Prabodhanm Weekly

Pages

Search

2013 ജനുവരി 26

ദല്‍ഹി സംഭവം ആവശ്യപ്പെടുന്ന സാമൂഹിക മാറ്റങ്ങള്‍

വി.എം സമീര്‍, കല്ലാച്ചി

ദല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍നിന്നും നമ്മുടെ രാജ്യം ഇപ്പോഴും പൂര്‍ണമായും വിമുക്തമായിട്ടില്ല. ഇത്തരം പൈശാചികമായ കൊടുംക്രൂരതക്ക് വധശിക്ഷ വേണോ, ഷണ്ഡീകരണം വേണോ എന്നിത്യാദി ചര്‍ച്ചകളാലും ആലോചനകളാലും സജീവവും സമൃദ്ധവുമാണ് നമ്മുടെ രാഷ്ട്രീയ-സാമൂഹിക-മാധ്യമ മണ്ഡലങ്ങള്‍ (കട്ടവന്റെ കൈ വെട്ടുന്നതും വ്യഭിചാരിക്ക് കൊല വിധിക്കുന്നതുമായ ശരീഅത്ത് വ്യവസ്ഥ നീചവും പ്രാകൃതവുമാണെന്ന് പരിഹസിച്ച് ഇസ്‌ലാമിനെതിരെ ചാട്ടവാറെടുത്ത പലരും ഇപ്പോള്‍ വധശിക്ഷക്ക് വേണ്ടി വീറോടെ ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നു). കേവലം ഭൗതിക നിയമങ്ങള്‍ കൊണ്ടു മാത്രം രാജ്യത്ത് സുതാര്യവും സുവ്യക്തവുമായ നീതി നടപ്പിലാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യത്തോടൊപ്പം ഇസ്‌ലാമിക നീതിവ്യവസ്ഥക്ക് അനുസൃതമായ ശിക്ഷാവിധികള്‍ നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയാണ് പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ അവസാനമായി നിഴലിച്ചുനില്‍ക്കുന്നതും അവശേഷിക്കുന്നതും.

സാഹിദ തലായി എടച്ചേരി
കേരളീയ മുസ്‌ലിം മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ അപേക്ഷിച്ച് എല്ലാ മേഖലകളിലും ഉദ്ബുദ്ധത കൈവരിച്ചിട്ടുണ്ടെന്ന വസ്തുത അനിഷേധ്യമാണ്. വിദ്യാഭ്യാസ രംഗം മുതല്‍ എല്ലാ തലങ്ങളിലും അവര്‍ വിസ്മയജനകമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംഘടനകള്‍ക്കിടയിലുള്ള ഭിന്നിപ്പും അകല്‍ച്ചയും കേരള മുസ്‌ലിംകളിലാണ് കൂടുതലുള്ളത്. വിയോജിപ്പിനേക്കാള്‍ ഐക്യസാധ്യതകളെ കുറിച്ചുള്ള ഡോ. ഹുസൈന്‍ മടവൂരിന്റെ പ്രഭാഷണവും സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനവും ഏറെ പ്രതീക്ഷ ജനിപ്പിക്കുന്നതാണ്. ഒരു വേദിയില്‍ അഭിപ്രായ ഭിന്നതകള്‍ പറഞ്ഞുതീര്‍ത്ത് ഒറ്റ പാര്‍ട്ടിയാക്കാമെന്ന വ്യാമോഹമില്ലെങ്കിലും, വ്യത്യസ്ത രാഷ്ട്രീയ നേതാക്കള്‍ വലിയ പ്രതിയോഗികളായിരുന്നിട്ടു പോലും പരസ്പരം പുലര്‍ത്തുന്ന മാനുഷികബന്ധമെങ്കിലും മതരംഗത്ത് കൊണ്ടുവരാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

സ്ത്രീവിരുദ്ധതയുടെ
വെറും വര്‍ത്തമാനങ്ങള്‍!
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍, ജസ്റ്റിസ് വര്‍മ കമ്മീഷന്‍ മുമ്പാകെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സമര്‍പ്പിച്ച ഒട്ടേറെ ശ്രദ്ധേയമായ നിര്‍ദേശങ്ങളില്‍നിന്നും, 'സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അഭികാമ്യം' എന്ന നിര്‍ദേശം അടര്‍ത്തിയെടുത്ത്, ജമാഅത്ത് സ്ത്രീവിരുദ്ധ നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചതെന്ന് ദേശാഭിമാനി ലേഖകന്‍ (09-01-2013) ആരോപിക്കുന്നു. 'ജമാഅത്തിന്റെ സ്ത്രീവിരുദ്ധ നിര്‍ദേശങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് പ്രസ്താവിച്ച അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി, സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി കഴിയണമെന്ന സംഘ്പരിവാറിന്റെ വാദവും ഇതുതന്നെ'യെന്നാണ് (ദേശാഭിമാനി: 10-01-2013) തട്ടിവിട്ടിരിക്കുന്നത്.
സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്ത് ഒട്ടേറെയുണ്ട്. നിരവധി സംഘങ്ങളുടെയും സംഘടനകളുടെയും മാനേജ്‌മെന്റുകള്‍ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി വരുന്നുണ്ട്. ഗേള്‍സ് ഹൈസ്‌ക്കൂളുകളും വിമന്‍സ് കോളേജുകളും ലേഡീസ് ഹോസ്റ്റലുകളും സ്ത്രീവിരുദ്ധ സംവിധാനങ്ങളല്ലെങ്കില്‍, ഇത്തരം സഥാപനങ്ങള്‍ ഇവിടെ ഇനിയുമുണ്ടാവണം എന്ന് ജമാഅത്ത് പറഞ്ഞാല്‍ അത് മാത്രം സ്തീവിരുദ്ധമെന്ന് ഘോഷിക്കുന്നതിലെ യുക്തി എന്താണ്? പുരുഷനെയും, സ്ത്രീയെയും വേര്‍തിരിച്ച് സംഘടിപ്പിച്ച ജനാധിപത്യ മഹിളാ അസോസിയേഷനും, മഹിളാ കോണ്‍ഗ്രസ്സുമെല്ലാം, എന്തേ സ്ത്രീവിരുദ്ധമെന്ന് പറയപ്പെടുന്നില്ല? സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും അവരെ ജോലിക്ക് അയക്കുകയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പുവരുത്തുകയും അവകാശ സമരങ്ങളില്‍പോലും സ്ത്രീകളെ പങ്കെടുപ്പിക്കുകയും സംഘടനാ ഭാരവാഹിത്വങ്ങളില്‍ പങ്കുചേര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി, 'സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി കഴിയണമെന്ന സംഘ്പരിവാറിന്റെ വാദം' തന്നെയാണ് ഉന്നയിക്കുന്നതെന്ന് വിളിച്ചുപറയുന്നതിലെ വിരോധാഭാസം സുതരാം വ്യക്തമല്ലേ? തങ്ങളുടെ ഉന്നത സംഘടനാവേദിയായ പോളിറ്റ് ബ്യൂറോയില്‍ സ്ത്രീക്ക് നാമമാത്ര പ്രവേശനം നല്‍കുകയും, 84 അംഗ സംസ്ഥാന കമ്മിറ്റിയില്‍പോലും സ്ത്രീയുടെ വിഹിതം വെറും 9 മാത്രമായി ചുരുക്കുകയും ചെയ്ത പുരുഷമേധാവിത്വത്തിന്റെ വക്താക്കള്‍ മറ്റുള്ളവരുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് വാചാലമാവുന്നതിലെ പരിഹാസ്യത തിരിച്ചറിയപ്പെടാതെ പോവുകയാണ്.
റഹ്മാന്‍ മധുരക്കുഴി 

കെ.പി തഹ്‌സീന്‍ മമ്പാട്
ഡോ. അംറ് ഖാലിദിന്റെ 'തഖ്‌വ പരീക്ഷിക്കപ്പെടുന്നത് അങ്ങാടികളിലല്ല, വീടകങ്ങളിലാണ്' (ലക്കം 26) എന്ന കുറിപ്പ് വളരെ ഹൃദ്യമായി. ജീവിത യാഥാര്‍ഥ്യങ്ങളെ വളരെ ലളിതമായി ആവിഷ്‌കരിച്ചത് പ്രശംസനീയമാണ്. കുടുംബമില്ലെങ്കില്‍ സമൂഹവും രാഷ്ട്രനിര്‍മാണവും സാധിക്കുകയില്ല. അതിനാല്‍ എല്ലാ സംസ്‌കരണവും കുടുംബത്തില്‍നിന്ന് തുടങ്ങണം.

കെ.കെ ഷാഹിന ചെയ്ത
രാജ്യദ്രോഹമെന്താണ്?
കെ.കെ ഷാഹിനയെന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു എന്നതാണ് ഒടുവിലത്തെ വിവരം. അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ബംഗളൂരു സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്ന് കര്‍ണാടക പോലീസ് സമര്‍പ്പിച്ച സാക്ഷി മൊഴി വ്യാജമാണെന്ന് വസ്തുതാപരമായി തെളിവ് സഹിതം മാലോകരെ അറിയിച്ചതായിരുന്നു ഈ ലേഖിക ചെയ്ത കുറ്റം. കുറ്റകരമായ ഗൂഢാലോചന, പ്രോസിക്യൂഷനെതിരെ മൊഴി നല്‍കല്‍, സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണത്രേ കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്.
സ്വതന്ത്ര ഭാരതത്തിലെ നിയമവാഴ്ചയും പോലീസ് വാഴ്ചയും 'നിയമത്തിന്റെ വഴിക്കു' പോകുന്ന കാഴ്ചയാണിത്. മഅ്ദനിക്കെതിരെ സാക്ഷിമൊഴി നല്‍കിയെന്ന് പോലീസ് പ്രസ്താവിച്ച ബി.ജെ.പി പ്രാദേശിക നേതാവ് യോഗാനന്ദ താന്‍ മഅ്ദനിയെ കണ്ടിട്ടില്ലെന്നും മൊഴി വ്യാജമായി രേഖപ്പെടുത്തിയതാണെന്നും വ്യക്തമാക്കിയിരുന്നു. കേവലമൊഴിയുടെ അടിസ്ഥാനത്തില്‍ (അത് വ്യാജമായോ സമ്മര്‍ദത്താലോ ആയിരുന്നാലും) കേസെടുക്കുകയും പിന്നീട് ആ മൊഴി തങ്ങളെ സമ്മര്‍ദത്തിലാക്കി പറയിച്ചതാണെന്ന് പറയുമ്പോള്‍ നിരാകരിക്കപ്പെടുകയും ഈ വസ്തുതകള്‍ തെളിവ് സഹിതം പൊതുജന സമക്ഷം സമര്‍പിക്കുന്ന മാധ്യമ പ്രവര്‍ത്തകയെ ക്രിമിനല്‍ കേസില്‍ കുടുക്കി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന നിയമവാഴ്ച കേമം തന്നെ. ഒരു പക്ഷേ കെ.കെ ഷാഹിനയെന്ന പത്രപ്രവര്‍ത്തകയെ തുറുങ്കിലടച്ച് വര്‍ഷങ്ങളോളം നിയമം നിയമത്തിന്റെ വഴിക്ക് പോകുമായിരിക്കും. പക്ഷേ ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനേ ഇതുകൊണ്ടുപകരിക്കൂ. നോരോടെ നിര്‍ഭയം മാധ്യമ ധര്‍മം നിറവേറ്റുന്നതിനാലാവാമിത്.
നസീര്‍ പ്ലാമൂട്ടില്‍, മൂവാറ്റുപുഴ 

കേരള മുസ്‌ലിംകള്‍ക്ക്
ശൈഖ് അഹ്മദ്കുട്ടി നല്‍കുന്ന പാഠങ്ങള്‍
ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയെക്കുറിച്ച് ശൈഖ് അഹ്മദ് കുട്ടി ടൊറണ്ടോയും ടി.കെ ഇബ്‌റാഹീം ടൊറണ്ടോയും എഴുതിയ ഓര്‍മക്കുറിപ്പുകള്‍ (ലക്കം 30) വായിച്ച തൊട്ടടുത്ത ദിവസമാണ് ഈ രണ്ടു വ്യക്തികളെയും ടൊറണ്ടോവില്‍ വെച്ച് കാണാന്‍ ഭാഗ്യം ലഭിച്ചത്. ശൈഖ് അഹ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൊറണ്ടോ(ഐ.ഐ.ടി)യുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും ശ്രദ്ധിക്കാനവസരം ലഭിച്ചപ്പോള്‍ കേരള മുസ്‌ലിം പണ്ഡിതര്‍ക്ക് പകര്‍ത്താവുന്ന ഒട്ടേറെ കാര്യങ്ങള്‍ അതിലുണ്ടെന്ന് തോന്നി. ലോക മുസ്‌ലിംകളെ സ്വാധീനിച്ച പ്രമുഖ വ്യക്തികളിലൊരാളായി ശൈഖ് അഹ്മദ്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു നവവത്സര ദിനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം. നവവത്സര ആഘോഷത്തെക്കുറിച്ച് നമ്മുടെ പണ്ഡിതന്മാര്‍ക്ക് ആകെ പറയാനുണ്ടാവുക അത് അനിസ്‌ലാമികം ആണെന്ന് മാത്രമായിരിക്കും. എന്നാല്‍ ശൈഖ് അഹ്മദ്കുട്ടി ആ ദിനത്തിന് പ്രത്യേകത കല്‍പ്പിക്കുന്നവരാണ് സമൂഹത്തിലെ ബഹുഭൂരിഭാഗവുമെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട്, അന്ന് മുസ്‌ലിം സമൂഹത്തിലെ അംഗങ്ങള്‍ എടുക്കേണ്ട പുതിയ പ്രതിജ്ഞകളെയും തീരുമാനങ്ങളെയും കുറിച്ചാണ് സംസാരിച്ചത്. ഇത്തരം സമകാലിക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് അതിനെ ഇസ്‌ലാമികമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന തിരിച്ചറിവിലേക്ക് കേരള മുസ്‌ലിം സംഘടനകളും നേതാക്കളും വന്നിരുന്നുവെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി.
എന്‍.പി ഹാഫിസ് മുഹമ്മദ് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍