ഒറ്റക്കൊരു പ്രസ്ഥാനമായ പ്രഫ. ഗഫൂര്‍ അഹ്മദ്
2005-ലെ കറാച്ചി യാത്രക്കിടയിലാണ്, കഴിഞ്ഞ ഡിസംബര്‍ 26-ന് നിര്യാതനായ പ്രഫസര്‍ ഗഫൂര്‍ അഹ്മദ് സാഹിബിനെ ആദ്യം കണ്ടത്. പാകിസ്താനിലെ മലയാളി രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനായ തിരൂര്‍ സ്വദേശി ബി.എം കുട്ടിയോടൊത്തായിരുന്നു ഈ സന്ദര്‍ശനം. യാത്രയിലുടനീളം ബി.എം കുട്ടി അദ്ദേഹത്തിന്റെ വിശേഷങ്ങളെക്കുറിച്ചു പറഞ്ഞു. അതുപോലൊരാള്‍ പാക് ജമാഅത്തിലില്ല. എന്നല്ല, പാകിസ്താന്‍ രാഷ്ട്രീയത്തില്‍ തന്നെയില്ല. ജമാഅത്തിന്റെ പൊതുശൈലിയിലല്ല ഗഫൂര്‍ സാഹിബ് കാര്യങ്ങളെ നോക്കിക്കാണുന്നത്, ഇദ്ദേഹം കുറെക്കൂടി വിശാല ചിന്താഗതിക്കാരനാണ് എന്നും മറ്റുമായി ഇടതടവില്ലാതെ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തത് മറ്റൊന്നാണ്. ബി.എം കുട്ടിയെ പോലൊരാളുമായി പോലും പാക് ജമാഅത്തെ ഇസ്‌ലാമിക്കകത്ത് ഇത്ര അഗാധമായ ബന്ധമുള്ള ആ നേതാവ് അസാധാരണക്കാരനായിരിക്കും... തീര്‍ച്ച.
നൂറു ശതമാനം ശരിയായിരുന്നു ആ ധാരണ. ആര്‍ഭാടങ്ങളില്ലാത്ത തന്റെ ഭവനത്തിന്റെ മുറ്റത്ത് അദ്ദേഹം ഞങ്ങളെ കാത്തുനിന്നിരുന്നു. കറാച്ചിയിലെ ഏറ്റവും മാന്യനായ രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന, മുഴുവന്‍ സംഘടനകളും ആദരിക്കുന്ന, മുന്‍ പാര്‍ലമെന്റംഗവും മന്ത്രിയുമായ, അറിയപ്പെടുന്ന ഭരണഘടനാ വിദഗ്ധനും നിയമനിര്‍മാതാവുമായ, പാക് ജമാഅത്തിന്റെ ഉപാധ്യക്ഷനായ ഗഫൂര്‍ അഹ്മദ് സാഹിബ് പക്ഷേ ലാളിത്യത്തിന്റെ തനിസ്വരൂപമായിരുന്നു. ഏറെക്കാലം കാണാന്‍ ആഗ്രഹിച്ച ഒരാളെ കണ്ടുമുട്ടിയതുപോലെയാണ് അദ്ദേഹം സംസാരിച്ചത്. കറാച്ചിയിലെ ഫെഡറല്‍ ഏരിയ എന്നറിയപ്പെടുന്ന ഭാഗത്തെ വളരെ ലളിതമായ സൗകര്യമുള്ള ഒരു സാധാരണ ഭവനമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശം ആ സംസാരത്തിലും നിറഞ്ഞുനിന്നു. കേരളത്തിലെ ജമാഅത്തിനെ കുറിച്ചും മാധ്യമത്തെ കുറിച്ചുമൊക്കെ ബി.എം കുട്ടി സംസാരിച്ചു. അദ്ദേഹത്തിന് പത്രത്തിന്റെ കോപ്പി കാണണമെന്നും മോഹമുണ്ടായിരുന്നു. ഞാന്‍ പിന്നീട് അത് എത്തിച്ചുകൊടുക്കുകയും ചെയ്തു. കാഴ്ചയില്‍ പാകിസ്താനിലെ ഏത് ഉര്‍ദു ദിനപത്രത്തേക്കാളും കൊള്ളാമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മുസ്‌ലിംകളെ കുറിച്ചും അവര്‍ക്ക് പൊതുമുസ്‌ലിം സമൂഹവുമായി അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയില്‍ നേടിയെടുക്കാനായ പുരോഗതിയെ കുറിച്ചും ഗഫൂര്‍ സാഹിബിന് നല്ല അറിവുണ്ടായിരുന്നു. 2007-ല്‍ ഞാന്‍ കറാച്ചിയില്‍ ചെന്നപ്പോള്‍ അദ്ദേഹം ആളെ അയപ്പിച്ച് എന്നെ വീണ്ടുമൊരിക്കല്‍ കൂടി വിളിപ്പിച്ചു. കറാച്ചിയിലെ അതിപ്രശസ്തമായ ഒരു ഹോട്ടലില്‍ പ്രത്യേക സദ്യയും ഒരുക്കി. ഈ അവസരത്തില്‍ അദ്ദേഹം നല്‍കിയ അഭിമുഖം പ്രബോധനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
1927- ജൂണ്‍ 26-ന് ഇന്ത്യയിലെ ബറേലിയില്‍ ജനിച്ച് ലഖ്‌നൗ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഗഫൂര്‍ അഹ്മദ് സാഹിബ് ഇന്ത്യന്‍ മുസ്‌ലിംകളുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു. രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേനായിരുന്നു അദ്ദേഹം. മുന്‍ പട്ടാള മേധാവി സിയാഉല്‍ ഹഖിനെ പാക് ജമാഅത്തിനകത്ത് മുന്‍ പാക് അമീര്‍ മിയാന്‍ തുഫൈല്‍ അഹ്മദ് സാഹിബ് അടക്കമുള്ളവര്‍ പിന്തുണച്ചപ്പോള്‍ ഗഫൂര്‍ സാഹിബ് സിയാഉല്‍ ഹഖിന്റെ വിമര്‍ശകനായിരുന്നു. സുല്‍ഫിക്കര്‍ അലി ഭുട്ടോവിനെയും ഗഫൂര്‍ സാഹിബ് ചില കാരണങ്ങള്‍ കൊണ്ട് എതിര്‍ത്തിരുന്നു. പട്ടാള അട്ടിമറി സംഭവിക്കുന്നതിനു മുമ്പെ അന്നത്തെ രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാനായി ഭുട്ടോവുമായി അനുരഞ്ജന ചര്‍ച്ച നടത്തിയ നേതാക്കളുടെ സംഘത്തില്‍ ഇദ്ദേഹവും ഉണ്ടായിരുന്നു. സിയാഉല്‍ ഹഖിന്റെ കാലത്ത് രൂപീകരിച്ച മന്ത്രിസഭയില്‍ പക്ഷേ ഗഫൂര്‍ സാഹിബ് ഘനവ്യവസായ വകുപ്പ് മന്ത്രിയായി രണ്ടു വര്‍ഷം ചുമതലയേറ്റു. ഈ മന്ത്രിസഭ സിയാഉല്‍ ഹഖിന്റേതായിരുന്നില്ലെന്നും പാകിസ്താന്‍ നാഷണല്‍ അസംബ്ലിയുടേതായിരുന്നുവെന്നും വിശദീകരിച്ച് പില്‍ക്കാലത്ത് അദ്ദേഹം നിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. എന്തായാലും ആ മന്ത്രിപദവി രാഷ്ട്രീയ ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നുവെന്നാണ് ഗഫൂര്‍ സാഹിബ് വിലയിരുത്തിയത്. കറാച്ചിക്കാരുടെ പ്രിയപ്പെട്ട ഈ 'പ്രഫസര്‍'ക്ക് സംശുദ്ധമായ പൊതുജീവിതത്തിന്റെ കാര്യത്തില്‍ പാകിസ്താനിലെ ഏതു നേതാവിനേക്കാളും ജനസമ്മിതി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങളെല്ലാം തന്നെ പാക് രാഷ്ട്രീയത്തിലെ സത്യസന്ധനായ നേതാവ് വിടവാങ്ങി എന്നാണെഴുതിയത്.
Comments