Prabodhanm Weekly

Pages

Search

2013 ജനുവരി 26

മദ്യത്തോട് അതിര് കവിഞ്ഞ എതിര്‍പ്പ്

മുജീബ്

ഇസ്‌ലാം വ്യക്തിക്കും യുക്തിക്കും പ്രകൃതിക്കും പരിസ്ഥിതിക്കും എന്നു വേണ്ട മാനവരാശിക്കുതന്നെ ശത്രുവാകുന്നതിനെ എന്നും എതിര്‍ത്തുപോന്നിട്ടുണ്ട്. പക്ഷേ, ചില എതിര്‍പ്പുകള്‍ അതിരുകവിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിന് മദ്യത്തോടുള്ള ശത്രുത അതില്‍ ഒരു ഉദാഹരണം മാത്രമാണ്. ആദിമ മനുഷ്യര്‍ മുതല്‍ക്കുതന്നെ (മറ്റു പേരുകളിലാണെങ്കിലും) മദ്യവും മനുഷ്യനും അഭേദ്യമായ ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. 'അധികമായാല്‍ അമൃതും വിഷം' എന്ന് പറയുന്നതുപോലെ മദ്യവും അധികമാകുമ്പോള്‍ മാത്രമല്ലേ അത് വിനാശകരമായി മാറുന്നത്? കൃത്രിമമില്ലാത്ത, പ്രകൃതിപരമായ മദ്യം ഉണര്‍വിനും ഉന്മേഷത്തിനും ആരോഗ്യത്തിനും ചിലപ്പോള്‍ രോഗശമനത്തിനും ഉപകാരപ്പെടുകയില്ലേ? ദൈവം കനിഞ്ഞരുളിയ ആസ്വാദനവും ആനന്ദവും ദുരുപയോഗം ചെയ്യുമ്പോള്‍ മാത്രമല്ലേ അത് അപകടങ്ങള്‍ വരുത്തിവെക്കുന്നത്? മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്യുമ്പോള്‍ അല്‍പം മദ്യം നുണയുന്നതിനേക്കാള്‍ വലിയ ദൂഷ്യങ്ങളും ദുരന്തങ്ങളുമല്ലേ സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത്? ഒരു ഹിന്ദു സഹോദരന്റെ ചില സന്ദേഹങ്ങളാണ് ഇവയെല്ലാം. മറുപടി?
മനുഷ്യന് നന്മ മാത്രം ആഗ്രഹിക്കുകയും തിന്മയുടെ അടിവേരറുക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്ന ഇസ്‌ലാം മദ്യത്തിന്റെ നേരെ സ്വീകരിച്ച സമീപനവും തികഞ്ഞ യാഥാര്‍ഥ്യബോധത്തോട് കൂടിയതാണ്. മദ്യസേവ ദിനചര്യയാക്കി മാറ്റിയ ഒരു സമൂഹത്തില്‍ ലഹരിയോടുള്ള അഭിനിവേശം ഒറ്റയടിക്കോ കര്‍ക്കശമായ സമീപനത്തിലൂടെയോ അവസാനിപ്പിക്കാനാവില്ലെന്ന് യുക്തിമാനായ അല്ലാഹുവിനറിയാമായിരുന്നതുകൊണ്ട്, ആദ്യമാദ്യം മദ്യത്തിന്റെ ദൂഷ്യ ഫലങ്ങള്‍ വ്യക്തമാക്കി അത് നിരുത്സാഹപ്പെടുത്തുകയും പിന്നീട് അഞ്ചു നേരത്തെ നമസ്‌കാരം ലഹരി ബാധിതരായി നിര്‍വഹിക്കാന്‍ പാടില്ലെന്ന് വിലക്കുകയുമായിരുന്നു. പിന്നെയാണ് മദ്യത്തിന്റെ ഉല്‍പാദനവും വില്‍പനയും നബി(സ) നിഷിദ്ധമാക്കി പ്രഖ്യാപിച്ചത്. ഏറ്റവും ഒടുവില്‍ 'നിങ്ങള്‍ മദ്യപാനത്തില്‍നിന്ന് വിരമിക്കുന്നില്ലയോ?' എന്ന ഒരൊറ്റ ചോദ്യത്തിലൂടെ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കി. അപ്പോഴും നിയമലംഘനത്തിന് ശിക്ഷയൊന്നും പ്രഖ്യാപിച്ചില്ല. പൂര്‍ണമായി ബോധവത്കരിക്കപ്പെട്ട വിശ്വാസി സമൂഹം പക്ഷേ, മദ്യത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു. അതേയവസരത്തില്‍ മദ്യത്തെ പറ്റി വിശുദ്ധ ഖുര്‍ആന്റെ ഒരു പരാമര്‍ശം ശ്രദ്ധേയമാണ്: 'മദ്യത്തെയും ചൂതിനെയും കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, രണ്ടിലും വലിയ ദോഷവും ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. രണ്ടിന്റെയും ദോഷമാണ് പ്രയോജനത്തേക്കാള്‍ വലുത്' (2:219). മദ്യം ഒരു ഗുണവും ഇല്ലാത്തതുകൊണ്ടല്ല, ചില പ്രയോജനങ്ങള്‍ ഉണ്ടായിരിക്കെ ദോഷഫലങ്ങള്‍ കൂടുതല്‍ ഗൗരവതരമായതുകൊണ്ടാണ് ഇസ്‌ലാം അത് നിരോധിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, മഹാപാപങ്ങളില്‍ മദ്യപാനത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പകരം 'എല്ലാ തിന്മകളുടെയും മാതാവ്' എന്നാണ് പ്രവാചകന്‍ മദ്യത്തെ വിശേഷിപ്പിച്ചത്. മദ്യപിച്ച് സ്വബോധം നശിച്ച മനുഷ്യന്‍ മറ്റെല്ലാ തിന്മകളും യാതൊരുമനസ്സാക്ഷിക്കുത്തുമില്ലാതെ ചെയ്യും. ഇന്ന് അനുദിനം ശക്തിപ്പെട്ടുവരുന്ന സ്ത്രീപീഡനങ്ങളുടെ പിന്നില്‍ യഥാര്‍ഥ വില്ലന്‍ ലഹരിയാണെന്ന് കാണാം. അത് കുടുംബജീവിതം തകര്‍ക്കുകയും കുട്ടികളെ അനാഥരാക്കുകയും തൊഴിലാളികളില്‍ തൊഴില്‍ വിമുഖത സൃഷ്ടിക്കുകയും ചെയ്യുന്നത് സര്‍വ സാധാരണമായ അനുഭവമാണ്.
വല്ലപ്പോഴും വിനോദത്തിനോ ആസ്വാദനത്തിനോ വേണ്ടി നുണയുന്ന ലഹരിയാണ് ക്രമത്തില്‍ മദ്യപനെ മദ്യാസക്തനാക്കുന്നതും സ്വയം രക്ഷപ്പെടാനാവാത്ത സ്ഥിതിയിലെത്തിക്കുന്നതും. അതിനാല്‍ ലഹരിയുമായി പൂര്‍ണമായ അകലം പാലിക്കുന്നതാണ് രക്ഷാമാര്‍ഗം. 'അധികം കഴിച്ചാല്‍ ലഹരി ബാധിക്കുന്ന ഏത് വസ്തുവും അല്‍പം കഴിക്കുന്നതും നിഷിദ്ധമാണെന്ന്' നബി(സ) പഠിപ്പിച്ചതും അതുകൊണ്ടാണ്. മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ സ്വയമേവ നന്മയോ തിന്മയോ അല്ല. രണ്ടിനും അതുപയോഗിക്കാം എന്നേയുള്ളൂ. അതുപോലെയല്ല മദ്യം. നല്ലതിന് മാത്രമായി അത് ഉപയോഗിക്കാനാവില്ല. ആനന്ദത്തിന് പ്രകൃതിദത്തമായ വഴികള്‍ തേടുകയാണ് വേണ്ടത്. അതാകട്ടെ നമ്മുടെ മനോവ്യാപാരങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

നസീര്‍ പള്ളിക്കല്‍ രിയാദ്‌

മുജാഹിദ് രാഷ്ട്രീയം
''കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം മതപ്രചോദിതമായ പുണ്യകര്‍മമായിരുന്നു. മതേതര രാഷ്ട്രത്തിലെ ജനാധിപത്യ രാഷ്ട്രീയം മതവിരുദ്ധമാണെന്ന സയ്യിദ് മൗദൂദിയുടെയും അനുയായികളുടെയും സിദ്ധാന്തത്തെ മതപ്രമാണങ്ങളുപയോഗിച്ചുതന്നെ തിരസ്‌കരിച്ചുകൊണ്ടാണ് അവര്‍ ആധുനികത തുറന്നുവെച്ച വിശാല സ്ഥലികളെ മതം അനുശാസിക്കുന്ന അവകാശപ്പോരാട്ടങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിച്ചത്.'' മുജാഹിദ് സംസ്ഥാന സമ്മേളന സുവനീറിലെ 'നവോത്ഥാന പ്രസ്ഥാനവും മുസ്‌ലിം രാഷ്ട്രീയവും' എന്ന ലേഖനത്തിലേതാണ് ഈ വരികള്‍. മുജീബിന്റെ പ്രതികരണം?
മതം വേറെ, രാഷ്ട്രീയം വേറെ എന്ന ആത്യന്തിക മതേതരത്വ സങ്കല്‍പം ആദ്യകാല സലഫി പണ്ഡിതന്മാര്‍ക്കന്യമായിരുന്നു എന്ന സത്യം പരോക്ഷമായെങ്കിലും സമ്മതിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അവര്‍ ഒരേയവസരത്തില്‍ മത നേതാക്കളും ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തകരുമായിരുന്നു. മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തനം പുണ്യകര്‍മമായാണ് അവര്‍ കരുതിയതും. എന്നുവെച്ചാല്‍ സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും നിരന്തരം ബോധവത്കരിച്ചപോലെ രാഷ്ട്രീയവും ഇബാദത്താണെന്ന് അവര്‍അംഗീകരിച്ചിരുന്നുവെന്ന്. വെറും ആരാധന മാത്രമാണ് ഇബാദത്ത് എന്ന വാദത്തിന്റെ മുനയും ഇതോടെ ഒടിയുന്നു.
മതേതര രാഷ്ട്രങ്ങളിലെയെന്നല്ല ഒരു രാജ്യത്തെയും ജനാധിപത്യ രാഷ്ട്രീയം മതവിരുദ്ധമാണെന്ന് മൗദൂദിയോ അനുയായികളോ ഒരുകാലത്തും പറഞ്ഞില്ല. ജനാധിപത്യപരമായ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവുമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. ഏകാധിപത്യത്തെ ഒരളവിലും ഒരിടത്തും ഒരിക്കലും ജമാഅത്തെ ഇസ്‌ലാമി അംഗീകരിച്ചിട്ടില്ല. എന്നാല്‍, ജനാധിപത്യത്തിന്റെ മറവില്‍ സ്രഷ്ടാവിനെ മറന്നുള്ള അരാജകത്വത്തെയും പണാധിപത്യത്തെയും കുടുംബവാഴ്ചയെയും അത് മുച്ചൂടും എതിര്‍ക്കുന്നു. അവകാശപ്പോരാട്ടങ്ങള്‍ തീര്‍ച്ചയായും ന്യായവും നീതിപരവും തന്നെ. പക്ഷേ, നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായിരിക്കണം അതും. മനുഷ്യാവകാശ പോരാട്ടമാകട്ടെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ അനുപേക്ഷ്യ ഭാഗവുമാണ്.
അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

ആരോപണങ്ങളിലെ വാസ്തവം
''പോപുലര്‍ ഫ്രണ്ടിനു മേല്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ ഭൂരിഭാഗവും സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. പ്രാദേശികമായ സംഘര്‍ഷങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ ഇല്ലെന്നല്ല പറയുന്നത്. ക്രൈം റെക്കോര്‍ഡുകളുടെയും കോടതി രേഖകളുടെയും അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക പുറത്തിറക്കുക. അങ്ങനെ ചെയ്താല്‍ അതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകരേക്കാള്‍, എന്തിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരേക്കാള്‍ പിന്നിലായിരിക്കും പോപുലര്‍ ഫ്രണ്ടിന്റെ സ്ഥാനം. ഒരു ജയിലിലും പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാരും ശിക്ഷിക്കപ്പെട്ട് കഴിയുന്നില്ല'' (പോപുലര്‍ ഫ്രണ്ട് സമനീതി സമ്മേളന പത്രിക- 2012 ഒക്‌ടോബര്‍ 18, ഇ.എം അബ്ദുര്‍റഹ്മാന്‍). മുജീബ് എങ്ങനെ വിലയിരുത്തുന്നു?
പ്രതിരോധത്തിന്റെ ഭൂമികയില്‍, വേറിട്ട ഒരു കൂട്ടായ്മയായിട്ടാണ് ആദ്യം എന്‍.ഡി.എഫും പിന്നെ പേര് മാറി പോപുലര്‍ ഫ്രണ്ടും രംഗപ്രവേശം ചെയ്തതെന്ന സത്യം സംഘടനക്ക് നിഷേധിക്കാനാവില്ല. നിലവിലെ മുസ്‌ലിം സംഘടനകളൊന്നും സമുദായത്തിന്റെ സായുധ പ്രതിരോധത്തിന് ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, അത് ഇന്ത്യയില്‍ അപ്രായോഗികവും ഇസ്‌ലാമികവിരുദ്ധവുമാണെന്ന് വാദിക്കുകയും ചെയ്യുന്നു എന്നാണ് പോപുലര്‍ ഫ്രണ്ടിന്റെ പരാതി. അതേ സിദ്ധാന്തമാണ് ഇന്നും ഫ്രണ്ടിന്റെ മുഖമുദ്ര. അതുകൊണ്ടാണ് സംഘടനക്ക് തീവ്രവാദ മുദ്രകുത്തപ്പെട്ടതും. പ്രതിരോധത്തിനെന്ന പേരില്‍ പല അക്രമ സംഭവങ്ങളിലും പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെട്ടതും നിഷേധിക്കാനാവില്ല. വടകര തെരുവിന്‍പറമ്പിലെ ബിനുവിന്റെ കൊലപാതകം മുതല്‍ തൊടുപുഴയിലെ പ്രഫ. ജോസഫിന്റെ കൈവെട്ട് സംഭവം വരെയുള്ള കേസുകളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായി. ഇത്തരം സംഭവങ്ങളെയോ അതിലെ പങ്കാളിത്തത്തെയോ സംഘടന തള്ളിപ്പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. കഴിഞ്ഞ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന പോപുലര്‍ ഫ്രണ്ട് കൈവെട്ട് സംഭവത്തെ പ്രചാരണായുധമാക്കിയതും കേരളം കണ്ടതാണ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലാത്ത സംഭവങ്ങളും അവരുടെ പേരില്‍ ആരോപിക്കപ്പെടുന്നുണ്ടാവാം; മറ്റു പാര്‍ട്ടികളും അക്രമങ്ങളില്‍ പങ്കാളികളാവാം. പക്ഷേ, ഇതര മുസ്‌ലിം സംഘടനകളില്‍നിന്ന് ഫ്രണ്ട് വേറിട്ട് നില്‍ക്കുന്നത് രണോത്സുക സാമുദായികതയുടെ പേരിലാണെന്ന് സമ്മതിച്ചേ മതിയാവൂ.
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

കല്ലുവെച്ച നുണകള്‍
നബി മരിക്കുന്നതിന് മുമ്പുതന്നെ അധികാരത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ ഭിന്നിച്ചു. സുന്നി ഗ്രൂപ്പും ശീഈ ഗ്രൂപ്പും ഉണ്ടായതിങ്ങനെയാണ്. സുന്നികള്‍ക്കാണ് അധികാരം കിട്ടിയത്. ശീഈ ഗ്രൂപ്പിന്റെ നേതാവും നബിയുടെ മകളുടെ ഭര്‍ത്താവുമായിരുന്ന അലിക്ക് നബി കൊടുത്ത ഭൂസ്വത്തുക്കളെല്ലാം സുന്നികള്‍ പിടിച്ചെടുത്തു. നബി മരിച്ചപ്പോള്‍ നബിക്കുണ്ടായിരുന്ന ഒമ്പത് ഭാര്യമാരെയും 65 പരിചാരകന്മാരെയും, 33 അടിമ സ്ത്രീകളെയും അവകാശികള്‍ ഭാഗിച്ചെടുക്കുകയാണ് ഉണ്ടായത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിച്ച നബി ദാരിദ്ര്യം മൂലം പട്ടിണി കിടന്നിരുന്നു എന്ന് അവകാശപ്പെടുന്നത് ഇസ്‌ലാമിനെ വെള്ള പൂശാനല്ലാതെ മറ്റെന്തിനാണ്? (ജിഹാദ് അഥവാ ആദര്‍ശയുദ്ധം- സെയ്ത് മുഹമ്മദ്, കേസരി വാരിക 2012 നവംബര്‍ 4). മുജീബിന്റെ പ്രതികരണം?

നാസ്തികനും യുക്തിവാദിയുമായ സെയ്തു മുഹമ്മദ് സംഘ്പരിവാറിന്റെ പത്രത്തിലൂടെ ഇസ്‌ലാമിനെതിരായ കുരിശുയുദ്ധം തുടരുമ്പോള്‍ ഒരു സത്യം മറയില്ലാതെ പുറത്ത് വരുന്നു. കല്ലുവെച്ച നുണകളിലൂടെയല്ലാതെ സത്യം പറഞ്ഞ് രണ്ട് കൂട്ടര്‍ക്കും ഇസ്‌ലാമിനെ അവമതിക്കാനാവില്ല.
നബി നിര്യാതനാവുന്നതിന് മുമ്പോ തൊട്ടുടനെയോ ശീഈ-സുന്നി വേര്‍തിരിവ് ചരിത്രത്തില്‍ സംഭവിച്ചിരുന്നില്ല. നബിയുടെ വിയോഗാനന്തരം അബൂബക്കര്‍, ഉമര്‍ എന്നിവര്‍ യഥാക്രമം ഖലീഫമാരായി അധികാരമേറ്റപ്പോഴും ശീഈസം ഉടലെടുത്തിരുന്നില്ല. മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്താണ് അബ്ദുല്ലാഹിബ്‌നു സബഅ് എന്ന മുസ്‌ലിം വേഷധാരിയായ യഹൂദന്‍ പുതുതായി ഇസ്‌ലാമിലേക്ക് വന്ന ചില പേര്‍ഷ്യക്കാരെ ചേര്‍ത്ത് നബിയുടെ വംശവാഴ്ചാ സിദ്ധാന്തത്തിലൂടെ ശീഇസത്തിന് തുടക്കമിട്ടത് എന്നതാണ് ചരിത്ര സത്യം.
'ഞങ്ങള്‍ പ്രവാചകന്മാര്‍ അനന്തരമെടുക്കുകയോ എടുക്കപ്പെടുകയോ ഇല്ല' എന്ന് നബി(സ) വ്യക്തമാക്കിയതാണ്. അതിനാല്‍ നബി നിര്യാതനായപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്ത് ഓഹരി വെക്കപ്പെടുന്ന പ്രശ്‌നവും ഉത്ഭവിച്ചില്ല. വിശ്വാസികളുടെ മാതാക്കളായി ഖുര്‍ആന്‍ പ്രഖ്യാപിച്ച പ്രവാചക പത്‌നിമാരെ അദ്ദേഹത്തിനു ശേഷം ഒരാളും വിവാഹം ചെയ്തിട്ടില്ല. ഓഹരി വെച്ചെടുത്തിട്ടുമില്ല. രണ്ടേ രണ്ട് അടിമ സ്ത്രീകളേ നബിക്കുണ്ടായിരുന്നുള്ളൂ. മാരിയയും റൈഹനത്തും. റൈഹാനത്തിനെ നബി സ്വതന്ത്രയാക്കി വിവാഹം ചെയ്യുകയും ചെയ്തു. മാരിയ നബിയുടെ നിര്യാണത്തിനു ശേഷം സ്വതന്ത്രയായി. ജൂതന്മാരും ശീഇകളും ചമച്ച കള്ളക്കഥകള്‍ ആയിരത്തൊന്ന് തവണ ആവര്‍ത്തിച്ചാലും സത്യമാവുകയില്ല.
കെ.പി റഫീഖ് ചാലാട്, കണ്ണൂര്‍ 

സ്ത്രീവേഷത്തെ ചൊല്ലിയുള്ള വിവാദം
രാജസ്ഥാന്‍ സ്‌കൂളുകളില്‍ മുട്ടിനു മുകളില്‍ വരുന്ന പാവാട നിരോധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെട്ടു. സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കലല്ല. മറിച്ച് പുരുഷന്മാരുടെ തുറിച്ചു നോട്ടത്തില്‍നിന്ന് അവരെ രക്ഷിക്കാനാണ് താന്‍ ഇങ്ങനെ ആവശ്യപ്പെടുന്നതെന്ന് രാജസ്ഥാനില്‍നിന്നുള്ള എം.എല്‍.എ ബല്‍സാരി സിംഗാള്‍ പറഞ്ഞു. അതേസമയം എം.എല്‍.എയുടെ പ്രസ്താവനക്കെതിരെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. വിവിധ സംഘടനകള്‍ അദ്ദേഹത്തിന്റെ ഓഫീസിനും വസതിക്കും മുന്നില്‍ പ്രകടനങ്ങള്‍ നടത്തി. സിംഗാള്‍ പ്രസ്താവന പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവര്‍ പറഞ്ഞു (തേജസ് 2013 ജനുവരി 1). പ്രതികരണം?

സ്ത്രീ സുരക്ഷ, വേഷം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ചൂടേറിയ വിവാദങ്ങള്‍ കൊഴുക്കുന്ന സമയമാണിപ്പോള്‍. ഇതൊക്കെ എല്ലാ കാലവും ഉണ്ടായിരുന്നുവെന്നതാണ് ശരി. സ്ത്രീ പീഡനവും ബലാത്സംഗവും കൂട്ട മാനഭംഗവുമൊന്നും പുതിയ കാര്യങ്ങളല്ല. ഇന്ന് മീഡിയയുടെ കുതിച്ചുചാട്ടവും സാര്‍വത്രികതയും യാഥാര്‍ഥ്യമായതുകൊണ്ട് ചെറുതോ വലുതോ ആയ സംഭവങ്ങള്‍ നൊടിയിടയില്‍ ലോകമാകെ അറിയുന്നു, പ്രതികരണമുണ്ടാവുന്നു എന്നതാണ് വ്യത്യാസം.
സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം ഇതിലേതാണ് പ്രഥമ പരിഗണന അര്‍ഹിക്കുന്നത് എന്ന കാര്യത്തില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. സുരക്ഷ കഴിഞ്ഞാണ് സ്വാതന്ത്ര്യം എന്ന കാഴ്ചപ്പാടിലാണ് സ്ത്രീകള്‍ വേഷത്തിലും യാത്രയിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കുന്നത് പീഡനങ്ങള്‍ ക്ഷണിച്ചുവരുത്താതിരിക്കാനുതകും എന്ന് ചിലര്‍ പറയുന്നത്. എന്നാല്‍, പുരുഷന്മാരെ പോലെ തന്നെയാണ് സ്ത്രീകളും എന്ന് വാദിക്കുന്ന സ്ത്രീ സ്വാതന്ത്ര്യവാദികള്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായ അച്ചടക്കമോ നിയന്ത്രണമോ വേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും ഉണ്ടെന്നതിനാല്‍ ആരും ആരോടും കയര്‍ക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ബി.ജെ.പി എം.എല്‍.എ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. അതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതിലെ ജനാധിപത്യബോധം ദുരൂഹമാണ്. സ്ത്രീ സുരക്ഷ കര്‍ശനമായ ശിക്ഷാ നടപടികളിലൂടെ മാത്രം ഉറപ്പാക്കാമെന്ന് കരുതുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണ് കഴിയുന്നത്.
പി.വി.സി മുഹമ്മദ് പൊന്നാനി 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍