Prabodhanm Weekly

Pages

Search

2013 ജനുവരി 26

പ്രവാസി ഭാരതീയ ദിവസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഡോ. നസീര്‍ അയിരൂര്‍

അങ്ങനെ പതിനൊന്നാമത് പ്രവാസി ഭാരതീയ ദിവസും പതിവ് ആരവങ്ങളോടെ പര്യവസാനിച്ചു. കൊച്ചിയിലെ ലെമെറഡിയന്‍ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു മേള. വര്‍ഷം തോറും നടന്നുവരാറുള്ള ഈ ഉത്സവം ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് നടന്നതെങ്കിലും കാര്യമായ പ്രതിഫലനങ്ങള്‍ ഒന്നും ഉണ്ടാക്കാതെ കടന്നുപോയി. ഗള്‍ഫ് പ്രവാസികളിലെ 80 ശതമാനം വരുന്ന മലയാളികള്‍ ഇത്തരം പണക്കൊഴുപ്പിന്റെ മാമാങ്കങ്ങളെ ഒരു 'പഞ്ച നക്ഷത്ര നേരം പോക്കി'നപ്പുറം പരിഗണിക്കുന്നില്ല എന്നതാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം 'മേല്‍ത്തട്ട് ബിനാലെ'കള്‍ മരുഭൂമിയിലെ ആടുജീവിതങ്ങള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചക്ക് വഴിയൊരുക്കിയതായി ഇതുവരെ യാതൊരു വിവരവുമില്ലതാനും.
പ്രവാസി ദിനമായ ജനുവരി 9-ന് നടന്ന സംഗമം പ്രവാസികളുടെ ക്ഷേമത്തിനായി ഒന്നും പുതുതായി നല്‍കാതെയാണ് സമാപിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന നോര്‍ക്ക പ്രവാസി സംഗമത്തില്‍ യു.ഡി.എഫ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച വാഗ്ദാനപ്പെരുമഴയുടെ തനിയാവര്‍ത്തനമായിട്ടാണ് പതിനൊന്നാമത് പ്രവാസി ദിവസും കൊടിയിറങ്ങിയത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലും പുരോഗതിയുടെ നെടുംതൂണുമാണ് പ്രവാസിയെന്ന് പേര്‍ത്തും പേര്‍ത്തും 'മദ്ഹ്' പറയുന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രവാസ ക്ഷേമത്തിനായുള്ള ഒരു പുതിയ കാര്യവും കടന്നുവരാഞ്ഞത് പ്രവാസികളോടുള്ള ഗവണ്‍മെന്റിന്റെ നയമെന്തെന്ന് വ്യക്തമാക്കുന്നു.
പ്രവാസികളെ സംബന്ധിക്കുന്ന പലതും ആമുഖ ഭാഷണത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചെങ്കിലും തന്റെ പ്രസംഗത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് യാതൊരു പരിഗണനയും പ്രധാനമന്ത്രി നല്‍കിയില്ല. ഗവണ്‍മെന്റിന്റെ സത്വര ശ്രദ്ധ പതിയേണ്ട യാത്രാപ്രശ്‌നം, എംബസികളുടെ കാര്യക്ഷമത, ഗള്‍ഫ് ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം, വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍, കോടികള്‍ വരുന്ന ബെനവലന്റ് ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രധാനമന്ത്രി പ്രതികരിക്കാത്തത് സംഗമത്തിന്റെ 'സ്റ്റാര്‍ട്ടിംഗ് ട്രെബിളായി'. സമ്മേളനത്തില്‍ ഉടനീളം മുഴങ്ങികേട്ട പ്രവാസികള്‍ക്കായുള്ള ഇന്‍ഷുറന്‍സ്, ജയിലിലുള്ളവരെ മോചിപ്പിക്കാന്‍ പ്രത്യേക നടപടികള്‍, പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ തുടങ്ങിയ 'ക്ലീഷേ'കള്‍ ഇക്കൊല്ലവും ആവര്‍ത്തിക്കപ്പെട്ടത് ഇതൊന്നും ഇതുവരെയും പരിഹരിക്കാന്‍ ഒന്നും ചെയിതിട്ടില്ല എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
പ്രവാസി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ഗ്ലോബല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ കേരള, ചില നിക്ഷേപ പദ്ധതികള്‍, നാല് മലയാളികള്‍ അടക്കം 15 പ്രവാസികള്‍ക്ക് പ്രവാസി സമ്മാന്‍ - ഇതാണ് ആകെ എടുത്തുപറയാനുള്ളത്. പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമായിരുന്ന 'എയര്‍ കേരള' യുടെ ചിറകൊടിച്ച കേന്ദ്ര നയങ്ങള്‍ മാറ്റണമെന്ന് മുഖ്യമന്ത്രി കേന്ദ്ര നേതൃത്വത്തോട് മുട്ടിപ്പായി ആവശ്യപ്പെട്ടിട്ടും വനരോദനമായി കലാശിച്ചു. പ്രവാസകാര്യവകുപ്പിന്റെ തുടക്കം മുതല്‍ തന്നെ വകുപ്പ് കൈകാര്യം ചെയ്തുവരുന്ന മലയാളികൂടിയായ മന്ത്രിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും അടങ്ങുന്ന മന്ത്രിപ്പടയുടെ പ്രസംഗങ്ങളും അവകാശവാദങ്ങളും വേണ്ടത്ര ഗൃഹപാഠം ചെയ്തവയായിരുന്നില്ല. നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും പ്രവാസികള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുള്ള, പ്രവാസിക്ക് വോട്ടവകാശം എന്ന ആവശ്യത്തിന് നാട്ടില്‍ വരുന്നവര്‍ക്ക് വോട്ടവകാശം നല്‍കിയതിനെ ചടങ്ങില്‍ മുഖ്യമന്ത്രി വിശേഷിപ്പിച്ചത് പൂര്‍ണ അവകാശമുള്ള പൗരന്‍ എന്ന അഭിമാനബോധം പ്രവാസികള്‍ക്ക് തിരിച്ചുനല്‍കി എന്നാണ്. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരം കിട്ടിയതുപോലെയായി. ഗള്‍ഫ് പ്രവാസികളുടെ നിരവധി ആവശ്യങ്ങള്‍ പലവിധ സാമ്പത്തിക സഹായങ്ങളിലൂടെയും വിവിധ പദ്ധതികളിലൂടെയും നിര്‍വഹിച്ചുവരുന്ന അനേകം പ്രവാസി സംഘടനകളുടെ സാന്നിധ്യം ഇത്തവണത്തെ സമ്മേളനത്തില്‍ ഉണ്ടായോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ആദ്യ സെഷനില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 60-ല്‍ പരം സംഘടനാ പ്രതിനിധികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. രജിസ്‌ട്രേഷനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുപോലും യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളില്‍ മാത്രമായി സംഘടനാ പ്രാതിനിധ്യം ചുരുങ്ങി. കേരളത്തിലെ പ്രവാസികളുടെ 62000 കോടിയിലധികം വരുന്ന ബാങ്ക് നിക്ഷേപത്തെയും സാമ്പത്തിക രംഗത്ത് നല്‍കുന്ന മികച്ച പിന്തുണയെയും പരിഗണിച്ചെങ്കിലും, പ്രവാസികള്‍ക്കായി അടിസ്ഥാനപരമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ സത്വര ശ്രദ്ധ പതിക്കേണ്ടതാണെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇതില്‍ കാണിക്കുന്ന കുറ്റകരമായ വീഴ്ച കാരണമാണ് 2003-ല്‍ തുടക്കം കുറിച്ച പ്രവാസി ഭാരതീയ ദിവസ് അതിന്റെ 11-ാമത് സമ്മേളനത്തിലും ഒരേ പ്രശ്‌നങ്ങള്‍ തന്നെ പ്രവാസികള്‍ക്ക് ഉന്നയിക്കേണ്ടിവരുന്നത്. എയര്‍ അറേബ്യ, റാക്ക് എയര്‍, ഫ്‌ളൈ ദുബായ് തുടങ്ങിയ എയര്‍ കമ്പനികള്‍ കാര്യക്ഷമമായി ബജറ്റ് എയര്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കെടുകാര്യസ്ഥതയെങ്കിലും പരിഹരിച്ചു കിട്ടിയാല്‍ പ്രവാസികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ 'സമ്മാന്‍' അതുതന്നെയാകുമായിരുന്നു. പ്രവാസികള്‍ക്കായി ഗവണ്‍മെന്റ് നടത്തിയ നിരവധി ക്ഷേമപദ്ധതികളും സൗകര്യങ്ങളും വെറും പ്രഖ്യാപനങ്ങള്‍ക്കപ്പുറത്തേക്ക് ഇതുവരെയും പോയിട്ടില്ല. ഇന്‍ഷുറന്‍സ്, പ്രത്യേക സര്‍വകലാശാല, വോട്ടവകാശം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
ചുരുക്കത്തില്‍, അനൗദ്യോഗിക സാംസ്‌കാരിക അംബാസഡര്‍മാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചേ മതിയാകൂ. അതിന് പണക്കൊഴുപ്പിന്റെ ഇത്തരം മേളകള്‍ക്കപ്പുറം വേണ്ടത് ആത്മാര്‍ഥതയുള്ള ശ്രമങ്ങളാണ്. അല്ലെങ്കില്‍ സമ്മേളനങ്ങളുടെ എണ്ണം കൂടുന്തോറും ആവര്‍ത്തിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നുതന്നെയായിരിക്കും. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി പ്രവാസി സംഘടനകള്‍ യോജിച്ച് മുന്നൊരുക്കങ്ങള്‍ നടത്തേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍