Prabodhanm Weekly

Pages

Search

2013 ജനുവരി 26

ആധുനിക ന്യൂനപക്ഷ ജീവിതവും അന്തലൂസിയയും

കെ. അശ്‌റഫ്

നോര്‍വെയില്‍ 2011 ജൂലൈയില്‍ എഴുപത്തിയേഴ് പേരെ കൊലപ്പെടുത്തിയ ആന്ദ്രെ ബ്രെവിക്കിനെ വെറുമൊരു 'ഭ്രാന്തന്‍' ആയി കാണാനാണ് ലിബറല്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. 'ഭ്രാന്തന്‍' എന്ന ന്യൂനീകരണത്തിന് നിരവധി സാധ്യതകള്‍ ഉണ്ട്. ഒരാള്‍ക്ക് ഭ്രാന്ത് വരുന്നത് അയാള്‍ സ്വയം ആഗ്രഹിച്ചിട്ടല്ല. സാമൂഹികവും വ്യക്തിപരവുമായ നിരവധി ഘടകങ്ങള്‍ ഭ്രാന്ത് എന്ന അവസ്ഥക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ബ്രെവിക്കിനെ ഭ്രാന്തന്‍ എന്നു വിശേഷിപ്പിക്കുന്നതിലൂടെ അയാളുടെ വ്യക്തിപരമായ ഒരു 'ചോയ്‌സ്' എന്നതില്‍നിന്ന് പ്രസ്തുത കൂട്ടക്കൊലയെ അടര്‍ത്തിമാറ്റാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു.
എന്നാല്‍, താരീഖ് അലിയെ പോലുള്ളവര്‍ പറയുന്നത് മറ്റൊരു കഥയാണ്. ബ്രെവിക്കിന്റേത് പെട്ടെന്നുള്ള പൊട്ടിത്തറിയല്ല, ചിന്താപരവും മറ്റുമായ വര്‍ഷങ്ങള്‍ നീണ്ട തയാറെടുപ്പ് ആ കൂട്ടക്കൊലക്ക് പിന്നിലുണ്ട്. ഇതിന്റെ ഏറ്റവും വലിയ തെളിവ് '2083: എ യൂറോപ്യന്‍ ഡിക്ലറേഷന്‍' എന്ന ബ്രെവിക്കിന്റെ ആയിരത്തഞ്ഞൂറ് പേജ് വരുന്ന മാനിഫെസ്റ്റോയാണ്. നല്ല ഗവേഷണ പാടവവും യൂറോപ്പിലുള്ള നിയോ നാസി വംശീയ സംഘങ്ങളുടെ പ്രചോദനവുമാണ് ബ്രെവിക്കിനെ ഇങ്ങനെയൊരു ഭീമന്‍ മാനിഫെസ്റ്റോ രചിക്കാന്‍ പ്രാപ്തനാക്കിയത്.
ബ്രെവിക്കിന്റെ മാനിഫെസ്റ്റോ അന്താരാഷ്ട്ര പഠനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം. ആഗോള ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ബ്രെവിക്ക് നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. ഇസ്രയേല്‍ എന്ന സയണിസ്റ്റ് രാഷ്ട്രം അറബ് മേഖലയില്‍ യൂറോപ്യന്‍ വലതുപക്ഷ/വംശീയ താല്‍പര്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണെന്ന് അതില്‍ പറയുന്നു. ഇത് ഏറെ പഴകിയ ഒരു കാഴ്ചപ്പാടാണ്. എന്നാല്‍ അടുത്ത നിരീക്ഷണമാണ് ബ്രെവിക്കിന്റെ മത/വംശീയ/ ദേശ നിര്‍ണയവാദത്തെ പുറത്തുചാടിക്കുന്നത്. അറബ് മേഖലയില്‍ ഇസ്രയേല്‍ തകര്‍ന്നാല്‍ 'ജൂതന്മാര്‍' ഇനിയും യൂറോപ്പിലേക്ക് തിരിച്ചുവരുമെന്നും അത് യൂറോപ്പിന് വീണ്ടും തലവേദന സൃഷ്ടിക്കുമെന്നും!
ഇതൊരു 'ഭ്രാന്തന്‍' പ്രസ്താവനയല്ല. മറിച്ച് അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ന്യൂനപക്ഷ വിരുദ്ധ മനോഭാവത്തിന്റെ തുടര്‍ച്ചയാണ്. ഇങ്ങനെയൊരു ന്യൂനപക്ഷ വിരുദ്ധതക്ക് എന്തെങ്കിലും ചരിത്രപരമായ തുടര്‍ച്ചയുണ്ടോ? ഇതൊരു ആഗോള സംസ്‌കാരമായതെങ്ങനെ? ഈ ന്യൂനപക്ഷവിരുദ്ധതയും ആധുനികതയും അതിലൂടെ രൂപപ്പെട്ട മതം, ദേശം, നാഗരികത, വംശം എന്നിവയെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും പ്രവര്‍ത്തിക്കുന്നതെങ്ങനെ? ഈയൊരു ചരിത്ര -വര്‍ത്തമാനത്തെ വിശകലനം ചെയ്യുകയാണ് മൊറോക്കന്‍ ചിന്തകനായ അന്‍വര്‍ മാജിദ്. പുസ്തകത്തിന്റെ പേര്: We Are All Moors: Ending Centuries of Crusades Against Muslims and Other Minorities (University of Minnesota Press, 2009).

* * * * *
പുസ്തകത്തിലെ വാദമുഖങ്ങളെ ചുരുക്കി വിവരിക്കുന്നതിനു മുമ്പ് അന്‍വര്‍ മാജിദിനെ പരിചയപ്പെടുത്താം. മൊറോക്കോയിലെ ടാന്‍ജീയറില്‍ ജനിച്ച അന്‍വര്‍ മാജിദ് ഇസ്‌ലാം, ആഫ്രിക്കന്‍, അറബ്, മെഡിറ്ററേനിയന്‍, യൂറോപ്യന്‍ പാരമ്പര്യങ്ങളില്‍നിന്ന് വരുന്നയാളാണ്. ഇങ്ങനെയൊരു ബഹുസ്വര സ്ഥാനം അന്‍വര്‍ മാജിദിന്റെ ചിന്തകള്‍ക്കുണ്ട്. Si Yussef എന്ന നോവല്‍ എഴുതിയ അന്‍വര്‍, ഇസ്‌ലാമുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അണ്‍വെയ്‌ലിംഗ് ട്രഡിഷന്‍: പോസ്റ്റ് കൊളോണിയല്‍ ഇസ്‌ലാം ഇന്‍ എ പോളിസെന്‍ട്രിക് വേള്‍ഡ് (2000), ഫ്രീഡം ആന്റ് ഓര്‍ത്തഡോക്‌സി: ഇസ്‌ലാം ആന്റ് ഡിഫറന്‍സ് ഇന്‍ പോസ്റ്റ്- അന്തലൂസിയന്‍ ഏജ് (2004) തുടങ്ങിയവ പ്രധാന കൃതികളാണ്. ഏറ്റവും പുതിയ പുസ്തകം ഇസ്‌ലാം ആന്റ് അമേരിക്ക: ബില്‍ഡിംഗ് എ ഫ്യൂച്ചര്‍ വിതൗട്ട് പ്രിജുഡിസ് (2011) ആണ്. സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അന്‍വര്‍ മാജിദിന്റെ അണ്‍വെയ്‌ലിംഗ് ട്രഡിഷന്‍ ഇസ്‌ലാമിക പാരമ്പര്യത്തെയും കൊളോണിയല്‍ പാരമ്പര്യത്തെയും വിമര്‍ശനാത്മകമായി സമീപിക്കുന്ന പുസ്തകമാണ്.

* * * * *
'വി ആര്‍ ആള്‍ മൂര്‍സ്' പറയുന്നത് അഞ്ഞൂറ് വര്‍ഷത്തെ ന്യൂനപക്ഷ ചരിത്രമാണ്. അതിന്റെ ചരിത്രവിധികളെക്കുറിച്ചാണ്. എ.ഡി ആയിരത്തിനാനൂറ്-അഞ്ഞൂറ് കാലത്തെ അന്തലൂസിയയുടെ (ഇന്നത്തെ സ്‌പെയിനിന്റെ) ചരിത്രത്തിന് 'ആധുനിക ന്യൂനപക്ഷം' എന്ന ആശയവുമായി നിരവധി ബന്ധങ്ങള്‍ ഉണ്ട്. അന്ന് അവിടെ ന്യൂനപക്ഷം ആയിരുന്ന മുസ്‌ലിംകളും ജൂതന്മാരും ബലമായി പുറത്താക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ആണ് ഉണ്ടായത്. വംശീയത, ഹോളോകോസ്റ്റ്, വംശവിരുദ്ധത തുടങ്ങിയ വളരെ ആധുനികമായ ഹിംസകളുടെ ഒരു ലിറ്റ്മസ് ടെസ്റ്റ് അന്തലൂസിയയില്‍ നിന്ന് കണ്ടെടുക്കാം. മറ്റൊരു രീതിയില്‍ അന്‍വര്‍ മാജിദ് പറയുന്നത്, കൊളോണിയലിസം, ആധുനിക ദേശരാഷ്ട്രം തുടങ്ങി വളരെയധികം പൊതുസമ്മതിയുള്ള ആധുനിക ഹിംസാ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഭരണനിര്‍വഹണം (governmentality) പതിനാല്, പതിനഞ്ച് നൂറ്റാണ്ടിലെ അന്തലൂസിയന്‍ അനുഭവത്തില്‍നിന്ന് വായിച്ചെടുക്കാമെന്നാണ്. ഇങ്ങനെയുള്ള ഭരണനിര്‍വഹണ സാങ്കേതികവിദ്യകള്‍ കഴിഞ്ഞ അഞ്ഞൂറ് വര്‍ഷത്തെ ലോകരാഷ്ട്രീയ ഘടനയില്‍ വെച്ച് നിരന്തരം പരിഷ്‌കരിച്ചെടുക്കുന്നതായി അന്‍വര്‍ മാജിദ് നിരീക്ഷിക്കുന്നു.
കൊളോണിയലിസത്തിന് അന്‍വര്‍ മാജിദ് പരസ്പര ബന്ധിതമായ രണ്ട് ഘട്ടങ്ങള്‍ കാണുന്നു. അന്തലൂസിയയില്‍ നിന്ന് 1492-ഓടു കൂടി മുസ്‌ലിം/ജൂത ന്യൂനപക്ഷങ്ങളെ നിഷ്‌കാസനം ചെയ്യുന്ന ആന്തരിക കൊളോണിയലിസത്തിന്റേതാണ് ഒന്നാം ഘട്ടം. പിന്നീട് വാസ്‌കോഡഗാമ (ഏഷ്യ, ആഫ്രിക്ക) കൊളംബസ് (ദക്ഷിണ അമേരിക്ക) തുടങ്ങിയവര്‍ ഇതേ പ്രവിശ്യയില്‍നിന്ന് ആരംഭിച്ച ബാഹ്യ കൊളോണിയലിസത്തിന്റെ രണ്ടാം ഘട്ടം. ഇങ്ങനെ ആന്തരിക/ബാഹ്യ കൊളോണിയലിസം തുടര്‍ന്നുകൊണ്ടുപോകുന്നതിലൂടെയാണ് 'വ്യാവസായിക വിപ്ലവം', 'നവോത്ഥാന ആധുനികത' ഒക്കെ വികസിച്ചുവരുന്നത്. മാത്രമല്ല നിരവധി ആധുനിക പരികല്‍പനകളും ഇക്കാലത്ത് വികസിച്ചുവരുന്നുണ്ട്. അതിലേറെ പ്രധാനപ്പെട്ടതാണ് നാഗരികരും (Civilised) അപരിഷ്‌കൃതരും (Barbarian) എന്ന ദ്വന്ദ്വം. നാഗരികതയുടെ കേന്ദ്രമായി യൂറോപ്പിനെ കൊളോണിയല്‍ വിജ്ഞാനം അടയാളപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ അതിശക്തമായ ചെറുത്തുനില്‍പ് കോളനിവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ പ്രത്യക്ഷ കോളനീകരണം അവസാനിക്കുകയും ചെയ്തു. പിന്നീട് കൊളോണിയലിസത്തിന്റെ പാടുകള്‍ അവശേഷിക്കുമ്പോഴും ഒരു തരത്തിലുള്ള സ്വയം പര്യാപ്തത കോളനിവത്കൃത രാജ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍, സാമ്പത്തികമായി ക്ഷയിച്ച ഇത്തരം നാടുകളില്‍നിന്ന് യൂറോപ്പിലെ വന്‍ നഗരങ്ങളിലേക്ക് മെച്ചപ്പെട്ട ജീവിതം തേടി കുടിയേറ്റം ശക്തിപ്പെട്ടതോടെ കോളനീകരണത്തിന്റെ 'ഭൂതങ്ങള്‍' യൂറോപ്പില്‍ വീണ്ടും സാന്നിധ്യമറിയിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ സൂചിപ്പിച്ച ആന്ദ്രെ ബ്രെവിക്കിന്റെ 'ജൂതഭയം' ഉണ്ടാവുന്ന പുതിയ സാഹചര്യം ഇതാണ്.
എന്തിനധികം പറയുന്നു, ഇപ്പോള്‍ നാം ഏറെ ചര്‍ച്ച ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള 'ഭയങ്ങള്‍' ഇങ്ങനെയൊരു ചരിത്ര സാഹചര്യത്തിലാണ് ഉടലെടുക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 'അസഹിഷ്ണുത' എന്നത് വളരെ ആപേക്ഷികമായ കാര്യമാണ്. പൊതുവെ എല്ലാ സമുദായങ്ങളിലും സംഘങ്ങളിലും ഏറിയോ കുറഞ്ഞോ ഇത് കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇവിടെ പ്രശ്‌നം ചില അസഹിഷ്ണുതകള്‍ മാത്രം 'അപരിഷ്‌കൃത'മാവുന്നു എന്നതാണ്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുടെ പ്രത്യേകത, അതില്‍ കൂടുതലായി അങ്ങനെ 'അസഹിഷ്ണുത' കാണിക്കുന്ന ജനവിഭാഗങ്ങള്‍ എല്ലാതരം അധീശഭാവനകളെയും തിരസ്‌കരിച്ച് തങ്ങളുടേതായ ഒരു ചരിത്രവും ഭാവനയും നിര്‍മിക്കുന്നുവെന്നതാണ്. അന്‍വര്‍ മാജിദിന്റെ ഭാഷയില്‍ പറഞ്ഞാല്‍, യൂറോ-കൊളോണിയല്‍ ഐഡന്റിറ്റി പിന്‍വാങ്ങുന്നതിന്റെ ഭയമാണ് ഇന്നത്തെ ആഗോള രാഷ്ട്രീയ വിവാദത്തിന്റെ അടിസ്ഥാനം.
കൊളോണിയലിസത്തിന്റെ ആ പഴയ ആഗ്രഹങ്ങള്‍ക്ക് പുതിയ വെള്ളയിതര (non-white) രാഷ്ട്രീയം തടയിടുന്നുണ്ട്. ഇന്നത്തെ അമേരിക്ക പുതിയ ന്യൂനപക്ഷ സംസ്‌കാര രാഷ്ട്രീയത്താല്‍ തിളച്ചുമറിയുന്നുവെന്നാണ് Undesirable Aliens: Hispanics in America, Muslims in Europe എന്ന അധ്യായത്തിലൂടെ മാജിദ് വിവരിക്കുന്നത്.
എന്നാല്‍, ഇത്തരം ചരിത്രപരമായ വിശകലനങ്ങളില്‍നിന്ന് മാറി നിയോ കണ്‍സര്‍വേറ്റീവുകള്‍ ചോദിക്കുന്നത്, ഇസ്‌ലാമിന് എവിടെയാണ് തെറ്റുപറ്റിയതെന്നാണ്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉത്ഭവിക്കുന്ന ഇടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അന്‍വര്‍ മാജിദ് ശ്രമിക്കുന്നത്, ഇസ്‌ലാമിനെ ഒരു പ്രശ്‌നമായി സാന്നിധ്യപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന, പ്രശ്‌നരഹിതമായി സങ്കല്‍പിക്കപ്പെടുന്ന ഒന്നിനെ അടയാളപ്പെടുത്താനാണ്. അത് യൂറോപ്പ് എന്ന ആശയമാണ്. വളരെ വിപുലമായ വിമര്‍ശനമാണ് അന്‍വര്‍ മാജിദ് നടത്തുന്നത്. ഉദാഹരണത്തിന് യൂറോപ്പ് എന്ന വാക്കിന്റെ ഉല്‍പത്തി അദ്ദേഹം പരിശോധിക്കുന്നു. എ.ഡി 732-ല്‍ ഇസിഡോര്‍ പാക്കിന്‍സിസ് (Isidor Pacensis) എന്ന ക്രൈസ്തവ പാതിരിയാണ് Europeans, Europenses എന്നീ രണ്ടു വാക്കുകളില്‍നിന്ന് Europe എന്ന വാക്കുണ്ടാക്കുന്നത്. അതിന്റെ സാഹചര്യമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. അന്ന് മുസ്‌ലിംകളും ജൂതന്മാരും ക്രൈസ്തവരും ഇടകലര്‍ന്ന് താമസിച്ചിരുന്ന അന്തലൂസിയ ഒരു വിഭാഗം ക്രൈസ്തവര്‍ കീഴടക്കുമ്പോള്‍ അന്നവിടെ നിലവിലുണ്ടായിരുന്ന തദ്ദേശീയ ക്രൈസ്തവര്‍, മുസ്‌ലിം/ജൂത സ്വാധീനത്താല്‍ 'അശുദ്ധി' ഉള്ളവരായി മാറി. അവരെ പുനഃനാമകരണം ചെയ്ത് 'യൂറോപ്പി'ലേക്ക് വിളക്കിച്ചേര്‍ക്കുന്ന പ്രക്രിയയാണിതെന്ന് ആ പാതിരി വിശദീകരിക്കുന്നു. അങ്ങനെ 'അശുദ്ധി' ഇല്ലായ്മ ചെയ്യപ്പെട്ട ഒരു 'പുതിയ സ്ഥലം' ആയി യൂറോപ്പ് സങ്കല്‍പിക്കപ്പെട്ടു. പിന്നീട് ഈ സ്ഥലനാമം തമ്മില്‍തല്ലുന്ന നാട്ടുരാജ്യങ്ങളെ ഒന്നിച്ചു നിര്‍ത്താന്‍ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെട്ടു. അതായത് 'ന്യൂനപക്ഷ ഭയം' എന്നത് ഇന്നത്തെ യൂറോപ്പ് എന്ന ആശയത്തിന് വളരെ നിര്‍ണായകമാവുന്ന ചരിത്ര വഴിയാണിത്.
യൂറോപ്പ് എന്ന ആശയവും ആധുനിക ദേശരാഷ്ട്രവും തമ്മിലുള്ള ബന്ധം ഈ അര്‍ഥത്തില്‍ കൂടുതല്‍ പരിശോധനയര്‍ഹിക്കുന്നതാണ്. ദേശരാഷ്ട്രത്തിനകത്ത് നിരവധി സാഹചര്യങ്ങളാല്‍ വ്യത്യസ്തരായ, ജനസംഖ്യാപരമായി എണ്ണം കുറഞ്ഞ വിഭാഗങ്ങളെ അടയാളപ്പെടുത്തുന്ന പ്രക്രിയയിലൂടെയാണ് ന്യൂനപക്ഷം ഉണ്ടാവുന്നത്. ദേശരാഷ്ട്രത്തെ പിന്നീട് കോളനിവിമോചിതരായ ഏഷ്യന്‍/ ആഫ്രിക്കന്‍ സമൂഹങ്ങള്‍ സ്വയം മാതൃകയായി സ്വീകരിച്ചതോടെ ന്യൂനപക്ഷ ഭയം ആധുനിക ജീവിത്തിന്റെ സവിശേഷത ആയി മാറുകയായിരുന്നു. പൂര്‍വാധുനിക ബൈസാന്റിയന്‍ - മുഗള്‍ ഭരണകൂടങ്ങളില്‍നിന്ന് വ്യത്യസ്തമായി 'ന്യൂനപക്ഷ ഹിംസ' ആധുനിക ദേശരാഷ്ട്രങ്ങളുടെ സവിശേഷതയായി മാറുകയും ചെയ്തു. ഇസ്‌ലാമിന്റെ തന്നെ ആധുനിക ദേശരാഷ്ട്രത്തിനുള്ളിലെ ചരിത്രത്തെ വായിക്കുമ്പോള്‍ (വിശിഷ്യ മുസ്‌ലിംകള്‍ ഭൂരിപക്ഷമാവുന്ന ഇടങ്ങളില്‍) ഈയൊരു സമീപനം ആവശ്യമാണ്. പ്രജകളെ പൂര്‍ണാര്‍ഥത്തില്‍ നിയന്ത്രിക്കുക എന്നത് ആധുനിക സെക്യുലര്‍ സ്റ്റേറ്റിന്റെ രീതിയാണ്. പലപ്പോഴും ഇസ്‌ലാമിനെ ഈയൊരു ഘടനയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നതാണ് പുതിയ പ്രതിസന്ധികളുടെ മര്‍മം.
ഇത് മറികടക്കുന്നതിന് അന്‍വര്‍ മാജിദ് നിരവധി ഉദാഹരണങ്ങള്‍ നല്‍കുന്നു. അമേരിക്കയില്‍ തന്നെ ഇന്ന് ശക്തിയാര്‍ജിക്കുന്ന ബ്ലാക്ക്-മുസ്‌ലിം ഹിസ്പാനിക് പ്രതിസംസ്‌കാരമാണ് അതിലൊന്ന്. ഇത് ദേശരാഷ്ട്രം, കൊളോണിയലിസം, പാശ്ചാത്യ/പൗരസ്ത്യ വിഭവങ്ങള്‍ തുടങ്ങിയവയെ അതിവര്‍ത്തിക്കുന്ന ഒരു ആഗോള ന്യൂനപക്ഷ സംസ്‌കാരത്തിന്റെ തുടക്കമാണ്. നിരവധി അടരുകളുള്ള അന്‍വര്‍ മാജിദിന്റെ ഈ പുസ്തകം നവീനമായൊരു രാഷ്ട്രീയ ഭാവുകത്വവും കാഴ്ചപ്പാടും പകര്‍ന്നു നല്‍കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍