വിജയിക്കുന്ന പോരാട്ടങ്ങള്‍ക്കുവേണ്ടി നാം കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു
ഏഴ് മാസത്തിലധികം നീണ്ട ജയില്‍ വാസത്തിന് ശേഷം താങ്കള്‍ മോചിതനായിരിക്കുകയാണ്. എന്ത് തോന്നുന്നു?
എന്റെ ഭാവിയെ കുറിച്ച് കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു. എന്റെ മുന്നിലിപ്പോള്‍ യാതൊരു അനിശ്ചിതത്വവുമില്ല. സത്യം പുറത്ത് വരുകയും ലോകം നമ്മുടെ വ്യവസ്ഥയുടെ യഥാര്‍ഥ മുഖം തിരിച്ചറിയുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. മൂന്ന് മാസം വൈകിയാണെങ്കിലും ഒരല്‍പം വേഗത്തില്‍ ജാമ്യം ലഭിച്ചതില്‍ ഞാന്‍ അല്ലാഹുവിനോട് നന്ദി പറയുന്നു. കഴിഞ്ഞ ജൂലൈ 17 ന് തന്നെ ജാമ്യം അനുവദിക്കാമായിരുന്നു എന്നാണ് സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചത്. എന്ന് പുറത്ത് വരുമെന്നറിയാതെ അസ്വസ്ഥതയോടുകൂടി ജയിലില്‍ തള്ളി നീക്കിയ ദിനങ്ങള്‍ ഒരല്‍പം പ്രയാസകരമായിരുന്നു. പക്ഷേ, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ നിരപരാധിയായി പുറത്ത് വരാന്‍ കഴിയുമെന്ന ബോധ്യമാണ് എന്നെ അവിടെ പിടിച്ചുനിര്‍ത്തിയിരുന്നത്.
എന്നെ സംബന്ധിച്ച് ഇതൊരു വിജയിച്ച പോരാട്ടമാണ്. പല മുസ്‌ലിം ചെറുപ്പക്കാരും 14 വര്‍ഷവും അതിലധികവും കഴിഞ്ഞിട്ടാണ് നിരപരാധികളായി മോചിപ്പിക്കപ്പെടുന്നത്. നീതിന്യായ വ്യവസ്ഥയുടെയും പൊതുസമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയുമെല്ലാം വന്‍ പരാജയങ്ങളില്‍ ഒന്നാണിത്. വിജയിക്കുന്ന പോരാട്ടങ്ങള്‍ക്ക് വേണ്ടി നാം കൂടുതല്‍ ജാഗരൂകരായിരിക്കേണ്ടിയിരിക്കുന്നു.
താങ്കള്‍ എന്തുകൊണ്ട് പ്രതിചേര്‍ക്കപ്പെട്ടു?
ഇറാന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്ത ഏറെ കാലത്തെ പരിചയമാവാം പ്രാഥമികമായി അവരെ അതിന് പ്രേരിപ്പിച്ചത്. 1983 മുതല്‍ ഞാന്‍ വ്യത്യസ്ത ഇറാനിയന്‍ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഐ.ആര്‍.എന്‍.എ (Islamic Republic News Agency) യുടെ ന്യൂഡല്‍ഹി ബ്യൂറോയിലാണ് ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയത്. 1990 വരെ അതില്‍ തുടര്‍ന്നു. പിന്നീട് ഇറാന്‍ റേഡിയോ അടക്കം ഉള്‍ക്കൊള്ളുന്ന ഐ.ആര്‍.ഐ.ബി (Islamic Republic of Iran Broadcasting) യുടെ ന്യൂഡല്‍ഹി ബ്യൂറോയില്‍ മുഴുസമയ പത്രപ്രവര്‍ത്തകനായി. ചെറിയ ഇടവേളയില്‍ ഞാന്‍ 'മീഡിയ സ്റ്റാര്‍' എന്ന പേരില്‍ സ്വന്തം ന്യൂസ് ഏജന്‍സി തുടങ്ങുകയും ദൂരദര്‍ശനില്‍ പാര്‍ട്ട് ടൈം പത്രപ്രവര്‍ത്തകനായി ചേരുകയും ചെയ്തു. 1998-ല്‍ വീണ്ടും ഇറാന്‍ റേഡിയോയില്‍ നിന്ന് ക്ഷണമുണ്ടാവുകയും ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അന്ന് രാവിലെ വരെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.
വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍, ജോലി ആവശ്യാര്‍ഥവും മതപരമായ ആവശ്യങ്ങള്‍ക്കും ഞാന്‍ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2003-ലെ ഇറാഖ് യുദ്ധ സമയത്ത് ദൂരദര്‍ശനിലെ ശ്രദ്ധേയമായ 'വേള്‍ഡ് വ്യൂസ് ഇന്ത്യ' എന്ന പ്രോഗ്രാമിന് വേണ്ടി ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിന് എനിക്ക് ഇറാനിലൂടെ സഞ്ചരിക്കേണ്ടി വന്നിരുന്നു. കാരണം, ആ സമയത്ത് ബാഗ്ദാദിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല. അതുപോലെ തുടക്കത്തില്‍ എന്നോട് ഇറാഖ് യുദ്ധവും അനുബന്ധ വാര്‍ത്തകളും ഇറാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതിലുപരി, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മധ്യ-പൂര്‍വേഷ്യയിലെ അമേരിക്കന്‍-ഇസ്രയേല്‍ നയങ്ങളെ ഞാന്‍ നിരൂപണവിധേയമാക്കുകയും കൃത്യതയോടെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അറബ് ലോകത്തെ വികസന വിഷയങ്ങളെക്കുറിച്ചും അറബ് വസന്തത്തെക്കുറിച്ചുമെല്ലാം വിവിധ മാധ്യമങ്ങള്‍ക്ക് വേണ്ടി ധാരാളം എഴുതുകയും, ഈജിപ്തിലെയും തുനീഷ്യയിലെയും ലിബിയയിലെയും ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിലെല്ലാം ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത് ഈ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലൂടെ മേഖലയില്‍ അമേരിക്കയും ഇസ്രയേലും അപ്രസക്തമായി കൊണ്ടിരിക്കുന്നു എന്നാണ്. അതിന് ഞാന്‍ നിരത്തിയ കാരണങ്ങള്‍ തികച്ചും 'പ്രഫഷണല്‍' ആയിരുന്നു. മുബാറക്കിനെതിരെയുള്ള പ്രക്ഷോഭങ്ങളിലെല്ലാം തഹ്‌രീര്‍ സ്‌ക്വയറിലെ ജനങ്ങളുടെ മുഖ്യ ആവശ്യങ്ങളില്‍ ഒന്ന് ഇസ്രയേലുമായുള്ള സമാധാന കരാര്‍ റദ്ദാക്കുക എന്നതായിരുന്നു. ജോര്‍ദാനില്‍ 'ക്യാമ്പ് ഡേവിഡ്' കരാറിനെതിരെയുള്ള ജനകീയ അമര്‍ഷം കൂടുതല്‍ പ്രത്യക്ഷമായിരുന്നു. ഇങ്ങനെ, ജനാധിപത്യ പ്രക്രിയ പ്രാഥമികമായി തകര്‍ത്തത് ആ മേഖലയിലെ അമേരിക്കന്‍ - ഇസ്രയേല്‍ താല്‍പര്യങ്ങളെയാണ്.
ഞാന്‍ പ്രതിചേര്‍ക്കപ്പെട്ട ആ സംഭവത്തിന് ശേഷം എന്‍.ഡി.ടിവി, ടൈംസ് നൗ, സീ സലാം, രാജ്യസഭാ ടിവി തുടങ്ങി നിരവധി ചാനലുകളില്‍ ഞാന്‍ പ്രത്യക്ഷപ്പെടുകയും ദിനംപ്രതി തകര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള കാരണങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും, സമുന്നത മതനേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം മറികടന്ന് ഇറാന്‍ ഒരിക്കലും ന്യൂക്ലിയര്‍ ബോംബ് നിര്‍മിക്കുകയില്ല എന്നും പ്രേക്ഷകരെ ബോധ്യപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്തിരുന്നു.
എനിക്ക് പറയാനുള്ള കാര്യങ്ങള്‍ നാളെ അവ എന്നെ എങ്ങനെ ബാധിക്കും എന്ന് നോക്കാതെയാണ് സത്യസന്ധമായി ഞാന്‍ വിളിച്ച് പറയാറ്. ലോകത്ത് എവിടെയായിരുന്നാലും എന്റെ ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി നിര്‍വഹിക്കണം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ നിബന്ധനകള്‍ ഞാന്‍ ഒരിക്കലും തെറ്റിച്ചിട്ടില്ല. എനിക്ക് സത്യം പറയാനും, കാണുന്നത് എഴുതാനും സാധിക്കുന്നില്ലെങ്കില്‍ ഞാന്‍ പത്രപ്രവര്‍ത്തനം അവസാനിപ്പിക്കുകയും മറ്റ് വല്ല ജോലിക്കും പോവുകയും ചെയ്യുന്നതാവും നല്ലത്.
1998-ല്‍ ബില്‍ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്ന സമയത്ത് അമേരിക്കന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക 'എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ' ഭാഗമായി ഞാന്‍ അമേരിക്ക സന്ദര്‍ശിക്കുകയും മോണിക്ക-ക്ലിന്റന്‍ വിഷയത്തെ പരസ്യമായിതന്നെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കൃത്യമായ ലക്ഷ്യബോധത്തോടെ, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതാണ് എന്റെ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണവും.
ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് താങ്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും അതിലെ ഭരണകൂട ഇടപെടലിനെയും എങ്ങനെയാണ് നോക്കിക്കാണുന്നത്?
കേസിനെ ബാധിക്കുന്ന വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ചില കാര്യങ്ങള്‍ പറഞ്ഞു വെക്കാം.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ സജീവമായി പത്രപ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്ന ഒരുപാട് പ്രമുഖരായ മുസ്‌ലിംകളും അതുപോലെതന്നെ ഇടത്പക്ഷ അനുഭാവമുള്ളവരുമായ സ്വതന്ത്ര പത്രപ്രവ്രര്‍ത്തകരും ഇന്ന് രംഗത്തില്ല. ഇന്ത്യാ ടുഡേയില്‍ പ്രധാന വാര്‍ത്തകള്‍ എഴുതിയിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഇന്ന് ചെറിയ ഉര്‍ദു പത്രത്തില്‍ ഉപജീവനത്തിന്‌വേണ്ടി ജോലി നോക്കുകയാണ്. ഇത്തരത്തില്‍ ഒരുപാട് ഉദാഹരണങ്ങള്‍ കാണിക്കാന്‍ സാധിക്കും. പ്രമുഖ പത്രങ്ങളിലും, ടി.വി ചാനലുകളിലും നിറഞ്ഞ് നിന്നിരുന്ന സമര്‍പ്പിതരായ പലരും ആരോഗ്യത്തോടെ ജീവിച്ചിരിക്കെതന്നെ മുഖ്യധാരയില്‍ നിന്ന് അപ്രത്യക്ഷരായികൊണ്ടിരിക്കുന്നു.
എന്റെ ജയില്‍ മോചനത്തിന് ശേഷം പല പ്രമുഖ മാധ്യമ അവതാരകരും തീര്‍ത്തും ദ്വയാര്‍ഥമുള്ളതും മുന്‍വിധികള്‍ നിറഞ്ഞതുമായ ചോദ്യങ്ങളാണ് എന്നോട് ചോദിച്ചുകൊണ്ടിരുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തില്‍ ആരാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ രൂപപ്പെടുത്തികൊണ്ടിരിക്കുന്നത്? ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് അവര്‍ പണിപ്പെടുന്നത്?
ഭീകരവാദ ആരോപണ കേസുകളില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാട് തീര്‍ത്തും നിരാശാജനകമാണ്. സര്‍ക്കാറിന്റെ ഉപകരണങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു അവ. താങ്കളുടെ കേസിലും അതുതന്നെയല്ലെ സംഭവിച്ചത്?
മുഖ്യധാരാ മാധ്യമങ്ങളില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഏജന്‍സികളും പോലീസ് വകുപ്പുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നവരുമാണ്. പൊതുവില്‍ എല്ലാ മാധ്യമങ്ങളിലും ഏറ്റവും പുതിയ പത്രപ്രവര്‍ത്തകരായിരിക്കും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെടുക. അവര്‍ വളരെ പെട്ടെന്ന് തന്നെ ഈ ഏജന്‍സികളാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യും.
പ്രധാനമന്ത്രിയെ തന്നെ ഇന്റര്‍വ്യൂ ചെയ്യേണ്ടിവന്നാലും 'സാര്‍' എന്ന് വിളിക്കാതെ അഭിമുഖീകരിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഞാന്‍. നിങ്ങള്‍ സാര്‍ എന്ന് വിളിച്ച് ഇന്റര്‍വ്യൂ ചെയ്ത് തുടങ്ങിയാല്‍ അവര്‍ ആര് തന്നെയായാലും അവരെ നിങ്ങള്‍ക്ക് ഇന്റര്‍വ്യൂ ചെയ്യാന്‍ സാധിക്കില്ല. മറിച്ച് കീഴ്മയോട് കൂടി അവന്‍ പറയുന്നത് പകര്‍ത്തുവാന്‍ മാത്രമേ സാധിക്കൂ. പത്രപ്രവര്‍ത്തനം ഒരു തൊഴില്‍ രംഗം എന്ന നിലയില്‍ പണം സമ്പാദിക്കാന്‍ വേണ്ടി മാത്രം വരുന്നവരാണ് പുതിയ പത്രപ്രവര്‍ത്തകര്‍. അവരെ ആര്‍ക്കും എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയും.
ഇത് ഏകപക്ഷീയമായ വാര്‍ത്തകള്‍ മാത്രം ലഭ്യമാകുന്ന സമയമാണ്. ആരും പ്രതിചേര്‍ക്കപ്പെട്ടവരുടെ പക്ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നില്ല. എന്റെ കേസില്‍ എനിക്ക് ജാമ്യം ലഭിച്ചതിന് ശേഷം മാത്രമാണ് മാധ്യമങ്ങളില്‍ എനിക്ക് പറയാനുള്ളത് പറയാന്‍ അവസരം ലഭിച്ചത്.
എന്നിരുന്നാലും, ബദല്‍ മാധ്യമങ്ങളില്‍ നമുക്ക് വലിയ പ്രതീക്ഷകളുണ്ട്. എന്റെ മോചനത്തിലും വാര്‍ത്തകള്‍ പുറത്ത് കൊണ്ട്‌വരുന്നതിലും ഫേസ്ബുക്ക്, ബ്ലോഗുകള്‍ ഇതര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവക്ക് വലിയ പങ്കുണ്ട്.
താങ്കളുടെ കേസിന് ഇന്ത്യയുടെ വിദേശകാര്യ നയവുമായി വല്ല ബന്ധവുമുണ്ടോ? മുമ്പ് ഇത്തരം അക്രമണ സംഭവങ്ങളില്‍ വിദേശ ബന്ധം ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഇതിന്റെ പേരില്‍ ഈ രാജ്യത്തെ പൗരന്മാര്‍ തന്നെ വേട്ടയാടപ്പെടുകയാണ്.
ഇന്ത്യന്‍ ജിഹാദ് പോലുള്ളവ കെട്ടിയെഴുന്നള്ളിക്കപ്പെടുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വാഷിംഗ്ടണിലെ 'തിങ്ക് ടാങ്കുകള്‍' ഇന്ത്യയില്‍ അന്താരാഷ്ട്ര ഭീകരവാദം (Home grown Terrorism) വളരുന്നു എന്ന് പ്രചരിപ്പിച്ച് തുടങ്ങിയിരുന്നു. കാരണം, അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരവാദങ്ങളില്‍ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതിനാല്‍, ഇവിടെ അന്താരാഷ്ട്ര ഭീകരവാദം വളരുന്നു എന്ന് അവര്‍ പറയുകയും നമ്മുടെ ഭരണ സംവിധാനങ്ങള്‍ അതേറ്റുപിടിക്കുകയും ചെയ്തു. സുരക്ഷാ സംവിധാനങ്ങള്‍ തന്നെ അതിനൊരു പേര് നല്‍കുകയും ചെയ്തു. ആ പേര് തന്നെ അമേരിക്കന്‍ 'തിങ്ക് ടാങ്കു'കള്‍ നല്‍കിയ അഭിപ്രായത്തിന്റെ നേരിട്ടുള്ള വിവര്‍ത്തനമാണ്. ഈ സംഘടനയുടെ അഡ്രസ് ഒന്ന് ലഭിക്കുമോ, അല്ലെങ്കില്‍ അവരെയൊന്ന് കാണിച്ച് തരുമോ എന്ന് ഈയിടെ ഒരു പാര്‍ലമെന്റ് അംഗം ചോദിച്ചത് ശ്രദ്ധേയമാണ്.
ഭീകരത സൃഷ്ടിക്കുന്ന ഈ അധികാര കേന്ദ്രം ഒരേ സമയം വ്യത്യസ്ത കാന്‍വാസുകളില്‍ ചിത്രം വരക്കുന്ന ഒരു ചിത്രകാരനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരിടത്ത് അയാള്‍ പശ്ചാത്തലം ഒരുക്കുകയും മറ്റൊരിടത്ത് രൂപരേഖ പണിയുകയും മൂന്നാമത് അതിന് നിറം നല്‍കുകയും അങ്ങനെ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ഇറാഖിനെ തകര്‍ത്ത്, അഫ്ഗാന്‍ ആക്രമിച്ച് പാകിസ്താനിലൂടെ ഇന്ത്യയിലെത്തി ഇന്തോനേഷ്യയിലൂടെ മറ്റ് രാജ്യങ്ങള്‍ തേടിപോവുകയാണവര്‍.
ആയിരക്കണക്കിന് ആളുകള്‍ ഇത്തരം കെട്ടിച്ചമച്ച കേസുകളില്‍ ജയിലറകളില്‍ കഴിയുകയും അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരും ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് വലിയ ജനകീയ സമരം കൊണ്ടും സാമൂഹിക സമ്മര്‍ദം കൊണ്ടും കൃത്യമായ നിയമയുദ്ധത്തിലൂടെ താങ്കള്‍ക്ക് ജാമ്യം ലഭിക്കുന്നത്?
സത്യമാണ്. ഈ ആളുകളുടെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കി സമൂഹത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും അവര്‍ക്ക് നിയമസഹായം എത്തിക്കാനും സാധിക്കേണ്ടതുണ്ട്. ധാരാളം ദരിദ്രരായ, നിയമ സഹായത്തിനുപോലും യാതൊരു വകുപ്പുമില്ലാത്ത യുവാക്കള്‍ നമ്മുടെ ജയിലുകളിലുണ്ട്. അവരെ സംരക്ഷിക്കാനും അവര്‍ക്കുവേണ്ടി സംസാരിക്കാനും ഇവിടെ ആരുമില്ല. വര്‍ഷങ്ങളോളം വിചാരണാ തടവുകാരായി ജയിലില്‍ കഴിയുന്ന, ഇതുവരെ ജാമ്യാപേക്ഷപോലും നല്‍കിയിട്ടില്ലാത്ത നിരവധിപേരെ ജയിലില്‍ കാണുകയുണ്ടായി. ഇക്കാര്യത്തില്‍ നമ്മുടെ നിയമനിര്‍മാതാക്കളുടെ കണ്ണ് തുറപ്പിക്കാന്‍ മുസ്‌ലിം സമുദായത്തിന് ബാധ്യതയുണ്ട്.
ഇതുവരെ വളരെ ദരിദ്രരായ, വിദ്യാരഹിതരായ യുവാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ അടുത്തായി താങ്കളടക്കമുള്ള വിദ്യാസമ്പന്നരായ, അറിയപ്പെടുന്ന ഉന്നത സാമൂഹിക സ്ഥാനങ്ങളിലുള്ള മുസ്‌ലിംകള്‍ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഈ മാറ്റത്തെ എങ്ങനെയാണ് നോക്കി കാണുന്നത്? കള്ളക്കേസ് കെട്ടിച്ചമക്കലുകളുടെ രണ്ടാമത്തെ ഘട്ടമാണോ ഇത്?
എന്റെ ചെറുപ്പത്തില്‍ ഉത്തരേന്ത്യയിലെ ഗ്രാമീണ മുസ്‌ലിംകള്‍ 'കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കരുത്, അവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുകയില്ല' എന്ന് പറഞ്ഞ് വിദ്യാഭ്യാസത്തില്‍നിന്ന് പിന്തിരിപ്പിക്കാറുണ്ടായിരുന്നു. ഇന്ന് അതേ അവസ്ഥ മറ്റൊരു വിധത്തില്‍ ആവര്‍ത്തിക്കുകയാണ്. 'നിങ്ങളുടെ കുട്ടികളെ കോളേജുകളിലേക്ക് പറഞ്ഞയക്കരുത്, അവരെ പോലീസ് പിടികൂടാം' എന്നവര്‍ പറഞ്ഞ് തുടങ്ങിയിരിക്കുന്നു.
ഈ മാറ്റം മനസ്സിലാക്കുന്ന എല്ലാവരും ഒരുമിച്ചുവരുകയും, ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ പ്രവര്‍ത്തിക്കുകയും അത്തരം പ്രവര്‍ത്തകരുടെ രാജ്യവ്യാപകമായ വലിയൊരു കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇത് പരിഹരിക്കപ്പെടുകയുള്ളൂ.
ഇന്ത്യയിലെ മുസ്‌ലിം സമൂഹം സാമൂഹികവും സാമ്പത്തികവുമായി ആദ്യമേ ഏറെ പിറകിലാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതിന്റെ നേര്‍സാക്ഷ്യമാണ്. ഭീകരതയുടെ പേരിലുള്ള ഈ വേട്ട അതിനെ എങ്ങനെയാണ് ബാധിക്കുക?
മുസ്‌ലിം സമൂഹത്തിന് ആദ്യമേ സംഭവിച്ച നഷ്ടങ്ങള്‍ നികത്തുവാനുള്ള സമയമാണിത്. കൃത്യമായ കാഴ്ചപ്പാടോടുകൂടി മുസ്‌ലിം സമുദായം ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആരോ ഒരുക്കുന്ന ചതിക്കുഴികളില്‍ വീണ് പോകുന്നത് തുടരുകയാണെങ്കില്‍ ശത്രുക്കള്‍ വിജയിക്കുന്നു എന്നാണ് അര്‍ഥം... അവരുടെ പ്ലാനുകളെ നമ്മുടെ ഐക്യം കൊണ്ട് പരാജയപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. നാം വിവേകത്തോടെയും ഐക്യത്തോടെയും പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
എന്റെ കേസില്‍, എല്ലാ വിഭാഗം മുസ്‌ലിംകളും നീതി ആഗ്രഹിക്കുന്നവരും ഒന്നിച്ചു നിന്നു എന്നതും ഐക്യത്തോടെ പോരാടാന്‍ സാധിച്ചു എന്നതും ഏറെ ആശാവഹമാണ്. എന്റെ മുപ്പത് വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്. വളരെ സമാധാനപരമായി നൂറ് കണക്കിന് പ്രതിഷേധ സമരങ്ങള്‍ എനിക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുകയുണ്ടായി. മുസ്‌ലിംകള്‍ മറ്റു വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിലും ഇതുപോലെ ഐക്യത്തില്‍ തുടരുകയാണെങ്കില്‍ ഞാന്‍ എന്റെ വേദന മറക്കുവാന്‍ തയാറാണ്. ഐക്യത്തിന്റെ ബലം നാം മനസ്സിലാക്കേണ്ടതുണ്ട്. അവ വലിയ ഫലങ്ങളുണ്ടാക്കുന്നുണ്ട്. വ്യാജ കേസില്‍ യു.എ.പി.എ നിയമം ചാര്‍ത്തിയ ഒരാളെ ഇന്ത്യയില്‍ ആദ്യമായി എട്ട് മാസത്തിനുള്ളില്‍ ജയില്‍ മോചിതനാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതൊരു ചെറിയ കാര്യമല്ല.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കാമ്പസുകളിലും താങ്കള്‍ക്ക് വേണ്ടി വ്യത്യസ്ത സമരപരിപാടികള്‍ നടക്കുകയുണ്ടായി. അവര്‍ക്കുള്ള സന്ദേശം എന്താണ്?
ഞാന്‍ വ്യക്തിപരമായി അവരോട് നന്ദി രേഖപ്പെടുത്തുന്നു. തെരുവുകളിലും, മാധ്യമങ്ങളിലും പള്ളികളിലും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മുഴുവന്‍ പേരോടും ഞാന്‍ കടപ്പെട്ടവനാണ്. എനിക്ക് കഴിയും വിധത്തില്‍ ഇനിയുള്ള കാലം ഞാന്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഞാനും അഡ്വ. മഹ്മൂദ് പ്രാചയും അത്തരം ചില പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അതിന് നിങ്ങളുടെ സര്‍വ പിന്തുണയും പ്രതീക്ഷിക്കുന്നു.
Comments