ഒറ്റയ്ക്ക്
ഒറ്റയ്ക്ക്
നില്‍ക്കാനുള്ള
ഇഷ്ടം കൊണ്ടാണത്രേ
പുഴയും കടലും
എപ്പോഴും ഒറ്റയ്ക്കായത്
മഴ
ഒറ്റയ്ക്ക് കരയുന്നതും
കാറ്റ്
ഒറ്റയ്ക്ക് തുള്ളുന്നതും
ഉള്ളുനിറഞ്ഞ്
കവിയുന്നതാണത്രേ
എന്നിട്ടും,
ഒറ്റയ്ക്ക് നില്‍ക്കാനുള്ള
ഭയം കൊണ്ടാണത്രേ
മനുഷ്യന്‍ മാത്രം
എപ്പോഴും ഇങ്ങനെ..
തെരുവ് തെണ്ടാന്‍
ശീലിക്കുക...
വികസനം
വിലപേശലാണ്
വീട്ടകങ്ങള്‍ തച്ചുടച്ച്
വേദനകള്‍ വാരിവിതറി
'വായ്ക്കരി'യിടാന്‍ വരുന്നവനോട്
'വല്ലതും' കിട്ടാനായി
വാവിട്ടലറി വിലപേശണം
വില കെടുത്തിയ ജീവിതങ്ങള്‍
വഴിമുടക്കിക്കരയുമ്പോള്‍
വലിച്ചുകീറിയ കുഞ്ഞുടുപ്പിനും
വക്കുപൊട്ടിയ സ്ലേറ്റിനും
വിലപേശുമ്പോള്‍
വിങ്ങുന്ന പൈതങ്ങളുടെ
വിലാപം കേള്‍പ്പിക്കണം
വില കൂടിയ രഥങ്ങള്‍ക്ക്
വയറെരിയുന്നവന്റെ നെഞ്ചു കീറി
വേഗപ്പാതകളൊരുക്കാനും
വിസ്മയത്തിന്റെ പാര്‍ക്കുകളെ
വേനല്‍ മഴയാല്‍ കുളിപ്പിക്കാനും
വികസനം ചുമക്കുന്ന കഴുതയാവുക
വിയര്‍പ്പിന്റെ വിലയറിയിക്കാന്‍
വിലകെട്ടും വിതുമ്പിയും
വിലപേശിക്കരയുക...
വികസനത്തിന്റെ വീതം വെപ്പുകാര്‍
വാതിലുകള്‍ തല്ലിപ്പൊളിച്ചും
വട്ട കണ്ണുകള്‍ ഉരുട്ടി വിരട്ടിയും
വരയിട്ടും വരമ്പിട്ടും
വഴിമുടക്കുമ്പോള്‍
വഴിതെറ്റി തെരുവിലലയുന്ന
വളര്‍ത്തുപട്ടിയുടെ
വരണ്ട കണ്ണില്‍ നോക്കി
വിനയവും വിധേയത്വവും പഠിച്ചെടുത്ത്
വാലാട്ടി തെരുവ് തെണ്ടാന്‍ ശീലിക്കുക.
Comments