം ഇതിന് ആവശ്യമില്ല. ജനപ്രതിനിധികള്‍ക്ക് ഇടപെടാന്‍ പരിമിതികള്‍ ഉണ്ട്. പ്രവാസികള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല.
കേവലം 4 മണിക്കൂര്‍ കൊണ്ട് പറന്നെത്തുന്ന ദൂരത്തേക്കാണ് 60000 രൂപ പ്രവാസിയില്‍ നിന്നും ഈടാക്കുന്നത്. അനേക മണിക്കൂറുകള്‍ ഒന്നിച്ചു പറക്കുന്ന അമേരിക്കന്‍ യാത്രക്കാരനോട് നാല്‍പതിനായിരം രൂപയും. എത്ര വിചിത്രമാണ് എയര്‍ ഇന്ത്യയുടെ കൊള്ള. മന്ത്രിപുംഗവരുടെ ഗള്‍ഫ് യാത്ര അവരുടെ സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണെന്ന് നാം തിരിച്ചറിയണം. ജാഗരൂകനായ പ്രവാസി മന്ത്രി ഒരു ടെലിഫോണ്‍ വിളിയുടെ അകലത്തില്‍ നമ്മോട് ഒപ്പമുണ്ടെങ്കിലും കോരനിപ്പോഴും കഞ്ഞി കൈക്കുമ്പിളിലാണെന്ന സത്യം നാം തിരിച്ചറിയണം. രാജ്യത്തിന്റെ വിമാന കമ്പനിയായത് കൊണ്ടാണ് ഓരോ പ്രവാസിയും ക്ഷമിച്ചത്. ഇനിയും ഈ സംയമനം തുടരുന്നത് പ്രവാസിയുടെ അഭിമാനത്തിനേല്‍ക്കുന്ന കനത്ത ആഘാതമായിരിക്കും. കരയുന്ന കുഞ്ഞിനേ പാലുണ്ടാവൂ, നാമത് മറക്കരുത്. അളമുട്ടിയാല്‍ ചേരയും കടിക്കും. ഈ അവസ്ഥയിലാണ് പ്രവാസികള്‍ തിരുവനന്തപുരത്ത് പ്രതികരിച്ചത്. 25 ലക്ഷം പ്രവാസികളുടെ ബലം ഈ കരുത്തിനു പിറകിലുണ്ട്. അതൊരു വിമാന റാഞ്ചലോ, രാജ്യദ്രോഹമോ ആയിരുന്നില്ല. 2011-ല്‍ മാത്രം പ്രവാസികള്‍ കേരളത്തില്‍ 49695 കോടി രൂപ നിക്ഷേപിച്ച ഗള്‍ഫ് യാത്രാ പ്രവാസികളോടാണ് എയര്‍ ഇന്ത്യ ക്രൂരമായി പെരുമാറുന്നത്. കേരളത്തിന്റെ അന്നം മുടങ്ങാതെ അടുപ്പ് പുകയുന്നത് പ്രവാസി പണം കൊണ്ടാണ്.
മലയാളികളുടെ അനേകം സംഘടനകളുടെ തൊഴുത്തില്‍ കുത്തും പരസ്പര പാരകളും എയര്‍ ഇന്ത്യക്ക് ചൂഷണം തുടര്‍ന്നു കൊണ്ടേയിരിക്കാന്‍ സഹായകമാവുന്നു.
രാജാവിനെപ്പോലെ ചിരിച്ച് രാക്ഷസനെപ്പോലെ പെരുമാറുന്ന അനുഭവപാഠങ്ങളാണ് എയര്‍ ഇന്ത്യ സമ്മാനിച്ചത്. ഉദ്യോഗസ്ഥ പ്രഭുക്കള്‍ അതൊരു ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപനമാണെന്ന് മറക്കുന്നു. ഇതിന് പകരം എയര്‍ കേരള പോലുള്ള പദ്ധതികള്‍ വളര്‍ത്തിക്കൊണ്ട് വരികയേ പരിഹാരമുള്ളൂ.
Comments