Prabodhanm Weekly

Pages

Search

2013 ജനുവരി 26

മകളേ, നീയെത്ര ധന്യ!

പി.കെ ജമാല്‍


മകള്‍, ഭാര്യ, മാതാവ്, സഹോദരി എന്നീ നിലകളില്‍ മുഹമ്മദ് നബി(സ) സ്ത്രീക്ക് നല്‍കിയ സ്ഥാനവും പരിഗണനയും പ്രാധാന്യവും സ്നേഹാദരങ്ങളും കരുതലും കാണുമ്പോള്‍ നിറകണ്ണുകളോടെ മനസ്സ് മന്ത്രിച്ചു പോകും: "മകളേ, നീയെത്ര ധന്യ!''
പുരാതന സമൂഹങ്ങള്‍ സ്ത്രീയെ സംബന്ധിച്ച് ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തിയിരുന്നെങ്കിലും അവളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിലും മനുഷ്യനെന്ന നിലക്കുള്ള പ്രാഥമിക പരിഗണനപോലും നല്‍കാതിരിക്കുന്നതിലും അവരെല്ലാം ഏകമനസ്സായിരുന്നു എന്ന് കാണാം. ചൂഷണത്തിന്റെയും നീതിനിഷേധത്തിന്റെയും നിഷ്ഠൂരമായ പീഡനങ്ങളുടെയും ഇരയായ സ്ത്രീയുടെ വര്‍ത്തമാനകാല ജീവിതവും കഴിഞ്ഞ കാലത്തില്‍നിന്ന് ഏറെയൊന്നും ഭിന്നമല്ല. ദേശ-കാലാതിവര്‍ത്തിയായ ഈ പീഡനപര്‍വത്തിന്റെ ഹൃദയഭേദകമായ ഉദാഹരണങ്ങളാല്‍ നിബിഡമാണ് സ്ത്രീ സമൂഹത്തിന്റെ ഇന്നത്തെ ജീവിതം. മകള്‍, സഹോദരി, ഭാര്യ, മാതാവ് എന്നീ നിലകളില്‍ അവഗണിക്കപ്പെടുന്ന സ്ത്രീയുടെ ദീനരോദനങ്ങളും ആകുലമായ നെടുവീര്‍പ്പുകളുമാണ് നാം ജീവിക്കുന്ന ലോകത്തിന്റെയും കാലത്തിന്റെയും മുഖമുദ്ര. സ്ത്രീയുടെ മഹിമയും ഔന്നത്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമികാധ്യാപനങ്ങളെ കുറിച്ച അന്വേഷണം ചെന്നെത്തുന്നത് ലോകത്തിന് മുഴുവന്‍ അനുഗ്രഹമായി നിയോഗിക്കപ്പട്ട മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലാണ്. മാതാവ്, മകള്‍, സഹോദരി, ജീവിതസഖി എന്നീ നിലകളില്‍ സ്ത്രീയുടെ പാവനവ്യക്തിത്വം ഉയര്‍ത്തിക്കാട്ടിയ പ്രവാചകന്റെ നിലപാടുകളും ഇടപെടലുകളും ജീവിതസാക്ഷ്യവും പ്രത്യേക പഠനവും പരിഗണനയും അര്‍ഹിക്കുന്നതാണ്.
മാതാവ് എന്ന നിലയില്‍ സ്ത്രീയുടെ സ്ഥാനം ഇസ്ലാം വ്യക്തമായി നിര്‍ണയിച്ചു നല്‍കി: "മനുഷ്യന്ന് അവന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിന് മേല്‍ ക്ഷീണവുമായാണ് അവന്റെ മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാവട്ടെ, രണ്ട് വര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്റെ അടുത്തേക്കാണ് മടക്കം'' (ലുഖ്മാന്‍ 14). തന്റെ ഏറ്റവും നല്ല സഹവാസത്തിന് ഏറെ അര്‍ഹത ആര്‍ക്കെന്ന ചോദ്യത്തിന് പ്രവാചകന്‍ നല്‍കിയ മറുപടി മാതാവിന്നുള്ള മുന്തിയ പരിഗണനയാണ്. "അല്ലാഹുവിന്റെ ദൂതരേ! എന്റെ ഏറ്റവും നല്ല സഹവാസത്തിന് ഏറെ അര്‍ഹത ആര്‍ക്കാണ്?'' നബി: "നിന്റെ ഉമ്മാക്ക്'' "പിന്നെയാര്‍ക്ക്,'' "നിന്റെ ഉമ്മക്ക്'' "പിന്നെ ആര്‍ക്ക്?'' "നിന്റെ ഉമ്മക്ക് തന്നെ.'' "പിന്നെയോ?'' "നിന്റെ പിതാവിന്ന്'' (ബുഖാരി). മാതാവിന്ന് പ്രത്യേക പരിഗണനയും അംഗീകാരവും നല്‍കുന്നു പ്രവാചകന്‍: "ഉമ്മമാരെ വെറുപ്പിക്കുന്നതും സ്വാര്‍ഥത കാണിക്കുന്നതും പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നതും അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കി'' (ബുഖാരി). മാതാവ് ബഹുദൈവാരാധകയായ അന്യമതസ്ഥയാണെങ്കിലും ഈ നിലപാടില്‍ മാറ്റമില്ല. അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ പുത്രി അസ്മാഅ് തിരുമേനിയോട് തിരക്കി. "അല്ലാഹുവിന്റെ ദൂതരേ! എന്റെ ഉമ്മ ബഹുദൈവാരാധകയാണ് ഇപ്പോഴും. എന്റെ സഹായം തേടിവന്നിരിക്കയാണവര്‍. ഞാന്‍ എന്റെ ഉമ്മയോടുള്ള ബന്ധം നിലനിര്‍ത്തണമോ?'' പ്രവാചകന്‍ പറഞ്ഞു: "തീര്‍ച്ചയായും. നീ നിന്റെ ഉമ്മയോടുള്ള ബന്ധം തുടരുകയും അവര്‍ക്കാവശ്യമുള്ള സഹായവും പരിചരണവും നല്‍കുകയും വേണം'' (ബുഖാരി). ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും മുലയൂട്ടലിന്റെയും ക്ളേശപര്‍വങ്ങള്‍ പിന്നിട്ട് കുഞ്ഞിന്റെ ജീവിതത്തിന് ഉണ്‍മ നല്‍കിയ മാതാവിന്റെ സേവനത്തിന് ചെലവിടുന്ന നിമിഷങ്ങള്‍ ദൈവമാര്‍ഗത്തിലെ ജിഹാദിനെക്കാള്‍ ശ്രേഷ്ഠമാണെന്ന് തിരുമേനി പഠിപ്പിച്ചു: "ഒരാള്‍ നബി(സ)യുടെ സന്നിധിയില്‍ വന്നു: "ദൈവദൂതരേ! ഞാന്‍ യുദ്ധഭൂമിയിലേക്ക് പുറപ്പെടാന്‍ ആഗ്രഹിക്കുന്നു. അങ്ങയോട് കൂടിയാലോചിക്കാന്‍ വന്നതാണ്.'' പ്രവാചകന്റെ ചോദ്യം: "നിനക്ക് ഉമ്മയുണ്ടോ?'' "ഉണ്ട്'' അയാള്‍ പറഞ്ഞു. പ്രവാചകന്‍ നിര്‍ദേശിച്ചു: "ഉമ്മയെ പരിചരിച്ചും ഉമ്മയെ ശുശ്രൂഷിച്ചും അവരുടെ അരികത്ത് തന്നെയുണ്ടാവുക. സ്വര്‍ഗം അവരുടെ കാല്‍പാദങ്ങളുടെ ചാരെയാണ്'' (നസാഇ, ഇബ്നുമാജ, ഹാകിം).
ബാലനായിരിക്കെ തന്നെ പിരിഞ്ഞുപോയ മാതാവ് ആമിനയുടെ ഖബറിന്നരികെ ചെന്ന് സലാം പറയുകയും കണ്ണീര്‍ വാര്‍ത്ത് ഉമ്മയെ കുറിച്ച ഓര്‍മകള്‍ അയവിറക്കുകയും ചെയ്യുന്ന പ്രവാചകന്റെ സങ്കടം മുറ്റുന്ന മുഖം ഏത് കണ്ണുകളെയാണ് ഈറനണിയിക്കാത്തത്! മക്കയിലെ തെരുവുകളില്‍ ആഹാര വിഭവങ്ങള്‍ വിറ്റു നടന്ന പാവമായ ആമിനയുടെ പുത്രനാണ് താനെന്ന എളിമയുടെ ഊറ്റമായിരുന്നു പ്രവാചക മനസ്സിനെ എന്നും ഭരിച്ചു പോന്നത്. വിനയത്തിന്റെ ആ ഓര്‍മകളില്‍ തിരുമേനി ജീവിച്ചു. ഉമ്മമാരെ കുറിച്ച് പറഞ്ഞപ്പോഴെല്ലാം ഉമ്മ ആമിനയുടെ മുഖം ആ മനസ്സില്‍ നിറഞ്ഞു നിന്നു. ഉമ്മയെ കുറിച്ച് ഓര്‍ത്തപ്പോഴെല്ലാം ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഹൃദയം തരളിതമായി.
* * *
അഭിമാനക്ഷതവും മാനഹാനിയും ഭയന്ന് പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയ കാലഘട്ടത്തെ കണ്ടും പരിചയിച്ചുമാണ് മുഹമ്മദ്(സ) വളര്‍ന്നത്. പെണ്‍മനസ്സിന്റെ വേദനകളും നൊമ്പരങ്ങളും പ്രവാചകന്‍ ഏറ്റുവാങ്ങി. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയ കാപാലിക മനസ്സിന്റെ തേങ്ങലുകള്‍ തിരിച്ചറിഞ്ഞ പ്രവാചകന്‍ പാപക്കറപുരണ്ട ആ കൈകളെ സ്ത്രീസംരക്ഷണത്തിന്റെ പടയാളികളാക്കി മാറ്റി. പെണ്‍മക്കളെ പോറ്റി വളര്‍ത്തി സംരക്ഷിക്കുന്നത് സ്വര്‍ഗപ്രവേശത്തിന് ഹേതുവാകുമെന്നുണര്‍ത്തി: "പ്രായപൂര്‍ത്തിയാകുന്നതുവരെ രണ്ട് പെണ്‍മക്കളെ പോറ്റിവളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവനും ഞാനും അന്ത്യനാളില്‍ ഒന്നിച്ചായിരിക്കും. തിരുമേനി തന്റെ വിരലുകള്‍ ചേര്‍ത്ത് പിടിച്ചു പറഞ്ഞു'' (മുസ്ലിം). രണ്ടു പെണ്‍മക്കളുള്ള മുസ്ലിം, ആ മക്കള്‍ തന്നോടൊപ്പമുള്ള കാലത്തെല്ലാം അവരോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും സഹവസിക്കുകയും ചെയ്തെന്നിരിക്കട്ടെ, ആ രണ്ട് പെണ്‍മക്കളും അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കും (ബുഖാരി). "പെണ്‍മക്കളാല്‍ ഏതെങ്കിലും നിലക്ക് പരീക്ഷിക്കപ്പെട്ടാല്‍, അവര്‍ നാളെ നരക പ്രവേശത്തിന് തടയാകുന്ന മറയായി നിലകൊള്ളും'' (ബുഖാരി, മുസ്ലിം). ആണ്‍കുട്ടികളെക്കാള്‍ കരുതലും പരിഗണനയുമായിരുന്നു പെണ്‍കുട്ടികള്‍ക്ക് പ്രവാചകന്‍ നല്‍കിയത്. തന്റെ ജീവിത പങ്കാളി ആരെന്ന് തീരുമാനിക്കാനുള്ള അവകാശം പെണ്‍കുട്ടിക്കുണ്ടെന്ന് തിരുമേനി ചൂണ്ടിക്കാട്ടി. അബ്ദുല്ലാഹിബ്നു ബുറൈദ ഒരു സംഭവം അനുസ്മരിക്കുന്നു. ഒരു യുവതി പ്രവാചകസന്നിധിയില്‍ വന്ന് ബോധിപ്പിച്ചു: "എന്റെ പിതാവ് എന്നെ തന്റെ സഹോദരപുത്രന് വിവാഹം ചെയ്ത് കൊടുത്തിരിക്കയാണ്. തന്റെ തകര്‍ന്നുപോയ സാമ്പത്തിക നില മെച്ചപ്പെടുത്തുകയാണ് പിതാവിന്റെ ഉദ്ദേശം.'' സ്വന്തം തീരുമാനമനുസരിച്ച് മുന്നോട്ടു പോകാന്‍ പ്രവാചകന്‍ യുവതിക്ക് അനുമതി നല്‍കി. അന്നേരം ആ യുവതി പ്രവാചകന് നേരെ തിരിഞ്ഞു തന്റെ നിലപാട് വ്യക്തമാക്കി: "എന്റെ പിതാവ് എന്റെ കാര്യത്തില്‍ ചെയ്തത് ഞാന്‍ അംഗീകരിക്കാം. പക്ഷേ ഒന്നുണ്ട്. പിതാക്കന്മാര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ നിര്‍ബന്ധം ചെലുത്താനുള്ള ഒരവകാശവും ഇല്ലെന്ന് മറ്റ് സ്ത്രീകളെ പഠിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' (ഇബ്നുമാജ). വിധവയുടെയും കന്യകയുടെയും സ്വതന്ത്ര തീരുമാനങ്ങള്‍ക്ക് അടിവരയിട്ട് പ്രവാചകന്‍ പ്രസ്താവിച്ചു: "തന്റെ രക്ഷാകര്‍ത്താവിനെക്കാള്‍ തന്റെ കാര്യം തീരുമാനിക്കാനുള്ള അവകാശം വിധവക്കുണ്ട്. കന്യകയോട് അനുവാദം ചോദിക്കണം. അവളുടെ മൌനമാണ് അവളുടെ സമ്മതം'' (മുസ്ലിം, അഹ്മദ്). പെണ്‍മക്കളുടെ സമ്മതമില്ലാതെ തങ്ങളുടെ തീരുമാനം അടിച്ചേല്‍പിക്കുന്ന മാതാപിതാക്കളുടെ നിലപാടിന് ഒരു സാധൂകരണവും ഇസ്ലാമില്‍ ഇല്ല. വ്യക്തി എന്ന നിലക്ക് തന്റെ ഭാവിജീവിതം രൂപപ്പെടുത്താനുള്ള അവകാശവും സ്വാതന്ത്യ്രവും സ്ത്രീക്ക് കല്‍പിച്ചു നല്‍കിയിരുന്നു പ്രവാചകന്‍ എന്ന് പല സന്ദര്‍ഭങ്ങളിലെയും ആ ഇടപെടലുകള്‍ പരിശോധിച്ചാല്‍ കാണാം.
നാല് പെണ്‍മക്കളുടെ പിതാവ് എന്ന നിലക്ക് പ്രവാചകന്‍ അവര്‍ക്ക് കൊടുത്ത പരിഗണനയും അവരോട് പ്രദര്‍ശിപ്പിച്ച അലിവും കരുണയും വാത്സല്യവും ചരിത്രത്തില്‍ പ്രത്യേകം രേഖപ്പെട്ട് കിടക്കുന്നു. നാല് പെണ്‍മക്കള്‍ക്കും ജന്മം നല്‍കിയത് പത്നി ഖദീജയാണ്. സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ. തന്റെ നാല് പെണ്‍മക്കള്‍ക്ക് ഏറ്റവും നല്ല ഭര്‍ത്താക്കന്മാരെ തെരഞ്ഞെടുത്തു നല്‍കി ആ വത്സല പിതാവ്. മക്കയിലെ പ്രമുഖ വ്യാപാരിയും സത്യസന്ധതയിലും വിശ്വസ്തതയിലും കേളി കേട്ട പ്രശസ്ത വ്യക്തിത്വവുമായിരുന്ന അബുല്‍ ആസ് ഇബ്നു റബീഅ് ആയിരുന്നു സൈനബിന്റെ ഭര്‍ത്താവ്. റുഖിയയെ ഉസ്മാനുബ്നു അഫ്ഫാന് വിവാഹം ചെയ്തുകൊടുത്തു. അവരുടെ മരണശേഷം ഉമ്മുകുല്‍സൂമിനെയും ഉസ്മാന്‍ തന്നെയാണ് വിവാഹം ചെയ്തത്. ഫാത്വിമ(റ)യെ അലി(റ) വിവാഹം ചെയ്തു. ഫാത്വിമയുടെ ശിരസ്സില്‍ തലോടി, അരികത്തിരുത്തി കവിളില്‍ മുത്തം കൊടുക്കുന്ന പ്രവാചകന്റെ നിരവധി രേഖാചിത്രങ്ങളുണ്ട് ചരിത്രത്തില്‍. ഫാത്വിമയോട് വിടചൊല്ലിയും ഫാത്വിമയുടെ അടുത്തെത്തിയുമാണ് പ്രവാചകന്റെ യാത്രകള്‍ തുടങ്ങിയതും അവസാനിച്ചതും. "എന്റെ ഒരംശമാണ് ഫാത്വിമ. എന്നെ മുറിച്ച മുറിയാണ് ഫാത്വിമ. അവരെ ആരെങ്കിലും ദേഷ്യം പിടിപ്പിച്ചാല്‍ എന്നെയാണ് ദേഷ്യം പിടിപ്പിച്ചതെന്നോര്‍ക്കണം'' (ബുഖാരി). ഭൂലോകത്ത് പിറന്നുവീഴുന്ന മുഴുവന്‍ പെണ്‍മക്കള്‍ക്കുമുള്ള അംഗീകാരവും ആദരവുമാണ് ആ വാക്കുകളില്‍. സൌകര്യമോര്‍ത്ത് അലി(റ) ഭാര്യ ഫാത്വിമയെയും കൂട്ടി നബി(സ)യുടെ വസതിയില്‍ നിന്നും അല്‍പം അകലെ മാറിതാമസം തുടങ്ങിയപ്പോള്‍ പ്രവാചകനിലെ പിതൃമനസ്സിന് സഹിക്കാനായില്ല. രണ്ടുദിവസം കഴിഞ്ഞതേയുള്ളൂ. മദീന പള്ളിക്കരികെ വീട് കൈവശമുള്ള അന്‍സ്വാരി സ്വഹാബിയെ സമീപിച്ച നബി(സ): "എന്റെ മോള്‍ ഫാത്വിമയെ പിരിഞ്ഞിരിക്കാന്‍ എനിക്കാവുന്നില്ല. നിങ്ങളുടെ കൈവശമുള്ള ഒരു വീട് ഞാന്‍ വിലക്ക് വാങ്ങി എന്റെ മോള്‍ക്ക് നല്‍കട്ടെയോ?'' ആ പിതൃ മനസ്സ് തേങ്ങി. "തിരുദൂതരെ! ഞാനും എന്റെ വീടും സ്വത്തും മുതലുമെല്ലാം അല്ലാഹുവിനും അങ്ങേക്കുമുള്ളതാണല്ലോ. ഞാനത് സൌജന്യമായി തന്നുകഴിഞ്ഞു.'' മകള്‍ ഫാത്വിമയെയും ഭര്‍ത്താവ് അലിയെയും ആ വീട്ടില്‍ മാറ്റിപാര്‍പ്പിച്ചേ ആ പിതാവ് പിന്നെ വിശ്രമിച്ചുള്ളൂ. പെണ്‍മക്കളുടെ സാന്നിധ്യത്തില്‍ ആ മനസ്സ് കുളിരണിഞ്ഞു.
* * *
സ്ത്രീ ജീവിതത്തിലെ ഇരുള്‍മുറ്റിയ നിരവധി കരാളഘട്ടങ്ങള്‍ ചരിത്രത്തില്‍ കടന്നുപോയി. ചിലര്‍ക്ക് അവള്‍ അടിമയും, ഭര്‍ത്താവ് മരിച്ചാല്‍ ശേഷമുള്ളവര്‍ക്ക് അനന്തര സ്വത്തുമായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ ചിതയില്‍ ചാടി ചാവാനും അവള്‍ വിധിക്കപ്പെട്ടു. മറ്റു ചിലര്‍ക്ക് അവള്‍ ദാസിയോ പരിചാരികയോ വേലക്കാരിയോ കാമപൂര്‍ത്തിക്കുള്ള കേവല ഭോഗവസ്തുവോ ആയിരുന്നു. പ്രവാചകന്റെ ആഗമനത്തോടെ സ്ത്രീ അവളുടെ അവകാശങ്ങള്‍ തിരിച്ചുപിടിച്ചു. 'പുരുഷന്റെ കൂടെപ്പിറപ്പാണ്' സ്ത്രീയെന്ന പ്രമാണത്തിലൂന്നി സമസ്താവകാശങ്ങളും പ്രവാചകന്‍ അവള്‍ക്ക് നല്‍കി. സദ്സ്വഭാവത്തിന്റെയും സംസ്കാരത്തിന്റെയും മാപിനി സ്ത്രീയോടുള്ള സമീപനമാണെന്ന് പ്രവാചകന്‍ ഊന്നിപറഞ്ഞു: "സത്യവിശ്വാസത്തിന്റെ പരകോടിയില്‍ എത്തിനില്‍ക്കുന്നവന്‍ ഏറ്റവും നല്ല സ്വഭാവ സംസ്കാരമുള്ളവനാണ്. നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ തങ്ങളുടെ സ്ത്രീകളോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ്'' (തിര്‍മിദി). "നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ കുടുംബത്തില്‍ നല്ലവനാണ്. ഞാന്‍ എന്റെ കുടുംബത്തോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്'' (തിര്‍മിദി).
പ്രവാചകന്‍ തന്റെ ജീവിത പുസ്തകം തുറന്നുവെക്കുകയാണ്. നബി(സ)യുടെ അനുചരന്‍ അസ്വദ് അനുസ്മരിക്കുന്നു: ഞാനൊരിക്കല്‍ നബിപത്നി ആഇശ(റ)യോട് ചോദിച്ചു: നബിയെന്താണ് വീട്ടില്‍ ചെയ്തുകൊണ്ടിരുന്നത്? "തന്റെ കുടുംബത്തെ വീട്ടുജോലികളില്‍ സഹായിച്ചുകൊണ്ടിരിക്കും തിരുമേനി(സ). നമസ്കാര സമയമായാല്‍ നമസ്കാരത്തിന് പോകും'' (ബുഖാരി). ഭാര്യമാരോട് സല്ലപിക്കുകയും കളിതമാശകള്‍ പറയുകയും അവരോടൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത നബി(സ) ഉത്തമ ഗൃഹനാഥനും ഭര്‍ത്താവും കൂട്ടുകാരനും പ്രിയപ്പെട്ട ജീവിതസഖാവും ഒക്കെയായിരുന്നുവെന്നാണ് ആഇശ(റ) ഓര്‍ത്തുപറയുന്നത്. നബി(സ) പറയുമായിരുന്നു: "പുരുഷന്മാരുടെ വിനോദങ്ങളെല്ലാം നിരര്‍ഥകമാണ്. പക്ഷേ മൂന്ന് കാര്യങ്ങള്‍ അതില്‍ പെടില്ല. അമ്പെയ്ത്, കുതിരയെ പരിശീലിപ്പിക്കല്‍, തന്റെ കുടുംബത്തോടൊപ്പമുള്ള കളികളും വിനോദങ്ങളും-കാരണം അത് അവരുടെ അവകാശമാണ് (അഹ്മദ്). സ്ത്രീപീഡനത്തിന്റെയും മര്‍ദനത്തിന്റെയും ദയാരഹിതമായ പ്രഹരത്തിന്റെയും ശീലമുള്ള ഭര്‍ത്താക്കന്മാരെ നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല. ആഇശ(റ) ഓര്‍ക്കുന്നു: "ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു സ്ത്രീയെ നബി(സ) അടിച്ചിട്ടില്ല'' (മുസ്ലിം). ഭാര്യമാരെ തല്ലുന്ന ഭര്‍ത്താക്കന്മാര്‍ ക്രൂരന്മാരാണെന്നാണ് നബി(സ)യുടെ വിലയിരുത്തല്‍. തിരുമേനി പറഞ്ഞു: "തന്റെ അടിമയെ തല്ലുന്നതുപോലെ ഭാര്യയെ അയാള്‍ പ്രഹരിക്കും. എന്നിട്ട് പോയി രാത്രിയില്‍ അവളെ അണച്ചുപൂട്ടി ആശ്ളേഷിക്കും'' (ബുഖാരി, മുസ്ലിം). മറ്റൊരു റിപ്പോര്‍ട്ടില്‍ "ഭാര്യമാരെ തല്ലുന്നവര്‍, നല്ലവരല്ല അവര്‍. ഉത്തമന്മാരുമല്ല. നിങ്ങളിലെ നെറികെട്ടവരും ദുഷ്ടരുമാണവര്‍.'' സ്ത്രീകളോട് കാട്ടുന്ന അത്യാചാരങ്ങളില്‍ മനംനൊന്ത് ഒരിക്കല്‍ ആ തിരുമനസ്സ് വേപഥു പൂണ്ടു: "അല്ലാഹുവേ, ഞാന്‍ ഏറെ വേദനിക്കുന്നത് രണ്ടു ദുര്‍ബല വിഭാഗത്തെ ഓര്‍ത്താണ്-അനാഥരും സ്ത്രീകളും'' (ഇബ്നുമാജ). "സ്ത്രീകളോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു. പാവങ്ങളാണവര്‍. നിങ്ങളെ ആശ്രയിച്ചു കഴിയുന്നവരാണ് അവര്‍!'' മറ്റൊരിക്കല്‍ സഅദി(റ)നോട് നബി(സ): "അല്ലാഹുവിന്റെ പ്രീതി മോഹിച്ച് നീ കുടുംബസംരക്ഷണാര്‍ഥം വ്യയം ചെയ്യുന്നതിലെല്ലാം നീ പ്രതിഫലാര്‍ഹനാണ്. നീ പ്രേമപൂര്‍വം ഭക്ഷണത്തിന്റെ ഒരു ഉരുള നിന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുത്തെന്നിരിക്കട്ടെ-അതിനുപോലും നിനക്ക് അല്ലാഹു പ്രതിഫലം തരും'' (അഹ്മദ്).
ചില മരുഭൂയാത്രകള്‍ ആഇശ(റ) അയവിറക്കുന്നു: "ഞാനും റസൂലും ചിലപ്പോള്‍ ഓട്ടമത്സരം നടത്തും. എന്നെ സന്തോഷിപ്പിക്കാന്‍ ചിലപ്പോള്‍ റസൂല്‍ എനിക്ക് തോറ്റു തരും. ഞാന്‍ തടിച്ച് വണ്ണം വെക്കുന്നതിന് മുമ്പ് ഓട്ടമത്സരത്തിലെല്ലാം ഞാന്‍ റസൂലിനെ തോല്‍പിക്കുമായിരുന്നു. പിന്നെ ഞാന്‍ തടിച്ചു വണ്ണംവെച്ചപ്പോള്‍ റസൂലിന്നായി ജയം. അപ്പോള്‍ ചിരിച്ചുകൊണ്ട് തിരുമേനി പറയും "അന്ന് തോറ്റതിന് പകരമാണ് ഈ ജയം കെട്ടോ!''
"അന്തിയുറങ്ങുന്ന വീട്ടിലേക്ക് ഭാര്യമാരെയെല്ലാം വിളിച്ചു വരുത്തും റസൂല്‍(സ). ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. ഉറങ്ങാന്‍ നേരം ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് പിരിഞ്ഞുപോകും.'' ആഇശ(റ) ഓര്‍ത്തു: "എന്നെ റസൂല്‍ പുണര്‍ന്നു ചുംബിക്കും. ഞാന്‍ വെള്ളം കുടിച്ച പാത്രം തിരിച്ചുവാങ്ങി ഞാന്‍ ചുണ്ടുവെച്ച ഭാഗത്ത് ചുണ്ട്വെച്ച് ബാക്കി റസൂല്‍ കുടിക്കും. എന്റെ മടിയില്‍ തല ചായ്ച്ചു കിടക്കും. ചിലപ്പോള്‍ എന്റെ മടിയില്‍ തലവെച്ചു ഖുര്‍ആന്‍ ഓതും. ചിലപ്പോള്‍ വീടിന്റെ വാതിലിലൂടെ ഞാന്‍ കടക്കാന്‍ നോക്കുമ്പോള്‍ കാണാം റസൂല്‍ തിക്കിത്തിരക്കി അവിടെ വന്ന് മുട്ടിയുരുമ്മുന്നു.''
നബിവസതിയിലുമുണ്ടായിരുന്നു കൊച്ചുകൊച്ചു പിണക്കങ്ങളും അസ്വാരസ്യങ്ങളുമെല്ലാം. സ്നേഹാര്‍ദ്രമായ നോക്കിലൂടെയും വാക്കിലൂടെയും തമാശയിലൂടെയും നബി(സ) അതിന് പരിഹാരം കാണും. പിരിമുറുക്കത്തിന് അയവു വരുത്തും. വിവേകപൂര്‍വമായ ഇടപെടലിലൂടെ ജീവിതാന്തരീക്ഷത്തിലെ കാറൊഴിയും. ഒരു നിറകണ്‍ചിരിയോടെ ആ മഹാനുഭാവന്‍ അവരുടെ പരിഭവങ്ങള്‍ പറഞ്ഞുതീര്‍ക്കും. ഉമര്‍(റ) ഓര്‍ക്കുന്നു: "ഞങ്ങള്‍ ഖുറൈശി സമൂഹത്തില്‍ പുരുഷന്മാര്‍ക്കായിരുന്നു മേല്‍കൈ. മദീനയില്‍ അന്‍സാരികളുടെ അടുത്തെത്തിയപ്പോള്‍ ഞങ്ങള്‍ കാണുന്നത് സ്ത്രീകളുടെ മേല്‍കോയ്മയാണ്. ഞങ്ങളുടെ പെണ്ണുങ്ങളും അന്‍സാരി സ്ത്രീകളുടെ ചില ശീലങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ഒരു ദിവസം ഞാന്‍ എന്റെ ഭാര്യയോട് അല്‍പം ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ അവള്‍ എന്നോട് തര്‍ക്കിച്ച് കയര്‍ക്കാന്‍ തുടങ്ങി. ആ രീതി എനിക്ക് രസിച്ചില്ല. അവളുടെ ചോദ്യം: "ഞാനും മറുവാക്ക് പറഞ്ഞ് തിരിച്ചുതന്നപ്പോള്‍ നിങ്ങള്‍ക്ക് പിടിച്ചില്ല അല്ലേ? റസൂലിന്റെ ഭാര്യമാരും അത്യാവശ്യം കയര്‍ക്കാറൊക്കെയുണ്ട്. എന്നല്ല ചിലപ്പോള്‍ ഒരു രാവും പകലുമൊക്കെ പിണങ്ങി മുഖം വീര്‍പ്പിച്ചിരിക്കാറുമുണ്ട്.'' ഇതുകേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. "അങ്ങനെ പെരുമാറിയാല്‍ നിങ്ങള്‍ക്ക് നാശം'' ഉമര്‍. ഉടനെ വസ്ത്രമണിഞ്ഞ് ഉമര്‍ പുറത്തിറങ്ങി. നേരെ ചെന്ന് കയറിയത് നബി(സ) വസതിയില്‍ തന്റെ മകളും റസൂലിന്റെ പത്നിയുമായ ഹഫ്സയുടെ അടുത്ത്.'' ഉമര്‍ ചോദിച്ചു: "ഹഫ്സാ! നിങ്ങള്‍ നബി(സ)യോട് കയര്‍ത്തും ദേഷ്യപ്പെട്ടും വൈകുന്നേരം വരെ പിണങ്ങിയിരിക്കാറുണ്ടോ?'' ഹഫ്സ "പിണങ്ങാറുണ്ട്. അല്‍പം തറുതല പറയാറുണ്ട്. ഉമര്‍: "നാശവും നഷ്ടവുമാണ് നിനക്ക് മകളേ! റസൂല്‍ കോപിച്ചാല്‍ അല്ലാഹു കോപിക്കില്ലെന്നാണോ നിന്റെ വിചാരം. നിന്റെ നാശത്തിലായിരിക്കും അത് കലാശിക്കുക'' (ബുഖാരി). തന്റെ ഭാര്യമാരുടെ മനസ്സിന്റെ മൃദുലഭാവങ്ങളോരോന്നും ആ പ്രവാചകന്‍ പഠിച്ചറിഞ്ഞു പെരുമാറി. "ആഇശ! എനിക്കറിയാം നിനക്ക് എന്നോട് എപ്പോഴാണ് ദേഷ്യം, എപ്പോഴാണ് പ്രീതി എന്നൊക്കെ. "അതെങ്ങനെ?'' ആഇശ. "എന്നോട് ഇഷ്ടമാണെങ്കില്‍ നീ പറയും- മുഹമ്മദിന്റെ നാഥനായ അല്ലാഹുവാണ് സത്യം. കോപിച്ചാല്‍ നീ പറയുന്നത് 'ഇബ്റാഹീമിന്റെ നാഥനായ അല്ലാഹുവാണ് സത്യം' എന്നായിരിക്കും.''
"ശരിയാണ്, റസൂലേ പേരിനോട് മാത്രമേ എനിക്ക് പിണക്കമുണ്ടാവുകയുള്ളൂ.'' ഒരു ചെറുപുഞ്ചിരിയോടെ ആഇശ(റ) ശരിവെച്ചു. റസൂല്‍ പത്നി ഖദീജ(റ)യുമൊത്തുള്ള ജീവിതത്തിലെ മധുരസ്മൃതികള്‍ അയവിറക്കുമ്പോള്‍ ആ മഹതിയോട് അസൂയാപൂര്‍വമായ ഒരു ഈര്‍ഷ്യ തനിക്ക് തോന്നിയിരുന്നു എന്ന് ആഇശ ഓര്‍ക്കുന്നു. ഇങ്ങനെ നബിവസതിയിലെ മധുരോദാരമായ സ്വകാര്യ നിമിഷങ്ങള്‍ എത്രയെത്ര!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍