Prabodhanm Weekly

Pages

Search

2013 ജനുവരി 12

ഇലകളില്ലാത്ത മരം

സിയാഫ് അബ്ദുല്‍ ഖാദിര്‍

'എന്താ സംഭവിച്ചത് പോളേട്ടാ?' കൈയിലുണ്ടായിരുന്ന ടോര്‍ച്ചിന്റെ ഇത്തിരിവെട്ടത്തില്‍ ആരെയോ തോളില്‍ താങ്ങി വന്ന പോളേട്ടനോട് ഞാന്‍ ചോദിച്ചു. 'അതൊന്നും ഇപ്പോള്‍ പറയാന്‍ നേരമില്ല; നീ ഇയാളെ ഒന്ന് പിടിച്ചേ.' നെറ്റിയില്‍ നിന്ന് ഒഴുകിയിറങ്ങിയ ചോര തുടച്ചു പോളേട്ടന്‍ പറഞ്ഞു.
അയാളെ താങ്ങിക്കൊണ്ടു നടക്കുക വലിയ ഒരു പണിയായിരുന്നു. സാമാന്യം നല്ല ഭാരമുണ്ടായിരുന്നു അയാള്‍ക്ക്. ട്രാക്കിനും മലയിടുക്കുകള്‍ക്കും ഇടയില്‍ നടവഴിയൊന്നും ഉണ്ടായിരുന്നില്ല. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാന്‍ ഉണ്ടാക്കിയ ചാലില്‍ കൂടെ വേണം നടക്കാന്‍. വളര്‍ന്നു കയറിയ കാട്ടുപുല്ലുകള്‍ മുള്ളുകള്‍ കൊണ്ടും മുരത്ത ഇലപ്പടര്‍പ്പുകള്‍ കൊണ്ടും ഞങ്ങളെ ചെറുത്തു.
അമര്‍വാടി കൊടുങ്കാടിനും മലകള്‍ക്കും ഇടയിലെ ഒരു സ്റ്റേഷന്‍ ആണ്. തുരങ്കങ്ങള്‍ ആരംഭിക്കുന്നിടം. വലിയ കോട്ട കെട്ടിയപോലെ നാലുപാടും മലയിടുക്കുകള്‍. വെയില്‍ കായുമ്പോള്‍ എങ്ങു നിന്നെന്നറിയാതെ ഒഴുകിയെത്തുന്ന ഒരു പുഴയാകും റെയില്‍വേ ട്രാക്ക്. പുലിയും നരിയും ഒക്കെയാണ് ആ സ്റ്റേഷന്‍ ഓപ്പറേറ്റ് ചെയ്യുന്നതെന്ന് തമാശ പറയാറുണ്ട് ഞങ്ങള്‍.
മലകളെ കാടിനെ അരുവികളെ ഒക്കെ വെറുത്തു പോകും നമ്മള്‍ അമര്‍വാടിയില്‍ക്കൂടി യാത്ര ചെയ്താല്‍. കാട്, വീണ്ടും കാട്, അത് കഴിഞ്ഞും കാട്. മനുഷ്യവാസത്തിന്റെ ലക്ഷണമായി വല്ലപ്പോഴും ഒരുപാട് ദൂരെ മലകളെ ചുറ്റിക്കയറി പോകുന്ന ഒരു ബസ്, അല്ലെങ്കില്‍ ഒരു പൊതു കിണര്‍ അങ്ങനെയെന്തെങ്കിലും ഒക്കെ കണ്ടാലായി.
അമര്‍വാടി മുതല്‍ തലവടെ വരെ കുത്തനെ ഇറക്കമാണ്, ഒരു ട്രെയിന്‍ വെറുതെ കൊണ്ട് പോയി അമര്‍വാടിയില്‍ കൊണ്ടുവെച്ച് കൈ വിട്ടാല്‍ പത്തിരുപത്തഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് തലവടെ കഴിഞ്ഞോ മറ്റോ നോക്കിയാല്‍ മതി. ഓടിക്കാന്‍ ഒരു എഞ്ചിനും വേണ്ട. നിര്‍ത്താന്‍ ആള് വേറെ വരേണ്ടിവരും എന്ന് മാത്രം.
സാധാരണ മഴക്കാലം ഞങ്ങള്‍ക്ക് പരീക്ഷണ സമയമാണ്. എപ്പോഴും ഇടിഞ്ഞു വീഴുന്ന മലഞ്ചെരിവുകളും പാറക്കെട്ടുകളും. ട്രാക്ക് ഒലിച്ചു പോകലും സിഗ്‌നല്‍ തകരാറുകളും എന്നു വേണ്ടാ മിക്കവാറും അപകടങ്ങളുടെ മാത്രം കാലമാണത്. ആ സമയത്ത് യാത്രക്കൊരുങ്ങുമ്പോള്‍ ഞങ്ങള്‍ എപ്പോഴും ഒരു കണ്ണ് കൂടുതല്‍ കരുതും.
അതുപക്ഷേ ഒരു വേനല്‍ക്കാല രാത്രിയായിരുന്നു. നല്ലചൂടും നേര്‍ത്ത നിലാവുമുള്ള ഒരു രാവ്. എന്നിട്ടും പോളേട്ടന്റെ വണ്ടിക്കു മുന്നില്‍ ഭീമാകാരനായ ഒരു പാറക്കല്ല് തടസ്സമായി. അത് അടുത്തുള്ള മലഞ്ചെരിവില്‍ നിന്ന് താഴെക്കുരുണ്ട് ട്രാക്കിന്റെ നടുക്ക് വന്നു വീണു. വണ്ടി നൂറു കിലോ മീറ്ററോളം സ്പീഡിലാണ് ഓടിക്കൊണ്ടിരുന്നത്. നിര്‍ത്തിയിട്ടും നില്‍ക്കാതെ അത് പാളംതെറ്റി അടുത്തുള്ള തുരങ്കത്തില്‍ മുഖം പൊത്തി. പിറകിലെ ബോഗികള്‍ അതിനു മീതെ ഒന്നൊന്നായി വന്നു ഇടിച്ചു കയറി. അപകട സ്ഥലം ഒരു വലിയ വളവിനു ശേഷം ആയിരുന്നതിനാല്‍ പോളേട്ടനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എമര്‍ജന്‍സി ബ്രേക്ക് വലിച്ചു ലോക്കോയുടെ ഫ്‌ളോറില്‍ കമിഴ്ന്നു കിടക്കാന്‍ ശ്രമിച്ചു നോക്കി. അത്ര തന്നെ.
ഒരു വലിയ ഗദ കൊണ്ട് തച്ചു തകര്‍ത്താലെന്ന പോലെ എഞ്ചിനും ഏഴെട്ടു ബോഗികളും തവിട് പൊടിയായി. ബോഗികള്‍ ഒന്നിനു മീതെ ഒന്നായി പാഞ്ഞു കയറി. ഒറ്റയടിക്ക് അറുപത്തിയേഴു പേരാണ് മരിച്ചത്. പലരും ഉറക്കത്തില്‍ തന്നെ പരലോകം പൂകി. ചിലര്‍ ബോഗിയില്‍ നിന്ന് തെറിച്ചു പുറത്തുള്ള കുറ്റിക്കാട്ടില്‍ പോയി വീണു. മൂന്നാല് ദിവസങ്ങള്‍ക്കു ശേഷമാണ് അവരുടെ ദേഹങ്ങള്‍ കണ്ടെടുത്തത്.
ആ സ്ഥലത്തേക്കാണ് ഞങ്ങള്‍ റെസ്‌ക്യൂ ട്രെയിനും കൊണ്ട് ചെന്നത്. പിടിപ്പതുപണിയുണ്ടായിരുന്നു. വെളിച്ചമില്ല, വഴിയില്ല. അപകടത്തില്‍ പെട്ട ബോഗികള്‍ എടുത്തു മാറ്റി വെക്കുന്നത് പോകട്ടെ, നടക്കാനോ നില്‍ക്കാനോ പോലും ഇടമില്ല. അകത്ത് കുടുങ്ങിയവരെ രക്ഷിക്കാനായി ക്രെയിന്‍ പോലെയുള്ള ഉപകരണങ്ങള്‍ അപകടം നടന്നത് രണ്ടു തുരങ്കങ്ങള്‍ക്കിടയിലായതിനാല്‍ എത്തിക്കാന്‍ നിര്‍വാഹമില്ല. എന്തെങ്കിലും ഒരു സഹായത്തിനു അടുത്തു നാലഞ്ചു കിലോമീറ്റര്‍ ദൂരത്തെങ്ങും ആള്‍ത്താമസവുമില്ല
അന്നാണ് ജീവിതത്തിലാദ്യമായി മരിച്ചവര്‍ മാത്രം യാത്ര ചെയ്യുന്ന ഒരു ട്രെയിന്‍ ഞാന്‍ ഓടിച്ചത്. അവര്‍ അവിടെ നിശ്ശബ്ദരായി കഴിഞ്ഞുകൂടി. ചായ, കാപ്പി വിളികള്‍ ഇല്ല, മൊബൈലിലെ ഉറക്കെയുള്ള സംസാരങ്ങളില്ല. പത്രം കടം വാങ്ങിച്ചു വായനയില്ല, പുകവലിയോ പൊട്ടിച്ചിരികളോ ഉറക്കം തൂങ്ങലോ ഇല്ല. നിശ്ശബ്ദത മരവിച്ച വെറും യാത്ര മാത്രം.
അമര്‍വാടിയിലെ സ്റ്റേഷന്‍ മുറ്റം മൃതദേഹങ്ങളെ കൊണ്ട് നിറഞ്ഞു. റെയില്‍വേയില്‍ വലിയ പദവിയുള്ള റീജിയിണല്‍ മാനേജര്‍ നിസ്സാരന്മാരായ കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം കുന്തിച്ചിരുന്നു പുക വലിച്ചു. ഓരോ ശവശരീരവും അയാളുടെ മുഖത്ത് ഒരു നടുക്കമായി പൊതിഞ്ഞു. എന്റെ ദേഹവും ചോരപ്പശിമയാല്‍ ഒട്ടുന്നുണ്ടായിരുന്നു.
അത്രനേരവും യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ഓടിയ പോളേട്ടന്‍ അപ്പോഴേക്കും വീണു പോയിരുന്നു. പോളേട്ടന്റെ തലക്കു സാരമായ പരിക്ക് പറ്റിയിരുന്നു. കുറച്ചു നാളത്തേക്ക് ഗന്ധങ്ങള്‍ അന്യമായിപ്പോകും വിധം മൂക്കിന്റെ പാലം തകര്‍ന്നു. ഞങ്ങളുടെ ഡോക്ടര്‍മാരുടെ സംഘം പ്രാഥമിക പരിശോധന കഴിഞ്ഞു പോളേട്ടനെ പൂനെയിലേക്ക് റഫര്‍ ചെയ്തു.
നേരം ഇതിനിടക്ക് പുലര്‍ന്നു. നല്ല വെളിച്ചം വെച്ചിരുന്നു. യാത്രക്കാരെ എല്ലാവരെയും ഒഴിപ്പിച്ച ശേഷം ഞങ്ങള്‍ വീണ്ടും ട്രാക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം. ഒരുപാട് സമയമെടുക്കും. ആരോ അപകട സ്ഥലത്തെത്തിച്ച ബ്രെഡും ഓംലെറ്റും കഴിച്ചു ഞങ്ങള്‍ വീണ്ടും യുദ്ധത്തിനിറങ്ങി.
ഇപ്പോള്‍ കുറച്ചു സമാധാനമുണ്ട് ഞങ്ങള്‍ക്ക്. അപകടസ്ഥലത്തു നിന്ന് ബോഗികള്‍ നീക്കം ചെയ്യാന്‍ കുറെ നേരമെടുക്കും. അതുവരെ എഞ്ചിനില്‍ തന്നെ ഇരിക്കാം. ഞാന്‍ ഉറക്കം തൂങ്ങാന്‍ ശ്രമിച്ചു. പക്ഷേ ഏതെല്ലാമോ പേക്കിനാവുകള്‍ എന്റെ തലയ്ക്കു മുകളില്‍ മൂളിപ്പറന്നത് മിച്ചം.
വെയിലിനു ചൂട് കൂടിക്കൂടി വന്നു. പൊടിയും ചൂടും കലര്‍ന്ന ഒരു കാറ്റ് എഞ്ചിനുള്ളില്‍ തിരിഞ്ഞു കളിച്ചു. വിയര്‍പ്പില്‍ നിന്ന് പോലും ആ കാറ്റ് ഈര്‍പ്പമൂറ്റും. ഞങ്ങള്‍ കരുതിയിരുന്ന വെള്ളവും ബിസ്‌കറ്റും ഒക്കെ ഞൊടിയിടയില്‍ കാലിയായി.
ഉച്ച കഴിഞ്ഞിട്ടും ഭക്ഷണം എത്താത്തതുകൊണ്ട് ഞാന്‍ അന്വേഷിച്ചിറങ്ങി. 'തലച്ചുമടായി കൊണ്ട് വരുന്നതല്ലേ. വന്നപ്പോഴേ തീര്‍ന്നു, എവിടെയായിരുന്നിത്ര നേരം?' പാന്‍ട്രിയുടെ ചുമതലയുള്ള ഓഫീസര്‍ കൈ മലര്‍ത്തി.
ഇനി രാത്രി വരെ പട്ടിണി എന്ന് കരുതി (ഞങ്ങള്‍ക്കത് അത്ര വലിയ കാര്യമൊന്നുമല്ല. പൊതുവെ അപകടസ്ഥലങ്ങളില്‍ ഭക്ഷണം കിട്ടിയില്ലെങ്കില്‍ പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അല്ലെങ്കില്‍ തന്നെ വണ്ടിയോടിക്കുന്നതിനിടെ പലപ്പോഴും ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുമില്ല). ഞാന്‍ തിരികെ നടക്കാന്‍ ഒരുങ്ങുമ്പോഴാണ് 'ഇച്ചിരി വെള്ളം തരണേ' എന്ന് പച്ച മലയാളത്തിലുള്ള ഒരു ദീനമായ അപേക്ഷ കേട്ടത്. തിരിഞ്ഞു നോക്കുമ്പോള്‍ ഇടമുറിയാതെ പണിയെടുക്കുന്ന കൂലിവേലക്കാര്‍. നിര്‍ദേശം നല്‍കുന്ന ഓഫീസര്‍മാര്‍. ഒപ്പം മറ്റൊന്നും ശ്രദ്ധിക്കാതെ വേല ചെയ്യുന്ന ഞങ്ങളുടെ റെസ്‌ക്യൂ സ്റ്റാഫ്. വേറെയാരെയും കാണാനില്ല.
' ബച്ചാവോ, ഹെല്‍പ് മി'- വീണ്ടും ദീനസ്വരമുയര്‍ന്നു. ഇത്തവണ ഞാന്‍ ആളെ കണ്ടെത്തി. ഒന്നിനു മീതെ ഒന്നായി കയറിയിരുന്ന ബോഗികള്‍ക്ക് മുകളില്‍ നിന്നായിരുന്നു ആ കരച്ചില്‍. മൂന്നാമത്തെ ബോഗി വട്ടം ഒടിഞ്ഞു പോയിരുന്നു. അതിനിടക്ക് കുടുങ്ങിക്കിടക്കുകയായിരുന്നു അയാള്‍. രാത്രി ടോയ്‌ലറ്റില്‍ പോയതോ മറ്റോ ആകാം. അയാള്‍ അടുത്തു കൂടെ ആരു പോയാലും അറിയാവുന്ന ഭാഷയിലെല്ലാം 'വെള്ളം തായോ' എന്ന് നിര്‍ത്താതെ കൂവിക്കൊണ്ടിരുന്നു. പക്ഷേ ആരും അയാളെ ഗൗനിച്ചതേയില്ല. എല്ലാവരും അവരവരുടെ ജോലികളില്‍ വ്യാപൃതരായിരുന്നു.
എനിക്ക് കഷ്ടം തോന്നി. ഏതോ പ്രേരണയാല്‍ ഞാന്‍ അടുത്തിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു മറാത്തിയുടെ അടുത്തു വെച്ചിരുന്ന വെള്ളക്കുപ്പി കടന്നെടുത്ത് ആ പാവത്തിന് എറിഞ്ഞു കൊടുക്കാനൊരുങ്ങി. പിരടിക്ക് ഊക്കന്‍ ഒരു തള്ള് കിട്ടി ഞാന്‍ പിടച്ചു വീണു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവന്‍ മറാത്തിയില്‍ എന്നെയെന്തൊക്കെയോ പുലഭ്യം പറഞ്ഞു.
എന്റെ മുട്ട് പൊട്ടി ചോര വന്നപ്പോഴാണ്, ഊണ് കഴിക്കുകയായിരുന്ന ആ പാവത്തിന് അയാളുടെ കുപ്പിയില്‍ കഷ്ടിച്ച് ഒരു കവിള്‍ കുടിക്കാനുള്ള വെള്ളമേ ഉണ്ടായിരുന്നുള്ളൂ എന്ന് ബോധമുദിച്ചത്. ആരും കണ്ടില്ല എന്ന സമാധാനത്തില്‍ ഞാന്‍ ലേശം മാറി ഒരു തിണ്ടിലെ പുല്‍പ്പരപ്പില്‍ ഇരുന്നു.
ബോഗിക്ക് മീതെ കുടുങ്ങിക്കിടന്നവന് യേശുവിന്റെ ഛായ ഉണ്ടെന്നു തോന്നി. അയാള്‍ കാണാനൊരു ചാണത്തലയന്‍ ആയിരുന്നു. എന്നിട്ടും അയാള്‍ എവിടെയോ യേശുവുമായി സാമ്യം പങ്കു വെച്ചു. ഒരു പക്ഷേ ആകാശത്തും ഭൂമിയിലും അല്ലാത്ത (കുരിശിലെന്ന പോലെ) ആ കിടപ്പിലാവാം. ഹരിയേട്ടന്‍ ആയിരുന്നു റെസ്‌ക്യൂ ടീമിന്റെ ലീഡര്‍. എന്നെ കണ്ടപ്പോ ഹരിയേട്ടന്‍ പരിചയം പുതുക്കി: 'ആ, നീയാണോ െ്രെഡവര്‍?'
മുകളില്‍ ത്രിശങ്കുവില്‍ കിടക്കുന്നവനെ ചൂണ്ടി ഞാന്‍ ചോദിച്ചു. 'അവനെ മാത്രം ഇറക്കാത്തതെന്താ ഹരിയേട്ടാ?' ജോലിയില്‍ നിന്ന് ശ്രദ്ധ വിടാതെ ഹരിയേട്ടന്‍ പ്രതിവചിച്ചു: 'എങ്ങനെ ഇറക്കാനാ?'
അത് നേരായിരുന്നു. അയാള്‍ തൂങ്ങിക്കിടന്നിരുന്നത് ഒരു പാട് ഉയരത്തില്‍ ആയിരുന്നു. മൂന്നു ബോഗികള്‍ അടുക്കിയടുക്കി വെച്ച ഉയരം. മല മുകളില്‍ ഉണങ്ങി വീഴാറായ ഒരു മരത്തിന്റെ ചുക്കിച്ചുളിഞ്ഞ ചില്ലകള്‍ മാത്രം അയാളുടെ കൈയകലത്തില്‍ ഉണ്ട്. ഞങ്ങളുടെ പക്കല്‍ ആവട്ടെ ഏണിയൊട്ടുമുണ്ടായിരുന്നുമില്ല. 'അവന്‍ അങ്ങനെ കിടക്കട്ടെ. കുറച്ചു നേരം'- ചിരിച്ചു കൊണ്ട് ഹരിയേട്ടന്‍ പറഞ്ഞു. നിസ്സഹായത കൂടുമ്പോള്‍ നാം തമാശ പറഞ്ഞു പരാജയപ്പെടും എന്ന് ആ വാക്കുകള്‍ കേള്‍ക്കെ മനസ്സിലായി.
'ഇത്തിരി വെള്ളം കൊടുക്കാരുന്നില്ലേ എന്നാല്‍?' എനിക്ക് സത്യത്തില്‍ കരച്ചില്‍ വരുന്നുണ്ടായിരുന്നു. 'ഒന്നുമില്ലെങ്കില്‍ ഒരു മലയാളി അല്ലേ ഹരിയേട്ടാ?'
കൈയിലിരുന്ന വടം താഴെ വെച്ചു ഹരിയേട്ടന്‍ എന്നെ ശകാരിക്കാന്‍ തുടങ്ങി. 'നീ എന്താ കരുതിയെ, ഞങ്ങള്‍ പത്തു പ്രാവശ്യം എങ്കിലും അവനു കുറച്ചു വെള്ളം കൊടുക്കാന്‍ തുടങ്ങിയതാ. ദേ ആ ഇരിക്കുന്ന ആളാ സമ്മതിക്കാഞ്ഞത്.'
ഹരിയേട്ടന്‍ കൈ ചൂണ്ടിയ ദിക്കില്‍ ഞങ്ങളുടെ പ്രധാന ഡോക്ടര്‍ ഇരുന്നു കോട്ടുവാ വിടുന്നുണ്ടായിരുന്നു. 'ഒരു തുള്ളി വെള്ളം കുടിച്ചാല്‍ ചത്തു പോകും പോലും' (വൈദ്യശാസ്ത്ര വിധിപ്രകാരം അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് വെള്ളം കൊടുക്കാന്‍ പാടില്ല).
ഹരിയേട്ടന്‍ തന്റെ ജോലികളിലേക്ക് തിരിച്ചു പോയി. തൂങ്ങിക്കിടന്നവന്‍ ഇപ്പോള്‍ നിലവിളി നിര്‍ത്തിയിരിക്കുന്നു. അയാള്‍ക്ക് വലിയ പരുക്ക് ഒന്നുമില്ല എന്നെനിക്കു തോന്നി. ചിലപ്പോഴൊക്കെ അയാള്‍ ചിരിക്കുകയും പാട്ട് പാടുകയും ചെയ്തു. ഇടക്ക് ജോലിക്കാരെ ശകാരിക്കുന്നതും കണ്ടു. അയാള്‍ക്ക് ഇറങ്ങാന്‍ ധൃതിയുണ്ടാവാം.
ഇടക്കൊന്നു അയാള്‍ മയങ്ങുക പോലും ചെയ്തു. കുറച്ചു കഴിയുമ്പോള്‍ ഞെട്ടിയുണര്‍ന്ന് അയാള്‍ വെള്ളത്തിനു കൂവാന്‍ തുടങ്ങും. ഞാനും മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. പിന്നെപ്പോഴോ നോക്കുമ്പോള്‍ അയാള്‍ കൈയെത്തിച്ച് തന്റെ അടുത്തുണ്ടായിരുന്ന മരത്തിലെ ചില്ലകള്‍ പൊട്ടിച്ചു ഇലകള്‍ കടിച്ചു തിന്നുന്നത് ഞാന്‍ കണ്ടു. അയാളുടെ ചുണ്ടിന്റെ കോണില്‍ കൂടി പച്ചിലച്ചാറൊഴുകി.
'പക്ഷേ ആ മരമല്ലേ നേരത്തെ ഇലകള്‍ ഇല്ലാതെ ഉണങ്ങിക്കരിഞ്ഞുനിന്നിരുന്നത്? ഇപ്പോള്‍ അതിലെങ്ങനെ ഇലകള്‍ വന്നു?'
ഞാന്‍ തലക്കടിച്ചു. 'ഉറക്കമൊഴിച്ചു ഓരോ പ്രാന്തുകള്‍ ചിന്തിക്കുന്നു... ഉണങ്ങി ജീവന്‍ കെട്ടുപോയ ഏതെങ്കിലും മരമുണ്ടോ ഒരു നിമിഷം കൊണ്ട് തളിര്‍ക്കുന്നു?'
രാത്രി ഏറെ വൈകി അയാളെ എങ്ങനെയോ താഴെയിറക്കി. അയാളുടെ അരക്ക് താഴെ നാമാവശേഷമായിരുന്നു. ഉറങ്ങുന്ന അയാളുടെ മണികണ്ഠത്തില്‍ തൊട്ടു നോക്കി ഡോക്ടര്‍ നിരാശ അഭിനയിച്ചു. ഹരിയേട്ടന്‍ വായുവിലേക്ക് പുഴുത്ത ഒരു തെറി കൂടി പറത്തിവിട്ടു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍