Prabodhanm Weekly

Pages

Search

2013 ജനുവരി 12

അബ്ദുസ്സലാം യാസീന്‍ വ്യവസ്ഥിതിയെ വെല്ലുവിളിച്ച ആത്മീയ ചൈതന്യം

വി.എ കബീര്‍

''അല്‍ ഹബീബ് അല്‍ഫുര്‍ഖാനിയാണ് അബ്ദുസ്സലാം യാസീനെ സന്ദര്‍ശിക്കാന്‍ എന്നില്‍ പ്രേരണ ചെലുത്തിയത്. അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു: നിങ്ങള്‍ സദാ സോഷ്യലിസത്തെയും സാമൂഹിക നീതിയെയും രാഷ്ട്രീയാവകാശങ്ങളെയും കുറിച്ചാണല്ലോ സംസാരിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ പാര്‍ട്ടിയുടെ നേതാവ് ശൈഖ് അബ്ദുസ്സലാം യാസീനെ സന്ദര്‍ശിക്കാത്തത്? അങ്ങനെയാണ് ഫുര്‍ഖാനിയുടെ കൂടെ ഒരു വൈകുന്നേരം സല്ലയിലെ ശൈഖ് യാസീന്റെ വീട്ടില്‍ ഞാന്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. സംസാരത്തിലുടനീളം അദ്ദേഹം അങ്ങേയറ്റം പ്രസന്നവദനനും മധുരഭാഷിയുമായാണ് അനുഭവപ്പെട്ടത്. പല വിഷയങ്ങളിലൂടെയും കടന്നുപോയ സംഭാഷണം നീണ്ടുനീണ്ടുപോയി. ഞങ്ങള്‍ അവിടെ നിന്ന് പിരിയുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടിരുന്നു. അതിനകം ശബളാഭമായ ആ വ്യക്തിത്വത്തിന്റെ സ്വാധീനം എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു.''
ഇക്കഴിഞ്ഞ ഡിസംബര്‍ 13-ന് നിര്യാതനായ മൊറോക്കന്‍ ജനകീയ ഇസ്‌ലാമിക പ്രതിപക്ഷമായ അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്റെ നേതാവ് അബ്ദുസ്സലാം യാസീനെക്കുറിച്ച് മൊറോക്കന്‍ സോഷ്യലിസ്റ്റ് യൂനിയന്‍ പാര്‍ട്ടിയുടെ മുന്‍ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് അല്‍ ഹുബാബി എഴുതിയ ചരമക്കുറിപ്പിലെ വരികളാണ് മുകളിലുദ്ധരിച്ചത്. 2011-ല്‍ അറബ് വസന്തത്തിന്റെ പ്രക്ഷോഭ തരംഗങ്ങള്‍ മൊറോക്കന്‍ തെരുവുകളെ കീഴ്‌പ്പെടുത്തിയപ്പോള്‍ സോഷ്യലിസ്റ്റ് യൂനിയനടക്കം ഇടത് പക്ഷ പ്രസ്ഥാനങ്ങളോടും വനിതാ വിമോചക പ്രസ്ഥാനങ്ങളോടുമൊപ്പം തോളോടുതോള്‍ ചേര്‍ന്ന് അണിനിരക്കാന്‍, ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടിയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്ത അല്‍ അദ്ല്‍ വല്‍ ഇഹ്‌സാനിലെ പതിനായിരക്കണക്കില്‍ സ്ത്രീ പുരുഷന്മാര്‍ അണിനിരന്നത് യാസീന്റെ വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും സഹകരണ മനസ്ഥിതിയുടെയും തെളിവാണ്. രാജവാഴ്ചക്കെതിരില്‍ പ്രക്ഷോഭം നയിച്ച് 'ഫെബ്രുവരി 20 പ്രസ്ഥാന'ത്തിന്റെ മുഖ്യ ഇന്ധന സ്രോതസ് തന്നെയായിരുന്നു യാസീന്റെ അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍. രാജവാഴ്ചക്കും രാജാവിന്റെ മതാധികാരത്തിനുമെതിരിലുള്ള പോരാട്ടമാണ് 'ഫെബ്രുവരി 20 പ്രസ്ഥാന'ത്തെയും റാഡിക്കല്‍ ഇസ്‌ലാമിക പ്രസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന അല്‍ അദ്ല്‍ വല്‍ ഇഹ്‌സാനെയും യോജിപ്പിച്ച ബിന്ദു. 'അമീറുല്‍ മുഅ്മിനീന്‍' (വിശ്വാസികളുടെ നേതാവ്) എന്ന ഭരണഘടനയിലെ രാജാവിന്റെ വിശേഷണം അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ അംഗീകരിക്കുന്നില്ല. തദടിസ്ഥാനത്തിലാണ് തങ്ങളുടെ സംഘടന മതരാഷ്ട്രത്തെയല്ല സിവില്‍ ഭരണകൂടത്തെയാണ് പിന്തുണക്കുന്നതെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവായ ഫത്ഹുല്ല അരിസ്‌ലാന്‍ വ്യക്തമാക്കുന്നത്.
വ്യവസ്ഥിതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ പ്രതീകമായിരുന്നു അബ്ദുസ്സലാം യാസീന്‍. ഹസന്‍ രാജാവിന്റെ കാലത്തെന്നപോലെ ഇപ്പോഴത്തെ ഭരണാധികാരിയായ പുത്രന്‍ മുഹമ്മദിന്റെ കാലത്തും ഇത് തന്നെയാണ് സ്ഥിതി. മുഹമ്മദ് ആറാമന്‍ അധികാരമേറ്റെടുത്തപ്പോള്‍ രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചുകൊണ്ട് ചില ഉദാര നടപടികള്‍ സ്വീകരിച്ചിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഹുബാബി മുന്‍ചൊന്ന സംഭാഷണത്തില്‍ ഇത് ശുഭപ്രതീക്ഷക്ക് വക നല്‍കുന്നതായി അഭിപ്രായപ്പെട്ടപ്പോള്‍ മറിച്ചായിരുന്നു യാസീന്റെ പ്രതികരണം.
മൗലികമായ എതിര്‍പ്പുള്ളതിനാല്‍ രാജഭരണകൂടത്തെ യാസീനും അദ്ദേഹത്തിന്റെ സംഘടനയും ഒരിക്കലും അംഗീകരിക്കാന്‍ തയാറാവുകയുണ്ടായില്ല. ഇടതുപക്ഷത്തോടൊപ്പം രാജവാഴ്ചക്കെതിരെ തെരുവിലിറങ്ങാന്‍ അല്‍ അദ്ല്‍ വല്‍ ഇഹ്‌സാനെ പ്രേരിപ്പിച്ച ഘടകവും അതുതന്നെ. പ്രക്ഷോഭത്തില്‍ മേധാവിത്വം പുലര്‍ത്താന്‍ ചില സെക്യുലര്‍ ന്യൂനപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചപ്പോള്‍ 'ഫെബ്രുവരി 20' പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ പിന്നീട് പിന്‍വാങ്ങുകയായിരുന്നു. മൊറോക്കോയിലെ മറ്റൊരു ഇസ്‌ലാമിക പ്രസ്ഥാനമായ അത്തൗഹീദ് വല്‍ ഇസ്‌ലാഹും അതിന്റെ രാഷ്ട്രീയ വിഭാഗമായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയും, രാജാവ് പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി റഫറണ്ടത്തിലും തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിലും പങ്കെടുക്കുകയും ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് ഭൂരിപക്ഷം നേടി ബിന്‍കീറാന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തപ്പോള്‍ യാസീന്റെ സംഘടന റഫറണ്ടവും തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കുകയായിരുന്നു. രാജാവിന്റെ അധികാരങ്ങള്‍ നിലനിര്‍ത്തുന്ന വ്യവസ്ഥയോടുള്ള യാസീന്റെ മൗലികമായ വിയോജിപ്പായിരുന്നു കാരണം.

ആത്മീയ വ്യക്തിത്വം
മുസ്‌ലിം ബ്രദര്‍ഹുഡ് ആശയങ്ങള്‍ തന്നെയാണ് യാസീന്റെ അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്റെയും ഇപ്പോള്‍ മൊറോക്കന്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റിന്റെയും പ്രചോദനകേന്ദ്രം. പി.ജെ.ഡി, വ്യവസ്ഥിതിക്കകത്തുനിന്നുകൊണ്ട് തന്നെ വ്യവസ്ഥിതിയെ മാറ്റുകയും പരിഷ്‌കരിക്കുകയും ചെയ്യാമെന്ന കാഴ്ചപ്പാട് പുലര്‍ത്തുമ്പോള്‍ വ്യവസ്ഥിതിയുടെ മൗലിക മാറ്റത്തിനാണ് അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ പ്രാധാന്യം കല്‍പിക്കുന്നത്. ഇതാണ് ബ്രദര്‍ഹുഡ് ആശയത്തെ ആധാരമാക്കുമ്പോഴും ഉഭയ പാര്‍ട്ടികളെയും വേര്‍തിരിക്കുന്ന ഒരു ബിന്ദു. രാഷ്ട്രീയത്തിലിടപെടുമ്പോഴും അംഗങ്ങളുടെ ആത്മീയ ശിക്ഷണത്തിന് നല്‍കുന്ന പരമപ്രാധാന്യം ഇതര ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍നിന്ന് യാസീന്റെ പ്രസ്ഥാനത്തെ വേര്‍തിരിക്കുന്നു. ആത്മീയതയെയും രാഷ്ട്രീയത്തെയും സമഞ്ജസമായി സമ്മേളിപ്പിക്കുന്നതില്‍ വലിയ തോതില്‍ വിജയിച്ച വ്യക്തിത്വമാണ് യാസീന്‍. ഹസനുല്‍ ബന്നായുടെ അതേ ആത്മീയ പരിവേഷം യാസീന്റെ വ്യക്തിത്വത്തിനുമുണ്ടായിരുന്നു. യുവാക്കളും സ്ത്രീകളുമടക്കം ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട വലിയൊരു ജനസഞ്ചയത്തെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഹസനുല്‍ ബന്നായുടെ 'ചൊവ്വാഴ്ച ക്ലാസുകളി'ലെന്ന പോലെ അബ്ദുസ്സലാം യാസീന്റെ 'ഞായറാഴ്ച ക്ലാസുകളി'ലും (മജാലിസു യൗമില്‍ അഹദ്) ജനം തിങ്ങിനിറഞ്ഞിരുന്നു. അവര്‍ക്കദ്ദേഹം ഒരേ സമയം രാഷ്ട്രീയ നേതാവും ആത്മീയ പുരുഷനുമായിരുന്നു. ജീവിതത്തില്‍നിന്ന് അകന്നുനിന്നുകൊണ്ടല്ല അതിന്റെ നടുത്തളത്തില്‍ ഇറങ്ങിക്കളിച്ചുകൊണ്ടാണ് അദ്ദേഹം അവരെ ആത്മീയമായി വളര്‍ത്തിയത്. ആത്മീയതയുടെ ആ ട്രാന്‍സ്‌ഫോമറില്‍നിന്ന് ഊര്‍ജം വലിച്ചെടുത്ത് കൊണ്ടാണ് തെരുവുകളെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഇളക്കി മറിച്ചത്. ശ്രദ്ധേയമാണ് യാസീന്റെ വാക്കുകള്‍: ''വിശ്വാസമെന്നാല്‍ ജനങ്ങളുടെ ആവശ്യങ്ങളും തേങ്ങലുകളും ചെന്നെത്താത്ത ധ്യാനമഠത്തിലെ ഏകാന്തതയല്ല. ദൈവസാന്നിധ്യത്തിന്റെ താല്‍പര്യത്തില്‍ നിന്ന് അകന്നുകൊണ്ടുള്ള രാഷ്ട്രീയ പാതയിലെ പോരാട്ടവുമല്ല. സര്‍വസംഗ പരിത്യാഗമായ ഇസ്‌ലാമല്ല നമ്മുടെ ലക്ഷ്യം; പാര്‍ട്ടി പ്രവര്‍ത്തനവുമല്ല. സാംസ്‌കാരിക ഇസ്‌ലാമുമല്ല നമ്മുടെ മുദ്രാവാക്യം. പ്രത്യുത, പ്രവാചകന്റേതായ കര്‍മപദ്ധതിയാണ്. നീതി (അദ്ല്‍)യും നന്മ(ഇഹ്‌സാന്‍)യുമാണ്. ശിക്ഷണവും ചടുലതയുമാണ്; പെരുമാറ്റ സൗന്ദര്യവും ഗ്രഹിക്കലുമാണ്; വിജ്ഞാനവും കര്‍മവുമാണ്; മതവും രാഷ്ട്രീയവുമാണ്.''
അബ്ദുസ്സലാം യാസീന്റെ ഭരണകൂട വിരുദ്ധ പ്രവര്‍ത്തനങ്ങളും എതിര്‍പ്പുകളും പരസ്യമായിരുന്നു. തുറന്ന പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്വഭാവഘടനയിലെ സഹജമായ ആത്മീയതയുടെ കരുത്തിന്റെ തണലിലാണ് അദ്ദേഹം ഭരണകൂടത്തോടു പൊരുതിയത്. ഭരണകൂടം വിലക്കുകള്‍ തീര്‍ത്തപ്പോള്‍ ഒരിക്കലും അദ്ദേഹം ഗൂഢപ്രവര്‍ത്തനങ്ങളുടെ മാര്‍ഗം സ്വീകരിച്ചില്ല. അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനം ഒന്നാമതായി ഭീരുത്വമാണെന്നാണ് അതിനദ്ദേഹം പറഞ്ഞ കാരണം. രണ്ടാമതായി, വേഗം വഴിതെറ്റാനുള്ള ബീജങ്ങള്‍ അതില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭരണകൂടം തടങ്കലും വിലക്കുകളും കൊണ്ട് വീര്‍പ്പ് മുട്ടിച്ചപ്പോഴും അദ്ദേഹത്തിന്റെ അനുയായികള്‍ ഒരിക്കല്‍ പോലും സായുധ പാതയെക്കുറിച്ച് ചിന്തിക്കാതിരുന്നത് അതുകൊണ്ടാണ്. കുപ്രസിദ്ധമായ കാസാബ്ലാങ്കാ സ്‌ഫോടനത്തിന് തുടര്‍ച്ചയില്ലാതെ പോയത് അബ്ദുസ്സലാം യാസീന്റെ ആത്മീയ സാന്നിധ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയത് വെറുതെയല്ല.
ഇമാം ഗസ്സാലിയെപ്പോലെ ഒരു ഘട്ടത്തില്‍ അബ്ദുസ്സലാം യാസീനും ആത്മീയ പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. അങ്ങനെയാണ് 40-ാം വയസ്സില്‍ അല്‍ ഹാജ് അബ്ബാസ് എന്ന ആത്മീയ ഗുരുവിന്റെ തണലില്‍ അദ്ദേഹം ചെന്നെത്തുന്നത്. ഹസനുല്‍ ബന്നാ, ഹസ്വാഫിയ ത്വരീഖത്തി(ആത്മീയ സരണി)ലൂടെ കടന്നുവന്നത് പോലെ ശൈഖ് അബ്ബാസിന്റെ ഖാദിരിയ്യാ ത്വരീഖത്തിലെ ബൂതശീശിയ ഉപസരണയിലൂടെ യാസീനും കടന്നുവന്നു. ശൈഖിന്റെ മരണം വരെ ആറു വര്‍ഷം അദ്ദേഹം അവരുടെ സാവിയ (സൂഫിമഠം)യുമായുള്ള ബന്ധം നിലനിര്‍ത്തുകയുണ്ടായി. അല്‍ ഹാജ് അബ്ബാസിന്റെ മരണാനന്തരം 'സാവിയ'യിലെ ചില നടപടികള്‍ പ്രവാചകാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി കണ്ടതോടെ അദ്ദേഹം അതില്‍നിന്ന് വിടവാങ്ങി. എന്നാല്‍, സാവിയയിലെ ദീര്‍ഘകാല സാധനയുടെ സ്വാധീനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ അവസാനം വരെ സാധാരണക്കാരെ വശീകരിക്കുന്ന പരിവേഷമായി നിലനിന്നു. പ്രസ്ഥാനത്തില്‍ അത് സന്നിവേശിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. എന്നാല്‍, തന്നെ ശൈഖ് (ആത്മീയ ഗുരു) എന്ന് അഭിസംബോധന ചെയ്യുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 'ഉസ്താദ്' (അധ്യാപകന്‍) എന്ന വിശേഷണമാണ് അദ്ദേഹം അതിനു പകരം വെക്കാന്‍ നിര്‍ദേശിച്ചത്.
അധ്യാപകന്‍
അധ്യാപകന്‍ എന്ന വിശേഷണം സ്വയം ഇഷ്ടപ്പെട്ട യാസീന്റെ ഉപജീവന മാര്‍ഗം തന്നെയായിരുന്നു അധ്യാപനം. ഇരുപത് വര്‍ഷത്തോളം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകനായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനം കാരണം രേഖാമൂലമുള്ള ഉത്തരവൊന്നുമില്ലാതെ 1968-ല്‍ അദ്ദേഹം അധ്യാപക തസ്തികയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയുണ്ടായി. 1978-ല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പൂര്‍ണമായും സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു അദ്ദേഹം.
1928-ല്‍ മറാകിശില്‍ ജനിച്ച യാസീന്റെ ജീനില്‍ തന്നെയുള്ളതാണ് അധികാരി വര്‍ഗത്തിനെതിരിലുള്ള പോരാട്ട വീര്യം. മൊറോക്കോവിലെ പുരാതന ഇദ്‌രീസുകളുടെ ഗോത്രവുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ വംശാവലി. ആയത്ത് ബഹ്‌യ് ഗോത്രത്തിന്റെ ശാഖയായ ആയത്ത് സല്‍ത്വനില്‍ നിന്നുള്ള പിതാവ് അല്‍ഖായിദ് അബ്ദുല്ല ബഹ്‌യ് അക്കാലത്തെ വിമത പ്രവര്‍ത്തനങ്ങള്‍ മൂലം മറാക്കിശിലേക്ക് കുടിയേറുകയായിരുന്നു. മറാക്കിശിലെ മുഹമ്മദ് അല്‍ മുഖ്താര്‍ അസ്സൂസിയുടെ മദ്‌റസയിലായിരുന്നു യാസീന്റെ പ്രാഥമിക പഠനം. ഫ്രഞ്ച് അധിനിവേശത്തിനെതിരെ മൊറോക്കന്‍ സ്വാതന്ത്ര്യ സമരം നയിച്ച ഇസ്തിഖ്‌ലാല്‍ പാര്‍ട്ടിയുടെ മുന്‍നിര പ്രവര്‍ത്തകരിലൊരാളായിരുന്നു സൂസി.
പിന്നീട് പുരാതന വിദ്യാപീഠമായ ഖുറവിയ്യീന്റെ കീഴിലുള്ള മഅ്ഹദ് ബിന്‍ യൂസുഫ് സെക്കന്ററി സ്‌കൂളില്‍ പഠനം തുടര്‍ന്നു. സ്ഥാപന മേധാവിയായ ബിന്‍ ഉസ്മാന്‍ നടത്തിയ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യാസീന് ഒറ്റയടിക്ക് മൂന്ന് ക്ലാസ്സുകളുടെ പ്രമോഷന്‍ ലഭിച്ചു. ഒമ്പതാം വയസ്സിലേ യാസീന്‍ വിദേശ പത്രങ്ങള്‍ വായിച്ചു തുടങ്ങിയിരുന്നു. മൗലായ യൂസുഫ് പാഠശാലയില്‍നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ യാസീന്‍ മറാക്കിശില്‍നിന്ന് റബാത്വിലെത്തി അധ്യാപന തൊഴിലില്‍ വ്യാപൃതനായി. റബാത്വിലെ ഇസ്‌ലാമിക പഠനങ്ങള്‍ക്കായുള്ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഈ കാലയളവില്‍ അദ്ദേഹം ഡിപ്ലോമ നേടി. അവിടെ നിന്ന് അറബി ഭാഷാധ്യാപകനായി മറാകിശില്‍ തിരിച്ചെത്തി. 1956-ല്‍ രാജ്യം സ്വതന്ത്രമാകുമ്പോള്‍ ഫ്രഞ്ച് വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായി യാസീന് നിയമനം കിട്ടിയിരുന്നു. അക്കാലത്ത് വിദ്യാഭ്യാസ വിഷയത്തില്‍ പഠനവും പരിശീലനവും നേടാന്‍ ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഗവണ്‍മെന്റ് അയച്ച പ്രതിനിധി സംഘത്തില്‍ യാസീനും അംഗമായിരുന്നു.
1965-ലാണ് യാസീന്റെ ജീവിതത്തിലും വീക്ഷണങ്ങളിലും മൗലിക പരിണാമം സംഭവിക്കുന്നത്. അല്‍ ഹാജ് അബ്ബാസിന്റെ സൂഫി സരണിയുമായി ബന്ധപ്പെടുന്നത് ഇക്കാലത്താണ്. എന്നാല്‍, ആത്മീയത നിഷേധാത്മകമായല്ല ക്രിയാത്കമായാണ് യാസീന്റെ ചിന്തകളെ സ്വാധീനിച്ചത്. സമകാലിക ഇസ്‌ലാമിക ചിന്തയെയും കര്‍മപരിപാടികളെയും വികസ്വരമാക്കിയ ഹസനുല്‍ ബന്നാ, സയ്യിദ് ഖുത്വ്ബ്, മൗദൂദി തുടങ്ങിയ എല്ലാ നവോത്ഥാന മഹാരഥന്മാരെയും വായിച്ച യാസീന്‍ സൃഷ്ടിപരമായി അവരെ ഉള്‍ക്കൊള്ളുകയും തന്റേതായ ഒരു രീതിശാസ്ത്രം രൂപപ്പെടുത്തി എടുക്കുകയും ചെയ്തു.
1974 -ല്‍ ഇസ്‌ലാം അല്ലെങ്കില്‍ പ്രളയം (അല്‍ ഇസ്‌ലാം അവിത്ത്വൂഫാന്‍) എന്ന ശീര്‍ഷകത്തില്‍ ഹസന്‍ രാജാവിനെ പരസ്യമായി ഉപദേശിച്ചുകൊണ്ടുള്ള പുസ്തകമിറക്കിയതോടെയാണ് യാസീന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുന്നത്. ഭരണരീതി മാറ്റി ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മാര്‍ഗം പിന്‍പറ്റാന്‍ ഹസന്‍ രാജാവിനോട് ഈ കൃതിയിലൂടെ യാസീന്‍ ആവശ്യപ്പെട്ടു. രാജാവിനെതിരെ നിശിതമായ പരസ്യ വിമര്‍ശനം മൊറോക്കോവില്‍ ഇതാദ്യമായിരുന്നു. മൂന്നര വര്‍ഷത്തെ തടങ്കലായിരുന്നു ഫലം. തടവില്‍നിന്ന് പുറത്ത് വന്ന യാസീന്‍ ഇസ്‌ലാമിക സംഘടനകളുടെ നേതൃത്വങ്ങളുമായും മതപണ്ഡിതന്മാരുമായും സംഭാഷണം നടത്തി ഏകീകൃത പ്രവര്‍ത്തനത്തിനായുള്ള ചട്ടക്കൂടുണ്ടാക്കാന്‍ ശ്രമം തുടര്‍ന്നെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. അങ്ങനെയാണ് 1981-ല്‍ 'ഉസ്‌റത്തുല്‍ ജമാഅ്' എന്ന പേരില്‍ സ്വന്തം സംഘടന രൂപീകരിക്കുന്നത് (പിന്നീടിത് ഒരു ചാരിറ്റി സംഘടനയായി മാറി). 'അല്‍ ജമാഅ' എന്ന പേരില്‍ ഒരു മാഗസിനും 'അസ്വുബ്ഹ്' (പ്രഭാതം) എന്ന പേരില്‍ ഒരു ദിനപത്രവും യാസീന്‍ ആരംഭിച്ചെങ്കിലും രണ്ടും ഭരണകൂടം നിരോധിച്ചു. 'അല്‍ജമാഅ' മാഗസിനില്‍ 'വാക്കും പ്രവൃത്തിയും' (അല്‍ഖൗല്‍ വല്‍ അമല്‍) എന്ന ശീര്‍ഷകത്തില്‍ യാസീന്‍ എഴുതിയ ലേഖനം കൊട്ടാരത്തെ പ്രകോപിപ്പിച്ചു. ഹിജ്‌റ 15-ാം ശതകത്തോടനുബന്ധിച്ച് ഹസന്‍ രണ്ടാമന്‍ രാജാവ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിനുള്ള ഖണ്ഡനമായിരുന്നു യാസീന്റെ ലേഖനം. 1983-ല്‍ വീണ്ടും രണ്ടു വര്‍ഷത്തെ തടവിലേക്കാണ് അത് നയിച്ചത്. 1978-ല്‍ തന്നെ പള്ളികളില്‍ ക്ലാസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ യാസീനെ തടയുകയും പലതവണ തടവിലിടുകയും ചെയ്തിരുന്നു.
1987-ല്‍ യാസീന്‍ സംഘടനയുടെ പേര് 'അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍' എന്നാക്കി മാറ്റി. പിന്നീട് സംഘടന നിരോധിക്കപ്പെടുകയും 1989 മുതല്‍ യാസീന്‍ വീട്ടുതടങ്കലിലാക്കപ്പെടുകയും ചെയ്തു. പത്തു വര്‍ഷക്കാലം അദ്ദേഹത്തിന് വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. അദ്ദേഹത്തിന്റെ മകള്‍ നാദിയയായിരുന്നു ഇക്കാലത്ത് സംഘടനയുടെ വക്താവായി പൊതുരംഗത്ത് വന്നിരുന്നത്. തുടക്കത്തിലേ സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കിയ യാസീന്‍ സംഘടനക്ക് വിപുലമായ വനിതാ വിഭാഗവും കുട്ടികള്‍ക്കായുള്ള വേദിയുമൊക്കെ ഉണ്ടാക്കാന്‍ ശ്രദ്ധിച്ചിരുന്നു.
'90-കളില്‍ പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ യാസീന്റെ സംഘടന തെരുവുകളിലും യൂനിവേഴ്‌സിറ്റികളിലും ശക്തമായ സാന്നിധ്യം അറിയിച്ചു തുടങ്ങി. ഇത് പലപ്പോഴും അധികാരി വര്‍ഗവുമായുള്ള ഏറ്റുമുട്ടലിലേക്കും പ്രവര്‍ത്തകരുടെ വന്‍തോതിലുള്ള അറസ്റ്റിലേക്കും നയിച്ചു. 1992-ല്‍ സംഘടന നിയമപരമായ അംഗീകാരത്തിന് അപേക്ഷ നല്‍കിയെങ്കിലും അത് തള്ളപ്പെടുകയായിരുന്നു.
ഹസന്‍ രണ്ടാമന്റെ നിര്യാണത്തെത്തുടര്‍ന്ന് പുത്രന്‍ മുഹമ്മദ് ആറാമന്‍ രാജപദവിയിലെത്തിയതോടെ 2000-ാം ആണ്ടിലാണ് യാസീന്‍ വീട്ടുതടങ്കലില്‍ നിന്ന് പുറത്ത് വരുന്നത്. 2000 ജനുവരി 28-ന് രാജാവിന്റെ പേര്‍ക്ക് യാസീന്‍ പരസ്യമായൊരു മെമ്മോറാണ്ടം പുറത്തിറക്കി. ഭരണകൂട ഭീകരതക്കിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പുതിയൊരു യുഗം ആരംഭിക്കാന്‍ മെമ്മോറാണ്ടത്തില്‍ യാസീന്‍ യുവരാജാവിനോട് ആവശ്യപ്പെട്ടു.
2011 നവംബറില്‍ നടന്ന മൊറോക്കന്‍ പൊതുതെരഞ്ഞെടുപ്പ് അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ ബഹിഷ്‌കരിക്കുകയായിരുന്നു. തത്ത്വത്തില്‍ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെ സംഘടന നിരാകരിക്കുന്നുവെന്നല്ല ഇതിനര്‍ഥം. നിലവിലെ കളിനിയമങ്ങളുടെ അകത്തുനിന്നുകൊണ്ടുള്ള പങ്കാളിത്തത്തോടാണ് സംഘടനയുടെ എതിര്‍പ്പ്.
ഗ്രന്ഥകാരന്‍
ശിക്ഷകനും സംഘാടകനും മാത്രമല്ല, ചിന്തകനും ഗ്രന്ഥകാരനും കൂടിയായിരുന്നു അബ്ദുസ്സലാം യാസീന്‍. ലോകം അറിയാത്ത 'മുല്ല'യായിരുന്നില്ല അദ്ദേഹം. ഫ്രഞ്ചും ഇംഗ്ലീഷും റഷ്യനും വശമായിരുന്ന യാസീന്റെ പഠനങ്ങള്‍ ഇസ്‌ലാമിക പൈതൃകത്തിലെന്ന പോലെ പാശ്ചാത്യ വിജ്ഞാനീയങ്ങളിലുമുള്ള പരന്ന വായനയുടെയും അറിവിന്റെയും നിദര്‍ശനങ്ങളാണെന്നാണ് ജോര്‍ദാന്‍ സര്‍വകലാശാലയിലെ സ്റ്റ്രാറ്റജി പഠനകേന്ദ്രത്തില്‍ ഗവേഷകനായ മുഹമ്മദ് അബൂറുമ്മാന്‍ എഴുതുന്നത്. ഇസ്‌ലാമിക വിപ്ലവം (La revalution a 'H' heure de islam), ആധുനികതയുടെ ഇസ്‌ലാമീകരണം (Islamiser la modernite) എന്നീ ഫ്രഞ്ച് കൃതികളടക്കം മുപ്പതോളം ഗഹന ഗ്രന്ഥങ്ങള്‍ യാസീന്‍ രചിക്കുകയുണ്ടായി.
ഒളിവിയ റോയ്, ഹില്‍കാമ്പല്‍, നിക്കോള ബൂ, കാതറിന്‍ കറാസിയ, ഫ്രാന്‍സോ ബോര്‍ഗാറ്റ്, അലെക്‌സ് ഫിലിബോന്‍ തുടങ്ങി പല പാശ്ചാത്യ എഴുത്തുകാരും യാസീന്റെ ചിന്തകളെക്കുറിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് അര്‍കൂന്റെയും യാസീന്റെയും ചിന്തകളുടെ താരതമ്യപഠനമാണ് റോണ്‍ഹാല്‍ബയറിന്റെ 'ഇസ്‌ലാമിക ധിഷണ-കാലത്തിന്റെ പൈതൃകത്തിന് മുന്നില്‍' എന്ന കൃതി.
പാരമ്പര്യ വിജ്ഞാനീയങ്ങളെയും ധിഷണയെയും സമന്വയിക്കുന്നതാണ് യാസീന്റെ ചിന്തകള്‍. 'വെളിപാട് ഗുരുവും ധിഷണ ശിഷ്യനുമാണ്, പാരമ്പര്യ വിജ്ഞാനവും ധിഷണയും കണ്ണിണകളാണ്' എന്ന യാസീന്റെ വാക്കുകളില്‍ അദ്ദേഹത്തിന്റെ സമീപന മര്‍മം ഉള്ളടങ്ങിയിരിക്കുന്നു. സംവാദമായിരുന്നു യാസീന്റെ ശൈലി. 'ഹുവാറുന്‍ മഅഫുദലാഇദ്ദിമൂഖ്‌റത്വിയ്യീന്‍' (അഭിവന്ദ്യരായ ജനാധിപത്യവാദികളുമായുള്ള സംവാദം), 'ഒരു അമാസീഗി സുഹൃത്തുമായി സംവാദം' എന്നിവ യാസീന്റെ സംവാദ താല്‍പര്യത്തെ അടയാളപ്പെടുത്തുന്ന കൃതികളാണ്. സഹോദര സംഘടനകളുമായി സൗമ്യമായി വര്‍ത്തിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയ യാസീന്റെ ചരമത്തോടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കകത്തെ അപൂര്‍വ വ്യക്തിത്വത്തിന്റെ തിരിനാളമാണ് കണ്‍ചിമ്മിയത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍