ബലാത്സംഗം എന്ന രാഷ്ട്രീയ ആയുധം
സ്ത്രീപീഡനമാണ് കടന്നുപോയ ഏതാനും വാരങ്ങളില്‍ ഇന്ത്യയെ ഏറ്റവുമധികം പിടിച്ചു കുലുക്കിയ വാര്‍ത്തകള്‍. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന ഏറ്റവും വലിയ കുറ്റകൃത്യം തന്നെ ബലാത്സംഗം ഉള്‍പ്പെടെയുള്ള പലതരം സ്ത്രീപീഡനങ്ങളാണെന്ന് ഐക്യരാഷ്ട്ര സഭയടക്കം ചൂണ്ടിക്കാട്ടുകയും ചെയ്തു. പക്ഷേ, രണ്ടുതരം കാപട്യങ്ങളാണ് ഈ സംഭവത്തിലുള്ളത്. ആഭ്യന്തരതലത്തില്‍ നമ്മുടെ സര്‍ക്കാറുകളും രാഷ്ട്രീയ പാര്‍ട്ടികളും നിയമവാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ചും നിലവിലുള്ള നിയമങ്ങളുടെ പല്ലില്ലായ്മയെ കുറിച്ചും നെടുങ്കന്‍ പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിഷയത്തിന്റെ മര്‍മത്തിലേക്കെത്തുമ്പോള്‍ ഇതല്ല ഇവരുടെയൊന്നും തനിനിറമായി പുറത്തുവരുന്നത്. എത്രത്തോളമെന്നു വെച്ചാല്‍ ജസ്റ്റിസ് വര്‍മ കമീഷനെ നിയോഗിച്ച് ഇന്ത്യയിലെ സ്ത്രീപീഡന നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഇപ്പോള്‍ രംഗത്തുള്ള കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും പഠിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി കഴിഞ്ഞ വര്‍ഷം നല്‍കിയ 45 ഇനങ്ങളുള്ള നിര്‍ദേശങ്ങളില്‍ 23-ഉം തള്ളുകയാണ് ചെയ്തത്. ബലാത്സംഗത്തിന് ഇന്ത്യന്‍ നിയമങ്ങളില്‍ നല്‍കിയിട്ടുള്ള 'സമ്മതമില്ലാത്ത ലൈംഗികവേഴ്ച' എന്ന നിര്‍വചനം പരിഷ്‌കരിക്കുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന എല്ലാതരം ലൈംഗിക അതിക്രമങ്ങളും സമഗ്രമായി ഈ നിര്‍വചനത്തിന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യണമെന്ന ആവശ്യമാണ് ഇന്ത്യ നിരസിച്ചവയില്‍ ഏറ്റവും സുപ്രധാനമെന്നും അറിയുക.
ബലാത്സംഗത്തിന് അന്താരാഷ്ട്ര സമൂഹം നല്‍കിയ നിര്‍വചനങ്ങള്‍ അംഗീകരിക്കാന്‍ ഒരിക്കലും നമ്മുടെ കേന്ദ്രസര്‍ക്കാര്‍ തയാറാവില്ലെന്ന് കരുതാനാണ് കൂടുതല്‍ ന്യായമുള്ളത്. അങ്ങനെ നിര്‍വചനം മാറ്റിയാല്‍ ഇന്ത്യ ഉത്തരം പറയേണ്ടിവരുന്ന ചില അന്താരാഷ്ട്ര പ്രാധാന്യമുള്ള ബലാത്സംഗ സംഭവങ്ങള്‍ ഉണ്ടെന്നു തന്നെയാണ് ഇതിന്റെ അര്‍ഥം. അരുന്ധതി റോയിയും അലിഷാ ഗീലാനിയും ദല്‍ഹി സംഭവത്തെ കുറിച്ചു പറഞ്ഞ പ്രതികരണങ്ങളില്‍ ഇതേ കുറിച്ച സൂചനയുണ്ട്. മനുഷ്യന്‍ ഇത്രയൊക്കെ പുരോഗമിച്ചിട്ടും ബലാത്സംഗമാണ് ഒരു സമൂഹത്തെ കൂട്ടത്തോടെ തകര്‍ക്കാനായി ഇന്നും ലോകമെങ്ങും പ്രയോഗത്തിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ ആയുധമെന്നും അക്കാര്യത്തില്‍ നാം ആരുടെയും പിന്നിലല്ലെന്നും ഈ പ്രസ്താവനകള്‍ അടിവരയിടുന്നുണ്ട്. ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ല നടത്തിയ ഒരു പ്രസ്താവനയും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കാനാവും. ദല്‍ഹിയിലെ പെണ്‍കുട്ടിക്കു വേണ്ടി ബാബാ രാംദേവിനൊപ്പം ചാടിവീണ മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ സിംഗിനെ കുറിച്ചാണ് ഹബീബുല്ല വിമര്‍ശനമുയര്‍ത്തിയത്. സിംഗിന് ദല്‍ഹി വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എന്ത് ധാര്‍മിക അവകാശമാണുള്ളതെന്നാണ് ഹബീബുല്ല ചോദിച്ചത്. വളരെ പ്രസക്തമായ ചോദ്യമാണിത്. കശ്മീരില്‍ ഇന്ത്യയുടെ അതിര്‍ത്തിഗ്രാമമായ കുനാന്‍പൊഷ്‌പൊരയില്‍ അവിവാഹിതരുടെ ഒരു തലമുറ കടന്നുപോയത് ഒരു കൂട്ട ബലാത്സംഗത്തിന്റെ ബാക്കിപത്രമായിട്ടാണ് എന്നത് സിംഗ് മറക്കുകയാണ്. ആ ഗ്രാമത്തില്‍ ഒറ്റ പെണ്ണും പട്ടാളക്കാരുടെ ബലാത്സംഗത്തിന് ഇരയാവാത്തതായി ബാക്കിയില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ കഥകള്‍ കേട്ടറിഞ്ഞ ഒരു സംസ്ഥാനം ഈ പ്രദേശത്തു നിന്നുതന്നെ വിവാഹം കഴിക്കാന്‍ മടികാണിക്കുകയും ബലാത്സംഗക്കുറ്റത്തിന് ലോകത്തെവിടെയും ചൂണ്ടിക്കാണിക്കാവുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തത്തിന്റെ പ്രതീകമായി കുനാന്‍പൊഷ്‌പൊര മാറുകയും ചെയ്തു. ഇന്നുമുണ്ട് അവിടെ 40 കഴിഞ്ഞ നൂറുകണക്കിന് അവിവാഹിതരായ യുവതികള്‍. അതിന് ഉത്തരവാദികളായവരെ നീണ്ടý20 വര്‍ഷങ്ങള്‍ക്കു ശേഷം ശിക്ഷിക്കുന്നത് പോകട്ടെ, വിചാരണ ചെയ്യാനെങ്കിലും സിംഗിന് കഴിഞ്ഞിരുന്നോ? എന്തിനാണ് ഇറോം ശര്‍മിള ഇന്നും നിരാഹാരം നടത്തുന്നത്?
ബോസ്‌നിയന്‍ വംശീയ കലാപമായിരുന്നു ബലാത്സംഗം എന്ന രാഷ്ട്രീയ കുറ്റത്തിന് ലോകം കണ്ട എക്കാലത്തെയും ഞെട്ടിക്കുന്ന ഉദാഹരണം. അതിലെ പ്രതികളായ കരാദ്ജിച്ചുമാര്‍ വിചാരണ നേരിടുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. മാസങ്ങളോളം തടവിലിട്ട് ഗര്‍ഭിണിയാണെന്ന് ഉറപ്പുവരുത്തുന്നതു വരെ ബലാത്സംഗം ചെയ്തതിനു ശേഷമായിരുന്നു അന്ന് സെര്‍ബിയക്കാര്‍ ബോസ്‌നിയന്‍ യുവതികളെ വിട്ടയച്ചിരുന്നത്. ശ്രീലങ്കന്‍ സൈന്യമാണ് ഈയര്‍ഥത്തില്‍ ലോകത്തെ ലജ്ജിപ്പിച്ച മറ്റൊരു രാഷ്ട്രീയ ബലാത്സംഗത്തിലെ നായകന്മാര്‍. അവര്‍ക്കെതിരെയും ഇന്ന് ആഗോളരോഷം ഉയര്‍ന്നു തുടങ്ങി. എല്‍.ടി.ടി.ഇക്കെതിരെ നടത്തിയ യുദ്ധക്കാലത്ത് സിംഹളസൈന്യം തമിഴ് പെണ്‍കൊടികളെ പിച്ചിച്ചീന്തിയതിന്റെ ഇന്റര്‍നെറ്റിലുള്ള ദൃശ്യങ്ങള്‍ ആരുടെയും കരളലയിക്കുന്നതാണ്.
ഇത് ഗവണ്‍മെന്റുകളുടെ കാപട്യമാണെങ്കില്‍ നമ്മുടെ സമൂഹത്തിലുമുണ്ട് അവസരവാദപരമായ മറവിരോഗം. കുടല്‍മാല ബ്ലേഡ് കൊണ്ട് കുത്തിക്കീറിയും ഗുഹ്യഭാഗത്ത് ജാക്കിലിവര്‍ ഇടിച്ചു കയറ്റിയും രാംസിംഗും കൂട്ടരും നടത്തിയ ഈ നരമേധത്തിന് തുല്യമായ മറ്റൊന്നും ഇതിനുമുമ്പ് ഇന്ത്യ കണ്ടിട്ടില്ലെന്ന വാദമാണ് പ്രക്ഷോഭകരെ ജ്വലിപ്പിച്ചു നിര്‍ത്തിയത്. പക്ഷേ വസ്തുതയാണോ അത്? ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ എത്രയെങ്കിലുമുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിക്ക് മറവിരോഗം പിടിപെട്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് പറയാനാവുമായിരുന്നു ഇതിനേക്കാള്‍ നീചമായ രീതിയില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന്. ഗുജറാത്തിലെ നരോദാപാട്ടിയയില്‍ വര്‍ഗീയ കലാപത്തിനിടെ ബലാല്‍ക്കാരം നടത്തിയതിനു ശേഷം ഗുഹ്യഭാഗത്ത് പട്ടിക അടിച്ചു കയറ്റിയ ഒരു യുവതിയെ അദ്ദേഹം അഭയാര്‍ഥി ക്യാമ്പില്‍ അന്ന് കണ്ടിരുന്നല്ലോ.
Comments