Prabodhanm Weekly

Pages

Search

2013 ജനുവരി 26

എവിടെയാണ് നമുക്ക് ചുവടുകള്‍ പിഴക്കുന്നത്?

ഫസലുര്‍റഹ്മാന്‍ കൊടുവള്ളി

മത വിദ്യാഭ്യാസ മേഖലയില്‍ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ പ്രയാണം ചെയ്യുന്ന സമകാലിക മുസ്‌ലിം സമൂഹം മനസ്സിരുത്തേണ്ട ചില മൗലിക യാഥാര്‍ഥ്യങ്ങളെ ഓര്‍മപ്പെടുത്തുന്നു, 'ഗുരു 'ലഘു'വായതാണ് വിദ്യാഭ്യാസത്തിന്റെ ശാപം' എന്ന സമീര്‍ വടുതലയുടെ ലേഖനം. ലേഖകന്‍ ഉന്നയിക്കുന്ന വസ്തുതകള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മത വിദ്യാഭ്യാസത്തിന്റെ അപചയ കാരണം, ഗുരു 'മെലിഞ്ഞ'ത് മാത്രമല്ല, പ്രഥമ ഗുരുക്കളായ മാതാപിതാക്കളുടെയും പ്രഥമ വിദ്യാലയമായ വീടിന്റെയും 'ശോഷിപ്പ്' കൂടിയാണ്. അക്കാര്യം ലേഖകന്‍ സൂചിപ്പിച്ചിട്ടുമുണ്ട്.
'സന്താന ശിക്ഷണം' എന്നത്, മക്കള്‍ക്ക് മദ്‌റസാ വിദ്യാഭ്യാസം നല്‍കുക എന്നതില്‍ പരിമിതപ്പെടുത്തിയ ഒരു തലമുറയില്‍ നിന്ന് സംഭവിക്കാവുന്നതേ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളൂ. മക്കളുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ കാഴ്ചപ്പാടുകള്‍ വിപരീത ദിശയില്‍ വളരാന്‍ തുടങ്ങിയത് മുതലാണ് അവരുടെ മക്കള്‍ ഏറെ പ്രതിലോമകരമായ വിതാനത്തിെലത്തിയത്. വിതച്ചതല്ലേ, കൊയ്യാനാവൂ.
സന്താനങ്ങള്‍ക്ക് ഉത്തമ ശിക്ഷണവും ഉയര്‍ന്ന സംസ്‌കാരവും ഉന്നത മൂല്യങ്ങളും പകര്‍ന്നു കൊടുക്കുക എന്നത് മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമായാണ് ഇസ്‌ലാം കണക്കാക്കുന്നത്. കുട്ടിയെ മതപാഠശാലയിലയക്കുമ്പോഴും, ആ ഉത്തരവാദിത്തത്തിന്റെ കടിഞ്ഞാണ്‍ രക്ഷിതാവിന്റെ കൈയില്‍ തന്നെയാണുള്ളത്. മദ്‌റസാ പഠനം വഴി തന്റെ ഉത്തരവാദിത്വത്തിന് അല്പം താങ്ങ് ലഭിക്കുന്നൂ എന്നേ മനസ്സിലാക്കേണ്ടതുള്ളൂ.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അച്ചടക്കത്തിലും ഏറെ സ്വാധീനം ചെലുത്തുന്ന ഘടകം മാതാപിതാക്കളും ഗൃഹ പരിതസ്ഥിതികളുമാണ് . പിന്നീട് വിദ്യാലയങ്ങളും അധ്യാപകരും കൂട്ടുകാരും. കുട്ടികള്‍ കാണുന്ന ഫിലിമുകളും ഇതര കലാരൂപങ്ങളും അവര്‍ വായിക്കുന്ന പത്ര മാഗസിനുകളുമെല്ലാം ചേര്‍ന്നാണ് കുട്ടികളുടെ വ്യക്തിത്വം രൂപവല്‍ക്കരിക്കുന്നത്. അവ വഴി തെറ്റിക്കുന്നതും അപകടം പതിയിരിക്കുന്നതും അല്ലെന്ന് ഉറപ്പ് വരുത്താന്‍ ശിക്ഷകന്മാര്‍ക്ക് ബാധ്യതയുണ്ട്. അതിന്റെ അഭാവം സൃഷ്ടിക്കുന്ന അനര്‍ഥങ്ങള്‍ കൂടി പേറാന്‍ വിധിക്കപ്പെട്ടവരാണിന്നത്തെ സമൂഹം.
മതപരമായ കുറെ അറിവുകള്‍ കുട്ടിയുടെ മസ്തിഷ്‌ക്കത്തില്‍ കുത്തിച്ചെലുത്തുന്നതോടെ പൂര്‍ത്തിയാവുന്ന ഒന്നല്ല മതപഠനം. മത വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ധര്‍മം പ്രയോഗവല്‍ക്കരണമാണ്. പ്രയോഗക്ഷമത നിരന്തരം പരിശോധിച്ചും ഉറപ്പു വരുത്തിയുമാണ് മുന്നോട്ടു നീങ്ങേണ്ടത്. മത വിദ്യാലയത്തില്‍ നിന്ന് പഠിക്കുന്ന തിയറികളുടെ പ്രായോഗിക പരിശോധന, വീടുകളില്‍ കണിശമായും കൃത്യമായും നിര്‍വഹിക്കപ്പെടണം.
അതിന്റെ തുടര്‍ച്ച ക്ലാസ് മുറികളില്‍ അധ്യാപകനും ചെയ്തിരിക്കണം. ഈ കാര്യങ്ങളില്‍ അധ്യാപകനും രക്ഷിതാവും പരസ്പര ധാരണയോടെ മുന്നോട്ടു നീങ്ങണം. ഇന്നത്തെ ഒരു പ്രധാന പ്രശ്‌നം ലേഖകന്‍ ചൂണ്ടിക്കാണിച്ചത് പോലെ കുട്ടി സ്വായത്തമാക്കിയ മത വിവരങ്ങള്‍ക്ക് വീട്ടില്‍ നിന്ന് ജീവന്‍ തുടിക്കുന്ന മാതൃകകള്‍ ലഭിക്കുന്നില്ല എന്നത് തന്നെയാണ്. നമസ്‌കരിക്കാത്ത രക്ഷിതാവിന്റെ മകന്‍ നമസ്‌കരിച്ചു കാണണമെന്നോ കളവു പറയുന്നവന്റെ മകന്‍ സത്യസന്ധനാവണമെന്നോ ആഗ്രഹിക്കുന്നത് മിതമായി പറഞ്ഞാല്‍ അത്യാഗ്രഹമാണ്. കുട്ടികള്‍ എപ്പോഴും അനുകരിക്കുന്നവരാണ് .
അവര്‍ക്ക് ബോധ്യപ്പെടാത്തത് കല്‍പ്പിക്കപ്പെടുമ്പോള്‍ അവര്‍ ചോദ്യം ചെയ്യും. വൈരുധ്യങ്ങള്‍ കണ്ടെത്തും. നിഷ്‌കളങ്ക ബുദ്ധിയില്‍ പതിക്കുന്ന അനുഭവങ്ങളും ദൃശ്യങ്ങളും പാറയില്‍ കൊത്തിവെച്ചത് പോലെ മുദ്രിതമായി കിടക്കും. അതിനാല്‍ അത് നന്മയുടേതായിരിക്കാനുള്ള ജാഗ്രത ഓരോ രക്ഷിതാവിനുമുണ്ടാവണം. പിതാവിനെ അന്വേഷിച്ചു വീട്ടില്‍ വന്ന ആളോട് 'ബാപ്പ ഇവിടെ ഇല്ലെന്ന്' പറയാന്‍ ചില പിതാക്കള്‍ ശട്ടം കെട്ടുന്നത് തങ്ങളുടെ കുട്ടികളെത്തന്നെയാണ്. ഇങ്ങെയാണെങ്കില്‍ കളവ് ശീലിക്കാന്‍ കുട്ടിക്ക് മറ്റെവിടെയെങ്കിലും പോകേണ്ടതുണ്ടോ?
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍