Prabodhanm Weekly

Pages

Search

2013 ജനുവരി 12

പുരാതന കര്‍മശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചു

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പുരാതനവും സമ്പൂര്‍ണവുമായ കര്‍മശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചതായി ഖത്തര്‍ ഇസ്‌ലാമിക കാര്യ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുരാവസ്തു സംരക്ഷണ സമിതി അറിയിച്ചു. ഇമാം അബൂ ഹനീഫയുടെ ശിഷ്യന്‍ കൂടിയായ ഇമാം മുഹമ്മദ് ബിന്‍ ഹസന്‍ അശ്ശൈബാനിയുടെ അല്‍അസ്വ്ല്‍ എന്ന പ്രസിദ്ധ കര്‍മശാസ്ത്ര കൃതിയുടെ പത്തോളം ഏടുകളിലുള്ള സമ്പൂര്‍ണ കൈയെഴുത്ത് പ്രതിയുടെ പുനഃപ്രസിദ്ധീകരണമാണ് ഖത്തര്‍ ഔഖാഫ് നിര്‍വഹിച്ചത്.
അല്‍അസ്വ്ല്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പുരാതനവും കര്‍മശാസ്ത്ര ശാഖയിലെ സമ്പൂര്‍ണ കൃതിയുമാണെന്ന് പുരാവസ്തു സംരക്ഷണ സമിതി അംഗം ഡോ. അക്‌റം അല്‍ ഉമരി പറഞ്ഞു. ഖത്തര്‍ ഔഖാഫ് മന്ത്രാലയം 3000 കോപ്പി ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും. ഹിജ്‌റ വര്‍ഷം 132-ല്‍ അമവി ഭരണകൂടം അവസാനിക്കുമ്പോള്‍ കൂഫയിലെ പ്രഗത്ഭരായ പണ്ഡിതന്മാരുടെ മുന്‍നിരയിലായിരുന്നു ഇമാം മുഹമ്മദ് ബിന്‍ ഹസന്‍ അശ്ശൈബാനിയുടെ സ്ഥാനം.

ശൈഖ് ഖറദാവിക്കെതിരെ മോശം പരാമര്‍ശം:
എഡിറ്റര്‍ വിവാദക്കുരുക്കില്‍
ഈജിപ്തിലെ മുന്‍നിര പത്രങ്ങളിലൊന്നായ അല്‍ അഹ്‌റാം എഡിറ്റര്‍ അബ്ദുന്നാസര്‍ സലാമ വിഖ്യാത പണ്ഡിതനും ലോക മുസ്‌ലിം പണ്ഡിത സഭാ അധ്യക്ഷനുമായ ശൈഖ് യൂസുഫുല്‍ ഖറദാവിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത് വിവാദത്തിനു വഴിയൊരുക്കി. സിറിയന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണനല്‍കി അല്‍അസ്ഹറില്‍ പ്രസംഗിച്ചതാണ് സലാമയെ പ്രകോപിപ്പിച്ചത്. 
ശൈഖ് ഖറദാവിയെക്കുറിച്ച് സലാമ നടത്തിയ 'പ്രായാധിക്യത്താല്‍ സംഭവിക്കുന്ന ബുദ്ധിക്ഷയവും തുടര്‍ന്നുള്ള മറവി രോഗവും കാരണം ഖറദാവി തോന്നിയ പോലെ സംസാരിക്കുന്നു'വെന്നുള്ള പരാമര്‍ശങ്ങളാണ് പ്രകോപനമുണ്ടാക്കിയത്. ഈജിപ്ത് ഔഖാഫ് മന്ത്രാലയവും ഇസ്‌ലാമിക കാര്യാലയവും അബ്ദുന്നാസര്‍ സലാമക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്റിനോടും പത്രപ്രവര്‍ത്ത യൂനിയനോടും ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോക പ്രശസ്ത പണ്ഡിതനെ അപകീര്‍ത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഖറദാവിക്കെതിരെയുള്ള മോശമായ പരാമര്‍ശം പണ്ഡിത സമൂഹത്തിനെതിരെയുള്ള അപകീര്‍ത്തിയായി കാണണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 
മനോഹര കാഴ്ചകളില്‍ കഅ്ബയുടെ ഹജ്ജ്കാല ചിത്രവും
പോയ വര്‍ഷം ഏറ്റവും കൂടുതല്‍ കാഴ്ചകളില്‍ നിറഞ്ഞുനിന്ന 10 ചിത്രങ്ങളില്‍ വിശുദ്ധ കഅ്ബയുടെ ഹജ്ജ് വേളയിലെ ചിത്രം ഉള്‍പ്പെട്ടതായി ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍. ലോക പ്രശസ്ത ചിത്ര സൈറ്റായ Instagram web ആണ് ചിത്രം പുറത്തുവിട്ടത്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച് കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന കാഴ്ച മനോഹരമാണെന്ന് ഡെയ്‌ലി മെയില്‍ എഴുതി. സാന്റി കൊടുകാറ്റ്, 2012 ലണ്ടന്‍ ഒളിംമ്പിക്‌സ്, ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയം, അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്ന അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭം തുടങ്ങിയ ദൃശ്യങ്ങളും 'ടോപ് ടെന്നി'ല്‍ ഇടം നേടി.
ഗര്‍ഭഛിദ്രം വേണ്ടെന്ന് ഐറിഷ് കത്തോലിക്ക സഭ
ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള അയര്‍ലന്റ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ ഐറിഷ് കത്തോലിക്ക സഭ ആവശ്യപ്പെട്ടു. ജീവിക്കാനുള്ള അവകാശം മൗലികമാണെന്ന് വിശ്വസിക്കുന്ന എല്ലാവരും തങ്ങളുടെ പ്രതിഷേധം നിയമപരമായ രീതിയില്‍ അധികൃതരെ അറിയിക്കണമെന്ന് ഐറിഷ് കത്തോലിക്ക സഭ മേധാവി കര്‍ദിനാള്‍ സീന്‍ ബ്രാദി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ഒരു സര്‍ക്കാറിനും അധികാരമില്ലെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. 
ഗര്‍ഭഛിദ്രം നിരോധിച്ച ഏക യൂറോപ്യന്‍ യൂനിയന്‍ രാജ്യമായ അയര്‍ലന്റില്‍ ഗര്‍ഭസ്ഥ ശിശുവിനെ നീക്കം ചെയ്യാത്തതു കാരണം ഒരു ഇന്ത്യന്‍ സ്ത്രീ മരിക്കാനിടയായ സംഭവമാണ് സര്‍ക്കാറിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാവുന്ന ഘട്ടത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ 1992-ല്‍ സുപ്രീം കോടതി പാസാക്കിയ നിയമം അനുവദിക്കുന്നുണ്ടെങ്കിലും കത്തോലിക്ക സഭയുടെ എതിര്‍പ്പ് കാരണം ഗര്‍ഭഛിദ്രം നിയമവിധേയമാക്കാന്‍ സര്‍ക്കാറുകള്‍ മുന്നോട്ടുവരുന്നില്ല. നിയമത്തിന്റെ നൂലാമാലകള്‍ ഭയന്ന് അടിയന്തര ഘട്ടങ്ങളില്‍പോലും ഗര്‍ഭഛിദ്രം നടത്തുന്നതില്‍നിന്ന് ഡോക്ടര്‍മാരും വിട്ടുനില്‍ക്കുകയാണ്. 
ഇറാഖില്‍ ഇങ്ങനെയൊക്കെ
ത്വാരിഖ് അല്‍ഹാശിമിയെ കേട്ടിട്ടില്ലേ. ഇറാഖ് വൈസ് പ്രസിഡന്റാണദ്ദേഹം. അല്‍ഹാശിമിക്കെതിരെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അഞ്ചാം തവണയും വധശിക്ഷ വിധിച്ച് ഇറാഖി പ്രധാനമന്ത്രി നൂരി അല്‍മാലികി റിക്കാര്‍ഡിട്ടു. ഇക്കുറി ശബ്ദരഹിത ആയുധം കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമാണ് വധശിക്ഷ. ഇതിനു മുമ്പ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍തന്നെ നാല് വധശിക്ഷ വിധിച്ചു കഴിഞ്ഞിട്ടുണ്ട്. അവസാനത്തേത് ദക്ഷിണ ഇറാഖില്‍ സന്ദര്‍ശനം നടത്തുന്ന ശീഈ വിഭാഗത്തെ ലക്ഷ്യമിട്ട് കാര്‍ ബോംബ് സ്‌ഫോടനം നടത്തിയെന്ന കുറ്റത്തിനായിരുന്നു. പ്രധാനമന്ത്രി നൂരി അല്‍മാലികിയുടെ ബദ്ധവൈരിയായ ത്വാരിഖ് അല്‍ഹാശിമിക്കെതിരെ 2011-ല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ അല്‍ഹാശിമി തുര്‍ക്കിസ്താന്‍ വഴി തുര്‍ക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

ചിരകാല സ്വപ്നവുമായി
ഏതന്‍സ് മുസ്‌ലിംകള്‍
ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സില്‍ പള്ളി പണിയാനുള്ള ഗ്രീക്ക് മുസ്‌ലിംകളുടെ സ്വപ്നത്തിന് അനേക വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന നിയോ ഫാഷിസ്റ്റുകളുടെ മുസ്‌ലിം വിരുദ്ധതയില്‍ തട്ടി ആ സ്വപ്നം ഉടയുന്നതായാണ് അനുഭവം. രാജ്യത്ത് ശക്തമായ സ്വാധീനമുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ എതിര്‍പ്പ് മറികടന്ന് തലസ്ഥാനമായ ഏതന്‍സില്‍ മുസ്‌ലിം പള്ളി പണിയാനുള്ള അനുമതി സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായില്ലെന്ന് ഗ്രീക്ക് മുസ്‌ലിംകള്‍ പരാതിപ്പെടുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ മുസ്‌ലിം വിരോധം ഇളക്കിവിട്ട് പ്രതിരോധിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും മറ്റു നിയോ ഫാഷിസ്റ്റുകളുടെയും തന്ത്രം തന്നെ കാരണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്‌ലിം പള്ളി അനുവദിച്ചിട്ടില്ലാത്ത ഏക രാജ്യമാണ് ഗ്രീസ്. ഗ്രീസിലേത് ഒരു ബഹുസ്വര സമൂഹമല്ലെന്നാണ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഉള്‍പ്പെടെ എതിര്‍ക്കുന്നവരുടെ വാദം. 
രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മിനാരങ്ങളുടെ നാടായിരുന്ന ഗ്രീസും ഏതന്‍സും 1800-ല്‍ ഉസ്മാനിയ ഖിലാഫത്ത് അവസാനിച്ചതില്‍ പിന്നെ ഇതുവരെ മിനാരങ്ങള്‍ക്കിടം നല്‍കിയിട്ടില്ല. രണ്ടു ലക്ഷത്തോളം വരുന്ന ഏതന്‍സിലെ മുസ്‌ലിംകള്‍, വേണ്ടത്ര വായുവോ വെളിച്ചമോ കടക്കാത്ത 130- ഓളം താല്‍ക്കാലിക ഷെഡുകളിലാണ് നമസ്‌കാരവും മറ്റു മത കര്‍മങ്ങളും നടത്തിവരുന്നത്.

പരുന്തിലും ഇസ്രയേലിന്റെ പരീക്ഷണം
അത്യാധുനിക ചാര ഉപകരണം ഘടിപ്പിച്ച് ഇസ്രയേല്‍ സുഡാനില്‍ വിട്ട പരുന്തിനെ പിടികൂടിയതായി സുഡാന്‍ സുരക്ഷാ സേന അവകാശപ്പെട്ടു. ദാര്‍ഫോറിന് പടിഞ്ഞാറുള്ള കറങ്കില്‍വെച്ച് ചിറകുകളില്‍ സൂര്യതാപം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചെറിയ ചാര യന്ത്രം ഘടിപ്പിച്ച നിലയിലാണ് പരുന്തിനെ പിടികൂടിയത്. ഖുദ്‌സിലെ ഹിബ്രു സര്‍വകലാശാലയില്‍ (Hebrew Universtiy of Jerusalem) നിര്‍മിച്ച യന്ത്രത്തിനുമേല്‍ ഹിബ്രു ഭാഷയില്‍ 'ഇസ്രയേലി പ്രകൃതി സംരക്ഷണ വിഭാഗ'മെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സാറ്റലെറ്റ് മുഖേന നിയന്ത്രിക്കാന്‍ കഴിയുന്ന പ്രസ്തുത യന്ത്രം Global Positioning System (GPS) വഴി ചിത്രങ്ങളും മറ്റു രഹസ്യ വിവരങ്ങളും കൈമാറുകയും ചെയ്യും. ഖര്‍ത്തൂമിലെ അല്‍യര്‍മൂഖ് സൈനിക ഫാക്ടറിയില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തി ആഴ്ചകള്‍ക്ക് ശേഷമാണ് ചാരപ്പക്ഷിയെ കണ്ടെത്തിയതെന്ന് സുഡാന്‍ അധികൃതര്‍ പറഞ്ഞു. ഗസ്സയിലേക്ക് ആയുധം നിര്‍മിച്ചുനല്‍കുന്നുവെന്നാരോപിച്ചാണ് സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ബശ്ശാറിന് സഹായം നിര്‍ത്തിവെക്കണമെന്ന് സിറിയന്‍ ഇഖ്‌വാന്‍
സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ പുറത്താക്കുന്നത് ലക്ഷക്കണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെടുത്തുമെന്ന റഷ്യന്‍ വിദേശകാര്യമന്ത്രി Sergey Lavrov അടക്കമുള്ളമുള്ളവരുടെ ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്ന് സിറിയയിലെ മുസ്‌ലിം ബ്രദര്‍ഹുഡ് വക്താവ് സുഹൈര്‍ സാലിം പറഞ്ഞു. അസദിന് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നതില്‍നിന്നും റഷ്യയും ഇറാനും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയന്‍ പോരാട്ട മുന്നണിയിലുള്ള 'ജബ്ഹതുന്നുസ്‌റ' എന്ന സംഘടനയെ തീവ്രവാദപട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നിലപാടിനെയും ബ്രദര്‍ഹുഡ് വിമര്‍ശിച്ചു. ഇറാഖിലെ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 'ജബ്ഹതുന്നുസ്‌റ' യെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പോരാട്ട സംഘടനകളെ അമേരിക്കയുടെ ഇംഗിതമനുസരിച്ച് പട്ടികയാക്കി തിരിക്കുന്നത്‌കൊണ്ട് ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്താനാകില്ലെന്നും ബ്രദര്‍ഹുഡ് നേതാക്കള്‍ പറഞ്ഞു.

അവസാനം അമേരിക്കയുടെ പ്രവചനം വന്നു
സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിന് രാജ്യത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഫെബ്രുവരിയോടെ ബശ്ശാര്‍ നിഷ്‌കാസിതനാവുമെന്നും അമേരിക്ക നിഗമനത്തിലെത്തിയതായി വിവിധ ന്യൂസ് പോര്‍ട്ടലുകള്‍ പുറത്തുവിട്ടു. സിറിയയിലെ അമേരിക്കല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്. ബശ്ശാറിന്റെ ഏറ്റവും അടുത്ത സഹായിയായ റഷ്യയെ കൂട്ടുപിടിച്ചാണ് അമേരിക്ക കരുക്കള്‍ നീക്കുന്നത്. ബശ്ശാറിന് സുരക്ഷിതമായി സിറിയ വിടാന്‍ കഴിയുന്ന സാഹചര്യമൊരുക്കുകയും സുരക്ഷാതാവളം കണ്ടെത്തുകയും ചെയ്യുക എന്നതാണ് മുഖ്യ പരിഗണന.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ശതകോടി കണക്കിന് ഡോളര്‍ വിലവരുന്ന വിവിധ ആയുധങ്ങളാണ് ബശ്ശാറുല്‍ അസദ് റഷ്യയില്‍നിന്നു വാങ്ങിക്കൂട്ടിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ഇസ്രയേലി പത്രമായ യദീഹൂത് അഹ്‌റോനൂത് (Yedioth Ahronoth) റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ വിപ്ലവം തുടങ്ങിയതു മുതല്‍ ബശ്ശാര്‍ സേന കൊന്നൊടുക്കിയവരുടെ എണ്ണം 44,000 വരുമെന്നാണ് കണക്ക്. പത്തു ലക്ഷത്തോളും പേര്‍ പരിക്കേറ്റ് ജീവിതത്തിനും മരണത്തിനുമിടയില്‍ പിടഞ്ഞ് കഴിയുന്നു. നശിപ്പിക്കപ്പെട്ട സ്വത്തിന്റെ കണക്ക് മറ്റനേകം ശതകോടികള്‍ വരും. സിറിയന്‍ പ്രതിസന്ധി അവസാനത്തോടടുക്കുമ്പോള്‍ റഷ്യക്ക് തങ്ങളുടെ ആയുധംവിറ്റ പണം കൈപറ്റണം. അമേരിക്കക്ക് സിറിയ ഇസ്‌ലാമിസ്റ്റുകുടെ കൈയില്‍ അകപ്പെടാതെ നോക്കണം. ഇസ്രയേലിന് ആണവായുധം സുരക്ഷിതമായി മാറ്റണം. താല്‍പര്യങ്ങള്‍ക്ക് നടുവില്‍ നിസ്സംഗരായി ഒരുജനത വസന്തം ആവര്‍ത്തിക്കുന്നതും കാത്ത് കഴിയുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍