ശ്രീലങ്കയില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷം
ശ്രീലങ്കയിലെ ഇസ്‌ലാമിന്റെ ഉത്ഭവം എങ്ങനെയാണ്? ഏതു നൂറ്റാണ്ടിലാണ് ശ്രീലങ്കയില്‍ ഇസ്‌ലാം എത്തിച്ചേര്‍ന്നത് ?
ശ്രീലങ്കയില്‍ ഇസ്‌ലാമിന് നീണ്ടകാലത്തെ ചരിത്രപാരമ്പര്യമുണ്ട്. അറബ് വ്യാപാരിയായ മുഹമ്മദ് കാസിം ഇന്ത്യയിലെത്തുന്നത് ശ്രീലങ്കയില്‍ നിന്നാണ്. റസൂലി(സ)ന്റെയോ ഉമറി(റ)ന്റെയോ കാലത്താണ് ഇസ്‌ലാം ശ്രീലങ്കയില്‍ വരുന്നത്. എന്നാല്‍, അധിക ചരിത്രരേഖകളിലും പറയുന്നത് ഇന്ത്യയിലേക്ക് വന്ന അറബ് കച്ചവടക്കാര്‍ വഴിയാണ് ശ്രീലങ്കയില്‍ ഇസ്‌ലാം എത്തിയതെന്നാണ്. ശ്രീലങ്കയിലെ മുസ്‌ലിംകള്‍ തമിഴാണ് സംസാരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കുടിയേറിയവരുമുണ്ട് മുസ്‌ലിംകളില്‍. പ്രവാചകന്റെ ജീവിത കാലത്ത് തന്നെയായിരുന്നു ഇസ്‌ലാമിന്റെ കടന്നുവരവ് എന്നാണ് പ്രബലമായ വിശ്വാസം.
ശ്രീലങ്കയിലെ മുസ്‌ലിംകളുടെ ഇപ്പോഴത്തെ അവസ്ഥയെങ്ങനെ?
ശ്രീലങ്കയുടെ മൊത്തം ജനസംഖ്യ 2 കോടിയോളം വരും. അതില്‍ 10 % മാണ് മുസ്‌ലിംകള്‍. അഥവാ രണ്ട് മില്യന്‍ (ഇരുപത് ലക്ഷം). അവരില്‍ അധികപേരും രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് ജീവിക്കുന്നവരാണ്. ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കുമൊപ്പം സമാധാനപരമായി അവര്‍ ജീവിതം നയിക്കുന്നു.
രാഷ്ട്രീയ രംഗത്ത് മുസ്‌ലിംകളുടെ പ്രാതിനിധ്യം?
മുസ്‌ലിംകളില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പിന്തുണക്കുന്നവരുണ്ട്. മുസ്‌ലിംകള്‍ക്ക് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. ശ്രീലങ്കന്‍ മുസ്‌ലിം കോണ്‍ഗ്രസ്സ് ശക്തമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു. എന്നാല്‍ ആ പാര്‍ട്ടിയുടെ സ്ഥാപക നേതാവ് മുഹമ്മദ് അശ്‌റഫ് മരണപ്പെട്ടപ്പോള്‍ പാര്‍ട്ടി മൂന്നായി പിളരുകയും അതിന്റെ ശക്തി ക്ഷയിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ട്. ഇരുകക്ഷികള്‍ ഭരിക്കുമ്പോഴും മുസ്‌ലിംകള്‍ക്ക് മന്ത്രിമാരുണ്ടാവാറുണ്ട്. രാജ്യത്തെ മുസ്‌ലിംകളുടെ എണ്ണത്തിനനുസരിച്ചുള്ള പ്രാതിനിധ്യം പാര്‍ലമെന്റിലും ഉണ്ടെന്ന് പറയാം.
ന്യൂനപക്ഷം എന്ന നിലയ്ക്ക് വിവേചനത്തിന് നിങ്ങള്‍ വിധേയരാകാറുണ്ടോ? പ്രത്യേകിച്ച് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന്?
രാജ്യത്തെ രണ്ടാമത്തെ ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. ഹിന്ദുക്കളും ബുദ്ധമതക്കാരും ഉള്‍ക്കൊള്ളുന്ന ബഹുസ്വര സമൂഹത്തില്‍ യാതൊരു തരത്തിലുള്ള വിവേചനവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല. എല്ലാ വിധത്തിലും മതസ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ എല്‍.ടി.ടി.ഇ യും ഭരണകൂടവും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഒരു വിഭാഗം ബുദ്ധര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബുദ്ധസമൂഹത്തില്‍ വംശവിദ്വേഷം വളര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. മുസ്‌ലിംകളുമായി സഹകരിക്കരുത്, മുസ്‌ലിംകളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങരുത്, ഉല്‍പ്പന്നങ്ങളില്‍ ഹലാല്‍ മുദ്ര പതിക്കരുത് എന്നെല്ലാം അവര്‍ പ്രചരിപ്പിക്കുന്നു. അവര്‍ ശ്രീലങ്കയിലെ ഒരു പള്ളി തീയിട്ട് നശിപ്പിച്ചു. മറ്റൊരു പള്ളിയില്‍ മുസ്‌ലിംകളെ ആരാധനകളില്‍ നിന്നു വിലക്കി. എങ്കിലും അത്തരക്കാര്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ്.
മ്യാന്മറില്‍ ബുദ്ധന്മാര്‍ മുസ്‌ലിംകളെ ആക്രമിച്ചതിന്റെ
പ്രതിഫലനമാണോ ഈ സംഭവങ്ങള്‍ ?
തീര്‍ച്ചയായും, മ്യാന്‍മറിലെ സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരം പ്രചാരണങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നത്. ബംഗ്ലാദേശില്‍ മുസ്‌ലിംകള്‍ ബുദ്ധക്ഷേത്രം തകര്‍ത്ത ഒരു സംഭവം ഈയടുത്തുണ്ടായി. ബംഗ്ലാദേശില്‍ ബുദ്ധക്ഷേത്രം തകര്‍ത്ത മുസ്‌ലിംകളോട് നാമെന്തിന് നല്ല നിലയില്‍ സഹവസിക്കണം എന്ന് ചോദിച്ചുകൊണ്ടാണ് മുസ്‌ലിംകള്‍ക്കെതിരെ തിരിയാന്‍ വര്‍ഗീയവാദികള്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
ശ്രീലങ്കയിലെ ഇസ്‌ലാമിക സംഘടനകളുടെ
പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
ശ്രീലങ്കയില്‍ നിരവധി ഇസ്‌ലാമിക സംഘങ്ങളുണ്ട്. അധിക സംഘടനകളും പരസ്പരം സൗഹൃദം നിലനിര്‍ത്തുന്നു. അവര്‍ തമ്മില്‍ ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. തബ്‌ലീഗ് ജമാഅത്തും വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമിയും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാമിക പ്രബോധനരംഗത്ത് സലഫീ പ്രസ്ഥാനങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഒരു സംഘടനയുമുണ്ട് അവിടെ. ഇതിനെല്ലാം പുറമെ പാരമ്പര്യ മുസ്‌ലിംകള്‍ സൂഫിപ്രസ്ഥാനങ്ങളുമായും ത്വരീഖത്തുകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരുന്നു. ആരുമായും പ്രശ്‌നങ്ങളില്ലാതെ, എല്ലാവരും തങ്ങളുടേതായ മുന്‍ഗണനാക്രമത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
പൊതുസമൂഹത്തെ അഡ്രസ് ചെയ്യുന്ന എന്തെങ്കിലും സംരംഭങ്ങള്‍ക്ക് ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നല്‍കുന്നുണ്ടോ?
ശ്രീലങ്കയില്‍ ഞങ്ങള്‍ക്കൊരു മാധ്യമമുണ്ട്. അത് ഒരു ആഴ്ചപ്പതിപ്പാണ്. മാധ്യമരംഗത്തെ പ്രമുഖരാണ് അത് പുറത്തിറക്കുന്നത്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് അതുമായി നേരിട്ട് ബന്ധമില്ല. എന്നാല്‍ എല്ലാ വിഭാഗം മുസ്‌ലിംകളും അതിനെ പിന്താങ്ങുന്നു. കാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എങ്കല്‍ ദേശം എന്ന പേരില്‍ ജമാഅത്തെ ഇസ്‌ലാമി ഒരു ദൈ്വവാരിക പുറത്തിറക്കുന്നുണ്ട്. അല്‍ ഹസനാത്ത് എന്ന പേരില്‍ ഒരു മാസികയും ജമാഅത്ത് പ്രസിദ്ധീകരിക്കുന്നു. ശ്രീലങ്കയില്‍ ഏറ്റവും കൂടതല്‍ പ്രചാരമുള്ള ഇസ്‌ലാമിക പ്രസിദ്ധീകരണമാണിത്.
അവിടത്തെ മുസ്‌ലിം സംഘടനകളുടെ
പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ്?
ശ്രീലങ്കയിലെയും ഇന്ത്യയിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഇന്ത്യയില്‍ എസ്.ഐ.ഒ യും മറ്റു ഇസ്‌ലാമിക സംഘടനകളും സാമൂഹിക പ്രശ്‌നങ്ങളില്‍ ഊന്നിയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം പ്രശ്‌നങ്ങള്‍ അവര്‍ സമൂഹത്തിന് മുമ്പില്‍ തുറന്നുവെക്കുകയും ബഹുജനശ്രദ്ധയാകര്‍ഷിക്കുംവിധം പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ ശ്രീലങ്കയിലെ മിക്കവാറും എല്ലാ സംഘടനകളും ഇസ്‌ലാമിക ദഅ്‌വാ പ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. സാമൂഹിക വിഷയങ്ങളും ദഅ്‌വാ പ്രവര്‍ത്തനങ്ങളും ഒരുപോലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടംപിടിക്കേണ്ടതുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒരുപാട് പിന്നിലാണ്. അത്തരം കാര്യങ്ങളില്‍ ഇനി കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതുണ്ട്.
ശ്രീലങ്കന്‍ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ അവസ്ഥ?
ശ്രീലങ്കന്‍ മുസ്‌ലിം സമൂഹത്തിലെ നിരവധി പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നു. യൂനിവേഴ്‌സിറ്റികളിലും കോളേജുകളിലും ധാരാളം മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ ഇന്ന് കാണാം. എന്നാല്‍ മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ സ്ത്രീ സമൂഹം പിന്നിലാണ്. മറ്റ് രാജ്യങ്ങളിലേതു പോലെ സ്ത്രീകള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ കുറവാണെന്നതാണ് പ്രശ്‌നം. ശ്രീലങ്കയിലെ പാരമ്പര്യ മുസ്‌ലിം സമൂഹത്തിന്റെ ചിന്താഗതിയായിരിക്കാം അതിന് ഏറ്റവും വലിയ തടസ്സം. അതിനിയും മാറേണ്ടതുണ്ട്.
ജമാഅത്തെ ഇസ്‌ലാമിക്ക് പ്രത്യേക വനിതാവിഭാഗമുണ്ട്. മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രത്യേകം കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
Comments