Prabodhanm Weekly

Pages

Search

2013 ജനുവരി 26

ഇന്തോ-പാക് പൂരം

ഇഹ്‌സാന്‍

ഇന്ത്യക്കും പാകിസ്താനുമിടയില്‍ മൂര്‍ഛിച്ച സംഘര്‍ഷമാണ് പോയവാരത്തെ ശ്രദ്ധേയമാക്കിയത്. പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മലിക്കിന്റെ ഇന്ത്യാ സന്ദര്‍ശനവും ഇന്തോ-പാക് ക്രിക്കറ്റ് മത്സരവും ഉഭയകക്ഷി ബന്ധങ്ങളുടെ കാര്യത്തില്‍ എടുത്തുപറയത്തക്ക പുരോഗതിയൊന്നും സൃഷ്ടിച്ചില്ലെങ്കിലും പരസ്പര ബന്ധം വഷളാക്കിയെന്ന് പറയാനാവില്ലായിരുന്നു. പക്ഷേ പാകിസ്താനിലെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോള്‍ വീണു കിട്ടിയ ഈ സംഘര്‍ഷം തന്നെയായിരുന്നു ഇന്ത്യക്കും ഒരു കണക്കിന് നല്ലത്. നയതന്ത്ര വാഗ്ദാനങ്ങളുടെയും ബന്ധങ്ങളുടെയും തുടര്‍ച്ച പാലിക്കാന്‍ കഴിയുന്ന ഭരണകൂടമാണോ അവിടെ ഉണ്ടാവാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ല. പൊട്ടിവീണതുപോലെ കാനഡയില്‍ നിന്നും പാകിസ്താനിലെത്തിയ തഹ്രീറുല്‍ ഖാദിരി അന്നാട്ടില്‍ എന്ത് രാഷ്ട്രീയമാറ്റമാണ് കൊണ്ടുവരിക എന്നതും സൈന്യമാണോ രാഷ്ട്രീയക്കാരാണോ ആ രാജ്യത്തെ ഭരിക്കുക എന്നതൊന്നും തീര്‍ത്തു പറയാനാവുന്നില്ല. കോടതിയും സൈന്യവും ഖാദിരി പ്രതിനിധാനം ചെയ്യുന്ന മത-വംശീയ രാഷ്ട്രീയവും ചേര്‍ന്ന് എന്തോ ഒരു കളി നടക്കുകയാണ് എന്നേ ഏറിയാല്‍ ഇതെഴുതുന്ന ദിവസത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് പറയാനൊക്കൂ. ഈ സാഹചര്യത്തിലാണ് ഇന്ത്യ പൊടുന്നനെ അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കുന്നതും പാകിസ്താനുമായുള്ള ബന്ധം വിഛേദിക്കുകയാണെന്ന് തോന്നുന്ന നീക്കങ്ങള്‍ക്ക് തുടക്കമിട്ടതും. പട്ടാളക്കാരന്റെ തലയറുക്കല്‍ ഒരു നിമിത്തമായെന്നേയുള്ളൂ. പക്ഷേ പാകിസ്താനിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യ മുന്നില്‍ കണ്ടിരുന്നുവെന്ന് വിശ്വസിക്കാനാവില്ല. കാര്യങ്ങള്‍ പിന്നീട് വികാസം പൂണ്ടത് ഇന്ത്യയുടെ വഴിയെ ആണെന്ന് പറയലാണ് വസ്തുത.
ആരാണ് ഈ സംഭവവികാസങ്ങളിലെ യഥാര്‍ഥ വില്ലന്‍? മൂന്ന് ചിത്രങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. അതിലൊന്ന് എപ്പോഴത്തെയുമെന്ന പോലെ അന്താരാഷ്ട്ര ശക്തികളുടെ താല്‍പര്യവും അവരുടെ ഇടപെടലുകളുമാണ്. അഫ്ഗാന്‍ യുദ്ധത്തില്‍ തോറ്റ് സമ്പൂര്‍ണമായി പിന്‍വാങ്ങാന്‍ തയാറെടുക്കുന്ന അമേരിക്കക്ക് മേഖലയില്‍ സമാധാനം നിലനില്‍ക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. രണ്ടാമത്തേത് നമ്മുടെ, അതായത് ഇന്ത്യയിലെയും പാകിസ്താനിലെയും ഭരണകൂടങ്ങളുടെ തീരുമാനങ്ങളാണ്. അതിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ഇരുപക്ഷത്തു നിന്നും ഉണ്ടായിട്ടുണ്ട്. പാകിസ്താനിലെ ഖാദിരി സംഭവവും ഇന്ത്യയില്‍ യു.പി.എ സര്‍ക്കാറിനെതിരെ ഉയരുന്ന ജനരോഷവുമൊക്കെ അതിലേക്കുള്ള തെളിവുകളാണ്. മൂന്നാമത്തേത് രാഷ്ട്രീയ നേതൃത്വത്തെ മറികടന്ന് ഇരുപക്ഷത്തെയും സൈനികര്‍ നടത്തുന്ന, അതായത് പ്രാദേശിക തലത്തില്‍ സംഭവിക്കുന്ന അപവാദങ്ങളാണ്. ഇവയില്‍ ഏതാണ് ഇന്ത്യക്കും പാകിസ്താനുമിടയില്‍ അന്തിമമായി വില്ലനായതെന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല.
താല്‍പര്യങ്ങളുടെ പട്ടികയില്‍ സംശയകരമായ ഒന്നു കൂടിയുണ്ട്. അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ 10,000 കോടിയുടെ കുറവ് വരുത്താന്‍ ധനകാര്യമന്ത്രാലയം തീരുമാനിച്ചുവെന്ന അസാധാരണമായ വാര്‍ത്താ ചോര്‍ച്ചയുടെ പിന്നാലെയാണ് അതിര്‍ത്തിയിലെ എല്ലാ സംഘര്‍ഷവും ഉരുണ്ടുകൂടിയതെന്നു വ്യക്തം. പ്രതിരോധ ബജറ്റിന്റെ കാര്യം സാധാരണഗതിയില്‍ ഈ മട്ടില്‍ ചോരുന്ന പതിവില്ല. പയനിയര്‍ പോലുള്ള ദിനപത്രങ്ങള്‍ ഈ വാര്‍ത്തയെ സുരക്ഷയുമായി ബന്ധപ്പെടുത്തി ഒരാഴ്ചക്കാലം പൊലിപ്പിച്ചു നിര്‍ത്തിയിരുന്നു. ഈ ഘട്ടത്തില്‍, ജനുവരി ആറിനാണ് നിയന്ത്രരേഖയില്‍ ആദ്യത്തെ പ്രകോപനമുണ്ടായതും ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടതും. കുറ്റം ആരുടേതായാലും ആയുധേലോബി ഇരുപക്ഷത്തും കര്‍മോത്സുകരായി എന്നതാണ് ബാക്കിപത്രം.
സൈനികരുടെ കാര്യത്തില്‍ പാകിസ്താനിലാണ് ഇന്ത്യയുടേതിനെ അപേക്ഷിച്ച് കുറെക്കൂടി കുത്തഴിഞ്ഞ ഘടനയുള്ളതെങ്കിലും ഇത്തവണ ചിത്രം അതു മാത്രമായിരുന്നില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് ആദ്യം അബദ്ധം സംഭവിച്ചുവെന്ന് സൈന്യത്തിലെ ഉന്നതരെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രവും ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതില്‍ ഇന്ത്യയെ അമ്പരപ്പിച്ച റിപ്പോര്‍ട്ടായിരുന്നു പ്രവീണ്‍ സ്വാമിയുടേത്. ഇന്ത്യയാണ് ആദ്യം ആക്രമണത്തിന് തുടക്കമിട്ടതെന്നു മാത്രമല്ല പാകിസ്താന്‍ സൈനികരെ ഇന്ത്യയും തിരിച്ചും തലയറുത്ത് കൊന്ന സംഭവങ്ങള്‍ ഈയടുത്ത കാലത്തു പോലും ഉണ്ടായിട്ടുണ്ടെന്നും പക്ഷേ അത് വാര്‍ത്തയാകാതെ ഒതുങ്ങി പോവുകയായിരുന്നെന്നും സ്വാമി റിപ്പോര്‍ട്ടു ചെയ്തു. പ്രകോപനത്തിന്റെ വഴിമരുന്നിട്ടത് ഇന്ത്യന്‍ സൈന്യത്തിലെ യുദ്ധക്കൊതിയനായ ഒരു ബ്രിഗേഡിയറാണെന്നും രണ്ടു പത്രങ്ങളും ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെയാണ് പാക് വിദേശകാര്യമന്ത്രി ഇതെചൊല്ലി ഒരുഘട്ടത്തില്‍ ഇന്ത്യയെ വെല്ലുവിളിച്ചതും ഐക്യരാഷ്ട്ര സഭയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആഹ്വാനം ചെയ്തതുമൊക്കെ.
ലശ്കര്‍ നേതാവ് ഹാഫിസ് സഈദ് അതിര്‍ത്തിയില്‍ വന്നുവെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത് ഇതിനിടയിലാണ്. കരസൈന്യാധിപന്റെയും പ്രധാനമന്ത്രിയുടെയുമൊക്കെ പിന്നീട് പുറത്തുവന്ന നിലപാടുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ പ്രസ്താവനയില്‍ കഴമ്പൊന്നും ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഈ നിലപാടു മാറ്റം? പാക് സൈന്യമാണ് തല കൊയ്തതെന്ന ആരോപണം മാധ്യമങ്ങളും കേന്ദ്രസര്‍ക്കാറും ആവര്‍ത്തിച്ചിട്ടും എട്ട് ദിവസത്തോളം ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നില്ല. തലകൊയ്യല്‍ സംഭവം ഇതിനു മുമ്പും നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഇത്തവണ മാത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതാണ് മര്‍മ പ്രധാനമായ ചോദ്യം. പാകിസ്താനില്‍ ഭരണ അസ്ഥിരത ശക്തിപ്പെടുകയാണെന്ന സംശയം ഇന്ത്യയില്‍ ബലപ്പെട്ടിരുന്നുവെന്നാണ് തോന്നുന്നത്.
കൃത്യമായ രാഷ്ട്രീയ ധാരണയില്ലാതെ അപ്പപ്പോഴത്തെ ഊക്കനുസരിച്ച് പ്രതികരിക്കുകയും നിലപാടെടുക്കുകയുമാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം ചെയ്യുന്നത്. ബി.ജെ.പിയുടെ കഥയില്ലായ്മയാകട്ടെ പരിഹാസ്യവുമായി. ഐക്യരാഷ്ട്ര സഭ അന്വേഷിക്കട്ടെയെന്നാണ് ഗഡ്കരി പറഞ്ഞത്. പത്ത് തലകള്‍ പകരം കൊയ്യാനാണ് സുഷമാ സ്വരാജ് ആവശ്യപ്പെട്ടത്. വായമൂടാന്‍ പ്രധാനമന്ത്രി ആളെവിട്ടതോടെ അവരും 'ജയജയ യുദ്ധം വിളി'യുടെ ആളുകളായി മാറി. യു.പി.എ തല്‍ക്കാലം രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍