Prabodhanm Weekly

Pages

Search

2013 ജനുവരി 12

ദൈവസ്‌നേഹത്തിന്റെ മധുവൂറും കഥകള്‍

പി.എ നാസിമുദ്ദീന്‍

നാലു ദശാബ്ദങ്ങളായി കഥാരംഗത്തു സജീവമായി നിലകൊള്ളുന്ന എ.എച്ച് തൃത്താലയുടെ പുതിയ കഥാസമാഹാരമാണ് കര്‍മഭൂമി. പാരമ്പര്യാധിഷ്ഠിതമായ ആസ്തിക്യബോധം കൊണ്ട് തന്റെ ചുറ്റിലുമുള്ള 'ഭിന്നവിചിത്രമായ' ജീവിതത്തെ നോക്കി കാണാനാണ് കഥാകൃത്തിന് താല്‍പര്യം. അതുകൊണ്ടു തന്നെ ദൈവവിശ്വാസത്തിന്റെ കല്ലുളി കൊണ്ട് ജീവിതശിലയില്‍ കൊത്തിയെടുത്ത സുന്ദര ശില്‍പങ്ങളായി ഓരോ കഥകളും മാറുന്നു.
നിഷ്‌കളങ്കരും നിരക്ഷരരുമായ ഗ്രാമീണര്‍ അധിവസിക്കുന്ന സാധാരണ ജീവിത രംഗഭൂമിയാണ് ഈ കഥകളുടെ പശ്ചാത്തലം. ആര്‍ദ്രവും സ്‌നേഹോദാരമായ രചനാ ശൈലിയും ഈ കഥാപശ്ചാത്തലവും വായനക്കാരെ ദീപ്തമായ ഒരനുഭൂതി ലോകത്തിലേക്ക് ആനയിക്കുന്നു. എം.ടി, ഉറൂബ് മുതലായവരുടെ നോവലുകളിലൂടെയും കഥകളിലൂടെയും മലയാളിക്ക് പരിചിതമായ ഏറനാടന്‍ ഗ്രാമപ്രകൃതി തൃത്താല കഥകളുടെയും ലാന്‍ഡ്‌സ്‌കെയ്പ് ആയി മാറുന്നു. തെങ്ങുകളും കമുകുകളും വാഴകളും അവയുടെ നിഴലുകളും ഒക്കെ പടര്‍ന്ന് കിടക്കുന്ന പ്രകൃതിയും, പ്രമാണിമാരും തറവാടികളും പുരോഹിതരുമൊക്കെ പങ്കിടുന്ന ദൈനംദിന ജീവിതവും ആഖ്യാനങ്ങളുടെ അലകുംപിടിയുമായി വര്‍ത്തിക്കുന്നു.
മരണത്തെ നേരിടുമ്പോഴാണ് ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ സത്യത്തെയും സത്തയെയും തിരിച്ചറിയുന്നതെന്ന ആശയം ലോകത്തിലെ വിവിധ മതങ്ങളിലും തത്ത്വശാസ്ത്രങ്ങളിലും കാണാം. അസ്തിത്വവാദ ചിന്തകനായ മാര്‍ട്ടിന്‍ ഹെഡിഗറിന്റെ 'ഒരു വ്യക്തി മരണത്തെ നേരിടുമ്പോഴാണ് അയാളുടെ സത്തയെ കണ്ടെത്തുന്നത്' എന്ന വാക്യം സുവിദിതമാണ്. 'എല്ലാ ആത്മാവുകളെയും മരണം രുചിക്കും, നിങ്ങളുടെ കര്‍മഫലങ്ങള്‍ പുനരുത്ഥാന നാളില്‍ മാത്രം കൈവരികയും ചെയ്യും' എന്ന ഖുര്‍ആന്‍ വാക്യത്തെ മുന്‍നിറുത്തി മനുഷ്യന്‍ അവന്റെ സല്‍ക്കാലങ്ങളില്‍ പുലര്‍ത്തേണ്ട ധാര്‍മിക ജാഗ്രത ഇതിലെ ഓരോ കഥയും ഓര്‍മിപ്പിക്കുന്നു.
ഈ പുസ്തകത്തിന്റെ പേര് സ്വീകരിച്ചിരിക്കുന്ന 'കര്‍മഭൂമി' എന്ന കഥയില്‍ ഒരു ഖബറുവെട്ടുകാരനാണ് നായകന്‍. മഹല്ലില്‍ നടക്കുന്ന ഓരോ മരണവും അയാള്‍ക്ക് തന്നെ ഞെരുക്കുന്ന ദാരിദ്ര്യത്തില്‍നിന്നുള്ള ആശ്വാസമാണ്. അതിനാല്‍ മരണവാര്‍ത്തയുമായി വീട്ടുപടിക്കല്‍ എത്തുന്നയാള്‍ പറയുന്ന പേര് ധനികരുടേത് ആകാന്‍ അയാള്‍ മനസ്സാ മോഹിക്കുന്നു. അയാളുടെ പേറ്റിച്ചിയായ ഭാര്യയാകട്ടെ ഏതെങ്കിലും കുട്ടി മഹല്ലില്‍ ജനിച്ച വിവരം കേള്‍ക്കാനാണ് ആഗ്രഹിക്കുന്നത്. മരണ ജനനങ്ങളുടെ മഹാനാടകം ഇവിടെ നിര്‍ധനരായ രണ്ടു തൊഴിലാളികള്‍ക്കുള്ള വായ്ക്കരിയായി മാറുന്നത് ആവിഷ്‌കൃതമാകുമ്പോള്‍ നാം കാണുന്ന ഉപരിപ്ലവ യഥാര്‍ഥ്യങ്ങള്‍ക്കു പിന്നില്‍ ഞെട്ടിക്കുന്ന ഒട്ടേറെ സത്യങ്ങള്‍ കൂടി കുടികൊള്ളുന്നു എന്ന് വായനക്കാരന്‍ തിരിച്ചറിയുന്നു.
സുല്‍ത്താന്റെ കുതിരകള്‍, വട്ടപൂജ്യം, വെളിച്ചം എന്നിങ്ങനെ മറ്റനേകം കഥകളിലും ഭൗതിക ജീവിതം വെറും ക്ഷണികമാണെന്നും മരണം പിടികൂടുമ്പോഴാണ് സുഖാസക്തികളുടെയും ആഡംബരങ്ങളുടെയും നിസ്സാരത മനുഷ്യന് ബോധ്യമാകുന്നതെന്നും, അതിനാല്‍ നല്ല കാലത്ത് ഇഹലോക ജീവിതം ദൈവസ്മരണയോടെ ചിട്ടപ്പെടുത്തണമെന്നുമുള്ള ആശയം കാണാം. ആ അര്‍ഥത്തില്‍ ദൃഢമായ ദൈവവിശ്വാസത്തില്‍നിന്ന് ഉളവാകുന്ന ധാര്‍മിക ജാഗ്രതയാണ് തൃത്താലയുടെ കഥകളുടെ സത്ത.
സാമൂഹിക ശരീരത്തില്‍ അണുപോലെ പടരുന്ന അഴിമതി, ഉപഭോഗാസക്തി, വര്‍ഗീയത, സ്ത്രീപീഡനം മുതലായ അധാര്‍മികതകളെ നൈസര്‍ഗിക ശൈലിയില്‍ അവതരിപ്പിക്കുന്ന കഥകളാണ് പിടിയാന, അസാധുവെന്ന സാധു, രാമരാജ്യം, കാവല്‍ ഭടന്മാര്‍ മുതലായവ.
കുട്ടികളെയും സ്ത്രീകളെയും പ്രവാസികളെയും കേന്ദ്രീകരിച്ചുള്ള കഥകളും ഈ സമാഹാരത്തിലുണ്ട്. ഇരുട്ട്, ചിരി, കഥയിലെ കാക്ക മുതലായവയില്‍ കുട്ടികളാണ് നായകര്‍. പൂച്ചയെ കെട്ടിയവള്‍, ഹാറൂത്ത് മാറൂത്ത് മുതലായ കഥകളില്‍ യഥാസ്ഥിതിക കുടുംബങ്ങളില്‍ തമസ്‌കരിക്കപ്പെടുന്ന സ്ത്രീകളുടെ അടക്കിപ്പിടിച്ച രോദനങ്ങള്‍ കേള്‍ക്കാം. മരുപ്പച്ച, കൊന്നപൂക്കള്‍ എന്നീ കഥകള്‍ അലിഗറിയുടെ സങ്കേതം ഉപയോഗിച്ച് എഴുതിയവയാണ്.
ദൈവികതയെയും നന്മയെയും സ്‌നേഹത്തെയും കുറിച്ച് മഹത്തായ സന്ദേശങ്ങള്‍ തന്റെ സൗന്ദര്യോപാസനയിലൂടെ നല്‍കുമ്പോഴും തൃത്താലയുടെ കഥകള്‍ ഒട്ടുംതന്നെ യാന്ത്രികമായിത്തീരുന്നില്ല. ഗ്രാമീണതയും നൈസര്‍ഗികതയും ഓളംവെട്ടുന്ന, ആത്മാര്‍ഥത തുളുമ്പുന്ന രചനാശൈലി താന്‍ പകരാന്‍ ആഗ്രഹിക്കുന്ന ആശയങ്ങളെ ജൈവികവും കലാത്മകവുമാക്കി തീര്‍ക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍