Prabodhanm Weekly

Pages

Search

2013 ജനുവരി 12

എന്നിട്ട് ഏത് ഭീകരനെയാണ് ഭീകരവിരുദ്ധ നിയമം പിടികൂടിയത്‌ ?

വി.എം ഹസനുല്‍ ബന്ന

ഭീകരവിരുദ്ധ നിയമങ്ങളുടെ ഹീനമായ ദുരുപയോഗം തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കും സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് നമ്മുടെ രാജ്യത്ത് ഭീകര നിയമങ്ങള്‍ പ്രധാനമായും പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് 'നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ'(UAPA)ത്തിന്റെ കടുപ്പം കൂട്ടാനുള്ള ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തത്തെിയത്.
കുപ്രസിദ്ധമായ ടാഡ(TADA)ക്കും പോട്ട(POTA)ക്കും ബദലായി 2008-ല്‍ മാറ്റിപ്പണിതതാണ് നിലവിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം. മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തുവരികയും രാജ്യവ്യാപകമായി പ്രതിഷേധം രൂപപ്പെടുകയും ചെയ്തപ്പോള്‍ ടാഡയും പോട്ടയും ഉപേക്ഷിക്കേണ്ടിവന്നു. ആ തീരുമാനം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ ഉപായമായിരുന്നു യു.എ.പി.എക്ക് കടുപ്പം കൂട്ടുകയെന്നത്. മുംബൈ ഭീകരാക്രമണം നടന്ന ഭീതിദമായ സാഹചര്യം ഉപയോഗപ്പെടുത്തി പാര്‍ലമെന്റില്‍ ഗൗരവതരമായ ഒരു ചര്‍ച്ച പോലും നടത്താതെ നിയമഭേദഗതികള്‍ വരുത്തി 1967-ലെ പഴയ നിയമം കേന്ദ്ര സര്‍ക്കാര്‍ 2008-ല്‍ രാകിയെടുത്തു. പാര്‍ലമെന്ററി മര്യാദ പാലിക്കാതെയാണ് കിരാതനിയമത്തിന് അന്ന് കടുപ്പം കൂട്ടിയത്. സാധാരണഗതിയില്‍ പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍ പാര്‍ലമെന്ററി സ്ഥിരം സമിതിക്ക് ആ ബില്‍ വിടേണ്ടതുണ്ട്. ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളുമായും കൂടിയാലോചന നടത്തി സമിതി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കണം. സമിതി സമര്‍പ്പിക്കുന്ന ശിപാര്‍ശകള്‍ സ്വീകരിക്കേണ്ട നിര്‍ബന്ധിത സാഹചര്യം സര്‍ക്കാറിനില്ലെങ്കിലും നിയമ നിര്‍മാണം സംബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ സഭയുടെ രേഖകളില്‍ കിടക്കും. ഇത്തരമൊരു കൂടിയാലോചനക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നില്ല. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ ടാഡയുടെയും പോട്ടയുടെയും പല വകുപ്പുകളും കൂട്ടിച്ചേര്‍ത്തായിരുന്നു 2008-ലെ ഭേദഗതി. അതും കഴിഞ്ഞ് നാല് വര്‍ഷം തികയുമ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ വീണ്ടും നിയമഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ കാഠിന്യം കുറച്ച് ദുരുപയോഗം ഒഴിവാക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന വിനാശകാലത്താണ് യു.പി.എ സര്‍ക്കാറിന്റെ വിപരീത ബുദ്ധി.
ഭീകരവിരുദ്ധ നിയമങ്ങള്‍ രാജ്യത്ത് ഭീകരാക്രമണങ്ങളില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നതാണ് വാസ്തവം. കാരണം യഥാര്‍ഥ ഭീകരരെ പിടികൂടുന്നതിനല്ല ഈ നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ടാഡയും പോട്ടയുമുപയോഗിച്ച് അറസ്റ്റ് ചെയ്ത് ഭീകരക്കുറ്റം ചുമത്തപ്പെട്ടവരില്‍ ഭൂരിഭാഗം പേരെയും ശിക്ഷിക്കാതെ വിടുകയാണ് ഈ രാജ്യത്തെ കോടതികള്‍ ചെയ്തത്. അതിനാല്‍ തന്നെ ഭീകരര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ളതല്ല ഈ നിയമം. നീതിന്യായ നടപടികളിലേക്കും വിചാരണയിലേക്കും കടക്കാതെ തന്നെ ഭീകരക്കുറ്റം ചുമത്തപ്പെട്ടവരെ കഴിയാവുന്നേടത്തോളം തടവറകളില്‍ പാര്‍പ്പിക്കണമെന്ന യുക്തിയാണിതിന് പിന്നില്‍. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും പരിഹാസപാത്രമാക്കാന്‍ മാത്രമേ ഇതുപകരിക്കൂ. നിയമം നിഷ്പക്ഷമാകണമെന്നത് സര്‍വാംഗീകൃതമാണ്. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലൊരു വ്യത്യാസവും ഇക്കാര്യത്തിലുണ്ടാകാന്‍ പാടില്ല. എന്നാല്‍, രാജ്യത്തുണ്ടാക്കിയ ഒരു ഭീകരനിയമത്തിനും ഈ നീതി ബാധകമായിരുന്നില്ല. വര്‍ഗീയ വൈരം തീര്‍ക്കാനാണ് അവ പലപ്പോഴും ഉപയോഗപ്പെടുത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ മുഖവിലക്കെടുത്തു മാത്രമേ കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമ ഭേദഗതികള്‍ പരിശോധിക്കാന്‍ കഴിയൂ.

സംഘടനകളിലില്ലാത്ത ഭീകരര്‍
നിലവിലുള്ള നിയമത്തെ കൂടുതല്‍ കിരാതവും മനുഷ്യത്വരഹിതവുമാക്കുന്നതാണ് പുതിയ ഭേദഗതികള്‍. യു.എ.പി.എ നിയമത്തിന്റെ രണ്ടാം വകുപ്പില്‍ പുതുതായി കൊണ്ടുവന്ന ഭേദഗതിയെടുക്കുക. സര്‍ക്കാര്‍ ഭീകരപട്ടികയില്‍പ്പെടുത്തിയ സംഘടനകളുമായി ബന്ധമില്ലാത്ത വ്യക്തികളെയും ഭീകരരാക്കാന്‍ കഴിയുന്നതാണ് പ്രസ്തുത ഭേദഗതി. ഇതിനായി ഭീകര കുറ്റം ചാര്‍ത്താവുന്ന വ്യക്തിയുടെ നിര്‍വചനം യു.പി.എ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നു. ഭീകരക്കുറ്റം ചുമത്താവുന്ന ഒരു വ്യക്തി 'വ്യക്തികളുടെ കൂട്ടായ്മയിലോ വ്യക്തികളുണ്ടാക്കിയ ഒരു വേദിയിലോ അംഗമാവുകയോ അല്ലാതിരിക്കുകയോ' ആവാമെന്ന് ഈ നിര്‍വചനം വിശദീകരിക്കുന്നു. ഈ നിര്‍വചനത്തില്‍ രണ്ട് പ്രശ്‌നങ്ങളുണ്ട്. ഒന്ന്, വ്യക്തികളുടെ കൂട്ടമെന്നത് സംഘടന ആവണമെന്നില്ല. ഏജന്‍സികളോ സര്‍ക്കാറോ അവരെ ഒരു സംഘടനയായി അംഗീകരിക്കുകയും വേണ്ട. വായനശാല മുതല്‍ സായാഹ്നങ്ങളിലെ സൗഹൃദ കൂട്ടായ്മകള്‍ വരെ ഈ നിര്‍വചനത്തിനകത്ത് ഭീകരസംഘമായി മാറും. രണ്ട്, സര്‍ക്കാര്‍ ഭീകര പട്ടികയില്‍പെടുത്തിയ ഒരു വ്യക്തി അറസ്റ്റിലായാല്‍ അവന്റെ ബന്ധുക്കളെയും കൂട്ടുകാരെയും അവനോട് ഏതെങ്കിലും തരത്തില്‍ പരിചയമുള്ളവരെയും ഭീകരവൃത്തിയില്‍ പങ്ക് ആരോപിച്ച് അന്വേഷണ ഏജന്‍സിക്ക് പിടികൂടാന്‍ കഴിയും.
ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങളും പരിമിതികളും സൃഷ്ടിക്കുന്നതാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ കൊണ്ടുവന്ന ഭേദഗതികളോരോന്നും. ഭീകരമുദ്ര ചാര്‍ത്തി ഒരു സംഘടനയെ നിരോധിച്ചാല്‍ നിരോധം അഞ്ചു വര്‍ഷം വരെ നീണ്ടു നില്‍ക്കുമെന്ന് ആറാം വകുപ്പില്‍ കൊണ്ടുവന്ന ഭേദഗതി വ്യക്തമാക്കുന്നു. നിലവിലുള്ള രണ്ട് വര്‍ഷത്തെ നിരോധന കാലയളവാണ് അഞ്ചു വര്‍ഷമായി മാറ്റിയത്. സംഘടനകള്‍ക്ക് മേലുളള നിരോധം രണ്ട് വര്‍ഷമായി പരിമിതപ്പെടുത്തിയത് അതിന് ശേഷം നിരോധം തുടരുന്ന കാര്യത്തില്‍ സര്‍ക്കാറിന് ഒരു പുനര്‍വിചിന്തനം നടത്താനായിരുന്നു. എന്നാല്‍, അഞ്ചു വര്‍ഷത്തേക്ക് അത്തരത്തിലൊരു പുനര്‍വിചിന്തനം വേണ്ടെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. സംഘം ചേരാനുള്ള മൗലികാവകാശത്തിന് ഹാനികരമാണിത്. സംഘടനകളില്‍ അംഗത്വമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഭരണഘടനയുടെ 19(1)(സി), 19 (1) (എ), 21 എന്നീ അനുഛേദങ്ങള്‍ പ്രകാരം മൗലികാവകാശമാണ്. ഭീകരമുദ്ര ആര്‍ക്കുമെതിരെ ചാര്‍ത്താമെന്ന സ്ഥിതിവിശേഷത്തില്‍ നിരോധന കാലയളവ് നീട്ടുന്നതും സംഘടനകളോടുള്ള വിരോധം തീര്‍ക്കാനാണ് ഉപയോഗപ്പെടുത്തുക. ഭരണഘടനയുടെ പ്രകൃതത്തിനും ചൈതന്യത്തിനുമെതിരാണിത്.
നിരോധന കാലയളവ് ദീര്‍ഘിപ്പിക്കുന്നത് ഭരണപരമായ ചെലവ് ചുരുക്കുമെന്നാണ് യു.പി.എ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. നിരോധം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ട്രൈബ്യൂണലിനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഭരണപരമായ ചെലവായി സര്‍ക്കാര്‍ കണക്കാക്കുന്നത്. ഭരണപരമായ ചെലവ് ചുരുക്കാന്‍ ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങള്‍ ഹനിക്കാമോ എന്നതാണ് പ്രസക്തമായ ചോദ്യം. സ്ഥിതി വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാനും അവ സമാഹരിക്കാനും വേണ്ടുവോളം സമയം കിട്ടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്ന മറ്റൊരു ന്യായീകരണം. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരങ്ങള്‍ സമാഹരിക്കാനും വിവിധ കോടതികളില്‍ ഫയല്‍ ചെയ്ത കേസുകള്‍ മുന്നോട്ടുകൊണ്ടുപോകാനും പോലീസ് നടപടികള്‍ക്ക് സംസ്ഥാനങ്ങളില്‍ നിന്ന് അനുമതി നേടിയെടുക്കാനും വേണ്ടുവോളം സമയം ഇതുവഴി ലഭിക്കുമെന്നും കേന്ദ്രം വാദിക്കുന്നു. ഒരു സംഘടന നിരോധിച്ച ശേഷമാണ് അതിനെകുറിച്ചുള്ള സ്ഥിതിവിവരങ്ങള്‍ സമാഹരിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ തുറന്നു സമ്മതിക്കുകയാണിവിടെ. സിമി ട്രൈബ്യൂണലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ആദ്യം നിരോധനം നടപ്പാക്കിയ ശേഷമാണ് സിമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. ഭീകരക്കുറ്റം ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ആവശ്യമായ തെളിവുകള്‍ കെട്ടിച്ചമക്കുകയും ചെയ്യുന്നത് പോലെയാണിതും. നിരോധിക്കപ്പെട്ട ശേഷവും സംഘടന പ്രവര്‍ത്തിക്കുകയാണെന്നും അതിന്റെ പ്രവര്‍ത്തകര്‍ സജീവമാണെന്നുമാണ് നിരോധം നീട്ടുന്നതിന് കാരണമായി പറയാറുള്ളത്. ഫലത്തില്‍ നിരോധിത സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് നിരവധി പേരുടെ അറസ്റ്റ് തുടര്‍ന്നുകൊണ്ടിരിക്കുകയാണിതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. ഓരോ തവണ നിരോധന കാലയളവ് ദീര്‍ഘിപ്പിക്കുന്തോറും കൂടുതല്‍ പേരില്‍ അംഗത്വം ആരോപിക്കാനും കൂടുതലാളുകളെ അറസ്റ്റ് ചെയ്യാനും കാരണമാകും. ഭീകരസംഘടനകളില്‍ അംഗത്വം തെളിയിച്ചതിന്റെ ചരിത്രവും കുപ്രസിദ്ധമാണ്. പതിറ്റാണ്ട് പിന്നിട്ട സിമിയുടെ നിരോധനത്തിന്റെ പേരില്‍ അറസ്റ്റിലായ ഒരേ ഒരാളുടെ കേസിലാണ് അംഗത്വം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കായത്.

ഭീകരപ്രവൃത്തിയാകുന്ന സംഭാവന
നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ 17-ാം വകുപ്പ് യു.പി.എ സര്‍ക്കാറിന്റെ അജണ്ട വെളിച്ചത്ത് കൊണ്ടുവരുന്നതാണ്. ഒരു ഭീകര സംഘടനക്ക് വേണ്ടിയാണെന്നറിഞ്ഞുകൊണ്ട് നിയമവിധേയമോ അല്ലാത്തതോ ആയ ഉറവിടങ്ങളില്‍ നിന്ന് പണം നല്‍കുന്നതും സമാഹരിക്കുന്നതും ഇതനുസരിച്ച് കുറ്റകരമാണ്. കുറ്റം ചുമത്താന്‍ ആ പണം ഒരു ഭീകരവൃത്തിക്ക് വേണ്ടി ഉപയോഗിച്ചുകൊള്ളണമെന്ന് നിര്‍ബന്ധമില്ലെന്നും നിയമം വ്യക്തമാക്കുന്നു. അഞ്ചു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഈ സംഭാവന മാറും. നിയമവിധേയമായ ഏത് സാമ്പത്തിക ഇടപാടുകളെയും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ച് പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയമാക്കാന്‍ ഈ വകുപ്പിലൂടെ കഴിയും. കൊടുക്കുന്ന പണം ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിച്ചേക്കാമെന്ന അറിവ് സാമ്പത്തിക ഇടപാട് നടത്തുന്ന വ്യക്തികള്‍ക്കുണ്ടായാല്‍ മതി. പണം നല്‍കിയ വ്യക്തിക്ക് ഇത്തരമൊരറിവുണ്ടെന്ന് തെളിയിക്കുന്നേടത്താണ് കാര്യങ്ങളുടെ കിടപ്പും ഏജന്‍സികളുടെ മിടുക്കും. സര്‍ക്കാറേതര സന്നദ്ധ സംഘടനകളും സാമൂഹിക സംഘടനകളും വിദേശത്ത് നിന്ന് പിരിവെടുത്ത് കൊണ്ടുവരുന്നത് ഈ 'കുറ്റകൃത്യ'ത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നതിനാല്‍ ദുരുപയോഗത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. കുറ്റാരോപിതനെ ജാമ്യമില്ലാതെ ദീര്‍ഘകാലം ജയിലിലിടാന്‍ പുതിയ വകുപ്പും ഉപകരിക്കും. നിലവിലുള്ള നിയമത്തിന്റെ 15-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവന്നാണ് പുതിയ 17-ാം വകുപ്പിന് കേന്ദ്രം കളമൊരുക്കിയത്. ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 15-ാം വകുപ്പിലെ ഭേദഗതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 489 ബി, 489 സി, 489 ഡി വകുപ്പുകള്‍ പ്രകാരം കുറ്റകരമായ കള്ളനോട്ടുല്‍പാദനവും വിതരണവുമായിരുന്നു ഇതുവരെ പ്രധാന സാമ്പത്തിക കുറ്റകൃത്യമായി ഏജന്‍സികള്‍ കണക്കാക്കിയിരുന്നത്. സംഭാവനകളും ഭീകര കുറ്റകൃത്യമായി വ്യാഖ്യാനിക്കാന്‍ പഴുത് നല്‍കുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മികച്ച അവസരമാകും. ഭീകരനിയമമാകുമ്പോള്‍ ജാമ്യം ലഭിക്കാന്‍ കടുത്ത ഉപാധികള്‍ വേണ്ടിവരും. 180 ദിവസം വരെ കുറ്റാരോപിതനെ ഒരു വിചാരണയുമില്ലാതെ തടവില്‍ പാര്‍പ്പിക്കുകയും ചെയ്യാം.
പീഡനത്തിനെതിരെയുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ അടക്കമുള്ള അന്തര്‍ദേശീയ മനുഷ്യാവകാശ കണ്‍വെന്‍ഷനുകളില്‍ പ്രതിനിധിയായ ഇന്ത്യ അവയോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിന് പകരം കിരാത നിയമത്തിന്റെ കടുപ്പം കൂട്ടാന്‍ മുതിര്‍ന്നതിന് പിന്നില്‍ ആഗോള അജണ്ട കൂടിയുണ്ട്. ജി 7 കൂട്ടായ്മയുടെ ഭാഗമായി 1989-ല്‍ ഒന്നാം ലോക രാജ്യങ്ങളുണ്ടാക്കിയ സംവിധാനമാണ്. ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). ഒന്നാം ലോകരാജ്യങ്ങളുടെ മൂലധന താല്‍പര്യങ്ങളെയും ബാങ്കിംഗ് സംവിധാനങ്ങളെയും ധനകാര്യ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുണ്ടാക്കിയതാണിത്. നിലവില്‍ വന്നത് മുതല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ നിയമനിര്‍മാണത്തിന് മൂന്നാംലോകരാജ്യങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ ബഹുരാഷ്ട്ര ഏജന്‍സി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത രാജ്യങ്ങളെ ഇവര്‍ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കുറിപ്പ് പ്രകാരം ഭീകരപ്രവര്‍ത്തനങ്ങളുടെ നിര്‍വചനത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത് എഫ്.എ.ടി.എഫിന്റെ നിര്‍ദേശപ്രകാരമാണ്. സ്വന്തം പൗരന്മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നിയമം ബഹുരാഷ്ട്ര ഏജന്‍സികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി കൂടുതല്‍ കിരാതമാക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

ഭീകരവേട്ട വീണ്ടും മുന്നോട്ട്
ഭീകരന്റെ നിര്‍വചനം വിപുലമാക്കിയും ഭീകരസംഘടനകളുടെ നിരോധനത്തിന്റെ കാലയളവ് ദീര്‍ഘിപ്പിച്ചും സാമ്പത്തിക ഇടപാടുകളെ ഭീകരവൃത്തികളുടെ പരിധിയില്‍പ്പെടുത്തിയും പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും നിയമം ദുരുപയോഗം ചെയ്യാന്‍ കൂടുതല്‍ അവസരമാണ് കൈവന്നിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ദുരുപയോഗത്തില്‍ നിന്ന് നിയമത്തെ പരിരക്ഷിക്കാനുള്ള ഒരു മുന്‍കരുതലും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നതാണ് ഏറെ ഭീതിദമാക്കുന്നത്. നിയമത്തെ ദുരുപയോഗം ചെയ്യുന്നത് ശിക്ഷയും നഷ്ടപരിഹാരവും വിധിക്കാവുന്ന കുറ്റമാക്കിയ പോട്ടയുടെ 58-ാം വകുപ്പ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ ഇല്ല. ഒരടിസ്ഥാനവുമില്ലാതെ ഭീകരനിയമത്തിന് കീഴില്‍ പോലീസ് നിരപരാധികളെ അറസ്റ്റ് ചെയ്തതും വര്‍ഷങ്ങള്‍ക്ക് ശേഷം തെളിവുകളില്ലാതെ കോടതി വിട്ടയക്കുന്നതും പതിവ് വാര്‍ത്തകളായി മാറിയ ഘട്ടത്തിലാണ് അന്വേഷണ ഏജന്‍സികളോടുള്ള സര്‍ക്കാറിന്റെ ദയാവായ്പ്. വര്‍ഷങ്ങള്‍ തടവറയില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് നിരപരാധികളെന്ന് കണ്ട് ഇവരെ വിട്ടയച്ചത്. ഭീതിദമായ ഈ കഥകള്‍ക്ക് ശേഷവും ഭീകരവേട്ട നിര്‍ത്താന്‍ തങ്ങള്‍ തയാറല്ലെന്നാണ് നിയമത്തിന്റെ അന്തഃസത്ത പരിരക്ഷിക്കാന്‍ ഒരു വകുപ്പുമില്ലാതെ പോലീസിനെ കയറൂരി വിട്ടതിലൂടെ യു.പി.എ സര്‍ക്കാര്‍ ചെയ്തത്.
പോലീസ് നിരപരാധികളെ പീഡിപ്പിക്കുന്നത് തടയാനുള്ള കരുതലുകള്‍ നിയമത്തിലില്ലെന്ന് പാര്‍ലമെന്ററി സ്ഥിരസമിതിയില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞ മറുപടി കാണുക. ''ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്നതിനെക്കുറിച്ചോ സൂക്ഷിക്കുന്നതിനെക്കുറിച്ചോ ഏതെങ്കിലും കമ്പനിയിലെയോ സംഘടനയിലെയോ സംഘത്തിലെയോ അംഗങ്ങള്‍ക്ക് പോലും അറിയാതിരിക്കാമല്ലോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. അത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനത്തില്‍ താന്‍ പങ്കാളിയല്ലെന്നതിന്റെ തെളിവ് ഹാജരാക്കാന്‍ അയാള്‍ക്ക് കഴിയുമല്ലോ എന്നാണ് ആ ചോദ്യത്തിനുള്ള മറുപടി.'' അത് തന്നെയാണ് ഈ നിയമത്തിന്റെ മുന്‍കരുതലെന്നും മന്ത്രി ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥത്തില്‍ ഇതൊരിക്കലും മുന്‍കരുതലല്ല. മറിച്ച് സമാന്യ നീതിയുടെ നഗ്‌നമായ നിഷേധമാണ്. ഒരാള്‍ക്കെതിരായ കുറ്റം തെളിയിക്കപ്പെടുന്നത് വരെ അയാളെ നിരപരാധിയായി കണക്കാക്കണമെന്നാണ് സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്ത്വം. എന്നാല്‍, ഇവിടെ ഒരാള്‍ക്കെതിരെ ഭീകരക്കുറ്റം ചുമത്തിയാല്‍ സ്വയം കുറ്റവിമുക്തനാകേണ്ടത് ആരോപണവിധേയന്റെ ബാധ്യതയാണ്. അത് തെളിയിക്കാനുള്ള ബാധ്യത അന്വേഷണ ഏജന്‍സിക്കില്ല. ഭീകരവിരുദ്ധ നടപടികള്‍ ഭരണകൂട ഭീകരതക്ക് വഴിവെക്കുന്ന സാഹചര്യമുണ്ടാകരുതെന്നും ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്ത് കൂടുതല്‍ കിരാതമാക്കരുതെന്നും ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അടക്കമുള്ള രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. ലോക്‌സഭ പാസാക്കിയ ബില്‍ പരാജയപ്പെടുത്തണമെന്ന് രാജ്യസഭാ അംഗങ്ങളോടും ഇവര്‍ അഭ്യര്‍ഥിച്ചിരുന്നു. ആരെയും ഭീകരമുദ്ര ചാര്‍ത്തി അറസ്റ്റ് ചെയ്യാവുന്ന നിലവിലുള്ള സംശയകരമായ സാഹചര്യം വര്‍ധിപ്പിക്കാനാണ് ഭേദഗതി ഉപകരിക്കുകയെന്നും കരിനിയമങ്ങള്‍ കൊണ്ട് ഭീകരത തടയാന്‍ കഴിയില്ലെന്നും ഇവര്‍ പാര്‍ലമെന്റ് അംഗങ്ങളെ ഓര്‍മിപ്പിച്ചു. എന്നാല്‍, നിയമം ദുരുപയോഗം ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രി പാര്‍ലമെന്റിന് നല്‍കിയ ഉറപ്പ് മുഖവിലക്കെടുത്ത് രാജ്യസഭയിലും ഭൂരിപക്ഷം എം.പിമാരും ഭേദഗതികള്‍ക്ക് അനുകൂലമായി കൈപൊക്കി. ഇതുപോലുള്ള ഉറപ്പുകള്‍ നേരത്തെ പി. ചിദംബരവും നല്‍കിയിരുന്നതാണ്. എന്നിട്ടും കേസുകള്‍ കെട്ടിച്ചമച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഭീകരക്കുറ്റം ചുമത്തി നിരപരാധികളെ തടവിലാക്കിയ സംഭവങ്ങള്‍ രാജ്യമൊട്ടുക്കും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നീതി ലഭ്യമാക്കുന്നേടത്ത് ഉറപ്പുകള്‍ക്കല്ല, നിയമത്തിനാണ് സാധുത. ദുരുപയോഗം ചെയ്യാവുന്ന ഒരു നിയമം ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമെന്നതാണ് അനുഭവങ്ങള്‍ നമുക്ക് നല്‍കിയ പാഠം. ദുരുപയോഗം ചെയ്യുന്നവര്‍ ലക്ഷ്യമിടുന്നതാകട്ടെ, സമൂഹത്തില്‍ പിന്നാമ്പുറത്തേക്ക് മാറ്റി നിര്‍ത്തപ്പെട്ട ദുര്‍ബല വിഭാഗങ്ങളെയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍