വിനോദവും വ്യവസായവും ആശയരൂപവത്കരണവും
വിനോദത്തിലും ഉല്ലാസത്തിലുമുള്ള താല്‍പര്യം മനുഷ്യന്റെ സമഗ്ര വ്യക്തിത്വത്തിന്റെ സുപ്രധാന ഭാഗമാണ്. വ്യക്തിയില്‍ എത്രമാത്രം വാസ്തവമാണോ ഈ സത്യം അത്രതന്നെ സമൂഹത്തിലും സത്യമാണിത്. മനുഷ്യന്റെ വിനോദാഭിരുചികളെ പൂര്‍ത്തീകരിക്കുന്ന സാമൂഹിക അടയാളമാണ് വിവിധയിനം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ (Cultural Activities). പ്രത്യക്ഷത്തില്‍ വിനോദോപാധികളാണെങ്കിലും, വിശ്വാസവും വീക്ഷണവും മൂല്യങ്ങളുമെല്ലാം അവയില്‍ പ്രതിബിംബിക്കുന്നുണ്ട്. വ്യക്തിയില്‍ അവ ചെലുത്തുന്ന സ്വാധീനം സാമൂഹിക ജീവിതത്തിലും പ്രകടമാവും.
സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ വിവിധയിനം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സമൂഹം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത പുരാതന കാലത്തും മാനസികോല്ലാസത്തിനും വേണ്ടി സംഘടിപ്പിക്കപ്പെട്ടിരുന്നു. നമ്മുടെ കാലത്ത് സാംസ്‌കാരിക പരിപാടികളിലെ വൃത്തം കുറെക്കൂടി വിപുലമാണ്. വിനോദത്തിന് മാത്രമല്ല, സന്ദേശപ്രചാരണത്തിനും ആശയരൂപവത്കരണത്തിനുമൊക്കെ മുഖ്യഘടകങ്ങളായി വര്‍ത്തിക്കുന്നുണ്ട്. മീഡിയയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഇസ്‌ലാമിക പ്രസ്ഥാനം, അവയെ ഉപയോഗപ്പെടുത്താന്‍ ചില പ്രായോഗിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍, പ്രിന്റ് -ഇലക്‌ട്രോണിക് (പത്രങ്ങള്‍, ന്യൂസ് ചാനലുകള്‍) മാധ്യമങ്ങളെയാണിന്ന് മീഡിയ എന്ന് പൊതുവില്‍ വ്യവഹരിക്കുന്നത്. അവയില്‍ മാത്രം പരിമിതമല്ല മീഡിയയുടെ വൃത്തം. സന്ദേശ പ്രചാരണത്തിന്റെ സകല മാധ്യമങ്ങളും മീഡിയയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഫിലിം, സീരിയല്‍, നാടകം, കാര്‍ട്ടൂണ്‍, പെയ്ന്റിംഗ്, നോവല്‍, കഥ,കവിത, സംഗീതം, പരസ്യങ്ങള്‍, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം സാംസ്‌കാരിക വിനിമയങ്ങള്‍ നടക്കുന്ന വിവിധയിനം മീഡിയം തന്നെ. പൊതുജനത്തിന്റെ ചിന്തകളെയും കാഴ്ചപ്പാടിനെയും രൂപപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇവ സമൂഹത്തെ നന്മയിലേക്കോ തിന്മയിലേക്കോ പിടിച്ചു വലിച്ചുകൊണ്ടിരിക്കുന്നു. ഇവയുടെ സാംസ്‌കാരിക സ്വാധീനത്തിന് വിധേയമാണ് ഓരോ മനുഷ്യനും. വൈജ്ഞാനിക ചര്‍ച്ചകള്‍, പ്രബന്ധങ്ങള്‍, ബൗദ്ധിക സംവാദങ്ങള്‍, ഗഹനമാര്‍ന്ന തത്ത്വ ചിന്തകള്‍, വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ എന്നിവക്ക് പ്രാധാന്യമുണ്ടെങ്കിലും അവ ഒരു പരിമിത വൃത്തത്തിനപ്പുറം എത്തുന്നില്ല. സാംസ്‌കാരിക പരിപാടികളാവട്ടെ, മൊത്തം പൊതുസമൂഹത്തെ സമുദ്ധരിക്കാനോ അവരുടെ മൂല്യബോധത്തെ തകര്‍ക്കാനോ കാരണമാവുകയും ചെയ്യുന്നു.
ഇവയില്‍ സിനിമ, സീരിയല്‍, പരസ്യങ്ങള്‍ എന്നിവയാണ് സാധാരണക്കാരുടെ ചിന്താഗതികളെയും അഭിനിവേശങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും ഏറെ സ്വാധീനിക്കുന്നത്. ഗുണ്ടായിസം, മാഫിയ, അശ്ലീലത, നഗ്നതാ പ്രദര്‍ശനം, കുടുംബഛിദ്രത, വിവാഹപൂര്‍വ ലൈംഗികത തുടങ്ങിയ തിന്മകളുടെ പ്രചാരണത്തിന് മുഖ്യ പങ്കുവഹിക്കുന്നത് ഈ കലാരൂപങ്ങളാണ്. തല മണ്ണില്‍ പൂഴ്ത്തി ഇവയെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകാനാവുമോ? നാം അകന്നു നില്‍ക്കുന്നതുകൊണ്ട് മാത്രം സമൂഹത്തില്‍നിന്ന് ഈ തിന്മകള്‍ തൂത്തെറിയപ്പെടുമോ?
ഈ സാംസ്‌കാരിക മാലിന്യങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതോടൊപ്പം അവക്ക് ബദല്‍ സമര്‍പ്പിക്കാനും സാധിക്കേണ്ടതുണ്ട്. കാരണം, അടര്‍ത്തി മാറ്റാനാകാത്തവിധം ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു ദൃശ്യവിനോദങ്ങള്‍. ഇവയെ ചെറുക്കുന്ന ഒരു സാംസ്‌കാരിക ബദല്‍ അവതരിപ്പിക്കുന്നതിന് വേണ്ടത്ര പ്രോത്സാഹനം നല്‍കുന്നുണ്ട് ഇസ്‌ലാം. സാംസ്‌കാരിക രംഗത്തിന് ഉചിതമായ രൂപഭാവങ്ങള്‍ നല്‍കുകയാണ് ആവശ്യം. മനുഷ്യ പ്രകൃതിക്ക് ശൂന്യതയില്‍ നില്‍ക്കാനാവുകയില്ല. നിര്‍മാണാത്മകമായി ഒന്നുമില്ലെങ്കില്‍ മനുഷ്യപ്രകൃതി നിഷേധാത്മകതയെ ഉള്‍ക്കൊള്ളും. ഉപകരണങ്ങള്‍ (Tools) സ്വയമേവ നന്മയോ തിന്മയോ അല്ലെന്നും മനസ്സിലാക്കണം. അവയെ എങ്ങനെ ഉപയോഗിക്കുന്നുവോ അതിനനുസരിച്ച് നന്മയുടെയോ തിന്മയുടെയോ ഭാവങ്ങള്‍ രൂപപ്പെടുകയാണ് ചെയ്യുക. ഏത് സാംസ്‌കാരിക പ്രവര്‍ത്തനത്തെയും ഉപകരണമായി കാണുകയും അതിനെ നന്മക്കു വേണ്ടി പ്രയോജനപ്പെടുത്തുകയുമാണ് വേണ്ടത്. നമ്മുടെ കാലത്തെ സാംസ്‌കാരിക മാധ്യമങ്ങള്‍ കൊളോണിയല്‍ ആധുനികതയുടെ അധീശത്വത്തിന് കീഴിലാണ്. കൊളോണിയല്‍ ആധുനികതയുടെ ചിന്താ പദ്ധതികളും ലോക വീക്ഷണവുമാണവ പ്രസരിപ്പിക്കുന്നത്. നിര്‍മതത്വവും ലക്ഷ്യബോധമില്ലായ്മയും സ്വാര്‍ഥതയും അസമത്വങ്ങളുമൊക്കെ ആ ചിന്താധാരയുടെ ഉല്‍പന്നങ്ങളാണ്.
ദൈവിക നിര്‍ദേശങ്ങള്‍ക്കൊത്ത് സമൂഹത്തെ പുനഃസംവിധാനിക്കുക എന്നതാണല്ലോ ഇഖാമത്തുദ്ദീന്‍ അഥവാ ദീനിന്റെ സംസ്ഥാപനം. മഹത്തായ ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ആദ്യം പൊതുസമൂഹത്തിന്റെ മനസ് മാറ്റിപ്പണിയണം. അവരുടെ ചിന്തകളെയും ആശയങ്ങളെയും സ്വാധീനിക്കാനായാല്‍ മാത്രമേ ഇത് സാധ്യമാവൂ. നവീന മാധ്യമങ്ങളുടെ മുഴുവന്‍ സാധ്യതകളെയും പൂര്‍ണമായി ഉപയോഗിച്ചാലേ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ.
പ്രവാചകന്‍(സ) പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം രീതികള്‍ അവലംബിച്ചിട്ടുണ്ട്. പ്രവാചകത്വത്തിന്റെ ആരംഭ നാളുകളില്‍ സ്വഫാ കുന്നില്‍ കയറി അവിടുന്ന് നടത്തിയ പ്രഭാഷണം ഉത്തമ ഉദാഹരണമാണ്. വല്ല സന്ദേശവും സമൂഹത്തെ അറിയിക്കാനുള്ളവര്‍ അക്കാലത്ത് സ്വഫയില്‍ കയറി, വസ്ത്രം ഊരി കഷ്ണം കഷ്ണങ്ങളാക്കി കാണിച്ച് ജനങ്ങളെ അതിനു നേരെ വിളിച്ചു കൂട്ടും. എന്നിട്ട് പറയാനുള്ളതും പറയും. ഇങ്ങനെ ചെയ്യുന്നയാളെ നഗ്നനായ മുന്നറിയിപ്പുകാരന്‍ (അന്നദീറുല്‍ ഉര്‍യാന്‍) എന്നാണ് വിളിച്ചിരുന്നത്. അക്കാലത്തെ നിലവിലുള്ള ഈ മീഡിയ സംവിധാനത്തെ യാതൊരു സങ്കോചവുമില്ലാതെ ഉപയോഗപ്പെടുത്തുകയായിരുന്നു തിരുമേനി. പക്ഷേ, സ്വന്തം വസ്ത്രം ഊരി കീറിക്കാണിച്ചില്ലെന്നു മാത്രം. അഥവാ നഗ്നത പ്രദര്‍ശിപ്പിക്കാതെ, വിശുദ്ധി കാത്തുകൊണ്ട് നിലവിലെ മാധ്യമ രീതി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നര്‍ഥം. യുദ്ധ വേളകളില്‍ കവിതകൡൂടെ ശത്രുക്കള്‍ മുസ്‌ലിംകളെ കടന്നാക്രമിക്കുമ്പോള്‍ കവിതയിലൂടെ മറുപടി പറയാന്‍ കവി ഹസ്സാനുബ്‌നു സാബിത്തിനെ പ്രവാചകന്‍ (സ) പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. ശാഇറുര്‍റസൂല്‍ (പ്രവാചകന്റെ കവി) എന്ന സ്ഥാനവും അദ്ദേഹത്തിന് നല്‍കി. അദ്ദേഹത്തോട് നബി പറഞ്ഞു: ''ഹസ്സാന്‍, താങ്കളുടെ കവിതകള്‍ ശത്രുക്കളെ വാളിനേക്കാളധികം പ്രഹരമേല്‍പിക്കും'' ഇങ്ങനെ എതിരാളികള്‍ മികച്ചുനിന്ന മേഖലകളിലൊക്കെ തന്റെ അനുചരന്മാരെയും അവിടുന്ന് വളര്‍ത്തിക്കൊണ്ടുവന്നു. ഖന്ദഖ് യുദ്ധവേളയില്‍ കിടങ്ങ് നിര്‍മാണമെന്ന ഇറാനിയന്‍ പ്രതിരോധ രീതി മുന്നോട്ടുവെച്ച സല്‍മാനുല്‍ ഫാരിസിയെ നബി അഭിനന്ദിക്കുകയുണ്ടായി. അത് അവിശ്വാസികളുടെ സാങ്കേതിക വിദ്യയല്ലേ, നമുക്കത് പറ്റില്ല എന്നൊന്നും പ്രവാചകന്‍ പറയുകയുണ്ടായില്ല. അതത് കാലത്തെ മാധ്യമങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഇസ്‌ലാമിന്റെ ശേഷിയെയാണ് ഇത് കാണിക്കുന്നത്. അവയിലെ തെറ്റായ വശങ്ങള്‍ മാറ്റിനിര്‍ത്തി ലക്ഷ്യസാക്ഷാത്കാരത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു പ്രവാചകന്‍(സ).
മനസ്സിനെ മലിനമാക്കുന്ന ഇപ്പോഴത്തെ ഭൂരിഭാഗം സാംസ്‌കാരിക ആക്ടിവിസത്തെയും, മനസ്സിന്റെ വിമലീകരണത്തിന് ഉതകുംവിധം മാറ്റിപ്പണിയുന്നതിലാവണം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സജീവ ശ്രദ്ധ. ഈ രംഗത്ത് ഏറെ മുന്നോട്ടുപോയ രാജ്യമാണ് ഇറാന്‍. സുഡാനില്‍ ഹസന്‍ തുറാബിയും സാംസ്‌കാരിക മേഖലയില്‍ ഏറെ ദൂരം സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍, മുസ്‌ലിം സാധാരണക്കാര്‍ ഇതേക്കുറിച്ചൊന്നും ധാരണയില്ലാതെ ഇപ്പോഴും കറങ്ങിത്തിരിയുകയാണ്. റേഡിയോയും ലൗഡ് സ്പീക്കറും ഹലാലോ ഹറാമോ എന്ന തര്‍ക്കത്തിന് പലയിടത്തും ഇപ്പോഴും പരിഹാരമായിട്ടില്ല. ആധുനിക ടെക്‌നോളജി അനുവദനീയമോ എന്ന ചര്‍ച്ചയില്‍ ഒരടിപോലും മുന്നോട്ട് പോകാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. മറുവശത്ത് പടിഞ്ഞാറന്‍ കൊളോണിയല്‍ ശക്തികള്‍ ഓരോ വീട്ടിലുമെത്തി വ്യക്തിയെയും അവന്റെ തലച്ചോറിനെയും അടിമുടി തങ്ങളുടെ സംഗീതത്തിനും നൃത്തത്തിനും ഫാഷനും ജീവിത വീക്ഷണത്തിനും അനുരപമാംവിധം മാറ്റിയെടുത്തുകൊണ്ടിരിക്കുന്നു. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ജീവിതത്തിന്റെ പ്രധാന ഭാഗം വിനോദത്തിലും സാംസ്‌കാരിക പ്രവര്‍ത്തനത്തിലുമാണ് കഴിഞ്ഞുപോകുന്നത്. എന്നാല്‍, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന പരിപാടികളില്‍ വിനോദത്തിനും സാംസ്‌കാരിക ആക്ടിവിസത്തിനും വളരെക്കുറഞ്ഞ ഇടം മാത്രമാണിപ്പോഴും. പൊതു പ്രഭാഷണം സംഘടിപ്പിക്കാന്‍ ഒരു മാസം മുമ്പേ ആസൂത്രണവും തയാറെടുപ്പും നടത്തുന്നവര്‍, സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തിന് മണിക്കൂറുകള്‍ മാത്രമാണ് മുന്നൊരുക്കം നടത്താറ്. പ്രഭാഷകനും എഴുത്തുകാരനും നല്‍കുന്ന ആദരവിന്റെ തീരെ കുറഞ്ഞ ഒരംശം പോലും കലാകാരന് നല്‍കുന്നുമില്ല. ആര്‍ട്ടിസ്റ്റ്, നാടകകൃത്ത്, സ്‌ക്രിപ്റ്റ് എഴുത്തുകാരന്‍, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, നടന്‍, ഗായകന്‍, കവി എന്നീ നിലകളിലുള്ളവര്‍ നമ്മുടെ മൊത്തം കരുത്തിന്റെ അഞ്ചു ശതമാനം പോലുമില്ല.
കാമ്പസുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലപാട് നിര്‍മാതാക്കള്‍ (Trend Setter) ആകാന്‍ നാം ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട്. അവിടത്തെ സാംസ്‌കാരിക മേളകള്‍, വാര്‍ഷിക ദിനം എന്നിവയില്‍ സഹകാരികളാവുക. ഇപ്പോള്‍ നടക്കുന്ന ഫാഷന്‍ ഷോകള്‍ക്കും ആഭാസ നൃത്തങ്ങള്‍ക്കും പകരം ഒരേസമയം വിനോദവും സാമൂഹിക പ്രശ്‌നങ്ങളില്‍ ഉള്‍ക്കാഴ്ചയും പകരുന്ന പ്രോഗ്രാമുകള്‍ അവതരിപ്പിക്കപ്പെടട്ടെ. അഞ്ചു മിനിറ്റിന്റെ ചിത്രീകരണങ്ങള്‍ പലപ്പോഴും അരമണിക്കൂര്‍ പ്രഭാഷണത്തേക്കാള്‍ മനംകവരാന്‍ കെല്‍പുറ്റതാവും. വിപ്ലവ ഗാനങ്ങളും മുദ്രാവാക്യങ്ങളും വികാരത്തിന് ചൂട് പകരുമ്പോള്‍ അവിടെ പ്രായോഗിക പ്രവര്‍ത്തനം വേരുപിടിക്കും. പക്ഷേ, ഇപ്പോഴും ചില വൈകാരിക മുദ്രാവാക്യങ്ങള്‍ക്കപ്പുറം നമ്മുടെ സന്ദേശത്തെ യഥാവിധി പ്രതിഫലിപ്പിക്കുന്ന മുദ്രാവാക്യങ്ങളില്ല.
ജനം തടിച്ചുകൂടുന്ന ഇന്നത്തെ സംഗീത പ്രോഗ്രാമുകളില്‍ മിക്ക പാട്ടുകളും ഉപരിപ്ലവമോ വൈകാരികമോ മാത്രമായവയാണ്. അവ ഒരു സന്ദേശവും ഉള്‍ക്കൊള്ളുന്നില്ല. അവിടെയാണ് നാം സംഘടിപ്പിക്കുന്ന സംഗീത വിരുന്നുകള്‍ ഒരേസമയം ഉല്ലാസപൂരിതവും സന്ദേശ പ്രചാരണവുമായി മാറേണ്ടത്.
കഥ, നോവല്‍, ഹാസ്യം എന്നിവയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും കടന്നുവരവോടെ പുസ്തകങ്ങളുടെ പ്രധാനയുഗം അസ്തമിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. ഹാരിപോര്‍ട്ടര്‍ നോവലുകള്‍ക്കുള്ള സ്വീകാര്യത ആര്‍ക്കും അറിയാത്തതല്ല. ഇന്ത്യന്‍ യുവതയുടെ ഹീറോ തന്നെയാണ് നോവലിസ്റ്റ് ചേതന്‍ ഭഗത്. നിരവധി സിനിമകളുടെ സ്‌ക്രിപ്റ്റ് നോവലുകളില്‍നിന്നും കഥകളില്‍നിന്നുമാണ് രൂപം കൊള്ളുന്നതും. 'ത്രീ ഇഡിയറ്റ്‌സ്' എന്ന പ്രസിദ്ധ ചിത്രത്തിന്റെ തിരക്കഥ ചേതന്‍ ഭഗതിന്റെ നോവലില്‍നിന്നുള്ളതാണ്. നോവലിനും കഥക്കും ഇത്രയധികം പ്രാധാന്യമുണ്ടായിട്ടും നാം നോവലിസ്റ്റുകളുടെയും കഥാകൃത്തുകളുടെയും കടുത്ത ദാരിദ്ര്യം അനുഭവിക്കുകയാണ്.
നമ്മുടെ സന്ദേശ പ്രചാരണത്തിന് ഈ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തപ്പെടണം. പക്ഷേ, നിര്‍മാണ വൈഭവമുള്ളവര്‍ വേണം അവ നിര്‍മിച്ചുണ്ടാക്കാന്‍.
(മഹാരാഷ്ട്രക്കാരനായ ലേഖകന്‍ എസ്.ഐ.ഒ
മുന്‍ അഖിലേന്ത്യാ പ്രസിഡന്റാണ്)
വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
Comments