ഒരു കൊടി, ഒരു നിറം, ഒരു സ്വരം കാമ്പസിലെ സ്റ്റാലിനിസ്റ്റ് ഭാവങ്ങള്‍
തൊഴിലാളി വര്‍ഗ സര്‍വാധിപത്യം വാഴുന്ന ലോകമാണ് കമ്യൂണിസം വിഭാവന ചെയ്യുന്നത്. ആ ചുകപ്പന്‍ ലോകത്ത് ഒരു പാര്‍ട്ടിയേ ഉണ്ടാകൂ. തൊഴിലാളിവര്‍ഗ പാര്‍ട്ടി മാത്രം. പ്രതിപക്ഷവും ബഹുസ്വരതയുമൊക്കെ കമ്യൂണിസ്റ്റ് നിഘണ്ടുവില്‍ ബൂര്‍ഷ്വാ പദങ്ങളാണ്. ഏകസ്വരം മാത്രം നിലനിര്‍ത്താന്‍ എതിരഭിപ്രായങ്ങളെയും അതിന്റെ വാഹകരെയും ഉന്മൂലനം ചെയ്യുക എന്നതാണ് പാര്‍ട്ടി നയം. റഷ്യയും ചൈനയും കമ്പോഡിയയുമെല്ലാം നടപ്പില്‍വരുത്തിയ പ്രായോഗിക കമ്യൂണിസ്റ്റ് രാഷ്ട്രീയമാണിത്. സ്റ്റാലിനും മാവോയും പോള്‍പോട്ടുമെല്ലാം സ്വരവൈവിധ്യത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് മനുഷ്യരെയാണ് ശബ്ദമില്ലാത്ത ലോകത്തേക്ക് പറഞ്ഞയച്ചത്. പാര്‍ട്ടി സ്വരം പ്രതിധ്വനിപ്പിക്കുന്ന പത്രസ്വാതന്ത്ര്യവും സാഹിത്യ സാംസ്‌കാരിക ആവിഷ്‌കാരങ്ങളും മാത്രമേ കമ്യൂണിസ്റ്റ് ലോകത്ത് അനുവദിക്കൂ. ഇങ്ങനെ ഒരേ നിറത്തില്‍ പൂക്കുകയും കായ്ക്കുകയും ചെയ്ത ഏകവിള സാഹിത്യ തോട്ടങ്ങളെയാണ് 'സാംസ്‌കാരിക വിപ്ലവം' എന്ന് ഇന്നും ഇടതുലോകം ഗൃഹാതുരതയോടെ ആവര്‍ത്തിച്ചുരുവിടുന്നത്.
ഒരു പാര്‍ട്ടി, ഒരു കൊടി, ഒരു നിറം. ഇതാണ് കമ്യൂണിസത്തിന്റെ ഏകസ്വരലോകം. സ്റ്റാലിനിസം, ലെനിനിസം, മാവോയിസം ഇങ്ങനെ കമ്യൂണിസ്റ്റ് വകഭേദങ്ങള്‍ ഏതായാലും അവയെല്ലാം ബഹുസ്വരങ്ങളെ ഉന്മൂലനം ചെയ്യുന്നതില്‍ ഏകസ്വരമാണ്. മലയാളികള്‍ ഏറെ നെഞ്ചിലേറ്റിയ ഫിദല്‍ കാസ്‌ട്രോ പോലും തന്റെ ക്യൂബയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അനുവദിച്ചിരുന്നില്ല. പാര്‍ട്ടി നയങ്ങള്‍ക്കപ്പുറം പേന ചലിപ്പിക്കാനുള്ള പത്ര സ്വാതന്ത്ര്യവും ക്യൂബയിലുണ്ടായിരുന്നില്ല. ക്യൂബ മാത്രമല്ല എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളും ഇങ്ങനെ തന്നെയായിരുന്നു. കമ്യൂണിസ്റ്റ് തിയറി നടപ്പിലാകുമ്പോള്‍ ആ ഏകവഴിയേ സ്വീകരിക്കാന്‍ പറ്റൂ. അതിനവരെ പഴിച്ചിട്ട് കാര്യവുമില്ല.
ജനാധിപത്യ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലനില്‍പ്പിന് വേണ്ടി ഈ സമഗ്രാധിപത്യ സിദ്ധാന്തത്തില്‍ എത്രവെള്ളം ചേര്‍ത്തിട്ടും ജനിതക ഘടന പൂര്‍ണമായി മാറ്റാന്‍ അവര്‍ക്കും സാധിച്ചിട്ടില്ല. പാര്‍ട്ടിക്കകത്തും പുറത്ത് പാര്‍ട്ടി ഗ്രാമങ്ങളിലും ആ സമഗ്രാധിപത്യ ഭാവങ്ങള്‍ പലതരത്തില്‍ പ്രകടമാവും. അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പാര്‍ട്ടി വിടുന്നവരെ വേട്ടയാടുന്ന വര്‍ഗസ്വഭാവവും പാര്‍ട്ടിക്ക് ആധിപത്യമുള്ള ഗ്രാമങ്ങളില്‍ മറ്റ് സ്വരങ്ങളോ കൊടികളോ അനുവദിക്കാത്ത ഏകാധിപത്യ പ്രവണത കളും ഈ കമ്യൂണിസ്റ്റ് ഭാവനയുടെ അടയാളങ്ങളാണ്. മുക്കാല്‍ നൂറ്റാണ്ടിന്റെ ജനാധിപത്യ അനുഭവങ്ങള്‍ക്ക് പോലും ഇതിനെയൊന്നും തെല്ലും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത തലമുറയിലും ഈ ജനിതക വൈകല്യം തുടരാനാണ് സാധ്യത. കേരളീയ കാമ്പസുകളില്‍ വിദ്യാര്‍ഥി കാലം തൊട്ടേ ലഭിക്കുന്ന പരിശീലന മുറകള്‍ ഈ സ്റ്റാലിനിസ്റ്റ് ഏകാധിപത്യ ശൈലി ഊട്ടിയുറപ്പിക്കുന്നതാണ്. ചെങ്കോട്ടകളെന്ന് കോളേജ് ഗേറ്റില്‍ എഴുതിവെച്ച കാമ്പസുകളെല്ലാം ഈ ചുവപ്പന്‍ സമഗ്രാധിപത്യ ലോകത്തിലേക്കുള്ള പ്രവേശന കവാടം കൂടിയാണ്. ഒരു വിദ്യാര്‍ഥി സംഘടനയുടെ പോസ്റ്ററും ബാനറും മാത്രമേ അവിടെ അനുവദിക്കൂ. സ്വന്തം പ്രത്യയശാസ്ത്ര സഹോദര പാര്‍ട്ടികള്‍ പോലും ഈ സ്റ്റാലിനിസ്റ്റ് ഏകാധിപത്യത്തിന്റെ പതിവ് ഇരകളാണ്. മഹത്തായ ജനാധിപത്യ ആവിഷ്‌കാരങ്ങള്‍ പോലും അവിടെ ഒരു നിറത്തിലും ഒരു സ്വരത്തിലും മാത്രമേ പാടുള്ളൂ. സംഘ്പരിവാര്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധങ്ങള്‍ പോലും മറ്റൊരു സാഹോദര്യ രാഷ്ട്രീയത്തിന് കീഴില്‍ നടന്നാല്‍ സ്റ്റാലിനിസ്റ്റ് നാടന്‍ മുറകള്‍ അവര്‍ക്കെതിരെ പ്രയോഗിക്കപ്പെടും. നമ്മുടെ ജനാധിപത്യ കേരളത്തിലും ഇത്തരം ഏകാധിപത്യ കാമ്പസുകള്‍ പതിറ്റാണ്ടുകളായി പ്രശ്‌നവല്‍ക്കരിക്കപ്പെടാതെ തുടരുന്നു. അതിനെതിരെ ശബ്ദമുയര്‍ത്തേണ്ട അധികാരികളും സാംസ്‌കാരിക നായകന്മാരും ചാനല്‍ വിദഗ്ധരുമൊക്കെ പലപ്പോഴും ഈ കൊടിക്ക് കീഴിലൂടെ കടന്നുവന്നരായിരിക്കും. അവരുടെ ഉള്ളിലും ഈ ചുവപ്പന്‍ ഏകാധിപത്യ ഭാവനകള്‍ പലതരത്തില്‍ കുറ്റിയടിച്ചിട്ടുണ്ടാവും. ജനാധിപത്യം വൈവിധ്യങ്ങളുടെ ആവിഷ്‌കാരമാണ്. ആ വൈവിധ്യങ്ങളെ അംഗീകരിക്കുന്നവര്‍ക്കേ ജനാധിപത്യത്തിലിടമുള്ളൂ. ഫാഷിസമെന്നത് ഒരു പാര്‍ട്ടിയുടെ പേരല്ല. വൈവിധ്യങ്ങളെയും ജനാധിപത്യത്തെയും അംഗീകരിക്കാത്ത ഏകാധിപത്യം ഫാഷിസത്തിലേക്കുള്ള വഴിയാണ്. അത്തരം ഫാഷിസ്റ്റ് സ്വഭാവങ്ങളെ വിദ്യാര്‍ഥി കാലത്തുതന്നെ കുടഞ്ഞെറിയാനാണ് ജനാധിപത്യമാര്‍ഗത്തില്‍ മുന്നോട്ട് പോകാനാഗ്രഹിക്കുന്ന പാര്‍ട്ടികള്‍ ചെയ്യേണ്ടത്.
Comments