Prabodhanm Weekly

Pages

Search

2013 ജനുവരി 12

ദിമ്മികളുടെ അവകാശങ്ങള്‍

മുജീബ്‌

ഭൂമിയില്‍ മര്‍ദിതരായ ജനതയോട് ഔദാര്യം കാണിക്കാനും അവരെ ജേതാക്കളാക്കാനും ഭൂമിയുടെ അവകാശികളാക്കാനും നാം ഉദ്ദേശിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഈ സൂക്തത്തിന്റെ സന്ദര്‍ഭമാവട്ടെ ഫറോവ തന്റെ ജനതയെ വിവിധ കക്ഷികളാക്കി പീഡിപ്പിച്ചപ്പോള്‍. എന്നാല്‍, ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ ആ രാജ്യത്തെ ജനങ്ങളെ മുസ്‌ലിംകളെന്നും ദിമ്മികളെന്നും വേര്‍തിരിച്ച് ദിമ്മികള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നുവെങ്കിലും ഭരണപങ്കാളിത്തത്തില്‍നിന്ന് അവരെ മാറ്റിനിര്‍ത്തുന്നു. ഇത് തികച്ചും അനീതിയല്ലേ? ഭരണ പങ്കാളിത്തമുണ്ടെങ്കിലല്ലേ അവര്‍ ജേതാക്കളാവുകയുള്ളൂ. അതുകൊണ്ടാണല്ലോ ജമാഅത്തെ ഇസ്‌ലാമി പിന്നാക്ക ദലിത് ജനതയുടെ മോചനത്തിന് വേണ്ടിയും ഭരണ പങ്കാളിത്തത്തിനു വേണ്ടിയും ശബ്ദിക്കുന്നത്. പേരിന് രാമന് മുസ്‌ലിം ലീഗ് സീറ്റ് കൊടുക്കുന്നതുപോലെയല്ലേ വിപ്ലവാനന്തര ഈജിപ്തും തുനീഷ്യയും കോപ്റ്റിക് വംശജര്‍ക്ക് പേരിന് സ്ഥാനം നല്‍കുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ എവിടെയാണ് മുസ്‌ലിംകളല്ലാത്തവരെ ഭരണപങ്കാളിത്തത്തില്‍ നിയോഗിച്ചിട്ടുള്ളത്. എന്നും ദിമ്മികളായി കഴിയാനാണല്ലോ അവരുടെ വിധി. പ്രതികരണം?
എ.വി അബ്ദുര്‍റസ്സാഖ് 
തിരുവത്ര, ചാവക്കാട്
ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ അനുഗ്രഹിക്കാനും അവരെ നേതാക്കളും ഭരണത്തിന്റെ അനന്തരാവകാശികളാക്കിത്തീര്‍ക്കാനുമാണ് നാം ഉദ്ദേശിക്കുന്നത് എന്ന് ഫറോവമാരുടെ ഭരണത്തില്‍ പീഡിതരായ ഇസ്രയേല്‍ മക്കളെ മൂസാ(അ) മുഖേന അല്ലാഹു അറിയിച്ചതായി വിശുദ്ധ ഖുര്‍ആനിലുണ്ട്. എന്നാല്‍ അല്ലാഹുവിനോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്തതെങ്കിലേ ഭൂമിയുടെ അധികാരാവകാശം ലഭിക്കൂവെന്ന് മൂസാ തന്റെ സമുദായത്തെ ഉണര്‍ത്തിയതും ഖുര്‍ആന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. സ്വേഛാധിപത്യത്തിനെതിരെ സഹനവും പ്രാര്‍ഥനയും ആയുധമാക്കി വിശ്വാസത്തില്‍ അടിയുറച്ചുനിന്ന് പോരാടിയാലാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുക എന്നാണിതിനര്‍ഥം. പൊരുതാന്‍ തയാറില്ലാതെ ഭീരുക്കളും നിഷ്‌ക്രിയരുമായിരുന്നാല്‍ എന്ത് സംഭവിക്കുമെന്ന് ഇസ്രാഈല്യരുടെ സീനായ് അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ഒരു ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍ക്കുള്ള അവകാശങ്ങള്‍ മറ്റൊരു പ്രശ്‌നമാണ്. നടേ പറഞ്ഞ തത്ത്വങ്ങളുമായി അതിന് ബന്ധമില്ല. ഇസ്‌ലാമിക രാഷ്ട്രത്തില്‍ മനുഷ്യരെന്ന നിലയിലുള്ള പൗരാവകാശം എല്ലാവര്‍ക്കും ലഭ്യമാണ്, തുല്യവുമാണ്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ മൗലികാവകാശങ്ങളിലും വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ പോലുള്ള അടിസ്ഥാന സേവന തുറകളിലും മതത്തിന്റെയോ മറ്റെന്തിന്റെയോ പേരില്‍ വിവേചനത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. എന്നാല്‍, സൈനിക സേവനം അമുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമല്ല എന്നതുകൊണ്ട് അമുസ്‌ലിംകളില്‍ ശേഷിയുള്ളവര്‍ക്ക് രാജ്യരക്ഷാ നികുതി ചുമത്തിയിരുന്നു. അതാണ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട 'ജിസ്‌യ'. മാറിയ ലോക സാഹചര്യങ്ങളില്‍ വ്യവസ്ഥാപിത പട്ടാളം നിലവില്‍ വന്നിരിക്കെ ഇനി രാജ്യരക്ഷക്ക് പ്രത്യേക നികുതി ആവശ്യമായി വരുന്നില്ല. അതുപോലെ അല്ലാഹുവിന്റെയും പ്രവാചകന്റെയും പ്രത്യേക സംരക്ഷണം ഉറപ്പ് നല്‍കപ്പെട്ടവന്‍ എന്നര്‍ഥമുള്ള ദിമ്മി പ്രയോഗവും ഗതകാലത്തിന്റെ താല്‍പര്യമായിരുന്നു. ഇപ്പോള്‍ തുല്യാവകാശവും സംരക്ഷണവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പ് നല്‍കുന്ന ഭരണഘടനയും സംവിധാനവും യാഥാര്‍ഥ്യമായിരിക്കെ 'ദിമ്മി' പ്രയോഗത്തിന്റെ പ്രസക്തിയും നഷ്ടപ്പെടുന്നു.
എന്നാല്‍, ഇസ്‌ലാമിക സ്റ്റേറ്റിന്റെ അടിത്തറ ഇസ്‌ലാമികാദര്‍ശങ്ങളാണെന്നതുകൊണ്ട് അതുപ്രകാരം ഭരണം കൊണ്ടുനടക്കേണ്ട മര്‍മപ്രധാന തസ്തികകളില്‍ ആ തത്ത്വങ്ങളില്‍ വിശ്വസിക്കാത്തവരെ വിന്യസിപ്പിക്കാനാവില്ല എന്നത് സ്വാഭാവികമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഏകാധിപതിയെയോ, മുതലാളിത്ത സംവിധാനത്തില്‍ കമ്യൂണിസ്റ്റിനെയോ നേരെ തിരിച്ചോ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആക്കാന്‍ ആവില്ലല്ലോ. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിധിക്കേണ്ട കോടതികളിലെ ജഡ്ജിമാരായും അതില്‍ വിശ്വസിക്കാത്തവരെ നിയമിക്കാനാവില്ല. ഇതല്ലാതെ മറ്റെല്ലാ രംഗങ്ങളിലും ഇസ്‌ലാമില്‍ വിശ്വസിക്കാത്തവര്‍ക്കും പദവികളിലിരിക്കാം. ദലിത്, പട്ടിക ജാതി, പട്ടിക വര്‍ഗം തുടങ്ങിയ വേര്‍തിരിവോ, ജാതിയടിസ്ഥാനത്തിലുള്ള വിവേചനമോ ഇസ്‌ലാം അടിസ്ഥാനപരമായി അംഗീകരിക്കാത്തതുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രത്തില്‍ അങ്ങനെയൊരു പ്രശ്‌നമേ ഉദിക്കുന്നില്ല. നിലവിലെ ഇന്ത്യന്‍ സമൂഹത്തില്‍ സവര്‍ണരും അവര്‍ണരും ഒരു യാഥാര്‍ഥ്യമായതുകൊണ്ടാണ് പ്രാന്തവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജമാഅത്തെ ഇസ്‌ലാമി ശബ്ദമുയര്‍ത്തുന്നത്. ഇന്ത്യ ഏതെങ്കിലും കാലത്ത് ഒരു 'ദൈവരാജ്യം' ആവുമെങ്കില്‍ അന്ന് ജാതീയമായ എല്ലാ പരിഗണനകളും വിവേചനങ്ങളും സ്വാഭാവികമായും അവസാനിച്ചിരിക്കും.
മുസ്‌ലിംകളുടെ 'പച്ച' പ്രേമം
മുസ്‌ലിംകളില്‍ എങ്ങും എവിടെയും പച്ചനിറം നിറഞ്ഞുനില്‍ക്കുന്നു. മുസ്‌ലിം രാഷ്ട്രങ്ങളെ വേര്‍തിരിക്കാനും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ അടയാളപ്പെടുത്താനും ചില ഭൂപടങ്ങളിലും മറ്റും പച്ചനിറമാണ് നല്‍കിയിരിക്കുന്നത്. ഗ്രീന്‍ ബെല്‍റ്റിനെ കുറിച്ചും ഗ്രീന്‍ ചാനലിനെക്കുറിച്ചും ഗ്രീന്‍ വാലിയെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഗ്രീന്‍ കളര്‍ മുസ്‌ലിംകളുടെ സ്വന്തമായതുപോലെ! മദീനയിലെ പ്രവാചക പള്ളിയുടെ താഴികക്കുടം മുതല്‍ കേരളത്തിലെ കുഗ്രാമങ്ങളിലുള്ള പള്ളികളുടെ നിറം വരെ പച്ചമയമാണ്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും തോരണങ്ങളും പച്ചനിറത്തില്‍ നിറഞ്ഞാടുമ്പോള്‍ മുസ്‌ലിംകളും പച്ചനിറവും തമ്മിലൊരു പൊക്കിള്‍കൊടി ബന്ധം ഉള്ളതുപോലെ. ഈ 'പച്ച ടച്ച്' കേവലം യാദൃഛികമാണോ? യാഥാര്‍ഥ്യമെന്ത്?
ഇ.സി റംല പള്ളിക്കല്‍ 
ഖുര്‍ആനിലോ സുന്നത്തിലോ പ്രവാചക പാരമ്പര്യങ്ങളിലോ പച്ച നിറത്തിന് പ്രത്യേകതയൊന്നും കല്‍പിച്ചതായി കാണുന്നില്ല. നബി(സ) സാമാന്യമായി വെളുത്ത നിറമാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് ഹദീസുകളിലുണ്ട്. എന്നാല്‍, എല്ലായ്‌പ്പോഴും ഏതെങ്കിലും നിറം തന്നെ വേണമെന്ന് തിരുമേനി ശഠിച്ചിരുന്നില്ല. ഫത്ഹ് മക്കാ ദിവസം നബി(സ) മക്കയില്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹം കറുത്ത തലപ്പാവാണ് അണിഞ്ഞിരുന്നത്. മഹ്ദിയെ സംബന്ധിച്ച പ്രവചനങ്ങള്‍ പൊതുവെ പ്രബലമല്ലെങ്കിലും ആ ഹദീസുകളില്‍ കറുത്ത തലപ്പാവാണ് മഹ്ദിക്കുണ്ടാവുക എന്ന് പ്രതിപാദിച്ചത് കാണാം. അബ്ബാസികളുടേത് കറുത്ത പതാകയായിരുന്നു. എന്നാല്‍, ഉസ്മാനികള്‍ പച്ച നിറം തെരഞ്ഞെടുത്തു. അതാവാം മുസ്‌ലിം നിറം പച്ചയായ പശ്ചാത്തലം. വെള്ള സമാധാനത്തിനും പച്ച പ്രകൃതിയെ സൂചിപ്പിക്കുന്നതിനും ചുവപ്പ് വിപ്ലവത്തിനും കറുപ്പ് പ്രതിഷേധത്തിനും അനുശോചനത്തിനുമൊക്കെ ഉപയോഗിക്കുന്ന പതിവ് താരതമ്യേന പുതിയതാണ്.
പ്രകൃതി മതമായ ഇസ്‌ലാം പ്രകൃതിക്ക് നല്‍കിയ മുന്തിയ പരിഗണന വെച്ചു നോക്കിയാല്‍ ഒരു നിറം തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ അത് പച്ചയാവുന്നതില്‍ അനൗചിത്യമൊന്നുമില്ല. എന്നാല്‍, പച്ച തന്നെ വേണമെന്ന ശാഠ്യത്തിനും പ്രാമാണിക പിന്‍ബലമില്ല.
കേരളീയ മുസ്‌ലിമിനെ ആഗോള മുസ്‌ലിമാക്കി?
വൈവിധ്യങ്ങളുള്ള ജനവിഭാഗങ്ങളെ ഒരൊറ്റ കേന്ദ്രത്തിലേക്ക് വൈകാരികമായി ഒന്നിപ്പിക്കുക എന്നതായിരുന്നു പള്ളിയുടെ (ബാബരി മസ്ജിദ്) തകര്‍ക്കലിനു പിന്നിലെ ഹിന്ദു വര്‍ഗീയതയുടെ ലക്ഷ്യം. ഹിന്ദുവീടുകളില്‍ നിന്ന് രാമക്ഷേത്ര നിര്‍മാണത്തിന് ഒരിഷ്ടിക സ്വീകരിക്കുന്നതിലൂടെ അതവിടെ എത്തിയാലും ഇല്ലെങ്കിലും ഭൗതികമായി അവരെ അതില്‍ കണ്ണിചേര്‍ക്കാനും അവര്‍ക്ക് കഴിഞ്ഞു. ജാതീയമായും ആചാരമായും ബഹുസ്വരത പുലര്‍ത്തിപ്പോന്ന ഹിന്ദുസമൂഹത്തെ ശ്രീരാമന്‍ എന്ന ഒറ്റ അടയാളത്തെ മുന്‍നിര്‍ത്തി ഏകീകരിച്ചു നിര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.
ഈയൊരു ഹൈന്ദവ ഏകീകരണ ശ്രമത്തിനു സമാന്തരമായി കേരളത്തിലെ മുസ്‌ലിംകള്‍ ആഗോള മുസ്‌ലിമിലേക്ക് പരിവര്‍ത്തിക്കപ്പെടുകയായിരുന്നു. ഗുജറാത്തില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ നരേന്ദ്രമോഡി നടത്തിയ വംശഹത്യ ഈ പ്രക്രിയക്ക് വേഗം കൂട്ടി. കേരളീയമായ സംസ്‌കാര ഘടകങ്ങളില്‍ പലതും ഉപേക്ഷിക്കുന്നതും സംസ്‌കാരത്തിന്റെ ബഹുതലങ്ങള്‍ക്കപ്പുറം വിശ്വാസത്തിന്റെ ഏകതലത്തിനു കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതും ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്. ഈ മാറ്റത്തിന് ഏറ്റവും പ്രധാന പങ്കുവഹിച്ചത് തൊണ്ണൂറുകളില്‍ പ്രവര്‍ത്തനമാരംഭിച്ച മാധ്യമം ദിനപത്രമാണ്. വളരെ പ്രഫഷണല്‍ ആയ സമീപനമാണ് അവര്‍ മാധ്യമരംഗത്ത് പുലര്‍ത്തിയത്. മുസ്‌ലിം ജനസാമാന്യത്തിലും പൊതുമണ്ഡലത്തിലും ചെറുതല്ലാത്ത സ്വാധീനമുണ്ടാക്കാന്‍ ചെറിയ കാലം കൊണ്ടുതന്നെ പത്രത്തിന് സാധിച്ചു. മറ്റു പത്രങ്ങളില്‍ നിന്ന് ഭിന്നമായി ദലിത്, പരിസ്ഥിതി, ഭൂമി, ആദിവാസി പ്രശ്‌നങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവന്ന് ബൗദ്ധിക സമൂഹത്തിന്റെ പിന്തുണ പത്രം നേടിയെടുത്തു (സ്ത്രീ, മതം തുടങ്ങിയ പ്രശ്‌നങ്ങളെ സൗകര്യപൂര്‍വം ഒഴിവാക്കി). പ്രാദേശീക, ദേശീയ വാര്‍ത്തകള്‍ക്കപ്പുറം ഇറാന്‍ മുഖ്യ കേന്ദ്രമായ ഒരു ലോക വീക്ഷണം പ്രചരിപ്പിക്കാനായി ഒരു പേജുതന്നെ മാറ്റിവെച്ചു. പരിഷ്‌കരണവാദിയായ മുഹമ്മദ് ഖാതമിക്കു ശേഷം യാഥാസ്ഥിതികനും കര്‍ക്കശക്കാരനും മതനേതൃത്വത്തിനു പ്രിയങ്കരനുമായ അഹ്മദി നിജാദ് ഇറാനില്‍ അധികാരത്തില്‍ വന്നതോടെ അമേരിക്കക്കെതിരെ ഒരു ലോക മുസ്‌ലിം പ്രസിഡന്റിനെ ലഭിച്ച പ്രതീതിയായി മാധ്യമത്തിന്. അനേക വര്‍ഷങ്ങളിലൂടെ രൂപപ്പെട്ട സാംസ്‌കാരിക പരിസരത്തുനിന്നും പറിച്ചെടുത്ത് കേരളീയ മുസ്‌ലിമിനെ ആഗോള മുസ്‌ലിമിലേക്ക് പരിവര്‍ത്തിപ്പിക്കാനും രാഷ്ട്രീയ ഇസ്‌ലാം എന്ന പ്രതിലോമപരമായ ആശയത്തെ ഇറക്കുമതി ചെയ്ത് വ്യാപിപ്പിക്കാനും ചെറിയ കാലം കൊണ്ടുതന്നെ ആ പത്രത്തിന് കഴിഞ്ഞു. കേരളീയ രാഷ്ട്രീയത്തില്‍ വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ച മഅ്ദനിക്കും സേട്ടിനും അവര്‍ നിര്‍ലോഭമായ പിന്തുണ നല്‍കി (പച്ചക്കുതിര, 2012 ഡിസംബര്‍).)) )) )))))))0ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം കേരളീയ മുസ്‌ലിംകളില്‍ സംഭവിച്ച സാംസ്‌കാരികമായ മാറ്റങ്ങളെക്കുറിച്ച് പല നിരീക്ഷണങ്ങളും മുന്നോട്ടുവെക്കുന്ന ടി.കെ ഉമ്മറിന്റെ നീണ്ട ലേഖനത്തിലെ ഈ വിലയിരുത്തലിനെ മുജീബ് എങ്ങനെ കാണുന്നു?
ശാഫി മൊയ്തു
ഓരോരുത്തരും സ്വന്തം വീക്ഷണകോണിലൂടെ സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ പ്രകടമാവുന്ന സ്വാഭാവിക ഭിന്നതയാണ് ഉദ്ധൃത വരികളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്. രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിട്ടത് ഹൈന്ദവ ഏകീകരണം മാത്രമല്ല, ഹിന്ദുത്വത്തിന്റെ വൈകാരിക ഉത്തേജനവും പരോക്ഷമായി മുസ്‌ലിം പൈതൃക വിരോധവും കൂടിയാണ്. രാമന്‍ സവര്‍ണ സംസ്‌കാരത്തിന്റെ പ്രതീകമെന്നതില്‍ കവിഞ്ഞു, ദലിത്-ആദിവാസി, അവര്‍ണ വിഭാഗങ്ങള്‍ക്ക് ഈ ഇതിഹാസ കഥാപാത്രം ആരാധ്യനല്ല. ആര്‍ഷ സംസ്‌കാരത്തിന്റെ പ്രതിനിധിയായ രാമനെ ദ്രാവിഡര്‍ ആരാധിക്കുന്നില്ലെന്നത് കൊണ്ടാണ് ദ്രാവിഡ കഴകം സ്ഥാപകനായ ഇ.വി രാമസ്വാമി നായ്ക്കര്‍ രാമായണത്തിനെതിരെ കീമായണം പുറത്തിറക്കിയത്. രാവണനായിരുന്നു കഴകക്കാരുടെ ആരാധ്യന്‍. ആ ധാരണ വസ്തുതനിഷ്ഠമായി സംഘ്പരിവാര്‍ ശ്രദ്ധിച്ചതായും കാണുന്നില്ല.
ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമിക രാഷ്ട്രീയവും ആഗോള മുസ്‌ലിം തനിമയുടെ അവതരണവും അത് നിലവില്‍ വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ്. ഒരു പ്രത്യേക സാഹചര്യവും അതിനില്ല. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പ്രതികരണമോ സമാന്തരമോ അല്ല ജമാഅത്തിന്റെ പ്രത്യയശാസ്ത്രവും സന്ദേശവും. ഏത് ഇസ്‌ലാമികപ്രസ്ഥാനത്തിന്റെയും മൗലിക സ്രോതസ്സ് വിശുദ്ധ ഖുര്‍ആന്‍ ആയിരിക്കുന്നേടത്തോളം കാലം ഇസ്‌ലാമിനെ രാഷ്ട്രീയമടക്കമുള്ള മേഖലകളെ സമഗ്രമായി സ്പര്‍ശിക്കുന്ന ജീവിതവ്യവസ്ഥയായേ അവതരിപ്പിക്കാനാവൂ. 1928-ല്‍ ഈജിപ്തില്‍ രൂപീകൃതമായ മുസ്‌ലിം ബ്രദര്‍ഹുഡും പിന്നീട് തുനീഷ്യയിലും സിറിയയിലും ലിബിയയിലും തുര്‍ക്കിയിലുമെല്ലാം നിലവില്‍വന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളും മൗലികമായി ഭിന്നങ്ങളല്ലാതിരിക്കുന്നത് അതുകൊണ്ടാണ്. ഇസ്‌ലാം ദേശീയ, പ്രാദേശിക സംസ്‌കാരങ്ങളെ പാടെ നിരാകരിക്കുന്നു എന്നിതിനര്‍ഥമില്ല. സാമാന്യ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമാവാത്തേടത്തോളം കാലം പ്രാദേശിക സാംസ്‌കാരിക സവിശേഷത ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അംഗീകരിക്കുന്നു. ഉദാഹരണത്തിന്, 'മാവേലി നാടുവാണിടും കാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്ന ഉദാത്തമായ സമത്വസങ്കല്‍പത്തില്‍ നിന്നുയിരെടുത്ത പ്രാദേശിക ആഘോഷമെന്ന നിലയില്‍ ഓണത്തെ ഉള്‍ക്കൊള്ളാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് തടസ്സമില്ല. അതേയവസരത്തില്‍ വിഗ്രഹാരാധനാ മാനങ്ങളുള്ള ഹൈന്ദവാഘോഷങ്ങളും ത്രിത്വവാദത്തില്‍ ഊന്നുന്ന ക്രിസ്മസും അങ്ങനെയല്ല. ഇതൊന്നും രാഷ്ട്രീയ ഇസ്‌ലാമില്‍ ആരോപിക്കപ്പെടുന്ന പ്രതിലോമകാരിതയുടെ പ്രത്യാഘാതവുമല്ല; തികച്ചും അടിസ്ഥാന വിശ്വാസമായ തൗഹീദുമായി ബന്ധപ്പെട്ടതാണ്.
മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ ഭൂമികയില്‍ നിഷ്പക്ഷവും സത്യസന്ധവുമായ വാര്‍ത്താവതരണവും പിന്നാക്ക അധഃസ്ഥിത-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനവും അവകാശപ്പെട്ടുകൊണ്ട് രംഗപ്രവേശം ചെയ്ത മാധ്യമം പിന്നിട്ട കാല്‍നൂറ്റാണ്ടിനിടയില്‍ ഒട്ടൊക്കെ സ്വീകാര്യത നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടയൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. സാമ്പ്രദായിക പത്രപ്രവര്‍ത്തനത്തിന് ഒരു മാറ്റം കൊതിച്ചവര്‍, ഈ പത്രം ഒരളവോളം അവരുടെ ആഗ്രഹം നിറവേറ്റുന്നു എന്ന് തോന്നിയതിനാല്‍ അതോടൊപ്പം നില്‍ക്കുന്നു. ആഗോള വാര്‍ത്തകള്‍ മലയാള പത്രങ്ങള്‍ക്കന്യം നിന്ന സാഹചര്യത്തില്‍, ഒരു പേജ് തന്നെ അതിനായി നീക്കിവെച്ച മാധ്യമം ഇറാന് സന്ദര്‍ഭം ആവശ്യപ്പെടുന്ന പ്രാധാന്യമല്ലാതെ മറ്റു പരിഗണനയൊന്നും നല്‍കിയിട്ടില്ല. സാമ്രാജ്യത്വത്തെ ആര് വെല്ലുവിളിച്ചാലും, അത് അഹ്മദീ നിജാദോ ഹ്യൂഗോ ചാവേസോ കാസ്‌ട്രോയോ ഇന്ത്യയിലെ ഇടതുപക്ഷമോ ആരാവട്ടെ അവരെ അക്കാര്യത്തില്‍ മാധ്യമം പിന്താങ്ങിയിരിക്കും എന്നത് പ്രഖ്യാപിത നയമാണ്. അതേസമയം സിറിയയില്‍ ബശ്ശാറിന്റെ സ്വേഛാവാഴ്ചക്കനുകൂലമായി നില്‍ക്കുന്ന ഇറാന്റെ നിലപാടിനെ മാധ്യമം നിരാകരിക്കുകയും ചെയ്യുന്നു. സേട്ടും മഅ്ദനിയും ഫാഷിസത്തെ തുറന്നെതിര്‍ത്തപ്പോള്‍ മാധ്യമം അവരെ പിന്തുണച്ചതും ആര്‍ജവമുള്ള നിലപാടിന്റെ ഭാഗം തന്നെയാണ്. അതൊക്കെ അന്യഥാ വ്യാഖ്യാനിക്കുന്നതില്‍ കാര്യമില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍