Prabodhanm Weekly

Pages

Search

2013 ജനുവരി 12

ഐക്യത്തിന്റെ അടിത്തറ

മുസ്‌ലിം സമൂഹം ഒരു കെട്ടിടത്തിന്റെ പരസ്പരം ബലപ്പെടുത്തുന്ന കല്ലുകളെന്നോണം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നത് വിശുദ്ധ ഖുര്‍ആന്റെ അനുശാസനമാണ്. ഈ അനുശാസനം അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തതാണ് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ഈ സമുദായം അനുഭവിച്ചുവരുന്ന അവശതകള്‍ക്കും യാതനകള്‍ക്കും മുഖ്യ കാരണമെന്ന് ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. വിശുദ്ധ ഖുര്‍ആന്‍ 8:46-ല്‍ സമുദായത്തെ ഉണര്‍ത്തുന്നു: ''അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍. പരസ്പരം കലഹിക്കരുത്. കലഹിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ വീര്യം നഷ്ടപ്പെടും.'' പതിറ്റാണ്ടുകളല്ല, നൂറ്റാണ്ടുകളായി ഇപ്പറഞ്ഞ വീര്യനഷ്ടം മുസ്‌ലിംകള്‍ അനുഭവിച്ചുവരുന്നു. 'സദ്യവട്ടത്തില്‍ വിളമ്പി വെച്ച ഭക്ഷണത്തളികയിലേക്ക് വിശക്കുന്നവരുടെ കൈകള്‍ ചുറ്റുനിന്നും നീണ്ടുവരുന്നതുപോലെ നാലുപാടു നിന്നും ശത്രുക്കള്‍ നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലം വരും' എന്ന് മുഹമ്മദ് നബി(സ) നല്‍കിയ മുന്നറിയിപ്പ് യാഥാര്‍ഥ്യമായി പുലര്‍ന്നിട്ട് കാലമേറെയായി.
മുസ്‌ലിം സമൂഹങ്ങള്‍ സൈനികാധിനിവേശങ്ങള്‍ക്കും വംശനശീകരണത്തിനുമിരയാകുമ്പോള്‍, സര്‍ക്കാറുകളില്‍ നിന്ന് അവകാശനിഷേധവും പീഡനവും നേരിടുമ്പോള്‍, സമുദായത്തിന്റെ ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും ആഴമറിയുമ്പോള്‍, അപ്പോഴൊക്കെ സമുദായം ഐക്യത്തെക്കുറിച്ചോര്‍ക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്നു. സമുദായം ഒന്നിച്ചുനിന്നാലേ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മത്സരത്തിന്റേതായ ഈ ലോകത്ത് അതിജീവിക്കാനും കഴിയൂ എന്നു മനസ്സിലാക്കാത്തവരാരുമില്ല. ഈ വിചാരഗതി തികച്ചും ശരിയാണ് താനും. ഇവിടെ അവഗണിക്കപ്പെടുന്ന ഒരു ചോദ്യമുണ്ട്. സമുദായ ഐക്യത്തിന്റെ അടിസ്ഥാന ലക്ഷ്യം സാമ്പത്തിക സമൃദ്ധി, വിദ്യാഭ്യാസ പുരോഗതി, അധികാര ലാഭം, ശത്രുക്കളില്‍നിന്നുള്ള പ്രതിരോധം തുടങ്ങിയ ഭൗതിക നേട്ടങ്ങള്‍ തന്നെയാണോ? അതോ, അവയെല്ലാം അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നതിന്റെ ഭൗതിക ഫലങ്ങളാണോ? ജീവിതത്തിന്റെ ലക്ഷ്യം മരണം വരെ ഈ ഭൂമിയില്‍ സുരക്ഷിതമായി സുഖിച്ചു ജീവിക്കുകയാണെന്ന് കരുതുന്നവരുടെ ദൃഷ്ടിയില്‍ ഐക്യത്തിന്റെ ലക്ഷ്യവും അതുതന്നെയായിരിക്കും. അല്ലാഹുവിന് വിധേയരായി അവന്റെ പ്രീതിയാര്‍ജിക്കലാണ് ജീവിത ലക്ഷ്യം എന്ന് കരുതുന്നവരെ സംബന്ധിച്ചേടത്തോളം ഐക്യം സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം അല്ലാഹുവിന്റെ കല്‍പനയനുസരിക്കലാണ്. അതില്‍നിന്ന് ഈ ലോകത്തുളവാകുന്ന സല്‍ഫലങ്ങളാണ് ഭൗതിക നേട്ടങ്ങള്‍.
നടേ സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തം ആദ്യം പറയുന്നത് അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍ എന്നാണ്. തുടര്‍ന്നാണ് ഭിന്നിക്കരുത് എന്ന് കല്‍പിക്കുന്നത്. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നതിലാണ് ഐക്യപ്പെടേണ്ടതെന്നര്‍ഥം. ഖുര്‍ആന്‍ ഈ ആശയം ആവര്‍ത്തിച്ചു പറയുന്നുണ്ട്: ''നിങ്ങളെല്ലാവരും ഒന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുവിന്‍, ഭിന്നിക്കാന്‍ പാടില്ല'' (3:103). എന്താണ് അല്ലാഹുവിന്റെ പാശമെന്ന് ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: ''നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിനക്ക് (അന്ത്യപ്രവാചകന്) അയച്ചുതന്നിട്ടുള്ളതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ധര്‍മം നിങ്ങള്‍ക്ക് നിയമിച്ചു തന്നിരിക്കുന്നു. ഈ ധര്‍മം നിലനിര്‍ത്തുവിന്‍, അതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടു കൂടി'' (42:13). ഈ രണ്ട് വചനവും മുസ്‌ലിംകളുടെ ദൗത്യം എടുത്തുപറഞ്ഞുകൊണ്ട് അതിലാണ് ഭിന്നിക്കരുതെന്ന് പറഞ്ഞിരിക്കുന്നത്. 3:110-ല്‍ ഈ ദൗത്യത്തെ ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു: ''മര്‍ത്യരെ മാര്‍ഗദര്‍ശനം ചെയ്യാനും സംസ്‌കരിക്കാനും രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു''. 2:143-ല്‍ പറയുന്നു: ''ഇപ്രകാരം നാം നിങ്ങളെ ഒരു മധ്യ സമുദായമാക്കിയിരിക്കുന്നു; നിങ്ങള്‍ ജനങ്ങള്‍ക്ക് സത്യസാക്ഷികളായിരിക്കാന്‍.'' അല്ലാഹുവിന്റെ പാശം മുറുകെപ്പിടിച്ച് -അവനുമായുള്ള ബന്ധം ദൃഢീകരിച്ച്, നന്മ കല്‍പിച്ചും തിന്മ തടഞ്ഞും ജനങ്ങള്‍ക്ക് മുമ്പില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും സാക്ഷികളായി വര്‍ത്തിച്ചുകൊണ്ട് അല്ലാഹു നിയമിച്ചു എന്ന ധര്‍മത്തിന്റെ സംസ്ഥാപനാര്‍ഥം (ഇഖാമത്തുദ്ദീനിനു വേണ്ടി) പരിശ്രമിക്കുകയാണ് മുസ്‌ലിമിന്റെ ദൗത്യം. ഈ ദൗത്യത്തിലാണ് അവര്‍ ആദ്യം ഐക്യപ്പെടേണ്ടത്. ഈ ലക്ഷ്യത്തില്‍ ഒറ്റക്കെട്ടാവുകയും ശരിയായ മാര്‍ഗത്തിലൂടെ മുന്നോട്ടുപോവുകയുമാണെങ്കില്‍ ന്യായമായ ഭൗതിക നേട്ടങ്ങള്‍ അതിന്റെ ഫലമായിത്തന്നെ ഉളവായിക്കൊണ്ടിരിക്കും.
വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി സമുദായം ഏകോപിച്ച് പ്രവര്‍ത്തിക്കണം, സാമ്പത്തിക വികസനത്തിനു വേണ്ടി കൈകോര്‍ക്കണം, വര്‍ഗീയ ശത്രുക്കള്‍ക്കെതിരെ ഒറ്റക്കെട്ടാകണം, അവകാശനിഷേധങ്ങള്‍ക്കെതിരെ ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്തണം, അധികാര പങ്കാളിത്തത്തിനും ഉദ്യോഗവിഹിതത്തിനും ഒന്നിച്ചു നിന്ന് കണക്കു പറയണം. എല്ലാം വേണ്ടതുതന്നെ. പക്ഷേ, എല്ലാറ്റിന്റെയും അസ്തിവാരമായിരിക്കേണ്ട ഇഖാമത്തുദ്ദീനിനു വേണ്ടി ഏകോപിക്കണമെന്ന് എവിടെയും പറഞ്ഞു കേള്‍ക്കുന്നില്ല. ദീന്‍ കാര്യത്തില്‍ എത്ര വേണമെങ്കിലും ഭിന്നിക്കാം, പക്ഷേ, ദുന്‍യവി കാര്യങ്ങളില്‍ എല്ലാവരും ഒന്നിക്കുകതന്നെ വേണം എന്നാണ് ഭാവം. മറ്റുള്ളവരുടെ കൈയേറ്റത്തില്‍നിന്നുള്ള സുരക്ഷക്കും അവകാശങ്ങള്‍ വകവെച്ചു വാങ്ങാനും അധികാരത്തിന്റെ പങ്ക് പറ്റാനും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കും ഒന്നിച്ച് പരിശ്രമിക്കുകയാണ് സമുദായ ഐക്യം എന്നു പറയുമ്പോള്‍ പൊതുവില്‍ ഉദ്ദേശിക്കപ്പെടുന്നത്. യഥാര്‍ഥവും ശാശ്വതവുമായ അടിത്തറയിലല്ലാതെ ക്ഷണിക താല്‍പര്യങ്ങളില്‍ പണിയപ്പെടുന്ന ഐക്യസൗധങ്ങള്‍ അകാലത്തില്‍ തകര്‍ന്നടിയുമെന്നാണ് ചരിത്ര പാഠം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ് ( 89 - 95 )
എ.വൈ.ആര്‍