Prabodhanm Weekly

Pages

Search

2013 ജനുവരി 12

നവോത്ഥാന ഭാവിയിലേക്ക് മുജാഹിദ് സമ്മേളനങ്ങള്‍ ബാക്കിവെച്ചത്‌

ബഷീര്‍ തൃപ്പനച്ചി

ഇസ്‌ലാമിക നവോത്ഥാന സംഘടനകള്‍ക്കെതിരെ കെട്ടിപ്പൊക്കിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നുണക്കോട്ടകളാണ് പോയ വര്‍ഷം തകര്‍ന്നു വീണത്. മുന്‍ഗാമികള്‍ ചോരയും നീരും നല്‍കി നട്ടുനനച്ച നവോത്ഥാനത്തിന്റെ വിളവെടുപ്പിന് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നു. പള്ളിയിലും പാര്‍ലമെന്റിലും തെരുവിലും മാര്‍ക്കറ്റിലുമെല്ലാം ഇസ്‌ലാം സജീവ സാന്നിധ്യമാവുകയാണ്. ഇസ്‌ലാം ഒരിക്കല്‍ കൂടി ജീവിതത്തിന്റെ അച്ചുതണ്ടായിരിക്കുന്നു. സാമ്രാജ്യത്വവും അതിന്റെ അംഗരക്ഷകരും ഭീകരതയുടെ കരിമ്പട്ടികയില്‍ പേര് കൊത്തിയ വ്യക്തികളെയും സംഘടനകളെയും അവര്‍ തന്നെ പുതിയ മേല്‍വിലാസത്തില്‍ അഭിസംബോധന ചെയ്യുന്ന കാഴ്ച ലോകമെമ്പാടുമുള്ള ഇസ്‌ലാമിക പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്നതാണ്.
ഇസ്‌ലാമിക സമൂഹത്തിനകത്ത് തമ്മിലടിച്ചിരുന്ന സംഘടനകള്‍ അതുപേക്ഷിച്ച് ഈ അനുകൂല സാഹചര്യത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവന്നിരിക്കുന്നു. ഈജിപ്തില്‍ തീവ്രമതേതരവാദികളും മുന്‍ സ്വേഛാധിപതി മുബാറക്കിന്റെ അനുയായികളും മുര്‍സിക്കെതിരെ തീര്‍ത്ത പ്രക്ഷോഭങ്ങള്‍ക്കെതിരെ പ്രസിഡന്റിനും ഇഖ്‌വാനും പിന്തുണയര്‍പ്പിച്ച് സലഫികള്‍ തെരുവില്‍ വരെ ഐക്യദാര്‍ഢ്യറാലികള്‍ സംഘടിപ്പിക്കുന്നു. ഭരണത്തില്‍ ഇഖ്‌വാന്റെ രാഷ്ട്രീയ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. വസന്തം പരിമളം പരത്തിയ മിക്ക രാഷ്ട്രങ്ങളിലും ഇത്തരം മനോഹര ചിത്രങ്ങള്‍ ദൃശ്യമാണ്. പോരാട്ടം തുടരുന്ന രാജ്യങ്ങളില്‍ നിന്നും ഇത്തരം ഐക്യശ്രമങ്ങള്‍ ദിനംപ്രതി ശക്തിപ്രാപിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.
ഒരു ആശയധാരയോ സംഘടനയോ വിചാരിച്ചാല്‍ പൂര്‍ത്തീകരിക്കാവുന്നതല്ല പുതിയ കാലത്തെ ഇസ്‌ലാമിക ദൗത്യമെന്ന് മുസ്‌ലിം ലോകം പതിയെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണീ സുന്ദരദൃശ്യങ്ങള്‍. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ വ്യത്യസ്ത ധാരകള്‍ ഇങ്ങനെ ലോകത്തുടനീളം പരസ്പര സഹകരണത്തിന്റെ പാതയിലേക്ക് വന്നുകൊണ്ടിരിക്കുന്ന ചരിത്രസന്ദര്‍ഭത്തിലാണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന ഇസ്‌ലാഹീ ധാരയുടെ രണ്ട് സമ്മേളനങ്ങള്‍ കോഴിക്കോട്ടും പാലക്കാട്ടുമായി നടന്നത്.
കഴിഞ്ഞ കാലത്തെ നേട്ടകോട്ടങ്ങള്‍ വിലയിരുത്തി വരുംകാലങ്ങളിലേക്കുള്ള പ്രവര്‍ത്തനോര്‍ജം ശേഖരിക്കാനുള്ള ഊര്‍ജസംഭരണികളാണ് ഓരോ സമ്മേളനവും. പ്രത്യേകിച്ച് പരിഷ്‌കരണ നവോത്ഥാന സംഘടനകള്‍ക്ക്. പുതിയ കാലത്തെ വായിക്കുകയും തിരിച്ചറിയുകയും ചെയ്ത് മുജാഹിദ് നേതൃത്വം വരുംകാല അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഊര്‍ജം സമ്മേളനനഗരികളിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ഞരമ്പുകളിലേക്ക് പകര്‍ന്നിട്ടുണ്ടെങ്കില്‍ ഭാവിയിലെ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഒരു നൂറ്റാണ്ടിന്റെ പരിചയ സമ്പന്നതയുടെ മുദ്ര തിളക്കത്തോടെ ആലേഖനം ചെയ്യപ്പെടും. തടിച്ച ഗ്രന്ഥങ്ങളില്‍ ഉറങ്ങി കിടക്കുന്ന ആയിരം തത്ത്വങ്ങളെക്കാള്‍ മണ്ണിലിറങ്ങി പണിയെടുത്ത് നേടിയ പരിചയ സമ്പന്നതയാണ് ഒരു സംഘടനയുടെ മുന്നോട്ട് പോക്കിന് ഊര്‍ജം പകരുക. ഒരു നൂറ്റാണ്ടിന്റെ അനുഭവ സമ്പത്ത് പുതിയ കാലത്തോട് സംവദിക്കാനുള്ള ഏറ്റവും വലിയ മുതല്‍ക്കൂട്ടാവേണ്ടതങ്ങനെയാണ്. വരുംകാലത്തിലേക്കുള്ള മുന്നൊരുക്കങ്ങളും അജണ്ടകളും അണികളെ പഠിപ്പിക്കാതെ പഴയകാല പെരുമകള്‍ അയവിറക്കുന്ന വേദികളായി സമ്മേളനങ്ങള്‍ മാറുന്നുണ്ടോ എന്ന് പുനരവലോകനം ചെയ്യണം.
കേരളീയ മുസ്‌ലിമിന്റെ ഒരു നൂറ്റാണ്ടിന്റെ നവോത്ഥാന ഉണര്‍വുകള്‍ക്ക് തുടക്കം കുറിച്ചതും മുന്നില്‍ നടന്നതും നവോത്ഥാന സംഘടനകളാണെങ്കിലും പിന്നീടുണ്ടായ എല്ലാ സംഘങ്ങളും സംഘടനകളും ഏറ്റക്കുറവോടെ അതിന്റെ തുടര്‍ച്ചയിലും വളര്‍ച്ചയിലും പങ്കുവഹിച്ചിട്ടുണ്ട്. എല്ലാം ഒരു സംഘടനയുടെ ബാനറിലാവുക എന്നത് ഇനി സാധ്യമല്ല. നവോത്ഥാന സംഘങ്ങള്‍ മുന്നില്‍ വെച്ച അജണ്ടകള്‍ അതിന്റെ എതിര്‍സ്ഥാനത്ത് നിലയുറപ്പിച്ചവര്‍ വരെ നടപ്പിലാക്കുന്ന കാലത്താണ് നാമുള്ളത്. ഈ പുതിയ കാലത്തെയും സഹോദര സംഘടനകളുടെ രചനാത്മകമായ പ്രവര്‍ത്തനങ്ങളെയും എങ്ങനെ അഡ്രസ് ചെയ്യുകയും പോസിറ്റീവായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നുവെന്നത് ഭാവി അജണ്ടകളില്‍ നിര്‍ണായകമാണ്. വിയോജിപ്പുകളെയും പുതിയ രൂപത്തില്‍ വന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസ അനാചാരങ്ങളെയും തുറന്നെതിര്‍ക്കുമ്പോള്‍ തന്നെ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കേണ്ടതുണ്ട്.
ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍നിന്ന് നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എതിര്‍സ്ഥാനത്ത് ശത്രുക്കളെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കണം. നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടം സഹകരണത്തിന്റേതായിരിക്കണം. സമുദായത്തിലെ എല്ലാ സംഘടനകളും സ്വാംശീകരിച്ച നവോത്ഥാന മൂല്യങ്ങളെ ആദരവോടെ അംഗീകരിച്ച് അവശേഷിക്കുന്ന രോഗങ്ങളെ ക്ഷമയോടെ ചികിത്സിച്ച് മാറ്റാനുള്ള തയാറെടുപ്പുകളാവണം നടത്തേണ്ടത്. എല്ലാ സംഘടനകളും ലയിച്ച് ഒന്നാകല്‍ സാധ്യമല്ല എന്ന തിരിച്ചറിവില്‍ പ്രതിപക്ഷ ബഹുമാനത്തോടെ മൂല്യങ്ങള്‍ പരസ്പരം കൈമാറാനും പൊതുവിഷയത്തില്‍ ഒന്നിച്ചിരിക്കാനും സംഘടനകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സഹോദര സംഘടനകള്‍ക്കെതിരിലല്ല, പൊതുസമൂഹത്തെ മുന്‍നിര്‍ത്തി പുതിയ അജണ്ടകള്‍ വികസിപ്പിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. മതജാതി അതിര്‍വരമ്പുകളില്ലാതെ എല്ലാ സംഘടനകളും തുടങ്ങിവെച്ച സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോകണം. മുജാഹിദ് സമ്മേളനങ്ങളില്‍ ഈ തിരിച്ചറിവുകള്‍ എത്രത്തോളം പങ്കുവെച്ചുവോ അത്രത്തോളം പ്രസക്തി പുതിയ കേരളീയ മുസ്‌ലിം സമൂഹത്തില്‍ ആ സംഗമങ്ങള്‍ക്കുണ്ട്.
പാലക്കാട് നടന്ന ഐ.എസ്.എം യുവജന സമ്മേളനത്തില്‍ സംഘടനാ പ്രസിഡന്റിന്റെ ആമുഖ പ്രഭാഷണം തന്നെ ഈ തിരിച്ചറിവുകളും പുതിയ കാലത്തിന്റെ അജണ്ടയും ഊന്നിപ്പറയുന്നുണ്ട്.
''1967-ലെ (ഐ.എസ്.എം രൂപീകരണ വര്‍ഷം) ലോകസാഹചര്യമല്ല ഇന്നുള്ളത്. കാലത്തിന്റെ മാറ്റം സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും നിരവധി മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ജനതയുടെ വീക്ഷണഗതികളിലും രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളിലും അനിതരസാധാരണമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ സഫലീകരിക്കാനുള്ള നയങ്ങളിലും നിലപാടുകളിലും മാറ്റം അനിവാര്യമാണ്. സ്വയം മാറ്റത്തെ ഉള്‍ക്കൊള്ളാത്ത ഒരു കൂട്ടായ്മക്ക് ഒരിക്കലും ചരിത്രത്തെ മാറ്റിപ്പണിയാന്‍ സാധിക്കില്ലെന്ന് നാം മനസ്സിലാക്കണം......
വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സലഫി സംഘടനകള്‍ തങ്ങളുടെ നിലപാടുകളില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് അറബ് വസന്തത്തില്‍ പങ്കുചേര്‍ന്നിട്ടുള്ളത്. ഫാഷിസത്തിനും തീവ്രവാദത്തിനുമെതിരെ മതേതര ജനാധിപത്യ കൂട്ടായ്മ സൃഷ്ടിക്കാന്‍ വേണ്ടി മുന്നില്‍ നടന്ന ഐ.എസ്.എമ്മിന് ബഹുകക്ഷി മുന്നണിയെന്ന ആശയത്തില്‍ ഒട്ടും പുതുമയില്ല'' (മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ - സമാപന സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗം).
സമ്മേളന നഗരി സന്ദര്‍ശിക്കാനെത്തിയ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളത്തിന് സംസാരിക്കാന്‍ അവസരം നല്‍കി സമ്മേളനനഗരിയില്‍ തന്നെ ഐ.എസ്.എം തങ്ങളുടെ പുതിയ സംഘടനാസംസ്‌കാരത്തിന് ഉദ്ഘാടനം കുറിച്ചത് ശുഭസൂചനയാണ്. സമീപകാല സമ്മേളനങ്ങളെപോലെ എതിര്‍ വിഭാഗത്തിനോട് വാശി തീര്‍ക്കാനുള്ള വേദിയായി കെ.എന്‍.എം സമ്മേളനം ചുരുങ്ങാതിരുന്നതും ഭാവിയിലേക്കുള്ള നല്ല കാല്‍വെപ്പായി കരുതാം. വൈരാഗ്യവും പകയുമില്ലാതെ കാലം ആവശ്യപ്പെടുന്ന അജണ്ടകളുമായി മുന്നോട്ടു പോകാന്‍ സംഘടനകള്‍ക്കും അണികള്‍ക്കും തിരിച്ചറിവ് നല്‍കുന്നുണ്ടെങ്കില്‍ ഈ രണ്ട് സംഗമങ്ങളും സാര്‍ഥകമായി.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍