Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

യൂറോപ്പിലെ ഇടതുപക്ഷം,  ഇന്ത്യയിലെയും

ഹോളണ്ടിലെയും ഡെന്മാര്‍ക്കിലെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ക്ക് വലിയ തിരിച്ചടി ഉണ്ടായതാണ് വാര്‍ത്തകള്‍. തൊട്ടു മുമ്പ് നടന്ന യൂറോപ്യന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും പ്രവിശ്യാ തെരഞ്ഞെടുപ്പുകളിലുമൊക്കെ അമ്പരിപ്പിക്കുന്ന മുന്നേറ്റങ്ങള്‍ നടത്തിയ തീവ്ര വലതുകക്ഷികള്‍ക്കാണ് അപ്രതീക്ഷിത തിരിച്ചടിയേറ്റിരിക്കുന്നത്. മുസ്‌ലിം കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കിയ ഹോളണ്ടിലെ ഗ്രീട്ട് വില്‍ഡേഴ്‌സിന്റെ ഫ്രീഡം പാര്‍ട്ടിക്ക് മുമ്പുണ്ടായിരുന്ന പല പാര്‍ലമെന്റ് സീറ്റുകളും നഷ്ടമായി. വലതുപക്ഷത്തിന് തിരിച്ചടി നേരിടുമ്പോള്‍ ഇടത് ചായ്‌വുള്ള സെന്ററിസ്റ്റ്-ദേശീയ കക്ഷികളാണ് സാധാരണ വിജയിക്കാറുള്ളത്. ഡെന്മാര്‍ക്കിലത് ശരിക്കും സോഷ്യല്‍ ഡെമോക്രാറ്റുകളും മറ്റു ഇടതുപക്ഷ കൂട്ടായ്മകളും നേടിയ വിജയം തന്നെയാണ്. ഇടതുപക്ഷ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ മെറ്റ് ഫ്രഡറിക്‌സണ്‍ എന്ന നാല്‍പത്തൊന്നുകാരിയാണ് ഹോളണ്ടില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതുപോലുള്ള വിജയങ്ങള്‍ ഇടക്കിടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഉണ്ടാവാറുണ്ട്.
ഇത്തരം വിജയങ്ങളെ നന്നായി ആഘോഷിക്കാറുണ്ട് നമ്മുടെ നാട്ടിലെ ഇടതുപക്ഷങ്ങളും അവരുടെ മീഡിയയും. പക്ഷേ, സോഷ്യല്‍ ഡെമോക്രാറ്റുകളെന്ന പേരില്‍ പൊതുവെ അറിയപ്പെടുന്ന യൂറോപ്പിലെയും മറ്റും ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യയിലെ ഇടതുപക്ഷം ചര്‍ച്ച ചെയ്യുകയോ അതില്‍നിന്ന് എന്തെങ്കിലും പാഠമുള്‍ക്കൊള്ളുകയോ ചെയ്യാറില്ല. ഇപ്പോള്‍ മുമ്പത്തെപ്പോലെയല്ല. രാഷ്ട്രീയമായും സാമൂഹികമായും യൂറോ-ഇന്ത്യന്‍ അവസ്ഥകള്‍ തമ്മില്‍ പല സമാനതകളും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഇരു ഭൂവിഭാഗത്തിലെയും ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ വലതുപക്ഷ തീവ്രതയും നവ ഫാഷിസവുമൊക്കെ തന്നെയാണ്. ഇന്ത്യയിലും യൂറോപ്പിലും ഫാഷിസം അപരസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് മുസ്‌ലിം സമൂഹത്തെയും. ഈയൊരു പശ്ചാത്തലത്തില്‍ എന്തു നിലപാടെടുക്കും എന്ന കാര്യത്തിലാണ് യൂറോപ്പിലെയും ഇന്ത്യയിലെയും ഇടതുപക്ഷങ്ങള്‍ വേര്‍പിരിയുന്നത്. യൂറോപ്പില്‍നിന്ന് അവസാന മുസ്‌ലിമിനെയും നാടുകടത്തുമെന്ന് പച്ചയായി ആക്രോശിച്ച തീവ്ര വലതുപക്ഷ കക്ഷികള്‍ക്കെതിരെ അറബ്-മുസ്‌ലിം കുടിയേറ്റ സമൂഹമടക്കമുള്ളവര്‍ നിലയുറപ്പിച്ചത് ഇടതുപക്ഷത്തിനൊപ്പമായിരുന്നു. സാധാരണഗതിയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ സമൂഹങ്ങളില്‍ വോട്ടിംഗ് അനുപാതം വളരെ കുറവായിരിക്കും. പക്ഷേ നിലനില്‍പ്പ് തന്നെ അപകടത്തിലായ ഈ ഘട്ടത്തില്‍ അവര്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തി. കുടിയേറ്റ വിരുദ്ധതയുടെ പേരിലുള്ള കള്ളപ്രചാരണങ്ങളുടെ നിജസ്ഥിതി തുറന്ന് കാണിക്കാന്‍ അവര്‍ രംഗത്തു വന്നതോടു കൂടി ഇതുവരെ ഒന്നാം പ്രചാരണ വിഷയമായിരുന്ന കുടിയേറ്റ വിരുദ്ധത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാലാവസ്ഥാ മാറ്റം ഒന്നാം പ്രചാരണ വിഷയമായി മാറുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് ഇടതുപക്ഷ നയങ്ങളാണ് നല്ലതെന്ന നിഗമനത്തിലാണ് വോട്ടര്‍മാര്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍ ഇത്തരത്തിലൊരു ചലനമുണ്ടാക്കാന്‍ അടുത്ത കാലത്തൊന്നും ഇടതുപക്ഷത്തിന് ഇന്ത്യയില്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അവരുടെ നില കൂടുതല്‍ പരുങ്ങലിലാവുകയുമാണ്. യൂറോപ്പിലെ ഇടതുപക്ഷത്തിനുള്ളതിനേക്കാള്‍ വലിയ സാധ്യത ഒരു പക്ഷേ ഇന്ത്യയിലെ ഇടതുപക്ഷത്തിനുണ്ട്. കോണ്‍ഗ്രസ്സും ബി.ജെ.പിയും മറ്റു പ്രാദേശിക കക്ഷികളും നവലിബറലിസത്തിന്റെ കുഴലൂത്തുകാരായി മാറുമ്പോള്‍, അതിനെതിരെ ഒരു പൊതു സ്ട്രാറ്റജി രൂപപ്പെടുത്താനോ ന്യൂനപക്ഷ, അധഃസ്ഥിത വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനോ ഇടതുപക്ഷത്തിന് കഴിയുന്നില്ല. രാഷ്ട്രീയ സ്ട്രാറ്റജിയെ സംബന്ധിച്ച യെച്ചൂരി-കാരാട്ട് പോര് എത്ര വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് ബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാവും. എത്ര വലിയ പ്രഹരമേറ്റാലും പണ്ട് പാടിപ്പഠിച്ചതൊന്നും മറക്കുകയോ പുതിയതൊന്നും പരീക്ഷിക്കുകയോ ചെയ്യുകയില്ല എന്നതാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ദുര്യോഗം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌