Prabodhanm Weekly

Pages

Search

2013 ജനുവരി 12

ഹിന്ദുക്കള്‍ വേദക്കാര്‍ തന്നെയാണ്

വിനോദ് കുമാര്‍ എടച്ചേരി

'ഹിന്ദുക്കളെ വേദക്കാരാക്കേണ്ടതില്ല' എന്ന അല്‍ത്താഫിന്റെ കത്താണ് (ഡിസംബര്‍ 29) ഈ കുറിപ്പിനാധാരം. നാലു വേദങ്ങള്‍ക്കുടമകളായ ഹൈന്ദവരെ വേദക്കാരായി പരിഗണിക്കാവുന്നതാണ്. ഹിന്ദുമതത്തില്‍ വ്യത്യസ്ത ചിന്താധാരകളുണ്ട്. ഏകദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസികളെയും വിഗ്രഹാരാധകരെയും നിരീശ്വരവാദികളെയും ഒരുപോലെ ഹിന്ദുമതം ഉള്‍ക്കൊള്ളുന്നു. വ്യത്യസ്ത ദൈവവീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്താന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്യ്രം നല്‍കുന്നു. സര്‍വശക്തനും സര്‍വജ്ഞനും സര്‍വവ്യാപിയുമായ ഈശ്വരനെയാണ് വേദങ്ങളും ഉപനിഷത്തുകളും അവതരിപ്പിക്കുന്നത്. സര്‍വവ്യാപിയായ ഈശ്വരന്‍ ഏകനായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈശ്വരനെ അരൂപിയായി കാണുമ്പോള്‍ വിഗ്രഹാരാധനക്കും പ്രസക്തിയില്ല. സര്‍വലോകങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന, സര്‍വചരാചരങ്ങളിലും കുടികൊള്ളുന്ന ഈശ്വരനെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇഷ്ടമൂര്‍ത്തികളെ ആരാധിക്കാനുള്ള സ്വാതന്ത്യ്രവും ഹിന്ദുമതം അനുവദിക്കുന്നു. ഈശ്വരനെ രൂപം കല്‍പിച്ച് ആരാധിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനും അവകാശമുണ്ടല്ലോ. രൂപമുണ്ടെങ്കില്‍ വിഗ്രഹാരാധനക്കും പ്രസക്തിയുണ്ട്. ഹിന്ദുമതം ഒരു മതമെന്നതിലുപരി ഒരു സംസ്കാരമാണ്. അതിനാല്‍ വീക്ഷണ വ്യത്യാസങ്ങള്‍ സ്വാഭാവികവുമാണ്.


സ്നേഹപൂര്‍വം ഡോ. ഹുസൈന്‍ മടവൂരിന്
മുജാഹിദ് നേതാവ് ബഹുമാന്യനായ ഹുസൈന്‍ മടവൂരിന്റെ പ്രഭാഷണം 'വിയോജിപ്പിനേക്കാള്‍ ഐക്യമാണ് സാധിക്കേണ്ടത്' ശ്രദ്ധേയമായി (ലക്കം 28). ഉള്‍ക്കാഴ്ചയും ധര്‍മതല്‍പരതയുമുള്ള ഉത്തമ പണ്ഡിതന്റെ കാമ്പ് നിറഞ്ഞ വാഗ്ധോരണികളാണത്. ഒരു മുസ്ലിം പൊതുവേദിയില്‍ വെച്ച് നടത്തിയ ആ പ്രഭാഷണത്തോളം തന്നെ മികവുറ്റതായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈയുള്ളവന്റെ പ്രദേശമായ മാഹിയിലെ ഒരു മുജാഹിദ് വേദിയില്‍ വെച്ച് അദ്ദേഹം നടത്തിയ, ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്ന പ്രഭാഷണത്തിലെ ചിന്തകളും പരാമര്‍ശങ്ങളും. ഹുസൈന്‍ മടവൂര്‍ കേവലമൊരു പ്രാസംഗികനല്ല; മറിച്ച് ഒരു സംഘടനയുടെ സമുന്നതനായ നേതാവാണ് എന്നതുകൊണ്ടുതന്നെ ഐക്യത്തെക്കുറിച്ചും മുസ്ലിം സമൂഹത്തിന്റെ വിശാല ലക്ഷ്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ പ്രതീക്ഷകള്‍ നല്‍കാറുണ്ട്.
എന്നാല്‍, അത്തരം പ്രതീക്ഷകള്‍ അസ്ഥാനത്തല്ലേ എന്ന് സംശയിക്കേണ്ടിവരുംവിധം ദുര്‍ബലമാണ് അദ്ദേഹത്തിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന സംഘടനയുടെ സമീപനങ്ങളില്‍ അദ്ദേഹത്തിന്റെ വാക്കുകളുടെയും ചിന്തകളുടെയും പ്രഭാവം എന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. പ്രബോധനം പ്രസിദ്ധീകരിച്ച പ്രഭാഷണത്തിലെ ചിന്തകള്‍ക്കും അദ്ദേഹത്തിന്റെ സംഘടനയുടെ ഇടങ്ങളിലെത്തുമ്പോള്‍ സംഭവിച്ച 'പ്രസരണ ചോര്‍ച്ച' വളരെ പ്രകടമാണ്. ഓരോ വിഭാഗത്തെയും അവര്‍ സ്വന്തം നിലയില്‍ പരിചയപ്പെടുത്തുന്ന പേരില്‍ മാത്രമേ മറ്റുള്ളവരും അവരെ പരിചയപ്പെടുത്താനും വിളിക്കാനും പാടുള്ളൂ എന്നത് മുസ്ലിം ഐക്യത്തിന്റെ അടിസ്ഥാന ഉപാധിയായി അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഉയര്‍ത്തിക്കാട്ടിയ ആശയമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മേല്‍ പറഞ്ഞ സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് പ്രസ്തുത പ്രഭാഷണത്തിന് മുമ്പെന്ന പോലെ ശേഷവും മുജാഹിദ് മറുവിഭാഗം നവയാഥാസ്ഥിതികരും ജമാഅത്തെ ഇസ്ലാമിക്കാര്‍ മൌദൂദിസ്റുകളും വേറെ ചിലര്‍ ഖുബൂരികളുമാണ്!
ഉദാത്ത വീക്ഷണങ്ങളും പരലോക ചിന്തയുമുള്ള നേതാക്കള്‍ തങ്ങളുടെ നേതൃപാടവങ്ങള്‍ ജാഗ്രതയോടെ നിലനിര്‍ത്തി, അജണ്ടകളും ആശയാദര്‍ശങ്ങളും സ്ഥാപിത താല്‍പര്യക്കാര്‍ വഴിപിഴപ്പിക്കുന്നതിനെതിരെ ഗൌരവ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. മറ്റു സംഘടനകളുടെ നയങ്ങളെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ പോലും അതിന് നിയതമായ രീതിയും രൂപവും വേണം. സംഘടനക്കകത്ത് നേതാക്കള്‍ കൂടിയാലോചിച്ച് ഏതേത് കാര്യങ്ങളില്‍, ഏത് രീതിയില്‍ എത്രമാത്രം വിമര്‍ശനം വേണമെന്ന് തീരുമാനിച്ച് ഒരു ചട്ടക്കൂട് പണിത് അതിര് കവിയാത്ത ഒരാളെ അക്കാര്യം ഏല്‍പിക്കുകയും തുടര്‍ന്നു വിമര്‍ശനം വിലയിരുത്തുകയും വേണം. അന്യ സംഘടനാ വിരുദ്ധ 'സ്പെഷ്യലൈസേഷന്‍' സ്വയം എടുത്തണിയുന്ന അപക്വമതികളെ ഇക്കാര്യം ഏല്‍പിക്കരുത്.
ഹുസൈന്‍ മടവൂരിനെപ്പോലുള്ള പണ്ഡിത ശ്രേഷ്ഠര്‍ നേതൃത്വത്തിലുള്ളപ്പോള്‍ ഐക്യത്തിന്റെയും സൌഹാര്‍ദത്തിന്റെയും വിഷയത്തില്‍ ഇനിയുമേറെ വിവേകപൂര്‍ണമായ നേതൃതല ഇടപെടലുകള്‍ സംഘടനക്കകത്ത് ആവശ്യമുണ്ട്. അക്കാര്യത്തില്‍ വന്ന അശ്രദ്ധകള്‍ പരിഹരിച്ച് വിമര്‍ശനങ്ങള്‍ കേവല വിമര്‍ശനങ്ങളാവാതെ, ഗുണപ്രദമാകുന്ന വിധത്തില്‍ പക്വവും മിതവും ഗുണകാംക്ഷാ നിര്‍ഭരവുമാകുമെന്ന് തന്നെ ന്യായമായും പ്രതീക്ഷിക്കുന്നു.
ടി.പി മുഹമ്മദ് ശഫീഖ് മാഹി

വി. ലദീദ ഫര്‍സാന കണ്ണൂര്‍
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ സ്കൂള്‍ വിദ്യാര്‍ഥി സ്വന്തം അമ്മയും പിഞ്ചു കുരുന്നുകളുമടക്കം ഇരുപതോളം പേരെ വെടിവെച്ച് കൊന്ന വാര്‍ത്ത, മനസ്സില്‍ ഒരിറ്റ് സ്നേഹവും കരുണയുമുള്ളവരെയെല്ലാം കണ്ണീരണിയിക്കുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ചുള്ള ഒബാമയുടെ അങ്ങേയറ്റം വികാരവായ്പോടുകൂടിയ പ്രസ്താവനയും അതോടൊപ്പം ഒഴുക്കിയ കണ്ണീരും ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അമേരിക്കയുടെ എല്ലാവിധ പിന്തുണയോടും കൂടി ഫലസ്ത്വീനിന്റെ ഗസ്സാ തെരുവോരങ്ങളില്‍ ഇസ്രയേല്‍ നടത്തിയ നരനായാട്ടില്‍ എത്രയെത്ര പിഞ്ചോമനകളുടെ ജീവനാണ് പൊലിഞ്ഞതെന്ന് ഒബാമ ഓര്‍ക്കുന്നുണ്ടോ? ദിവസങ്ങളോളം ഗസ്സയില്‍ നിന്നുയര്‍ന്ന പിഞ്ചോമനകളുടെ നിലവിളികള്‍ കാതുകള്‍ കൊട്ടിയടച്ച് നിശ്ശബ്ദത പാലിച്ച്, ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി എല്ലാം വീക്ഷിച്ചിരുന്ന ഒബാമക്ക് കുരുന്നുകളുടെ ജീവന്റെ വിലയും അവരുടെ പ്രിയപ്പെട്ടവരുടെ വേദനയും മനസ്സിലാക്കാന്‍ കഴിയാതെ പോയത് അവര്‍ അമേരിക്കക്കാരല്ല എന്ന കാരണത്താലാണോ?


ആശയവിനിമയം തകര്‍ത്ത സമുദായം
ഇസ്ലാമിക സമൂഹം സംപ്രേഷണം ചെയ്യേണ്ട മൈത്രീ ബോധത്തെയും മുസ്ലിം ഐക്യത്തെയും കുറിച്ച ലേഖനങ്ങള്‍ ഒരു പംക്തി മുഖേനയായിരുന്നുവെങ്കില്‍ അത് മലയാള ആനുകാലിക ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പംക്തിയായിരുന്നേനെ. മുസ്ലിംകളില്‍ ഐക്യവും അഖണ്ഡതയും നിര്‍മിക്കുക എന്നത് ലക്ഷ്യവും അജണ്ടയുമായി സ്വീകരിച്ച പത്രമാണ് പ്രബോധനം എന്നതിന് അതിന്റെ ഓരോ ലക്കവും അക്ഷരാര്‍ഥത്തില്‍ സാക്ഷിയാണ്.
അഭിപ്രായ ഭിന്നതകളും ആശയവൈജാത്യങ്ങളും, ആലോചനയും ചിന്തയും സംഭവിക്കുന്നിടത്തെ അവിഭാജ്യ ഘടകങ്ങളാണ്. വ്യക്തിജീവിതത്തില്‍ തന്നെ വീടുകളിലും ജോലി സ്ഥലത്തുമൊക്കെ എത്ര വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകളും തീരുമാനങ്ങളുമുണ്ടാകാറുണ്ട്. അവയെ വൈകാരികവും വിദ്വേഷപരവുമായി നോക്കിക്കണ്ടാല്‍ ജീവിതം താറുമാറാകില്ലേ? ആകുമെന്നറിയാവുന്നതുകൊണ്ടു മാത്രമാണ് ഏവരും പരസ്പര ധാരണയോടും വിട്ടുവീഴ്ചയോടും, തിരുത്തേണ്ടവ സംയമനത്തോടെ ഉണര്‍ത്തിയുമെല്ലാം മുന്നോട്ടു പോകുന്നത്.
ഇസ്ലാം ഇളവ് നല്‍കിയ, തികച്ചും ശാഖാപരമോ ഗൌരവരഹിതമോ ആയ വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകള്‍ പോലും അവഹേളനത്തിന്റെയും അടച്ചാക്ഷേപത്തിന്റെയും സ്വരത്തില്‍, അതും തെരുവോരങ്ങളില്‍ ഉച്ചഭാഷിണികളുടെ അകമ്പടിയോടെ പരസ്പരം കീറിമുറിച്ച് വ്രണപ്പെടുത്തിക്കൊണ്ടിരിക്കുന്നതിന്റെ അര്‍ഥമെന്താണ്? ദീനിനോടും ആദര്‍ശത്തോടും പ്രതിബദ്ധതയും കൂറുമുണ്ടെങ്കില്‍ കഴിവതും കലുഷിതാന്തരീക്ഷം ഒഴിവാക്കാനും ശിഥിലീകരണ സാഹചര്യം ഇല്ലാതാക്കാനുമല്ലേ ശ്രമിക്കേണ്ടത്.
പി.എ ഉസ്മാന്‍ പാടല

ആചാരി, തിരുവത്ര, ചാവക്കാട്
ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ ആശംസകളര്‍പ്പിക്കാമെന്ന് വ്യക്തമാക്കുന്ന യൂസുഫുല്‍ ഖറദാവിയുടെ ലേഖനം ശ്രദ്ധേയമായി (ലക്കം 28). ജാതി മത വര്‍ഗീയത സമൂഹത്തെ ഇന്നും കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക ചുറ്റുപാടിലാണ് നാമിന്ന് ജീവിക്കുന്നത്. മറ്റു മതക്കാരോട് ഇസ്ലാമിന്റെ സമീപനവും ചിന്താഗതിയും മൃദുലമാണ്. അവനവനിലുള്ള മതചിന്താഗതി ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കണം. മതം മറ്റൊരു വ്യക്തിയില്‍ അടിച്ചേല്‍പിക്കുന്ന പ്രവണതയും ശരിയല്ല. ആഘോഷവേളകളിലും ആശംസാ സന്ദേശങ്ങളിലും മതത്തെ ഒരിക്കലും ദുരുപയോഗം ചെയ്യാതിരിക്കണം.


എങ്ങനെ സിഖ്ധര്‍മം ഹിന്ദുമതത്തിന്റെ ഭാഗമാകും
'ഹിന്ദുത്വത്തിന്റെ ഭൂരിപക്ഷം' എന്ന മുഖക്കുറിപ്പ് (2012 ഡിസംബര്‍ 8) വായിച്ചു. സിഖ് ധര്‍മത്തിന്റെ പ്രഥമ ഗുരുവായ ഗുരുനാനാക്കിന്റെ ദര്‍ശനത്തെ കാലോചിതമായി വ്യാഖ്യാനിക്കുകയും അതിന്റെ ഈശ്വരീയമായ അടിത്തറയില്‍ അനന്ത്പൂരില്‍ 1699 വൈശാഖി ദിനത്തില്‍ ഏകദൈവവിശ്വാസികളെ 'ഖാല്‍സ' എന്ന നിലയില്‍ സംഘടിപ്പിക്കുകയുമാണ് പത്താം ഗുരുവായ ഗുരുഗോബിന്ദ് സിംഗ് ചെയ്തത്. നാനാക്കിനും അദ്ദേഹത്തിന്റെ ദാര്‍ശനിക പിന്‍ഗാമികളായ എട്ട് ഗുരുക്കന്മാര്‍ക്കും ശേഷമുള്ള സ്വാഭാവിക തുടര്‍ച്ചയാണ് ഗുരു ഗോബിന്ദ് സിംഗിന്റെ ജീവിതവും ദര്‍ശനവും. അതൊരിക്കലും നാനാക്കിന്റെ സരണിയില്‍നിന്ന് വ്യത്യസ്തമല്ല. സിഖ് ധര്‍മം ജാതീയതക്കും വംശീയതക്കും പുരുഷമേധാവിത്വത്തിനും അനാചാരങ്ങള്‍ക്കും എതിരെ നിലപാട് എടുക്കുന്ന ഒന്നാണ്. 'ഏക് ഓംകാര്‍' എന്നത് അസ്തിത്വ സാരമാണ്. കാലാതീതമാണത് (അകാല്‍). അറിയാന്‍ ശ്രമിക്കേണ്ടത് ഏതാണോ അത് ഏകത്വമാണ്. ഇതറിയാതെ മറ്റെന്ത് അറിഞ്ഞെന്ന് ഭാവിച്ചാലും അതൊക്കെ നിരര്‍ഥകരമാണ്. ജീവിതത്തെ ഭക്തിയാലും സേവനത്താലും നന്മയാലും നിര്‍ഭരമാക്കുക എന്നതാണ് ഗുരുഗ്രന്ഥ സാഹിബിന്റെ ഉദ്ബോധനം.
സിഖ് ഗുരുക്കന്മാരുടെ കൃതികള്‍ക്ക് ഒപ്പം തന്നെ മറ്റു പശ്ചാത്തലങ്ങളില്‍ നിന്നുള്ള മിസ്റിക്കുകളുടെയും കൃതികള്‍ അതില്‍ അടങ്ങിയിരിക്കുന്നു. ഈശ്വര സാധനക്ക് ഒരു സാര്‍വലൌകിക മാനമുണ്ട് എന്ന പ്രഖ്യാപനമാണ് ഈ ഗ്രന്ഥസമുച്ചയം. ഹൈന്ദവ-ഇസ്ലാം ആശയങ്ങളുടെ സമന്വയം മാത്രമായി അതിനെ വ്യാഖ്യാനിക്കാനാകില്ല. ഹിന്ദുമതത്തിന്റെ ഭാഗവുമല്ല അത്. സിഖ് ധര്‍മത്തിന് തനതായ പാരമ്പര്യവും ശൈലിയുമുണ്ട്.
ക്രിസ്തുമതം ജൂതമതത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്നതിന് സമമാണ് സിഖ് ധര്‍മം ഹിന്ദുമതത്തിന്റെ ഭാഗമാണ് എന്ന വാദവും. ബ്രാഹ്മണിസത്തിന്റെ ഉഛനീചത്വങ്ങളെ അംഗീകരിക്കാത്ത സിഖ് ദര്‍ശനത്തിന് അതിന്റെ ജൈവികത ചോര്‍ന്നുപോയിട്ടില്ല.
മാധവദാസ്, അമല നഗര്‍, തൃശൂര്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍