പ്രവാചക സ്‌നേഹം
ചന്ദ്രവര്‍ഷത്തിലെ റബീഉല്‍ അവ്വല്‍ മുഹമ്മദ് നബി(സ)യുടെ ജന്മമാസമായി ആചരിക്കുന്നത് പല മുസ്‌ലിം സമൂഹങ്ങളിലും ഒരു സമ്പ്രദായമായി കഴിഞ്ഞിട്ടുണ്ട്. വീടുകളിലും പള്ളികളിലും പൊതുവേദികളിലുമെല്ലാം പ്രവാചക സ്മരണയുടെ വസന്തം പൂത്തുലയുന്നു. പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാത്ത ഭാഷയില്‍ പ്രവാചക കീര്‍ത്തനങ്ങളാലപിച്ച് ഭക്ഷണം വെച്ചു വിളമ്പുന്ന ഒരുതരം അനുഷ്ഠാന സ്വഭാവത്തിലുള്ളതാണ് വീടുകളിലും പള്ളികളിലും നടക്കുന്ന നബിദിന പരിപാടി. പൊതുവേദികളില്‍ കുറെക്കൂടി സൃഷ്ടിപരമായി തദ്ദേശീയ ഭാഷകളില്‍ പ്രവാചകന്റെ മഹത്വം വര്‍ണിച്ചുകൊണ്ടും സന്ദേശങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടുമുള്ള പ്രഭാഷണങ്ങളാണ് മുഖ്യമായി നടക്കുന്നത്. മുദ്രാവാക്യം മുഴക്കിക്കൊണ്ടുള്ള വര്‍ണാഭമായ ഘോഷയാത്രയും ഇപ്പോള്‍ നബിദിനത്തിന്റെ ഭാഗമായിട്ടുണ്ട്. നബിദിനാചരണത്തിന് ശര്‍ഇയായ അടിസ്ഥാനമുണ്ടോ, ഇല്ലേ എന്നത് പണ്ടുമുതലേ നിലനില്‍ക്കുന്ന തര്‍ക്കമാണ്. പ്രവാചകനോ അദ്ദേഹവുമായി സഹവസിച്ച ശിഷ്യന്മാരോ പ്രവാചകന്റെ ജനന-മരണ നാളുകള്‍ ആചരിച്ചിട്ടില്ലാത്തതിനാല്‍ അത് പില്‍ക്കാലത്തുടലെടുത്ത അനാചാരമാണെന്നാണ് എതിര്‍ക്കുന്നവരുടെ ന്യായം. പ്രവാചക സ്‌നേഹം ഇസ്‌ലാം മതത്തിന്റെ പ്രധാന ഭാഗമാണ്. പ്രവാചകന്റെ അപദാനങ്ങള്‍ വര്‍ണിക്കുന്നതും അതിന്റെ പേരില്‍ അന്നദാനം ചെയ്യുന്നതും പ്രവാചക സ്‌നേഹത്തിന്റെ പ്രകടനമായതിനാല്‍ സുന്നത്തായ പുണ്യകര്‍മമാണെന്ന് മറുപക്ഷം വാദിക്കുന്നു.
ചരിത്ര പുരുഷന്മാര്‍ അനുസ്മരിക്കപ്പെടാന്‍ ഉചിതമായ സന്ദര്‍ഭമായി അവരുടെ ജനന-മരണ തീയതികള്‍ പൊതുലോകം ഇന്ന് പരിഗണിക്കുന്നുണ്ട്. ഈകാല പരിഗണന ചരിത്ര വ്യക്തിത്വങ്ങളിലും അവരുടെ ആദര്‍ശങ്ങളിലും കൂടുതല്‍ ജനശ്രദ്ധ പതിയാന്‍ സഹായകമാകുന്നു. പ്രവാചക സന്ദേശം എത്തിയിട്ടില്ലാത്ത ജനങ്ങളില്‍ എത്തിക്കുക എന്നത് വിശ്വാസികളുടെ പ്രധാന ദൗത്യമാണ്. പ്രവാചകന്‍ തന്നെ ഗൗരവപൂര്‍വം അവരെ ഏല്‍പിച്ച ഉത്തരവാദിത്വം. ഈ ദൗത്യം ഭംഗിയായും ഫലപ്രദമായും നിര്‍വഹിക്കാനുതകുന്ന എല്ലാ മാര്‍ഗങ്ങളും അവലംബിക്കാവുന്നതാണ്.
മുസ്‌ലിംകളുടെ പ്രവാചക സ്‌നേഹം സത്യവിശ്വാസത്തിന്റെ ഭാഗമാണ്. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിലും അവന്റെ ദൂതനിലും നാം അവതരിപ്പിച്ച വെളിച്ചത്തി(ഖുര്‍ആനി)ലും വിശ്വസിക്കുവിന്‍'' (64:9). ''പ്രവാചകനെ നാം സത്യസാക്ഷിയും സുവിശേഷകനും മുന്നറിയിപ്പുകാരനുമായി നിയോഗിച്ചിരിക്കുന്നു. ജനങ്ങളേ, അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അദ്ദേഹത്തെ സഹായിക്കുകയും ആദരിക്കുകയും ചെയ്യുവിന്‍'' (48:8,9). ''പ്രവാചകന്‍ ജനത്തോടു പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും'' (3:31). നബി(സ) പറഞ്ഞു: ''സ്വന്തം ജീവനെക്കാളും മാതാപിതാക്കളെക്കാളും മക്കളെക്കാളും മുതലിനെക്കാളുമുപരി എന്നെ സ്‌നേഹിക്കുവോളം നിങ്ങളാരും സത്യവിശ്വാസിയാവുന്നില്ല.'' ഈ സ്‌നേഹത്തിന്റെ യാഥാര്‍ഥ്യം സൂചിപ്പിച്ചുകൊണ്ട് നബി(സ) അരുളി: ''നിങ്ങളിലാരും അവന്റെ ഇഛ ഞാന്‍ അവതരിപ്പിച്ച ആദര്‍ശചര്യകളെ പിന്തുടരുന്നതാകുന്നതുവരെ സത്യവിശ്വാസിയാകുന്നില്ല.'' പ്രവാചക സ്‌നേഹത്തിന്റെ പ്രാധാന്യവും ലക്ഷ്യവും സ്വഭാവവും വ്യക്തമാക്കുന്നുണ്ടീ വചനങ്ങള്‍. അതാണ് സുഫ്‌യാന്‍ ഥൗരി എന്ന താബിഈ പണ്ഡിതന്‍ പറഞ്ഞത്: ഇത്തിബാഉര്‍റസൂലിന്റെ (പ്രവാചകനെ അനുകരിക്കുന്നതിന്റെ) പേരാകുന്നു ഹുബ്ബുര്‍റസൂല്‍ (പ്രവാചക സ്‌നേഹം). മുസ്‌ലിംകള്‍ക്ക് പ്രവാചകന്‍ ആണ്ടിലൊരുനാള്‍ ഓര്‍ക്കേണ്ട ചരിത്രമല്ല. അവരദ്ദേഹത്തെ 365 നാളും അനുസ്മരിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രവാചക ജീവിതം അവര്‍ക്കൊരു ചരിത്രമല്ല; സ്വന്തം ജീവിതം തന്നെയാണ്, ആയിരിക്കണം. വിശ്വാസികള്‍ പ്രവാചക സ്മരണ പുതുക്കേണ്ടത് നബിചര്യകള്‍ പഠിച്ചുകൊണ്ടാണ്. ആ ചര്യയോട് സ്വന്തം ജീവിതം എത്രത്തോളം നീതി പുലര്‍ത്തുന്നുവെന്ന് പരിശോധിച്ചുകൊണ്ടാണ്.
അന്ത്യപ്രവാചകന്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്ന ഒരാഗോള സാഹചര്യമാണ് ഇപ്പോള്‍ ഉളവായിട്ടുള്ളത്. തെറ്റുധാരണകള്‍ ദൂരീകരിക്കാനും പ്രവാചക ജീവിതത്തിന്റെ മഹത്വവും വിശുദ്ധിയും ജനസമക്ഷം തുറന്നു കാണിക്കാനും ഉത്തരവാദപ്പെട്ടവരാണ് മുസ്‌ലിംകള്‍. പ്രവാചകന്റെ ഈ ജന്മമാസത്തില്‍ ആ ദൗത്യ നിര്‍വഹണത്തിലാണ് അവര്‍ ഏറ്റം ശ്രദ്ധിക്കേണ്ടത്. മുഹമ്മദീയ ജീവിതത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത എത്രയോ ജനകോടികള്‍ ഇനിയും ഈ ലോകത്തുണ്ട്. അവരോടൊക്കെയും ഉത്തരവാദിത്വമുണ്ട് വിശ്വാസികള്‍ക്ക്. പ്രവാചകനെയും പ്രവാചക ദര്‍ശനത്തെയും അവര്‍ക്ക് പരിചയപ്പെടുത്താന്‍ സംഭാഷണങ്ങളും സംവാദങ്ങളും പ്രഭാഷണങ്ങളും പ്രബന്ധങ്ങളും മാത്രമല്ല, സാഹിത്യ-കലകളുടെ സര്‍വ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
മതധ്വംസനവും പ്രവാചകനിന്ദയും വിശ്വാസികളെ വ്യഥിതരാക്കുക സ്വാഭാവികമാകുന്നു. വ്യഥ ഒരിക്കലും നമ്മെ കോപാന്ധരും അക്രമാസക്തരുമാക്കിക്കൂടാ. തിരുചര്യക്ക് വിരുദ്ധമാണത്. തനിക്കെതിരെ നിരന്തരം വന്നുകൊണ്ടിരുന്ന ആക്ഷേപ ശകാരങ്ങളെ പ്രവാചകന്‍ ഒരിക്കലും അക്രമം കൊണ്ട് നേരിട്ടിട്ടില്ല. അക്രമാസക്തരായി പ്രതികരിക്കാന്‍ ശിഷ്യന്മാരെ അനുവദിച്ചിട്ടുമില്ല. 'തിന്മയെ നന്മ കൊണ്ട് നേരിടുക' എന്നതാണ് നബി(സ) ഉയര്‍ത്തിപ്പിടിച്ച തത്ത്വം. തിന്മയെ നന്മകൊണ്ട് നേരിടുന്നത്, അഗ്നിയെ ജലം കൊണ്ട് നേരിടുന്നതുപോലെ ഫലപ്രദമാണെന്ന് ചൂണ്ടിക്കാണിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പ്രവാചക ചരിത്രത്തില്‍ കാണാം. പ്രവാചകന്‍ വഴിയെ പോകുമ്പോള്‍ പതിവായി അദ്ദേഹത്തിനു നേരെ അടിക്കാട്ടുകളെറിയുന്ന ഒരു സ്ത്രീയുണ്ടായിരുന്നു മദീനയില്‍. ഇടക്ക് കുറെ നാള്‍ ആ സ്ത്രീയുടെ ശല്യമുണ്ടായില്ല. പ്രവാചകന്‍ അന്വേഷിച്ചപ്പോള്‍ അവള്‍ രോഗശയ്യയിലാണെന്നറിഞ്ഞു. ഉടനെ ആ സ്ത്രീയെ സന്ദര്‍ശിച്ച് രോഗശമനമാശംസിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. അതുമതിയായിരുന്നു ബദ്ധവൈരിയായിരുന്ന ആ സ്ത്രീയെ പ്രവാചക ശിഷ്യയാക്കി മാനസാന്തരപ്പെടുത്താന്‍. പ്രസിദ്ധമായ ഈ കഥ, നമുക്ക് പറഞ്ഞ് കൗതുകം കൊള്ളാനുള്ളതല്ല; പ്രവര്‍ത്തിച്ച് മാതൃക സൃഷ്ടിക്കാനുള്ളതാണ്. അതാണ് യഥാര്‍ഥ പ്രവാചക സ്‌നേഹം. പ്രവാചകനിന്ദകര്‍ക്കുള്ള ശക്തവും ഫലപ്രദവുമായ മറുപടിയും ഇതുതന്നെ.
Comments