Prabodhanm Weekly

Pages

Search

2013 ജനുവരി 12

കളങ്കമില്ലാത്ത മാനസികാവസ്ഥ അഥവാ ഇഖ്‌ലാസ്

ഇബ്‌റാഹീം ശംനാട്

അല്ലാഹുവിനോടുള്ള സ്‌നേഹം, അനുസരണം, ഭയം എന്നിവയില്‍ നിന്ന് മനസ്സില്‍ രൂപപ്പെടുന്ന മഹത്തായ ആന്തരിക പ്രചോദനമാണ് ഇഖ്‌ലാസ്. തീര്‍ത്തും മനഃശാസ്ത്രപരമായ പ്രചോദനം. ദൈവിക വിചാരണ മുന്നില്‍ കണ്ട് സ്വര്‍ഗത്തെ മനസ്സില്‍ സങ്കല്‍പ്പിച്ച് സല്‍കര്‍മം ചെയ്യാനുള്ള മനസ്സിന്റെ ഉല്‍ക്കടമായ അഭിലാഷമാണ് ഇഖ്‌ലാസ് കൊണ്ടര്‍ഥമാക്കുന്നത്. ഏത് സല്‍കര്‍മം ചെയ്യുമ്പോഴും കളങ്കമില്ലാത്ത മാനസികാവസ്ഥ അഥവാ ഇഖ്‌ലാസ് ഉണ്ടായിരിക്കുക എന്നത് ഇസ്‌ലാം വളരെയധികം നിഷ്‌കര്‍ഷിക്കുന്ന കാര്യമാണ്. ഒരു സല്‍പ്രവര്‍ത്തി ചെയ്യുക എന്നതല്ല, അത് സദ്‌വിചാരത്തോടെ ചെയ്യുക എന്നതാണ് പ്രധാനം. ഇസ്‌ലാമിക ദര്‍ശനത്തെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും മുന്നോട്ട് വരുന്ന ഏതൊരു വ്യക്തിയും ആദ്യം അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയമാണിത്. കാരണം മനുഷ്യ കര്‍മങ്ങളെ അവയുടെ ആന്തരിക പ്രേരകങ്ങള്‍ കൂടി മുമ്പില്‍ വെച്ചായിരിക്കും പരലോകത്ത് വിചാരണ ചെയ്യുക.
ഇഖ്‌ലാസ് എന്ന അറബി പദത്തിന് നമ്മുടെ ഭാഷയില്‍ ആത്മാര്‍ഥത, നിഷ്‌കളങ്കത തുടങ്ങിയ അര്‍ഥം പറഞ്ഞാലും കളങ്കമില്ലാത്ത മാനസികാവസ്ഥ എന്ന് വ്യവഹരിച്ചാലും അതെല്ലാം അപൂണമായ അര്‍ഥവും ആശയപ്രകാശനവുമാണ്്. മുസ്‌ലിം എല്ലാ സല്‍കര്‍മങ്ങളും ചെയ്യേണ്ടത് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് കൊണ്ടായിരിക്കണം. ഭൗതികമായ യാതൊരു പ്രതിഫലവും പ്രശംസയും പ്രകടനാത്മകതയും പ്രതീക്ഷിക്കുന്നത് സല്‍പ്രവര്‍ത്തനങ്ങള്‍ പാഴ്‌വേലയായിത്തീരാന്‍ നിമിത്തമാവും. ഒരു കോപ്പ ശുദ്ധമായ പാല്‍ മലിനപ്പെടുത്താന്‍ ഒരു തുള്ളി മലിന ജലത്തിന് സാധിക്കുമല്ലോ. അതുപോലെ തന്നെ ഇഖ്‌ലാസ്. ഇഖ്‌ലാസ് ശരിയായ ദിശയിലല്ലെങ്കില്‍ പ്രവര്‍ത്തനം ലക്ഷ്യസ്ഥാനം കാണുകയില്ല.
''നിഷ്‌കളങ്കമായ അനുസരണം അല്ലാഹുവിന് മാത്രമാക്കാനും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും സകാത്ത് നല്‍കാനുമല്ലാതെ അവര്‍ ആജ്ഞാപിക്കപ്പെട്ടിരുന്നില്ല. അതത്രെ ശരിയായ മതം'' (98:5). ്രപവാചകന്മാരുടെ ഗുണമായും ഇഖ്‌ലാസ് പരാമര്‍ശിച്ചതായി വിശുദ്ധ ഖുര്‍ആനില്‍ കാണാം. ''വേദഗ്രന്ഥത്തില്‍ നീ മൂസയെ അനുസ്മരിക്കുക. നിശ്ചയമായും അദ്ദേഹം നിഷ്‌കളങ്ക വ്യക്തിയായിരുന്നു. ദൂതനും ്രപവാചകനുമായിരുന്നു'. (19:51)
നബി (സ) അരുളി: ''നിശ്ചയം അല്ലാഹു നിങ്ങളുടെ ആകാര സൗഷ്ടവത്തിലേക്കോ സമ്പത്തിലേക്കോ അല്ല നോക്കുന്നത്, മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കും പ്രവര്‍ത്തനത്തിലേക്കുമാണ്.''
ഇസ്‌ലാമില്‍ പ്രഥമ പരിഗണനീയമായ കാര്യം ഏതാണെന്ന് ചോദിച്ചാല്‍ അത് ഇഖ്‌ലാസ് തന്നെ. ഒരാളുടെ ഇഖ്‌ലാസ് അല്ലാഹുവിന്റെ മാത്രം ജ്ഞാനത്തില്‍പ്പെട്ട അതി നിഗൂഢവും രഹസ്യവുമായ കാര്യമാണ്. നമ്മുടെ സകല പ്രവര്‍ത്തനങ്ങളും എഴുതിവെക്കുന്ന മാലാഖമാര്‍ക്ക് പോലും അത്യുന്നതായ ഈ മാനസികാവസ്ഥ അജ്ഞാതമാണ്. ഇഖ്‌ലാസുള്ളവരെ വഴിതെറ്റിക്കാന്‍ കഴിയില്ലെന്ന് പിശാച് പരിതപിക്കുന്നതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് (38:82,83). മനുഷ്യ മനസ്സില്‍ നിന്നും ദൈവത്തിലേക്കുള്ള അദൃശ്യമായ ഒരു സ്വര്‍ണ ചരടാണ് ഇഖ്‌ലാസ്. ഈ സ്വര്‍ണ ചരടിന്റെ അഭാവത്തില്‍ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിലേക്കെത്താതെ വഴിയിലെവിടെയോ പ്രസരണ നഷ്ടം സംഭവിക്കുമെന്ന കാര്യം നാം വിസ്മരിക്കരുത്.

ലക്ഷണങ്ങള്‍
മനുഷ്യന്‍ കണ്ടുപിടിച്ച ഭൗതികമായ ഏതെങ്കിലും മാപിനി ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്താവുന്നതാണോ ഇഖ്‌ലാസ്? ഒരിക്കലുമല്ല. സ്വന്തം ഇഖ്‌ലാസിനെ കുറിച്ച് ആലോചിക്കാതെ മറ്റുള്ളവരുടെ ഇഖ്‌ലാസിനെ കുറിച്ച് സംശയിക്കുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇഖ്‌ലാസ് ഉണ്ടോയെന്ന് ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കി, പൂര്‍ണമായി ശരിയാവില്ലെങ്കിലും നമുക്ക് സ്വയം പരിശോധിക്കാവുന്നതാണ്. അതിലേറ്റവും പ്രധാനം നമ്മുടെ വാക്കും പ്രവൃത്തിയും പരസ്പരം പൂരകമാണോ എന്ന കാര്യമാണ്. നമ്മുടെ ജീവിതത്തിന്റെ ഉള്ളും പുറവും ഒരുപോലെയാണോ? പുറത്ത് കാണുന്ന വിശുദ്ധി അകത്തളങ്ങളില്‍ ഉണ്ടാവാറുണ്ടോ? അതിന്റെ അനുപാതത്തിന് അനുസരിച്ച് നമുക്ക് ഇഖ്‌ലാസുണ്ടെന്ന് അനുമാനിക്കാം. ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത എത്രമാത്രം ആഴത്തിലുള്ളതാണ്? നമസ്‌കാരം, സകാത്ത്, നോമ്പ് തുടങ്ങിയവയും അവയുടെ ഐഛിക കര്‍മങ്ങളും അനുഷ്ഠിക്കുന്നതിലെ നിതാന്ത ജാഗ്രത? ജീവിതത്തില്‍ അതിന്റെ സ്വാധീനം? നമ്മുടെ സ്വഭാവ മഹിമ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാണോ? മനസ്സിനെ സ്പര്‍ശിക്കാത്ത ഒരുതരം ഗിമ്മിക്കാവാന്‍ പാടില്ല നമ്മുടെ ഇസ്‌ലാം. 

ഭൗതിക താല്‍പര്യങ്ങളും ഈമാന്റെ താല്‍പര്യങ്ങളും ഏറ്റുമുട്ടേണ്ടിവരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടാവും. അപ്പോള്‍ ഈമാനിക താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഇഖ്‌ലാസിന്റെ ലക്ഷണങ്ങളാണ് അതിലൂടെ പ്രകടമാവുന്നത്.

വര്‍ധിപ്പിക്കാനുള്ള വഴികള്‍
മനസ്സിലേക്ക് യാന്ത്രികമായി അലിഞ്ഞു ചേരുന്ന സവിശേഷ സ്വഭാവമല്ല ഇഖ്‌ലാസ്. സല്‍കര്‍മം ചെയ്യാന്‍ ഒരാളെ പ്രചോദിപ്പിക്കുന്നതെന്താണ്? ആ പ്രചോദനം താനും അല്ലാഹുവും തമ്മിലുള്ള അദമ്യമായ ബന്ധത്തില്‍ നിന്ന് ഉണ്ടായതാണോ എന്ന ആത്മപരിശോധന നമ്മുടെ ദിശ പിഴക്കാതിരിക്കാനും ഇഖ്‌ലാസ് വര്‍ധിപ്പിക്കാനും സഹായകമാവും. ധാരാളമായി നന്മ•ചെയ്യുക. ആ നന്മയുടെ പ്രഭയില്‍ ഹൃദയത്തില്‍ ഊറിവരുന്ന രത്‌നമാണ് ഇഖ്‌ലാസ്. അരുവിയിലൂടെ ദീര്‍ഘദൂരം ഒഴുകി വരുന്ന ഒരു കല്‍ചീള് വളരെ മനോഹരമായി മിനുമിനുത്തതാവുന്നത് നാം കാണാറുണ്ട്. അതിന്റെ സഞ്ചാരത്തിന്റെ ദൈര്‍ഘ്യത്തിനനുസരിച്ച് കല്‍ചീളിന്റെ പ്രതലം മനോഹരമാവുന്നു. അത് പോലെയാണ് സല്‍കര്‍മങ്ങള്‍. സല്‍കര്‍മങ്ങള്‍ ചെയ്ത് മനസ്സും ശരീരവും പാകപ്പെടുമ്പോള്‍ ഇഖ്‌ലാസും വര്‍ധിക്കും. മറ്റൊന്ന് പ്രാര്‍ഥനയാണ്. ഏത് ആവശ്യങ്ങളുടെയും പൂര്‍ത്തീകരണത്തിന് ആദ്യമായി അവലംബിക്കേണ്ട മാര്‍ഗവും അതുതന്നെ. അല്ലാഹുവേ നീ എനിക്ക് ഇഖ്‌ലാസ് വര്‍ധിപ്പിച്ചു തന്നാലും എന്ന് പ്രാര്‍ഥിക്കുന്നത് മനസ്സില്‍ പൈശാചിക സ്വാധീനങ്ങള്‍ കടന്ന് വരാതിരിക്കാന്‍ സഹായകമാവും. ഇഖ്‌ലാസ് മനസ്സില്‍ രൂപപ്പെടാനുള്ള മറ്റൊരു വഴി എപ്പോഴും നല്ല മാതൃകയായി സ്വയംനിലകൊള്ളുകയും ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുകയും ചെയ്യുക എന്നതാണ്. ഒരാളോട് നല്ല കാര്യം പറയുമ്പോള്‍ അക്കാര്യം അയാള്‍ ആദ്യം ഉണര്‍ത്തുന്നത് അയാളെ തന്നെയാണല്ലോ.
ഇഖ്‌ലാസ് വര്‍ധിപ്പിക്കാന്‍ സഹായകമായ മറ്റൊരു കാര്യം അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ കുറിച്ച പഠനമാണ്. അല്ലാഹു സര്‍വജ്ഞനും എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണ് എന്ന അല്ലാഹുവിന്റെ വിശേഷണങ്ങള്‍ ഉണ്ടല്ലോ. നമ്മുടെ രഹസ്യവും പരസ്യവുമായ സകല ചലനങ്ങളും വിചാരങ്ങളുമെല്ലാം അവന്‍ അറിയുന്നു എന്ന ബോധം മനസ്സില്‍ പതിഞ്ഞാല്‍ അല്ലാഹുവിനെ കുറിച്ച ഭയം ഉടലെടുക്കുകയും അത് ഇഖ്‌ലാസ് വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും. മറ്റൊന്ന് മരണ സ്മരണ നിലനിര്‍ത്തലാണ്. ഈ ബോധത്തോടു കൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കാപട്യം ബാധിക്കുകയില്ല. ഇഖ്‌ലാസ് സംബന്ധമായ പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും തിരു വചനങ്ങളിലും നമുക്ക് ധാരാളം കാണാം. അത്തരം വചനങ്ങളുടെ വായനയും മനനവും മനസ്സില്‍ ഇഖ്‌ലാസ് ഉളവാകാന്‍ സഹായകമാവും. മുഹമ്മദ് നബി(സ)യുടെയും പൂര്‍വ പ്രവാചകന്മാരുടെയും ചരിത്രം പഠിക്കുകയും അദ്ദേഹത്തിന്റെ അനുചരന്മാരുടെ ജീവിതത്തിലെ നിസ്തുലമായ ഏടുകള്‍ അനുസ്മരിക്കുകയും ചെയ്യല്‍ മറ്റൊരു മാര്‍ഗമാണ്.
പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര രഹസ്യമായി ചെയ്യുന്നത് ഇഖ്‌ലാസ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. മഹത്തായ ഇഖ്‌ലാസിനുടമയായിരുന്നു പ്രവാചകന്റെ പൗത്രന്‍ ഹസനി(റ)ന്റെ പുത്രന്‍ സൈനുല്‍ ആബിദീന്‍. പത്ത് വര്‍ഷമായി മദീനയിലെ പാവപ്പെട്ട ജനതക്ക് വീട്ടുപടിക്കല്‍ ഭക്ഷണം ലഭിക്കുമായിരുന്നു. ആരാണ് അത് നല്‍കുന്നതെന്ന് അവര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. സൈനുല്‍ ആബിദീന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം നിലച്ചപ്പോഴാണ് അവര്‍ക്ക് കാര്യം ബോധ്യമായത്. അദ്ദേഹത്തിന്റെ മൃതശരീരം കുളിപ്പിച്ചപ്പോള്‍ പുറത്ത് കറുത്ത തയമ്പ് കണ്ടിരുന്നു. ഗോതമ്പ് മാവ് ചുമന്ന് കൊണ്ടുപോയതിന്റെ തയമ്പായിരുന്നു അത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍