Prabodhanm Weekly

Pages

Search

2013 ജനുവരി 26

തൗബയുടെ കവാടം തുറക്കപ്പെടുമ്പോള്‍

ഇല്‍യാസ് മൗലവി

തൗബ എന്ന അറബിപദത്തിന്റെ ഭാഷാര്‍ഥം മടങ്ങുകയെന്നാണ്. അടിമയെ സംബന്ധിച്ചേടത്തോളം തൗബ, അല്ലാഹുവിനോടുള്ള ധിക്കാരത്തില്‍ നിന്ന് വിരമിച്ച് തികഞ്ഞ അനുസരണത്തിലേക്കുള്ള മടക്കമാണ്. ഇങ്ങനെ ഖേദിച്ച് മടങ്ങിയ തന്റെ അടിമയുടെ നേരെ കരുണാകടാക്ഷത്തോടെ അനുഗ്രഹദൃഷ്ടി വീണ്ടും പതിപ്പിക്കുക എന്നതാണ് അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം തൗബ. തെറ്റ് ചെയ്തുപോയ ആദം നബി(അ) തന്റെ നാഥനില്‍ നിന്നു തന്നെ പശ്ചാത്താപവചനങ്ങള്‍ പഠിക്കുകയായിരുന്നു. തെറ്റിലകപ്പെട്ട മനുഷ്യന് തിരിച്ചുനടക്കാനവസരം നല്‍കി കരുണാമയനായ ദൈവം തമ്പുരാന്‍ പശ്ചാത്തപിക്കേണ്ടതെങ്ങനെയെന്ന് ആദമിലൂടെ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. ആദം നബി(അ) ആത്മാര്‍ഥമായി തന്നെ പശ്ചാത്തപിക്കുകയും അത് അല്ലാഹു സ്വീകരിക്കുകയും ചെയ്തു. ഏറെ മാപ്പരുളുന്നവനും ദയാപരനുമത്രെ അല്ലാഹു (അല്‍ബഖറ 37)
ഈ ആയത്തിന്റെ വിശദീകരണത്തില്‍ മൗലാനാ മൗദൂദി പറയുന്നു: ''പാപത്തിന്റെ ഫലം അനിവാര്യമാണ്, മനുഷ്യന്‍ അതനുഭവിച്ചേ തീരൂ എന്ന സിദ്ധാന്തത്തെ വിശുദ്ധ ഖുര്‍ആന്‍ ഖണ്ഡിക്കുന്നു. മനുഷ്യന്റെ സ്വയം കൃതമായ പിഴച്ച സിദ്ധാന്തങ്ങളില്‍ ഗുരുതരമായ ഒന്നാണത്. കാരണം ഒരിക്കല്‍ പാപകരമായ ജീവിതത്തില്‍ അകപ്പെട്ടുപോയ വ്യക്തിയെ ഈ സിദ്ധാന്തം എന്നെന്നേക്കുമായി നിരാശനാക്കുകയാണ്. തന്റെ അബദ്ധത്തെക്കുറിച്ച് ബോധം വന്നശേഷം, കഴിഞ്ഞുപോയത് പരിഹരിക്കുവാനും ഭാവിയില്‍ നന്നായി ജീവിക്കാനും ആഗ്രഹിക്കുമ്പോള്‍ ഈ സിദ്ധാന്തം അവനോട് പറയുന്നു 'നിന്റെ രക്ഷയെക്കുറിച്ച് ഇനി യാതൊരു പ്രതീക്ഷയുമില്ല, പ്രവര്‍ത്തിച്ചു കഴിഞ്ഞതിന്റെ ദുരന്തഫലങ്ങള്‍ ഏത് നിലക്കും നീ അനുഭവിച്ചേ തീരൂ'. എന്നാല്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് മറിച്ചാണ്. നന്മയുടെ പ്രതിഫലവും തിന്മയുടെ ശിക്ഷയും തികച്ചും അല്ലാഹുവിന്റെ അധികാരത്തിലാണ്. ഏതെങ്കിലും നന്മയുടെ പേരില്‍ നമുക്ക് സമ്മാനം ലഭിക്കുന്നുണ്ടെങ്കില്‍ അത് നന്മയുടെ പ്രകൃത്യായുള്ള ഫലമല്ല; പ്രത്യുത അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നമുക്കത് നല്‍കുന്നു. അല്ലെങ്കില്‍ നല്‍കാതിരിക്കുന്നു. അതേപ്രകാരം ഏതെങ്കിലും തിന്മയുടെ പേരില്‍ നമുക്ക് ശിക്ഷ ലഭിക്കുന്നുണ്ടെങ്കില്‍ അതും അനിവാര്യമായി സംഭവിച്ചേ തീരൂ എന്ന നിലക്കുള്ള തിന്മയുടെ സ്വാഭാവിക ഫലമല്ല, മറിച്ച് ഇഷ്ടാനുസരണം നമുക്ക് മാപ്പ് നല്‍കാനോ ശിക്ഷിക്കാനോ അല്ലാഹുവിന് പൂര്‍ണ അധികാരമുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും അവന്റെ യുക്തിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അവന്‍ യുക്തിമാനാണ്, അതിനാല്‍ തന്റെ അധികാരങ്ങള്‍ അന്ധമായി ഉപയോഗിക്കുന്നില്ല. ഏതെങ്കിലും നന്മക്ക് അവന്‍ സമ്മാനം നല്‍കുന്നുവെങ്കില്‍ അടിമ ആത്മാര്‍ഥതയോടെ തന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് നിര്‍വഹിച്ചതെന്ന വസ്തുത വീക്ഷിച്ചുകൊണ്ടാണങ്ങനെ ചെയ്യുന്നത്. ഇനി ഏതെങ്കിലും നന്മ അവന്‍ തള്ളിക്കളയുന്നുവെങ്കില്‍ അതിനുകാരണം, ബാഹ്യരൂപം നന്മയുടേതാണെങ്കിലും അല്ലാഹുവിന്റെ പ്രീതി നേടുകയെന്ന പരിശുദ്ധ വികാരം അതിന്റെ പിന്നിലില്ലാതെ പോയതായിരിക്കും. അതേപ്രകാരം ധിക്കാരഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന, ഖേദത്തിനും ലജ്ജക്കും പകരം കൂടുതല്‍ തെറ്റു ചെയ്യാനുള്ള വാഞ്ഛയോടു കൂടിയ അപരാധങ്ങള്‍ക്കാണ് അവന്‍ ശിക്ഷ നല്‍കുന്നത്. അപരാധം പ്രവര്‍ത്തിച്ച ശേഷം അതില്‍ ലജ്ജിച്ചു ഖേദിക്കുകയും മേലില്‍ സ്വസംസ്‌കരണത്തിന് സന്നദ്ധനാവുകയും ചെയ്യുന്നവന്റെ അപരാധങ്ങളെ അല്ലാഹു തന്റെ അനുഗ്രഹത്താല്‍ മാപ്പ് ചെയ്തു കൊടുക്കുന്നു. എത്ര വലിയ കുറ്റവാളിക്കും എത്ര കടുത്ത അവിശ്വാസിക്കും ദൈവ സന്നിധിയില്‍ നിരാശക്ക് വഴിയില്ല. തങ്ങള്‍ ചെയ്തുപോയ അബദ്ധം സമ്മതിക്കുകയും നിയമലംഘനത്തില്‍ ഖേദിക്കുകയും ദൈവത്തോടുള്ള ധിക്കാര നയം കൈവെടിഞ്ഞ് അനുസരണ നയം കൈക്കൊള്ളാന്‍ സന്നദ്ധരാവുകയുമാണെങ്കില്‍ അവര്‍ക്കും ദൈവാനുഗ്രഹം പ്രതീക്ഷിക്കാം'' (തഫ്ഹീമൂല്‍ ഖുര്‍ആന്‍)
ഏറ്റവും വലിയ പാപമായ ശിര്‍ക്കു മുതല്‍ കൊല, വ്യഭിചാരം തുടങ്ങിയ പാപങ്ങള്‍വരെ ചെയ്തവര്‍ക്കും പശ്ചാത്തപിക്കാനും ഭാവിജീവിതം നന്നാക്കി ദൈവത്തിന്റെ അനുഗൃഹീത ദാസനാവാനും അല്ലാഹു അവസരം നല്‍കിയിരിക്കുന്നു. പിന്നീടുള്ള അവരുടെ നല്ല ജീവിതവും സല്‍കര്‍മങ്ങളും വഴി നേരത്തെ ചെയ്തു പോയ പാപങ്ങള്‍ പൊറുക്കപ്പെടുകയും കൊടിയ കുറ്റവാളികളായിരുന്ന പലരും ഉത്തമ മനുഷ്യരായി മാറുകയും ചെയ്യുന്നു. അത്തരം മാറ്റങ്ങളിലേക്ക് സൂചന നല്‍കുന്ന ചില സൂക്തങ്ങള്‍: ''അല്ലാഹു അല്ലാത്ത ഒരു ദൈവത്തെയും അവര്‍ പ്രാര്‍ഥിക്കുകയില്ല. അല്ലാഹു ആദരിച്ച ഒരു ജീവനെയും അന്യായമായി ഹനിക്കുകയുമില്ല. അവര്‍ വ്യഭിചരിക്കുകയില്ല. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവനാരായാലും പാപഫലം അനുഭവിക്കുക തന്നെ ചെയ്യും. പുനരുത്ഥാന നാളില്‍ അവനു ഇരട്ടി ശിക്ഷ നല്‍കപ്പെടുന്നതാകുന്നു. അവന്‍ നിന്ദിതനായി അതില്‍ തന്നെ നിത്യവാസം ചെയ്യുന്നതുമാകുന്നു. എന്നാല്‍ പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊണ്ട് സല്‍കര്‍മങ്ങളിലേര്‍പെടുകയും ചെയ്തവനൊഴിച്ച്. അത്തരക്കാരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റിക്കൊടുക്കുന്നതാകുന്നു. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. സ്വന്തം പാപങ്ങളില്‍ പശ്ചാത്തപിച്ച് സല്‍കര്‍മങ്ങളിലേര്‍പ്പെടുന്നവന്‍ അല്ലാഹുവിങ്കലേക്ക് തിരിച്ചു ചെല്ലേണ്ടവിധം തിരിച്ചു ചെല്ലുകയാകുന്നു (അല്‍ഫുര്‍ഖാന്‍ 68-71).
മുന്‍കാല ജീവിതം പലതരം പാപങ്ങളാല്‍ ജീര്‍ണിക്കുകയും ഇപ്പോള്‍ സംസ്‌കരണത്തിന് സന്നദ്ധരാവുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ഈ ശുഭവാര്‍ത്ത. ജീര്‍ണിച്ച സമൂഹത്തില്‍ ജീവിക്കേണ്ടിവരുന്ന ലക്ഷക്കണക്കിന് വ്യക്തികള്‍ക്ക് ആശയും പ്രതീക്ഷയും നല്‍കി ഭാവി വൈകൃതങ്ങളില്‍ നിന്ന് രക്ഷിക്കുന്ന ഒരു പൊതുമാപ്പ് തന്നെയാണിത്. അതവര്‍ക്ക് ആശയുടെ നാളം കാണിച്ചു കൊടുക്കുകയും തങ്ങളുടെ അവസ്ഥയെ സംസ്‌കരിക്കുവാന്‍ സന്നദ്ധരാക്കുകയും ചെയ്യുന്നു. മറിച്ച് നിങ്ങള്‍ ചെയ്തുപോയ പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍ നിന്ന് ഒരു വിധത്തിലും രക്ഷപ്പെടുക സാധ്യമല്ലെന്നാണ് പറയുന്നതെങ്കില്‍ അതവരെ നിരാശരാക്കുകയും ഒരിക്കലും സംസ്‌കരണം സാധ്യമല്ലാത്തവിധം കൂടുതല്‍ ആഴമുള്ള പാപ ഗര്‍ത്തത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുക. മാപ്പു ലഭിക്കുമെന്ന പ്രതീക്ഷക്കു മാത്രമേ പാപിയായ മനുഷ്യനെ പാപത്തിന്റെ ചുഴികളില്‍ നിന്ന് മോചിപ്പിക്കാനാവൂ. നൈരാശ്യമാകട്ടെ അവനെ ഇബ്‌ലീസാക്കുന്നു. കുറ്റം ചെയ്തുപോയ ശേഷം അത് സമ്മതിക്കുന്നത്, ചെളിക്കുണ്ടില്‍ വീണ മനുഷ്യന്‍ അത് സ്വയം മനസിലാക്കുന്നതിന് തുല്യമാണ്. കുറ്റവൃത്തിയില്‍ ലജ്ജയും ഖേദവും തോന്നുന്നതാവട്ടെ, വൃത്തിഹീനമായ സ്ഥലത്തുനിന്നും കരകയറാനുള്ള അവന്റെ വ്യഗ്രതയെ സൂചിപ്പിക്കുന്നു. തുടര്‍ന്ന് നന്മകളും ദാനധര്‍മങ്ങളും കൊണ്ട് പാപപരിഹാരത്തിന് ശ്രമിക്കുന്നത്, ചെളിക്കുണ്ടില്‍ നിന്നും രക്ഷപ്പെടാന്‍ കൈകാലിട്ടടിക്കുന്നതുപോലെയാണ്.
അതിനാല്‍ തെറ്റുചെയ്തുപോയവര്‍ നിരാശരാവാന്‍ പാടില്ല. അല്ലാഹു പറയുന്നത് കാണുക: ''പ്രവാചകരേ, പറഞ്ഞു കൊടുക്കുക: സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിങ്ങളുടെ നാഥനിലേക്ക് മടങ്ങുവിന്‍. നിങ്ങളില്‍ ശിക്ഷ ഭവിക്കുകയും പിന്നെ എങ്ങുനിന്നും സഹായം കിട്ടാതാവുകയും ചെയ്യുന്നതിനു മുമ്പായി നിങ്ങള്‍ അവന് കീഴ്‌പ്പെട്ടവരാവുകയും ചെയ്യുവീന്‍'' (അസ്സുമര്‍: 5361)
ജാഹിലിയ്യാ കാലത്ത് കൊല, വ്യഭിചാരം, കളവ്, കൊള്ള തുടങ്ങിയ മഹാപാപങ്ങളിലാണ്ടു പോയിരുന്നവര്‍ക്കുള്ള പ്രതീക്ഷയുടെ കിരണമായിട്ടാണ് ഈ സൂക്തങ്ങള്‍ അവതരിച്ചത്. തങ്ങളുടെ പാപങ്ങള്‍ ഒരിക്കലും പൊറുക്കപ്പെടുകയില്ലെന്ന് നിരാശപ്പെട്ട് കഴിയുകയായിരുന്നു അവര്‍. അവരെ ആശ്വസിപ്പിക്കുകയാണിവിടെ. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടരുത്. എന്തൊക്കെ കുറ്റങ്ങള്‍ ചെയ്തുപോയിട്ടുണ്ടെങ്കിലും പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ അവയെല്ലാം അല്ലാഹു പൊറുത്തുതരുന്നതാകുന്നു. അല്ലാഹു പറയുന്നു: ''നാം നല്‍കിയ നല്ല വിഭവങ്ങള്‍ ഭക്ഷിച്ചു കൊള്ളുവീന്‍. അത് ആഹരിച്ചുകൊണ്ട് ധിക്കാരം പ്രവര്‍ത്തിക്കരുത്, പരിധിവിടരുത്, പരിധിവിട്ടാല്‍ നിങ്ങളില്‍ എന്റെ കോപം പതിക്കും. വല്ലവനിലും എന്റെ കോപം പതിച്ചാല്‍, അവന്‍ വീണതുതന്നെ. എന്നാല്‍ പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും, സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും, പിന്നെ, നേര്‍വഴിക്ക് ചരിക്കുകയും ചെയ്യുന്നവനോ അവനു നാം വളരെയേറെ പൊറുത്തു കൊടുക്കുന്നതാകുന്നു'' (താഹാ 81,82).
തനിക്ക് പൊറുത്തുതരാന്‍ തയാറായി ഒരു നാഥനുണ്ട് എന്ന് ഒരാള്‍ മനസിലാക്കുന്നത് തന്നെ അല്ലാഹുവിന് ഇഷ്ടമാണ്. അനുസരണക്കേട് കാണിച്ച് ഓടിപ്പോയ ഒരു കുട്ടി തന്റെ മാതാവിന്റെ അരികിലേക്ക് തിരിച്ചുവരുമ്പോള്‍ ആ ഉമ്മക്ക് എന്തുമാത്രം സന്തോഷമാണോ അതിനേക്കാള്‍ സന്തോഷമായിരിക്കും അല്ലാഹുവിന് തന്റെ അടിമ തന്നിലേക്ക് ഖേദിച്ച് മടങ്ങുമ്പോള്‍.
തെറ്റുകളും അബദ്ധങ്ങളും സംഭവിച്ചു പോവുക എന്നത് മനുഷ്യ പ്രകൃതിയാണ്. എന്നാല്‍ എത്രയും പെട്ടെന്ന് തെറ്റുകള്‍ തിരുത്തി സംഭവിച്ചു പോയ വീഴ്ചകളില്‍ ഖേദിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും അവനോട് പാപമോചനത്തിന് ഇരക്കുകയും ചെയ്യുക എന്നത് ഒരുത്തമ മനുഷ്യന്റെ സ്വഭാവമാണ്. അതാണ് തിരുമേനി പഠിപ്പിച്ചിട്ടുള്ളത്: ''എല്ലാ മനുഷ്യരും തെറ്റു ചെയ്യുന്നു, എന്നാല്‍ അങ്ങനെ തെറ്റു ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ പശ്ചാത്തപിച്ച് മടങ്ങുന്നവരാണ്''.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍