പാളയം ഇമാമിന്റെ വത്തിക്കാന്‍ സന്ദര്‍ശനം ഉയര്‍ത്തുന്ന ചിന്തകള്‍
തിരുവനന്തപുരം പാളയം പള്ളി ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട വത്തിക്കാന്‍ സന്ദര്‍ശിച്ച് കത്തോലിക്കാ ബാവ മാര്‍ ക്ലിമ്മിസ് ബസിലിയോസിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിനെ ധാരാളം ആളുകള്‍ അഭിനന്ദിക്കുകയുണ്ടായി. മതനേതൃത്വത്തിന്റെ ഇത്തരം നിലപാടുകളെ തങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് സോഷ്യല്‍ മീഡിയകളിലും മറ്റും വന്ന ചര്‍ച്ചകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നു.
മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പും ഭിന്നതയും അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പരസ്പര സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്നതിനും സമാധാനപൂര്‍ണമായ സാമൂഹികാവസ്ഥ സൃഷ്ടിക്കുന്നതിനും മതനേതൃത്വം ബോധപൂര്‍വമെടുക്കുന്ന ഇത്തരം നിലപാടുകള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. വെറുപ്പും വിദ്വേഷവുമല്ല, നന്മയും സ്‌നേഹവുമാണ് എല്ലാ മതങ്ങളുടെയും അന്തസത്ത. ആന്ധ്യം ബാധിച്ച മതാനുയായികള്‍ മതത്തെ സ്വാര്‍ഥതാല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള മറയായിട്ട് ഉപയോഗിക്കുമ്പോള്‍ വിവേകമുള്ള മതനേതൃത്വം ചെയ്യേണ്ടതു തന്നെയാണ് ഇത്തരം സൗഹൃദസംഗമങ്ങള്‍. സ്വന്തം വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് അപരനെ അംഗീകരിക്കാനുള്ള വിശാലത കൈവരിക്കുമ്പോഴേ നജ്‌റാനിലെ ക്രിസ്ത്യാനികള്‍ക്ക് സ്വന്തം പള്ളിയില്‍ പ്രാര്‍ഥനാ സൗകര്യമൊരുക്കിയ പ്രവാചകാധ്യാപനങ്ങളുടെ മാതൃക പുലരുകയുള്ളൂ. 'ലകും ദീനുക്കും വലിയ ദീന്‍' എന്നുള്ള ഏറ്റവും മഹത്തായ വിശ്വാസ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ ഖുര്‍ആന്റെ അനുയായികള്‍ക്കെന്തേ അപരനെ അംഗീകരിക്കാന്‍ കഴിയാതെ പോകുന്നു? അന്ന് ഏതോ ഒരു യാത്രാസംഘത്തിന് അഭയമരുളിയതായിരുന്നില്ല പ്രവാചകന്‍, മറിച്ച് മതകാര്യങ്ങള്‍ താനുമായി ചര്‍ച്ച ചെയ്യാനെത്തിയ പാതിരിമാരുടെ സംഘത്തെ തന്റെ പള്ളിയില്‍വെച്ച് അനുയോജ്യമായ വിധത്തില്‍ സ്വീകരിക്കുകയും പ്രാര്‍ഥനാ സമയമെത്തിയപ്പോള്‍ അതിനായി പുറത്തുപോകാനൊരുങ്ങിയ പാതിരിമാര്‍ക്ക് തങ്ങളുടെ ആചാരപ്രകാരമുള്ള പ്രാര്‍ഥനാ നിര്‍വഹണത്തിനായി അവിടെത്തന്നെ സൗകര്യമൊരുക്കി കൊടുക്കുകയുമായിരുന്നു.
ക്രിസ്ത്യന്‍ രാജ്യമായ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകാന്‍ നിര്‍ദേശിക്കുകയും അവിടത്തെ ക്രിസ്ത്യാനിയായ രാജാവിനോട് അഭയം തേടുകയും പാതിരിമാരും ക്രിസ്തീയ രാഷ്ട്ര നായകരുമടങ്ങിയ സദസ്സിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നല്ലോ ജഅ്ഫര്‍ ബിന്‍ അബീത്വാലിബും സംഘവും.
കത്തോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലേക്ക് ക്ഷണിക്കപ്പെട്ട മൗലവി ആ ക്ഷണം സ്വീകരിച്ചുകൊണ്ട് അവിടെ പോവുകയും സ്‌നേഹസമ്മാനമായി ഖുര്‍ആന്‍ വചനങ്ങള്‍ ഉല്ലേഖനം ചെയ്ത വിശുദ്ധ കഅ്ബയുടെ മാതൃക ക്രിസ്ത്യാനികളുടെ വിശുദ്ധ പിതാവിന് നല്‍കുകയും ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് ഒരു ആശയക്കൈമാറ്റമാണ്. തുറന്ന മനസ്സോടെയുള്ള ഇത്തരം ആശയകൈമാറ്റങ്ങള്‍ പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുന്നതിനും പുതിയ സത്യങ്ങള്‍ കണ്ടെത്തുന്നതിനും പ്രേരകമാകുമ്പോള്‍ സങ്കുചിത വീക്ഷണത്തോടെ കഥയറിയാതെ ആട്ടം കണ്ടു പരിഹാസ്യരാകുന്നവര്‍ സ്വയം സൃഷ്ടിച്ച ചങ്ങലകളുടെ തടവറയിലാണ്.
വിശാല മാനവികവീക്ഷണത്തിലും ശത്രുക്കളോടുപോലും കാണിച്ച വിട്ടുവീഴ്ചാ മനസ്‌കതയിലും പ്രവാചകന്‍ മുഹമ്മദി(സ)നോളം വലിയ ഒരു മാതൃക നമുക്ക് മുന്നിലില്ല. ഇതര വിശ്വാസികളോടുള്ള സമീപനങ്ങളിലെ പ്രവാചകാധ്യാപനങ്ങള്‍ വിശ്വാസികള്‍ക്ക് എക്കാലത്തേക്കുമുള്ള പാഠങ്ങളാണ്. ചരിത്രത്തിന്റെ ഏടുകള്‍ അല്‍പമൊന്ന് പിന്നിലേക്ക് മറിച്ചാല്‍ ഇസ്‌ലാമിക സംസ്‌കൃതിയുടെ കളിത്തൊട്ടിലായി വിരാജിക്കുന്ന ഒരു കൊച്ചു പട്ടണം വിളങ്ങി നില്‍ക്കുന്നത് കാണാം - മദീന മുനവ്വറ എന്ന പ്രവാചകനഗരി. ലോകത്തിനാകെ കാരുണ്യവും മാര്‍ഗദര്‍ശനവുമായവതരിച്ച പ്രവാചകപുംഗവന്‍ പടുത്തുയര്‍ത്തിയ കൊച്ചു രാഷ്ട്രം. അവിടെ വെച്ചാണ് ചരിത്രത്തില്‍ തുല്യതകളില്ലാത്ത നീതി നിഷ്ഠയുടെയും മാനവികതയുടെയും ബാലപാഠങ്ങള്‍ ലോകത്തിനു പഠിപ്പിക്കപ്പെട്ടത്. പ്രവാചകന്റെ ഗുരുകുലത്തില്‍നിന്ന് ശിക്ഷണം ലഭിച്ചവര്‍ ചരിത്രപുരുഷന്മാരായി. അവര്‍ രചിച്ച ഗാഥകള്‍ തലമുറകള്‍ പിന്നിട്ട് നമ്മിലെത്തിനില്‍ക്കുന്നു.
വ്യത്യസ്ത മതവിശ്വാസികള്‍ സഹവസിച്ചിരുന്ന ആദര്‍ശ രാഷ്ട്രമായിരുന്നു മദീന. ബഹുസ്വരതയുടെയും സമന്വയത്തിന്റെയും രീതിശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ പ്രവാചകനഗരിയുടെ ചരിത്രം പഠിക്കുക. ആദര്‍ശ വൈജാത്യങ്ങള്‍ക്കപ്പുറത്ത് മനുഷ്യത്വത്തെ ദര്‍ശിച്ച ഒരു മനുഷ്യസ്‌നേഹിയെ ദര്‍ശിക്കാന്‍ പ്രവാചകനി(സ)ലേക്ക് നോക്കുക. ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട എത്രയോ അമൂല്യ നിമിഷങ്ങള്‍ക്ക് അദ്ദേഹം ജീവിച്ച കാലഘട്ടം സാക്ഷിയായി.
അതീവ രഹസ്യ സ്വഭാവത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ഒന്നായിരുന്നു പ്രവാചകന്റെ മദീനാപലായനം (ഹിജ്‌റ). അദ്ദേഹവുമായി വളരെ അടുത്ത വൃത്തങ്ങള്‍ മാത്രം അറിഞ്ഞിരുന്ന ഒന്ന്. ആ യാത്രയില്‍ പ്രവാചകനും സഖാവിനും വഴികാട്ടിയായത് അവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖിത്ത് - ഇസ്‌ലാമിക ചരിത്രത്തിന്റെ ഗതി മാറ്റിയ ചരിത്ര സംഭവത്തിന്റെ രഹസ്യം സൂക്ഷിച്ച അപൂര്‍വം ചിലരില്‍ ഒരാള്‍!
തന്നെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്ന ജൂത പെണ്‍കുട്ടിയെ അവളുടെ രോഗശയ്യയില്‍ സന്ദര്‍ശിക്കുകയും അവള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകന്‍! ജൂതന്റെ ശവമഞ്ചത്തിനു മുന്നില്‍ എഴുന്നേറ്റുനിന്ന് ആദം സന്തതികളെല്ലാം ആദരണീയരാണെന്ന ഖുര്‍ആനികാധ്യാപനത്തിന്റെ പ്രായോഗിക രൂപം കാട്ടിത്തന്ന പ്രവാചകന്‍! അറബിക്ക് അനറബിയേക്കാളുമോ വെളുത്തവന് കറുത്തവനേക്കാളുമോ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും മനുഷ്യരെല്ലാം ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ തുല്യരാണെന്നുമുള്ള ഏകമാനവികതയുടെ വക്താവായ പ്രവാചകന്‍! ഒടുവില്‍ മരണസമയത്തും തന്റെ പടയങ്കി ജൂതന്റെ കൈയില്‍ പണയം വെച്ചുകൊണ്ട് അന്യമതസ്ഥരുമായുള്ള സാമ്പത്തിക ഇടപാടുകളുടെ മാതൃകകള്‍ പഠിപ്പിച്ച പ്രവാചകന്‍!
സാഹചര്യങ്ങളാണ് നിലപാടുകള്‍ തീരുമാനിക്കുന്നത്. ഇജ്തിഹാദിന്റെ കവാടങ്ങള്‍ തുറന്നു തന്നെ കിടക്കുന്നു. ഖുര്‍ആനിനും പ്രവാചകചര്യകള്‍ക്കും വിരുദ്ധമാകാത്തതിനെല്ലാം സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച് പുനര്‍വ്യാഖ്യാനത്തിന് സാധ്യതകളുണ്ട്. ഇത്തരം പുനര്‍വ്യാഖ്യാനങ്ങളും മറുവായനകളുമാണ് ഇസ്‌ലാമിനെ കാലാതിവര്‍ത്തിയാക്കുന്നത്.
Comments