Prabodhanm Weekly

Pages

Search

2013 ജനുവരി 12

മാതൃകാ മഹല്ലുകള്‍ പുലരുന്നതെങ്ങനെ?

ഹാഫിദ് നൗഫല്‍ കൗസരി, മൂവാറ്റുപ്പുഴ

മാതൃകാ മഹല്ലും മത സൗഹാര്‍ദവും മതനേതൃത്വത്തിന്റെ അജണ്ടയാകണമെന്ന ജമാലുദ്ദീന്‍ മങ്കടയുടെ പ്രസ്താവനയും തെക്കന്‍ കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രം ഗര്‍ഭം പൂണ്ട് നില്‍ക്കുന്ന പാളയം ജുമാ മസ്ജിദിന്റെ നാള്‍വഴികളും ഒരല്‍പം വൈകിയാണെങ്കിലും വായിക്കാന്‍ സാധിച്ചു. സമുദായം വര്‍ത്തമാനകാലത്ത് നേടേണ്ട പുരോഗതിയെയും ഒരു ഇസ്‌ലാമിക തലമുറയെ നിര്‍മിക്കുന്നതില്‍ മഹല്ലുകള്‍ക്കുള്ള ബാധ്യതയുമെല്ലാം വരച്ചു കാണിച്ച പ്രബോധനത്തിന് അഭിനന്ദനങ്ങള്‍.
പക്ഷേ, സ്വപ്നങ്ങള്‍ കൊണ്ട് നവോത്ഥാനം സാധ്യമാവില്ലല്ലോ. നമ്മളില്‍ പലരുടെയും മനസ്സിലുദിക്കുന്ന ആശയങ്ങള്‍ പങ്ക് വെക്കുന്നത് കൊണ്ട് മാത്രം മാതൃകാ മഹല്ലുകള്‍ പുലരുകയില്ല. നമ്മുടെ കേരളീയ സാഹചര്യത്തില്‍ ഒരു മഹല്ലില്‍ നടപ്പാക്കാനാകുമെന്ന് നാം പ്രതീക്ഷിക്കുന്ന പദ്ധതികള്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന പ്രായോഗിക വശം കൂടി ലേഖനത്തില്‍ ഉള്‍പ്പെടുത്തണമായിരുന്നു.
മഹല്ല് സംസ്‌കരണം അജണ്ടയാക്കി പല സംഘടനകളും പല നിലയിലുള്ള പരിശീലന ക്ലാസ്സുകളും ശില്‍പശാലകളും സംഘടിപ്പിക്കുന്നുണ്ട്. സ്വപ്നങ്ങള്‍ പങ്കുവെക്കുന്നതില്‍ അവയെല്ലാം ലക്ഷ്യം കാണുന്നുണ്ടെങ്കിലും ഒരു സാധാരണ മഹല്ലിന്റെ പരിമിതിയില്‍ നിന്ന് കൊണ്ട് അവയുടെ സാക്ഷാത്കാരം എങ്ങനെ സാധ്യമാകുമെന്ന വിഷയത്തില്‍ ശില്‍പശാലകളും വേദികളും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. 'അങ്ങനെ ആവണം, ഇങ്ങനെയാവണം' എന്നെല്ലാം പറയുന്നതിനപ്പുറം 'എങ്ങനെ ഈ പദ്ധതികള്‍ നടപ്പാക്കാം' എന്ന വിഷയം കൂടി നാം ചിന്തിക്കേണ്ടതുണ്ട്.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മഹല്ലുകളില്‍ പ്രായോഗിക രീതികളിലൂന്നിയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും അതിനനുസൃതമായ പദ്ധതികള്‍ നടപ്പിലാക്കപ്പെടുകയും ചെയ്താല്‍ സുശക്തമായ മഹല്ല് സംവിധാനം വളര്‍ന്നു വരും; അതിന് കീഴില്‍ സുന്ദരമായ ഒരു തലമുറയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍