Prabodhanm Weekly

Pages

Search

2013 ജനുവരി 26

ബോധിച്ചുവട്ടിലെ കൂണ്‍

നാസര്‍ അമ്പഴേക്കല്‍

അണുശക്തിയെക്കുറിച്ചായിരുന്നു യാത്രയിലുടനീളം ഗൗതമന്‍ ആലോചിച്ചിരുന്നത്. പച്ചപ്പിനാല്‍ മനോഹരമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുകയായിരുന്നു ട്രെയിന്‍. ഇടക്കു നിര്‍ത്തിയ സ്റ്റേഷനുകളിലെ ജനത്തിരക്കിന്റെ ഒച്ചയും ബഹളങ്ങളും മാത്രമായിരുന്നു ആലോചനക്ക് ഭംഗം വരുത്തിയത്. ഒന്നാംക്ലാസ് കമ്പാര്‍ട്ടുമെന്റിന്റെ സുഖകരമായ തണുപ്പില്‍, തന്റെ ലാപ്‌േടാപ്പിന്റെ കാഴ്ചപ്പുറത്തും അയാള്‍ പരതിയത് അണുശക്തിയെക്കുറിച്ചായിരുന്നു.
പഠിക്കുന്നകാലത്ത് മൂലകങ്ങളെയും രാസസംയുക്തങ്ങളെയും പറ്റി വളരെയൊന്നും തല പുകക്കേണ്ടിവന്നിരുന്നില്ല. ഫ്രോയിഡിന്റെയും യുങ്ങിന്റെയുമൊക്കെ ആശയമണ്ഡലങ്ങളെ ഇഴകീറിയെടുത്ത് പുതിയ നിഗമനങ്ങളിലെത്തിയായിരുന്നു അയാള്‍ തന്റെ ഗവേഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. അധികം താമസിയാതെ തന്നെ ബംഗളുരുവിലെ ലോകപ്രശസ്തമായ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ ജോലിയും ലഭിച്ചു. അതങ്ങനെയായിരുന്നു... ജീവിതം എപ്പോഴും സൗമ്യമധുരമായിട്ടാണ് അയാള്‍ക്ക് വഴിപ്പെട്ടത്. സമ്പത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദം ഓരോ വഴിത്തിരിവിലും കാത്തുനിന്നിരുന്നു. അവയൊക്കെ ആസ്വദിക്കുക എന്ന കൃത്യം മാത്രം നടത്തിയാല്‍ മതി. എന്നാല്‍ അത്തരം ആസ്വാദനങ്ങളൊന്നും അതിരുവിടാതിരിക്കാനുള്ള പക്വത ഈ മുപ്പതു വയസ്സിനിടയില്‍ത്തന്നെ ഗൗതമന്‍ നേടിയിരുന്നു.
ജീവിതത്തിലെ അത്തരമൊരു വഴിത്തിരിവിലാണ് മൈഥിലി അയാളെ കാത്തുനിന്നത്. വ്യത്യസ്തമായ രണ്ടു പര്‍വതശിഖരങ്ങളില്‍നിന്ന് ഉരുവംകൊണ്ട രണ്ടരുവികള്‍ പൂര്‍വനിശ്ചിതമല്ലാത്ത ഒരു സ്ഥലരാശിയില്‍ ഒന്നിച്ചുചേര്‍ന്ന് പ്രയാണം തുടരുന്നതുപോലെ തികച്ചും സ്വാഭാവികമായിരുന്നു അവരുടെ കണ്ടുമുട്ടലും സൗഹൃദവും. പിന്നീട് ഒന്നിച്ചുള്ള ഒഴുക്കില്‍ പൊട്ടിച്ചിരികളും മകന്‍ രാഹുലിന്റെ തുള്ളിത്തെറിക്കലുകളും നിറഞ്ഞുനിന്നു.
സുഭിക്ഷമായിരുന്നു ഗൗതമന്റെ ബാല്യം. തെരുവോരത്തെ മരച്ചില്ലകളില്‍ക്കെട്ടിയ തൊട്ടിലില്‍, മുലപ്പാലിനേക്കാള്‍ അധ്വാനശേഷം ഊര്‍ന്നിറങ്ങുന്ന വിയര്‍പ്പുതുള്ളികള്‍ നുണയേണ്ടിവരുന്ന ശൈശവം അയാളുടെ വളര്‍ച്ചയുടെ കാണാമറയത്തായിരുന്നു. വയല്‍ച്ചേറിന്റെ മണമോ ഞാറ്റുപാട്ടിന്റെ ഈണമോ അറിയാതെ, രോഗപീഡകളുടെ അവശതയും തിരസ്‌കൃത വാര്‍ധക്യങ്ങളുടെ നിസ്സഹായതയുമറിയാതെ, വിളിപ്പുറത്തെത്തുന്ന സഹായികളാലും സ്‌നേഹത്താലും പരിചരിക്കപ്പെട്ട്, നവീന രുചികളാല്‍ പോഷിപ്പിക്കപ്പെട്ട് കടന്നുപോയ കൗമാരം. അത്തരമൊരു കരുപ്പെടുത്തല്‍ പകര്‍ന്നു കൊടുത്ത ആത്മവിശ്വാസം അയാളുടെ പ്രവൃത്തികളിലും പ്രതിഫലിച്ചിരുന്നു. അറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുന്ന, താളം തെറ്റിയ മനസ്സുകളുടെ ചുളിവുകള്‍ നിവര്‍ത്തിയെടുക്കുന്ന അനേകം കൗണ്‍സലിംഗ് സെഷനുകളില്‍ ആ ആത്മവിശ്വാസം കൈത്താങ്ങായിരുന്നു.
ആ വിജയകഥകളാണ് ഇങ്ങനെയൊരു ദൗത്യസംഘത്തിലെ അംഗമാകാന്‍ ഗൗതമന് നറുക്കു നേടിക്കൊടുത്തത്. അകലെയൊരു കടല്‍ത്തീര ഗ്രാമത്തില്‍, തങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും മേല്‍ ഉയര്‍ന്നു വളരുന്ന ഒരു വിഷക്കൂണിനെതിരെ ഉയിരുകൊടുത്തു പൊരുതുന്ന ഗ്രാമീണരെ ആധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച്, ബോധവത്കരണത്തിലൂടെ ഭരണകൂടത്തിന്റെ വഴിക്കു കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ദൗത്യം. ചോരയൊഴുകാത്ത യുദ്ധങ്ങളും ഇടക്കെങ്കിലും അധികാരികള്‍ക്ക് നടത്തണമായിരുന്നു.
ശാസ്ത്രത്തിന്റെ അക്ഷയപാത്രത്തില്‍ നിന്നും സാധാരണക്കാരനു വിളമ്പാന്‍ കാലതാമസമുണ്ടാകുമെന്നും എന്നാലത് അസാധ്യമായ കാര്യമൊന്നുമല്ലെന്നും ഗൗതമന്‍ ധരിച്ചിരുന്നു. അതുകൊണ്ട് അക്കാര്യം അവരെ ബോധ്യപ്പെടുത്തുക വെല്ലുവിളിയായി തോന്നിയതുമില്ല. അതിനാല്‍ത്തന്നെ, ആത്മവിശ്വാസത്തിന്റെ തീവണ്ടിയിലായിരുന്നു ഗൗതമന്‍ യാത്ര തുടങ്ങിയത്. എന്നാല്‍, വണ്ടി കുന്നുകളും പച്ചപ്പും പിന്നിട്ട് വറുതിയുടെയും ഊഷരതയുടെയും കാഴ്ചകളിലൂടെ ഓടിത്തുടങ്ങിയപ്പോഴേക്കും അയാള്‍ സന്ദേഹിയായി. ലാപ്‌ടോപ്പിന്റെ ജാലകത്തില്‍ അപ്പോഴേക്കും ആകാശത്തേക്കുയരുന്ന ഭീമാകാരമായ ഒരു കൂണും അതിനു താഴെ ചിതറിപ്പൊടിയുന്ന ഭൂമിയും മാംസം ഉരുകിയൊലിച്ച് നാലുപാടും പായുന്ന ജീവജാലങ്ങളും പല പ്രാവശ്യം വന്നുപോയിരുന്നു. വര്‍ധിതോഷ്മാവില്‍ വെന്ത വേലിക്കെട്ടുകള്‍ തകര്‍ത്ത ഊര്‍ജപ്രവാഹം കരിച്ചുകളഞ്ഞ കോശങ്ങളുമായി മരിച്ചുപോയവരുടെയും മരിച്ചു ജീവിക്കുന്നവരുടെയും കഥകള്‍ പലയാവര്‍ത്തി അയാള്‍ വായിച്ചു കഴിഞ്ഞിരുന്നു. തങ്ങള്‍ സൃഷ്ടിച്ചെടുത്ത ഭൂതത്തെ തിരിച്ചടയ്ക്കാനുള്ള കുടങ്ങളും സംസ്‌കരിക്കാനുള്ള ശ്മശാനങ്ങളും തേടി പരക്കം പായുന്ന ശാസ്ത്ര സമൂഹത്തിന്റെ നിസ്സഹായാവസ്ഥ, വലക്കണ്ണികളില്‍ അവിടവിടെയായി തെളിഞ്ഞു വന്നിരുന്നു.
വിഷാദത്തിന്റെ നേര്‍ത്ത സന്ധ്യ ജാലകത്തിലൂടെ അരിച്ചു കയറി അയാള്‍ക്കൊപ്പം യാത്ര തുടങ്ങി.
തീരദേശത്തെ ചെറിയ പട്ടണത്തില്‍ ട്രെയിന്‍ നിന്നപ്പോള്‍ നേരം പുലര്‍ന്നുകഴിഞ്ഞിരുന്നു. കടലിന്റെ വിയര്‍പ്പുനിറഞ്ഞ ഉപ്പുകാറ്റ് വിസര്‍ജ്യങ്ങളുടെ ഗന്ധവുമായി കൂടിക്കുഴഞ്ഞ് അയാളെ വരവേറ്റു. രാത്രിയില്‍ പിണങ്ങിനിന്ന ഉറക്കത്തിന്റെ കനം കണ്‍പോളകളില്‍ തങ്ങിക്കിടന്നു. സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലേക്ക് വേറൊരു വാഹനത്തില്‍ പോകേണ്ടിവന്നു. ജോലിതുടങ്ങും മുമ്പ് പരിസരത്തെപ്പറ്റി കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹത്താല്‍ മറ്റു സംഘാംഗങ്ങളെക്കാള്‍ രണ്ടു ദിവസം നേരത്തേ തിരിച്ചതായിരുന്നു അയാള്‍. എന്നാലും മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നതിനാല്‍ താമസത്തിനു വേണ്ട ഏര്‍പ്പാടുകളൊക്കെ തയാറായിരുന്നു. വളരെ പഴക്കം തോന്നിക്കുന്നതും അവിടത്തെ ഭൂപ്രകൃതിക്കു തീരെ യോജിക്കാത്ത വിധത്തില്‍ കരിങ്കല്ലുകൊണ്ടു നിര്‍മിച്ചതുമായിരുന്നു ആ ഇരുനിലക്കെട്ടിടം. വിശാലമായ മുറ്റത്തിന്റെ അതിരിലായി നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന ഒരു അരയാല്‍ കാറ്റു തുള്ളിക്കുന്ന ഇലകളുമായി പടര്‍ന്നു പന്തലിച്ചു നിന്നിരുന്നു.
പ്രഭാതകൃത്യങ്ങള്‍ക്കും പ്രാതലിനും ശേഷം, മുകള്‍നിലയില്‍ തന്റെ ജനാലയിലൂടെ വെളിയിലേക്കു നോക്കി, തന്നെപ്പൊതിഞ്ഞ് പൊറുതിമുട്ടിക്കുന്ന വ്യാകുലതയെ കുടഞ്ഞെറിയാന്‍ പണിപ്പെട്ടുകൊണ്ടിരുന്ന ഗൗതമന്റെ കാഴ്ചയില്‍, വിറയ്ക്കുന്ന ആലിലകളുടെ ഇടയിലൂടെ, ഭീമാകാരമായ താഴികക്കുടങ്ങള്‍ മണ്ണിലാഴ്ന്നുപോയ ഒരു ദേവാലയം പോലെ ആണവനിലയം വെളിപ്പെട്ടു. കനത്ത ചൂടിന്റെ ഒരല മുറിയില്‍ കടന്നുകയറിയതായി തോന്നിയതിനാല്‍ ഗൗതമന്‍ സാവധാനം വെളിയിലേക്കിറങ്ങി ലക്ഷ്യമില്ലാതെ നടക്കാന്‍ തുടങ്ങി.
കടലിന്റെ കാരുണ്യത്താല്‍ മാത്രം തളിര്‍ത്തുനില്‍ക്കുന്ന ഒരു മുക്കുവ ഗ്രാമമായിരുന്നു അത്. താന്‍ പരിചയിച്ചിരുന്ന സുഭിക്ഷതയുടെ എതിരറ്റം എവിടെച്ചെന്നവസാനിക്കുന്നു, അഥവാ എവിടെനിന്നു തുടങ്ങുന്നുവെന്ന് ഗൗതമനു വെളിപ്പെട്ടു. പാഠപുസ്തകങ്ങളില്‍ അന്യമായിരുന്ന ജീവിതങ്ങളായിരുന്നു അവയത്രയും. ഏതേതു സിദ്ധാന്തങ്ങള്‍കൊണ്ട് ഇവയെ ഒക്കെ ബോധവത്കരിക്കണമെന്ന് എത്ര ശ്രമിച്ചിട്ടും അയാള്‍ക്കു പിടികിട്ടിയില്ല. വിശപ്പിലൂടെയും ദാഹത്തിലൂടെയും നടന്ന് സന്ധ്യയായപ്പോള്‍ അയാളൊരു സമരപ്പന്തലിനടുത്തെത്തി. അപ്പോഴേയ്ക്കും മുദ്രാവാക്യങ്ങളുടെയും ചാനല്‍ബഹളങ്ങളുടെയും ചൂടാറിത്തുടങ്ങിയ അവിടം വിശ്രമത്തിലേക്കു വീണിരുന്നു. ക്ഷോഭത്തിന്റെയും നിസ്സഹായതയുടെയും മേല്‍ കെട്ടിയുയര്‍ത്തിയ മുളയുടെയും പനയോലയുടെയും ഒരു നിര്‍മിതിയായി, അണുശക്തിനിലയത്തിലേക്കുള്ള വഴിയില്‍ അത് ഒറ്റപ്പെട്ട് നിന്നു. താഴ്ന്ന തലയുമായി ഗൗതമന്‍ തന്റെ താവളത്തിലേക്കു തിരിച്ചു നടന്നു.
കുളിമുറിയിലെ തണുത്ത വെള്ളത്തില്‍ പകലത്തെ അലച്ചിലിന്റെ വിയര്‍പ്പും ഉപ്പും അലിഞ്ഞുപോയെങ്കിലും തലച്ചോറിലേയ്ക്കു കടന്നുകയറിയ വിഷാദത്തിന്റെ അവക്ഷിപ്തങ്ങള്‍ അങ്ങനെതന്നെ കിടന്നു.
അത്താഴശേഷം നിലാവില്‍ക്കുളിച്ച മുറ്റം മുറിച്ചുകടന്ന് ഗൗതമന്‍ അരയാല്‍ച്ചുവട്ടിലെ ഭീമന്‍ വേരില്‍ തന്റെ ആകുലതകളെ ഇറക്കിവെച്ചു. മനുഷ്യന് അവന്റെ ജീവിതപൂര്‍ത്തീകരണത്തിന് ഏതളവില്‍ പ്രാണവായു, ഏതളവില്‍ ജലം, ഏതളവില്‍ ഭൂമി എന്നിത്യാദി സമസ്യകള്‍ അയാള്‍ക്കുള്ളില്‍ നിറഞ്ഞുവന്നു. ദുഃഖത്തിന്റെ മൂലകാരണം ദുരയാണെന്ന് കണ്ടെത്തിയ ഒരു പൂര്‍വഗാമിയുടെ രൂപം മനസ്സില്‍ തെളിഞ്ഞു. രോഹിണീ നദിയുടെ ഓരം ചേര്‍ന്ന്, കല്ലിലൂടെയും മുള്ളിലൂടെയും നടന്ന് ബോധിവൃക്ഷച്ചുവട്ടിലെത്തിയ യാത്രയുടെ അവസാനം. അര്‍ധ നിമീലിതങ്ങളായ മിഴികള്‍. ഭൂമിസ്പര്‍ശ മുദ്ര. പിന്നെ മറ്റൊരു യാത്രയുടെ തുടക്കം.
പകലത്തെ ചയാപചയശേഷിപ്പായ പ്രാണവായു ആലിലകളെ വിറപ്പിച്ച് തഴേയ്ക്കിറങ്ങിവന്നു. ബോധോദയത്തിന്റെ രാത്രിയിലേക്ക് ഗൗതമന്‍ സാവധാനം കണ്ണടച്ചു.
താനിരുന്ന ആലിന്റെ ചുറ്റുവട്ടമാകെ ചാരനിറമുള്ള വിഷക്കൂണുകള്‍ പൊട്ടിമുളയ്ക്കുന്നതും കാണെക്കാണെ അവ വളര്‍ന്നു ഭീമാകാരമാര്‍ജിക്കുന്നതും സ്വപ്നം കണ്ടുകൊണ്ടാണ് അയാള്‍ പ്രഭാതത്തില്‍ ആലിന്റെ വേരില്‍ ഉറക്കമുണര്‍ന്നത്. മുറിയിലെത്തി പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ്, തനിക്കു കൈവന്ന ശാന്തിയില്‍ ആശ്ചര്യപ്പെട്ട് ഗൗതമന്‍ വെളിയിലേക്കിറങ്ങി നടന്നു തുടങ്ങി. അധികാരികളുടെ മാര്‍ഗതടസ്സങ്ങളെയും പലവിധ ചോദ്യങ്ങളെയും കടന്ന് അയാള്‍ സാവധാനം സമുദ്രതീരത്തെത്തി. അവിടെ, സമുദ്രജലത്തില്‍ കഴുത്തോളം മുങ്ങി പ്രതിഷേധത്തിന്റെ ഒരു മനുഷ്യഭിത്തി തിരമാലകളില്‍ ഇളകിക്കൊണ്ടിരുന്നു. ജീവന്റെ ആദ്യകണങ്ങള്‍ നീന്തിത്തുടിച്ചു വളര്‍ന്ന ആ ജലരാശിയിലേക്ക് ഗൗതമന്‍ പതുക്കെ ഇറങ്ങിച്ചെന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍