Prabodhanm Weekly

Pages

Search

2013 ജനുവരി 12

കാലം നമ്മോട് ആവശ്യപ്പെടുന്നത്‌

ശൈഖ് മുഹമ്മദ് കാരകുന്ന്

അല്ലാഹുവിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയോളം സ്‌നേഹിക്കപ്പെടുന്ന ആരെയും ഈ ലോകം കണ്ടിട്ടില്ല. അദ്ദേഹത്തെപ്പോലെ ജനജീവിതത്തെ ആഴത്തിലും പരപ്പിലും സ്വാധീനിക്കുന്ന ആരും ഇന്നോളമുണ്ടായിട്ടില്ല. ജീവിതകാലത്തുതന്നെ അദ്ദേഹം നേതാവും ജേതാവും ഭരണാധികാരിയുമെല്ലാമായി. എല്ലാം തികഞ്ഞ മനുഷ്യനായി എക്കാലത്തും അംഗീകരിക്കപ്പെട്ടു. ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ സ്വന്തം ജീവനേക്കാളും ഭൂമിയിലുള്ള മറ്റാരേക്കാളും എന്തിനേക്കാളും സ്‌നേഹിക്കുന്നത് മുഹമ്മദ് നബിയെയാണ്. അദ്ദേഹത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നേരിയ ശ്രമം പോലും അവര്‍ക്ക് അസഹ്യമായി അനുഭവപ്പെടുന്നു. സൃഷ്ടികളില്‍ അദ്ദേഹത്തെപ്പോലെ സ്‌നേഹിക്കപ്പെടുന്ന ആരുമില്ല.
പ്രവാചകനെ രൂക്ഷമായി ആക്ഷേപിക്കുകയും ക്രൂരമായി പരിഹസിക്കുകയും കഠിനമായി ദ്രോഹിക്കുകയും ചെയ്ത എതിരാളികളില്‍ ഏറെപ്പേരും അദ്ദേഹത്തിന്റ ജീവിതകാലത്തുതന്നെ അനുയായികളായി മാറി. അവശേഷിച്ചവരുടെ അന്ത്യം അത്യന്തം അപമാനകരവും പ്രയാസപൂര്‍ണവുമായിരുന്നു. അവരുടെ മുന്നണിയിലുണ്ടായിരുന്നത് അബൂലഹബ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അബ്ദുല്‍ ഉസ്സയാണ്. ഖുര്‍ആന്‍ അയാളുടെ നാശം പ്രവചിച്ചു. ഏഴെട്ടുകൊല്ലം കഴിഞ്ഞപ്പോഴേക്കും ബദ്‌റില്‍ അടുത്ത കൂട്ടാളികളായ പ്രമുഖര്‍ പരമനിന്ദ്യരായി വധിക്കപ്പെട്ടു. അതുണ്ടാക്കിയ കൊടിയ ദുഃഖവും മാനക്കേടും വിട്ടുമാറും മുമ്പെ അയാളുടെ ശരീരമാകെ വ്രണം ബാധിച്ച് പൊട്ടിയൊലിച്ചു. അബൂലഹബ് എന്ന പേര് കിട്ടുമാറ് തങ്കംപോലെ പ്രശോഭിച്ചിരുന്ന ശരീരം ആരിലും അറപ്പുളവാക്കുമാറ് വിണ്ടുകീറി. ദുര്‍ഗന്ധം കാരണം ബന്ധുക്കളുള്‍പ്പെടെ എല്ലാവരും അയാളെ തനിച്ചാക്കി മാറിനിന്നു. അവസാനം മൃതശരീരം പോലും തൊടാന്‍ ആരും തയറായില്ല. മരക്കഷ്ണമെടുത്ത് തോണ്ടി കുഴിയിലേക്കിടുകയാണുണ്ടായത്. അന്നുമുതല്‍ ഇന്നോളം ശാപവചനങ്ങള്‍ അയാളുടെമേല്‍ പതിച്ചുകൊണ്ടേയിരിക്കുന്നു.
സുമയ്യാബീവി അടിമസ്ത്രീയായിരുന്നു. സന്മാര്‍ഗം സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു. അവസാനം വധിക്കപ്പെടുകയും ചെയ്തു. അങ്ങനെ അവര്‍ ഇസ്‌ലാമിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയായി. അന്നുതൊട്ടിന്നോളം അവര്‍ വിശ്വാസികളാല്‍ വാഴ്ത്തപ്പെടുന്നു. അവരുടെ പേര് കേള്‍ക്കുമ്പോഴേക്കും അവര്‍ക്കായി പ്രാര്‍ഥിക്കുന്നു. അവരെ കൊന്നവരോ ശപിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു
ബിലാലു ബ്‌നു റബാഹും അടിമയായിരുന്നു. അദ്ദേഹം സത്യപാതയില്‍ പ്രവേശിച്ചതിന്റെ പേരില്‍ ഉമയ്യത്ത് അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചു. നട്ടുച്ചനേരത്ത് നെഞ്ചില്‍ കല്ലുകയറ്റിവെച്ച് ചുട്ടുപഴുത്ത മണലില്‍ വലിച്ചിഴച്ചു. വേദനകൊണ്ട് പുളയുമ്പോഴും ബിലാലിന്റെ മനസ്സ് സന്തുഷ്ടമായിരുന്നു. ഒട്ടും അസ്വസ്ഥതയില്ലാതെ അദ്ദേഹം അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. അതേസമയം, ഈ മര്‍ദനമൊക്കെ നടത്തിക്കൊണ്ടിരുന്ന ഉമയ്യത്തിന്റെ അകം അങ്ങേയറ്റം അശാന്തമായിരുന്നു. വേദനകൊണ്ട് പിടയുകയായിരുന്നു. ആള്‍ക്കൂട്ടത്തില്‍ വെച്ച് സ്വന്തം അടിമ തന്നെ ധിക്കരിക്കുന്നത് അയാള്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അപമാനഭാരം താങ്ങാനാവാതെ അയാള്‍ ബിലാലിനോട് നബി തിരുമേനിയെ ഒറ്റവാക്കിലെങ്കിലും തള്ളിപ്പറയാന്‍ കാതില്‍ കെഞ്ചിപ്പറഞ്ഞു. എന്നാല്‍, ബിലാല്‍ അതിനു തയാറായില്ല. തികഞ്ഞ സംതൃപ്തിയോടെ എല്ലാം സഹിക്കുകയായിരുന്നു. അവസാനം അദ്ദേഹം ചരിത്രത്തില്‍ ഏറ്റം ഉയരത്തിലെത്തി. മക്കാവിജയവേളയില്‍ വിജയപ്രഖ്യാപനം നടത്താന്‍ നബി തിരുമേനി തെരഞ്ഞെടുത്തത് അദ്ദേഹത്തെയാണല്ലോ. ഭൂമിയില്‍ അദ്ദേഹത്തോളം ആദരവ് നേടിയ മറ്റൊരടിമയെയും കണ്ടെത്താനാവില്ല; മക്കാനഗരത്തിന്റെ മാതാവ് ഹാജറയെയല്ലാതെ. ഉമയ്യത്താവട്ടെ ബിലാലിന്റെ കൈകളാല്‍തന്നെ കഥാവശേഷനാവുകയും ചെയ്തു. അയാള്‍ അവസാനമായി കേട്ടവാക്കുകള്‍ ബിലാലിന്റേതായിരുന്നു. ''സത്യനിഷേധികളുടെ നായകാ ഇത് ഞാനാണ്. ബിലാലെന്ന അടിമ.! അല്ലാഹു എന്നെ ഇസ്‌ലാമിലൂടെ ശ്രേഷ്ഠനാക്കിയിരിക്കുന്നു. നിന്നെ അതിക്രമവും സത്യനിഷേധവും കാരണമായി നിന്ദ്യനുമാക്കിയിരിക്കുന്നു. അതിനാല്‍ നീ പോകൂ നരകത്തിലേക്ക്. അവിശ്വാസത്തിന്റെ കാളിമയും പേറി.''
പ്രവാചകന്റെ പ്രിയ പൗത്രന്‍ ഹസ്രത്ത് ഹുസൈന്‍ യൂഫ്രട്ടീസിന്റെ തീരത്ത് കര്‍ബലയില്‍ ക്രൂരമായി കൊല്ലപ്പെട്ടു. അദ്ദേഹത്തെ പിന്തുണക്കാന്‍ ചെറു സംഘമേ ഉണ്ടായിരുന്നുള്ളൂ. ശത്രുപക്ഷത്തിന് നേതൃത്വം നല്‍കിയ ഇബ്‌നു സിയാദിനോടൊന്നിച്ച് ആയിരക്കണക്കിന് ആയുധധാരികളുണ്ടായിരുന്നു. അധികാരവും സ്വാധീനവും ആള്‍ബലവും മറ്റു ഭൗതിക സൗകര്യങ്ങളുമെല്ലാം അവര്‍ക്കായിരുന്നു. എന്നാല്‍ കാലം അവരെ കൊടും ക്രൂരരായ കൊലയാളികളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നു. ഹസ്രത്ത് ഹുസൈനെ ഇസ്‌ലാമിക ജനാധിപത്യത്തിന്റെയും ഖിലാഫത്തിന്റെയും സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വീരവിപ്ലവകാരിയായി വാഴ്ത്തുന്നു. വിശ്വാസികളൊക്കെയും അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ദൈവപ്രീതിക്കര്‍ഹനാകാനായി പ്രാര്‍ഥിക്കുന്നു.
ഹജ്ജാജ്ബ്‌നു യൂസുഫ് കൊടിയ പരാക്രമിയായ ഭരണാധികാരിയായിരുന്നു. അബ്ദുല്ലാഹിബ്‌നുസ്സുബൈര്‍ ഉള്‍പ്പെടെ ഒട്ടേറെ മഹദ്‌വ്യക്തികളെ ഹജ്ജാജ് നിഷ്‌കരുണം വധിക്കുകയുണ്ടായി. ഒരിക്കല്‍ സഈദ് ബ്‌നു ജുബൈറിനെ ഹജ്ജാജിന്റെ മുമ്പില്‍ ഹാജരാക്കി. വധിക്കാനായി വാള്‍ തലക്കുമീതെ ഉയര്‍ത്തിയപ്പോള്‍ ഇബ്‌നു ജുബൈര്‍ പുഞ്ചിരിച്ചു. കോപാകുലനായ ഹജ്ജാജ് ചോദിച്ചു. ''നീ എന്തിനാണ് ചിരിക്കുന്നത്?'' അദ്ദേഹം പറഞ്ഞു:'' ഞാന്‍ ആഴത്തില്‍ ആലോചിച്ചപ്പോള്‍ താങ്കള്‍ അല്ലാഹുവിനോട് കാണിക്കുന്ന ധിക്കാരത്തേയും അല്ലാഹു താങ്കളോട് കാണിക്കുന്ന കാരുണ്യത്തേയും കുറിച്ചോര്‍ത്തു. അതെന്നെ അത്ഭുതപ്പെടുത്തി. അതിനാലാണ് ചിരിച്ചത്.''
കൊല്ലപ്പെടുമെന്നുറപ്പുളളപ്പോഴും ചിരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നു സഈദ്ബ്‌നുജുബൈര്‍. എന്നാല്‍ ഹജ്ജാജോ, അയാളുടെ കൈക്ക് കുരു ബാധിച്ചു. അതിവേഗം അത് ശരീരമാകെ പടര്‍ന്നു. അയാള്‍ കാളയെ പോലെ അലറുകയായിരുന്നു. അത്യന്തം അപമാനകരവും ദുരന്തപൂരിതവുമായിരുന്നു അയാളുടെ അന്ത്യം.
അറ്റമില്ലാത്ത മര്‍ദന പീഡനങ്ങള്‍ക്കിരയായ ഇമാം അബൂഹനീഫ, ഇമാം മാലിക്ക്, ഇമാം ശാഫിഈ, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, ശൈഖുല്‍ ഇസ്‌ലാം ഇബനുത്തൈമിയ്യ, ശൈഖ് അഹ്മദ് സര്‍ഹിന്ദി തുടങ്ങിയവരുടെയും അവരെ ദ്രോഹിച്ചവരുടെയും അന്ത്യവും കാലത്തിന്റെ കരുതിവെപ്പും ഇവ്വിധം തന്നെയായിരുന്നുവെന്ന് ഇന്നോളമുള്ള ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇമാം അബൂഹനീഫയും ഇമാം അഹ്മദും ഇബ്‌നുത്തൈമിയ്യയും സര്‍ഹിന്ദിയും തടവറകളുടെ പരിമിതികളിലും സംതൃപ്തരായി മഹിതമായ ജീവിതം നയിച്ചു. അവരെ പീഡിപ്പിച്ചിരുന്നവര്‍ കൊട്ടാരങ്ങളില്‍ അസ്വസ്ഥരായി ജീവിതം തള്ളിനീക്കുകയായിരുന്നു. അവരിലേറെപ്പേരും പരലോകം പ്രാപിച്ചത് കൊടിയ ഖേദത്തോടെയും ദുഃഖത്തോടെയുമാണ്. ഇമാം അഹ്മദിനെ ദ്രോഹിച്ച അഹ്മദ്ബിന്‍ അബൂ മുആദിന്റെ അന്ത്യം അത്യന്തം ദയനീയമായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗത്ത് ഈച്ച ഇരുന്നാല്‍ സഹിക്കാനാവാത്ത വേദനയും മറുഭാഗത്ത് കത്തികൊണ്ട് കുത്തിയാലും അറിയാത്ത മരവിപ്പും അനുഭവപ്പെടുന്ന വിചിത്ര രോഗം ബാധിച്ചാണ് മരിച്ചത്.
പ്രഗത്ഭ പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളുമായ അബ്ദുല്‍ഖാദിര്‍ ഔദയെയും സയ്യിദ് ഖുത്വ്ബിനെയും അവരുടെ കൂട്ടുകാരെയും ക്രൂരമായി കൊലപ്പെടുത്തിയ ജമാല്‍ അബ്ദുന്നാസിര്‍ ഇന്നെവിടെ? അയാള്‍ കൊന്നൊടുക്കിയവരും പീഡിപ്പിച്ചവരും ലോകമെങ്ങുമുള്ള സദ്‌വൃത്തര്‍ക്ക് സത്യപാതയിലൂടെമുന്നോട്ട് നീങ്ങാന്‍ ആവേശവും പ്രചോദനവും നല്‍കുന്ന ശക്തിസ്രോതസ്സുകളായി മാറിയപ്പോള്‍, അബ്ദുന്നാസിര്‍ സ്വന്തംനാട്ടില്‍പോലും കൊലയും അക്രമവും ഹരമാക്കി മാറ്റിയ മനുഷ്യപ്പിശാചായാണ് വിലയിരുത്തപ്പെടുന്നത്.
തുര്‍ക്കിയില്‍നിന്ന് ഇസ്‌ലാമിന്റെ എല്ലാ അടയാളങ്ങളും തുടച്ചുമാറ്റുകയും എതിരുനിന്നവരെയെല്ലാം നിഷ്‌കരുണം നശിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ തുര്‍ക്കിയുടെ പിതാവെന്ന അര്‍ഥം വരുന്ന 'അത്താതുര്‍ക്ക്' എന്നുവിളിച്ചാദരിച്ച മുസ്ത്വഫാ കമാല്‍പാഷ ഇന്ന് തുര്‍ക്കിയില്‍ ആരുമല്ലാതായി മാറിയിരിക്കുന്നു. അയാള്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ തുടച്ചുമാറ്റിയപോലെ അയാളുടെ അവസാനത്തെ അടയാളവും തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ് തുര്‍ക്കിയിലെ ജനവും ഭരണകൂടവും. ഇറാനില്‍ രിസാഷാ പഹ്‌ലവിയുടെ അനുഭവവും അത്യന്തം അപമാനകരവും ദുഃഖ പൂര്‍ണവുമായിരുന്നു. മറുഭാഗത്ത് തുര്‍ക്കിയിലെ സഈദ് നൂര്‍സിയും ഇറാനിലെ അലി ശരീഅത്തിയും ലോകമെങ്ങുമുള്ള വിമോചനപ്പോരാളികളുടെ ആവേശവും പ്രചോദനവുമായി നിലകൊള്ളുന്നു. സച്ചരിതരൊക്കെയും അവരെ അങ്ങേയറ്റം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
ഏറ്റവും ഒടുവില്‍ അറബ് വസന്തം നല്‍കുന്ന പാഠവും മറ്റൊന്നല്ല. ഖാബീല്‍, ഹാബീല്‍ അനുഭവം തൊട്ടിന്നോളമുള്ള മനുഷ്യ ചരിത്രം ഖുര്‍ആന്റെ പ്രഖ്യാപനത്തെ സത്യപ്പെടുത്തുന്നു. പരലോകത്തെന്നപോലെ ഈ ലോകത്തും യഥാര്‍ഥ വിജയം വിശ്വാസികള്‍ക്ക് മാത്രമാണെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു
''കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരെല്ലാം നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും, ക്ഷമപാലിക്കാനും, പരസ്പരം ഉപദേശിച്ചവരുമൊഴികെ.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍