Prabodhanm Weekly

Pages

Search

2013 ജനുവരി 26

സുഊദി 'മജ്‌ലിസ് ശൂറ'യില്‍ 30 വനിതകള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

സുഊദി അറേബ്യയിലെ 'മജ്‌ലിസ് ശൂറ'യില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചുകൊണ്ട് അബ്ദുല്ല രാജാവ് നടത്തിയ പ്രഖ്യാപനം രാജ്യം അത്യാഹ്ലാദത്തോടെയാണ് ശ്രവിച്ചത്. സുഊദിയിലെ എല്ലാ തുറകളിലും വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ട പ്രഖ്യാപനത്തെ ചരിത്രനേട്ടമെന്നാണ് സുഊദിയിലെ പ്രമുഖ വനിതകള്‍ വിലയിരുത്തിയത്. ഇതോടെ 150 അംഗ സഭയില്‍ വനിതകളുടെ പ്രാതിനിധ്യം 20 ശതമാനമായി വര്‍ധിച്ചു. സുഊദി ശൂറയില്‍ വരുത്തിയ പുതിയ മാറ്റം അറബ് ലോകത്തുതന്നെ വനിതാ ശാക്തീകരണത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. സഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട 30 വനിതകളും അക്കാദമിക രംഗത്തും സാമൂഹിക രംഗത്തും പ്രവര്‍ത്തിച്ചുവരുന്ന വിദഗ്ധകളാണ്.
തങ്ങള്‍ സ്ത്രീകളുടെ മാത്രം പ്രതിനിധികളല്ലെന്നും രാജ്യത്തെ മൊത്തം പ്രതിനിധീകരിക്കുന്നവരാണെന്നും തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങള്‍ പറഞ്ഞു. അറബ്‌ലോകത്തെ വനിതകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. കൂടിയാലോചനാ സമിതിയില്‍ സ്ത്രീകള്‍ക്ക് വന്‍ പ്രാതിനിധ്യം നല്‍കിയ അബ്ദുല്ല രാജാവിന്റെ തീരുമാനം പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. 86 വര്‍ഷങ്ങള്‍ക്കുമുമ്പ് 1927-ല്‍ എട്ട് അംഗങ്ങളുമായി തുടക്കംകുറിച്ച സുഊദി കൂടിയാലോചനാ സമിതിയാണിപ്പോള്‍ 30 വനിതകളടക്കം 150 അംഗങ്ങളില്‍ എത്തിനില്‍ക്കുന്നത്.

സ്വവര്‍ഗ വിവാഹം വേണ്ടെന്ന് ഫ്രഞ്ച് ജനത
ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കത്തോലിക്ക വിഭാഗവും മുസ്‌ലിംകളുമടങ്ങുന്ന പതിനായിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. നാമെല്ലാം ആണില്‍നിന്നും പെണ്ണില്‍നിന്നുമാണ് ജനിച്ചതെന്നും മറിച്ചുള്ള നിയമം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നടപടി വന്‍ വിവാദം വിളിച്ചുവരുത്തിയിരുന്നു. സ്വവര്‍ഗ ഇണകള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും നിയമം അനുമതി നല്‍കുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ സ്വവര്‍ഗ വിവാഹ ബില്‍ നിയമവിധേയമാക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചപ്പോള്‍ ഫ്രാന്‍സിലുടനീളം ലക്ഷക്കണക്കിനുപേര്‍ പങ്കെടുത്ത പ്രകടനം നടക്കുകയുണ്ടായി. കത്തോലിക്ക വിഭാഗം നിയമത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളെ പിന്തുണക്കുന്നുവെങ്കിലും ചര്‍ച്ച് നേരിട്ട് ഇടപെടുകയില്ലെന്ന് പാരീസ് കര്‍ദിനാള്‍ Andre Vingt- Trois പറഞ്ഞു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ വിവിധ ഫ്രഞ്ച് മുസ്‌ലിം വിഭാഗങ്ങളോട് Union of French Islamic Organizations (UOIF) ആഹ്വാനം ചെയ്തു.

ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയമെന്ന് 'അന്നൂര്‍' പാര്‍ട്ടി
ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്‌ലാമിക പാര്‍ട്ടിയും സലഫി വിഭാഗത്തിന്റെ രാഷ്ട്രീയ മുഖവുമായ 'അന്നൂര്‍' പാര്‍ട്ടിയുടെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തലാണെന്ന് പുതിയ പ്രസിഡന്റ് ഡോ. യൂനുസ് മഖ്‌യൂന്‍ പറഞ്ഞു. 'അന്നൂര്‍' പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡന്റുകൂടിയാണ് യൂനുസ് മഖ്‌യൂന്‍. ലണ്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു അറബ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡുമായി സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നി ല്ലെന്നും അത്തരത്തിലുള്ള സഖ്യം ഇരു പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികളും ശക്തമായ ജനപിന്തുണയുള്ള ഇസ്‌ലാമിക ശക്തികളാണ്. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുന്നവര്‍ ഭരണത്തിലെത്തുമെന്നിരിക്കെ കൂടുതല്‍ സീറ്റ് സ്വന്തമാക്കാന്‍ ഇരുപാര്‍ട്ടികളും ശ്രമിക്കുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചക്ക് 'അന്നുര്‍' പാര്‍ട്ടി ഒരുക്കമാണ്. ഈജിപ്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം ഒറ്റക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും രാജ്യത്തില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്നും മഖ്‌യൂന്‍ പറഞ്ഞു.
മതവിഷയങ്ങളില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നവരായാണ് ഈജിപ്തില്‍ 'സലഫി'കള്‍ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ 'സലഫി'കളുടെ രാഷ്ട്രീയ വിഭാഗമായ 'അന്നൂര്‍ പാര്‍ട്ടി' അധികാരത്തിലെത്തുന്നതില്‍ ന്യൂനപക്ഷ ക്രൈസ്തവ വിഭാഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23 ശതമാനം പാര്‍ലമെന്റ് സീറ്റുകള്‍ നേടി 'അന്നൂര്‍ പാര്‍ട്ടി' ശക്തമായ സാന്നിധ്യം അറിയിക്കുകയുണ്ടായി.

സെര്‍ബ് ക്രൂരതക്ക് ചരിത്രം മാപ്പുകൊടുക്കുന്നില്ല
ബോസ്‌നിയന്‍ മുസ്‌ലിം കൂട്ടക്കൊലയില്‍ പങ്കാളിയായ മറ്റൊരു മുന്‍ സെര്‍ബ് പോലീസ് ഓഫീസറെ കൂടി ബോസ്‌നിയന്‍ യുദ്ധക്കുറ്റ വിചാരണ കോടതി ശിക്ഷിച്ചു. മുസ്‌ലിം വംശ ശുദ്ധീകരണത്തിന്റെ ഭാഗമായി നിരായുധരായ സാധാരണക്കാരെ കൂട്ടത്തോടെ തടവിലാക്കുകയും പിന്നീട് കൂട്ടക്കൊലക്ക് വിധേയമാക്കുകയും ചെയ്തുവെന്ന കുറ്റം തെളിഞ്ഞതിനാലാണ് അന്നത്തെ പോലീസ് മേധാവിയായിരുന്ന Bozidar Kuveljaയെ 20 വര്‍ഷം തടവിന് വിചാരണ കോടതി ജഡ്ജി ജാസ്മിന കൊസോവിച്ച് (Jasmina Kosovic) ശിക്ഷിച്ചത്. 

സെബ്രിനിക്കക്കടുത്തുള്ള ക്രാവിക വില്ലേജിലെ ഒരു വയലിലാണ് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് കോടതി വിധിച്ച കൂട്ടക്കൊല അരങ്ങേറിയത്. 1995 ജൂലൈ 11 വരെ ഐക്യ രാഷ്ട്ര സഭാ സുരക്ഷിത മേഖലയായിരുന്ന സെബ്രിനിക്ക സെര്‍ബ് സൈന്യം കൈയേറിയ ശേഷമാണ് കൂട്ടക്കൊലകള്‍ നടന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന 8000-ത്തിലധികം പേരെ സെബ്രിനിക്കയില്‍ മാത്രം കൂട്ടക്കൊല നടത്തിയതായാണ് കണക്ക്. സെബ്രിനിക്ക കൂട്ടക്കൊലയില്‍ കുറ്റമാരോപിക്കപ്പെട്ട സെര്‍ബിയന്‍ പട്ടാള ജനറല്‍ റാട്‌കോ മ്ലാടിച്ച് (Ratko Mladic) ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടുകയാണ്. റാട്‌കോയുടെ സൈനിക മേധാവിയും മുസ്‌ലിം വംശശുദ്ധീകരണത്തിന്റെ സൂത്രധാരകരില്‍ പ്രധാനിയുമായിരുന്ന മിലോസവിച്ച് (Milosevic) വിചാരണക്കിടെ 2006-ല്‍ തടവറയില്‍ മരിക്കുകയായിരുന്നു. ബോസ്‌നിയന്‍ നരമേധം നടക്കുമ്പോള്‍ നാടുവാണിരുന്ന റഡോവന്‍ കരാടിച്ചും (Radovan Karadzic) കൊലക്കുറ്റത്തിന് അന്താരാഷ്ട്ര കോടതിയുടെ വിചാരണ നേരിടുകയാണ്.
രണ്ടാം ലോക യുദ്ധത്തിനു ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും ഭീകരമായ കൂട്ടക്കൊലയായിരുന്നു 1995-ല്‍ സെബ്രിനിക്കയില്‍ ബോസ്‌നിയന്‍ സെര്‍ബ് സൈനികര്‍ നടത്തിയത്. ലോകത്തെ ഞെട്ടിച്ച കിരാതകൃത്യങ്ങള്‍ നടത്തിയ സെര്‍ബ് സൈനിക മേധാവികളെ നിയമം വേട്ടയാടുന്ന കാഴ്ച മാനവമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

ഇസ്മാഈല്‍ ഹനിയ
പോരാളിയായി കളിക്കളത്തിലും
ഈജിപ്ത് സ്‌പോര്‍ട്‌സ് സംഘത്തിലെ പഴയ കളിക്കാരടങ്ങുന്ന ഫുട്ബാള്‍ ടീം ഫലസ്ത്വീനിലെ ഗസ്സയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഗസ്സ ടീമുമായി ഏറ്റുമുട്ടി. ഈജിപ്ഷ്യന്‍ സ്‌പോര്‍ട്‌സ് മന്ത്രി അല്‍ആമിരി ഫാറൂഖ് നയിക്കുന്ന പഴയ കളിക്കാരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരുമടങ്ങുന്ന പ്രമുഖരാണ് ഗസ്സയിലെത്തിയ സൗഹൃദസംഘത്തിലുണ്ടായിരുന്നത്. ഗസ്സയിലെ മൂന്‍ കളിക്കാരടങ്ങുന്ന ടീമിനെ നയിച്ചത് പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയയും. മറുഭാഗത്ത് ഈജിപ്ത് സ്‌പോര്‍ട്‌സ് മന്ത്രിയടക്കമുള്ളവരും അണിനിരന്നു. ഗസ്സയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന അല്‍യര്‍മൂക് മൈതാനമായിരുന്നു മത്സരവേദി. മത്സരം ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ കലാശിച്ചു. പ്രശസ്തനായ മുന്‍ ഈജിപ്ഷ്യന്‍ ടീം ഗോള്‍കീപ്പര്‍ അഹ്മദ് സുബൈറടക്കം പഴയ പല പ്രമുഖരും ഈജിപ്ഷ്യന്‍ സംഘത്തിലുണ്ടായിരുന്നു.
ഒന്നര മാസം മുമ്പ് ഇസ്രയേല്‍ ഫലസ്ത്വീനിലെ ഗസ്സയില്‍ നടത്തിയ ബോംബാക്രമണത്തില്‍ അല്‍യര്‍മൂക് കളിക്കളം ഭാഗികമായി തകര്‍ന്നിരുന്നു. ഏത് പ്രതിസന്ധികള്‍ക്ക് മുമ്പിലും പിടിച്ചുനില്‍ക്കാനുള്ള ഫലസ്ത്വീനിയുടെ നിശ്ചയാദര്‍ഢ്യംപോലെ അല്‍യര്‍മൂക് മൈതാനവും നെഞ്ചുവിരിച്ചാണ് അതിഥികളെ വരവേറ്റത്. 

കൊള്ളമുതല്‍ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് യമനില്‍ പ്രക്ഷോഭം
മുന്‍ ഏകാധിപതി അലി അബ്ദുല്ല സ്വാലിഹും കൂട്ടാളികളും കൊള്ളയടിച്ച ശതകോടിക്കണക്കിന് ഡോളര്‍വരുന്ന രാജ്യത്തിന്റെ സ്വത്ത് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്തടക്കം വിവിധ യമന്‍ നഗരങ്ങളില്‍ പ്രതിഷേധം ഇരമ്പി. 2011 ഫെബ്രുവരി 11 ന് ജനകീയ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട അലി സ്വാലിഹ് തന്റെ 33 വര്‍ഷം നീണ്ട ഏകാധിപത്യ സമഗ്രാധിപത്യ ഭരണത്തിനിടെ ബന്ധുമിത്രാദികളുമായി ചേര്‍ന്ന് 5000 കോടിയിലധികം ഡോളര്‍ കൊള്ളയടിച്ചതായാണ് ആരോപണം. പണമത്രയും വിദേശ ബാങ്കുകളില്‍ റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ മേഖലകളിലും മറ്റു വ്യവസായ സംരംഭങ്ങളിലും നിക്ഷേപിച്ചതായി ആരോപിക്കപ്പെടുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ടുഴലുമ്പോഴാണ് ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട ശതകോടികള്‍ പാഴാകുന്നത്. അലി സ്വാലിഹ് പുറത്തുപോയതോടെ യമന്‍ ദേശീയ ബാങ്കും എണ്ണ മന്ത്രാലയത്തിനു കീഴിലുണ്ടായിരുന്ന വന്‍ തുകയടങ്ങുന്ന ഖജനാവുമെല്ലാം ശൂന്യമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍, കൊള്ളമുതല്‍ തിരിച്ചുപിടിക്കുന്നതടക്കമുള്ള പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ നിയമപരവും മറ്റുമായ പ്രതിബന്ധങ്ങളുള്ളതായി പ്രമുഖ യമന്‍ അക്കാദമീഷ്യനും ഗവേഷകനുമായ സഈദ് അബ്ദുല്‍ മുഅ്മിന്‍ പറഞ്ഞു. കൂടാതെ സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട് അലി സ്വാലിഹുമായുണ്ടാക്കിയ ഗള്‍ഫ് ഒത്തുതീര്‍പ്പ് കരാറും മറ്റൊരു കടമ്പയാണെന്ന് അദ്ദേഹം പറഞ്ഞു. 

ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടണമെന്ന്
ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് 200 ഓളം പേരടങ്ങുന്ന ആക്ടിവിസ്റ്റുകള്‍ വാഷിംങ്ടണില്‍ പ്രകടനം നടത്തി. പ്രതീകാത്മകമായി ഗ്വാണ്ടനാമോ തടവറയിലെ ജയില്‍പുള്ളികളുടെ യൂനിഫോം ധരിച്ചാണ് 55 ഓളം പേര്‍ പ്രകടനത്തിന്റെ മുന്‍നിരയില്‍ അണിനിരന്നത്. പ്രസിഡന്റ് ഒബാമ പ്രഥമ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നല്‍കിയ വാഗ്ദാനം പാലിച്ച് ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. 'ഗ്വാണ്ടനാമോ തടവറ ഇന്നുതന്നെ അടച്ചുപൂട്ടുക'യെന്ന മുദ്രാവാക്യവും പ്രകടനക്കാര്‍ ഉച്ചത്തില്‍ മുഴക്കുന്നുണ്ടായിരുന്നു. ഒബാമയുടെ രണ്ടാമൂഴത്തിന്റെ സത്യപ്രതിജ്ഞ നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് വാഗ്ദത്ത ലംഘനം ആരോപിച്ച് ആക്ടിവിസ്റ്റുകള്‍ രംഗത്ത് വന്നത്. 25 ഓളം വിവിധ മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികള്‍ പ്രകടനത്തില്‍ പങ്കെടുത്തു.

ഇസ്‌ലാം സമാധാനത്തിനെന്ന് സ്‌കോട്ട്‌ലാന്റ് മുസ്‌ലിംകള്‍
അക്രമം നിരുത്സാഹപ്പെടുത്തുകയും സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുകയുമാണ് ഇസ്‌ലാമിക പാഠങ്ങളെന്ന് സ്‌കോട്ട്‌ലാന്റ് മുസ്‌ലിംകള്‍. സ്‌കോട്ട്‌ലാന്റില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടയാന്‍ ഇസ്‌ലാമികപാഠങ്ങളും ജീവിതരീതിയും സഹായിക്കുമെന്നും സ്‌കോട്ടിഷ് മുസ്‌ലിം സമൂഹം കരുതുന്നു. ഇത്തരം അക്രമസംഭവങ്ങളെ ന്യായീകരിക്കാന്‍ ഇസ്‌ലാമിനെ വ്യാപകമായി ഉപയോഗിച്ചുവരുന്നത് മുസ്‌ലിം സമൂഹത്തെ അലോസരപ്പെടുത്തുന്നുണ്ട്. അക്രമങ്ങള്‍ക്കെതിരെ പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 'The Change' എന്നപേരില്‍ കാമ്പയിന്‍ നടത്താനൊരുങ്ങുകയാണ് സ്‌കോട്ടിഷ് മുസ്‌ലിംകള്‍. ഇസ്‌ലാമിനെ കരിതേച്ചു കാണിക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പിക്കുന്നതിന്റെ ഭാഗം കൂടിയായാണ് കാമ്പയിന്‍ നടത്തുന്നത്. പ്രധാന നഗരങ്ങളായ ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ ഫെബ്രുവരിയില്‍ കാമ്പയിന്‍ നടക്കുമെന്ന് Muslim Women's Chartiy അറിയിച്ചു. സ്‌കോട്ട്‌ലാന്റില്‍ അഞ്ചുലക്ഷത്തിലധികം മുസ്‌ലിംകളുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ വരികയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍