Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

വിഭജനങ്ങളും ഉച്ചനീചത്വങ്ങളും

ഇബ്‌റാഹീം ശംനാട്

ജാതീയവും വംശീയവും മറ്റുമായ മേധാവിത്തം സ്ഥാപിച്ചെടുക്കുന്നതിന് മനുഷ്യസമൂഹത്തെ വിഭജിക്കുന്ന പ്രവണത സാമൂഹിക ശാസ്ത്രത്തിലും ഒട്ടുമിക്ക പ്രത്യയ ശാസ്ത്രങ്ങളിലും നമുക്ക് കാണാന്‍ കഴിയും. പൗരാണിക ചരിത്രത്തില്‍ മനുഷ്യവംശത്തെ മൂന്നായി തരം തിരിച്ചിരുന്നു: ഒന്ന്, കൊക്കേഷ്യന്‍ വര്‍ഗം. ആര്യന്മാരും സെമിറ്റിക്കുകളും ഉള്‍പ്പെടുന്നതാണ് ഈ വിഭാഗം. രണ്ട്, മംഗോളിയന്മാര്‍. ചൈനീസ്, ഇന്ത്യാ- ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. മൂന്ന്, നീഗ്രോ വംശം. ആഫ്രിക്ക, സിന്‍ഹളീസ് തുടങ്ങിയ വിഭാഗക്കാരാണ് ഇതിലുള്‍പ്പെടുന്നത്. ജനങ്ങളുടെ ശക്തി ദുര്‍ബലമാക്കാനും അവരുടെ മേല്‍ അധീശത്വം വാഴാനും ഫറോവ ജനങ്ങളെ ഇത്തരത്തില്‍ വിഭജിച്ചിരുന്നതായി ഖുര്‍ആന്‍ പറയുന്നു്.
ഇന്ത്യയില്‍ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ തുടങ്ങിയ പലതരം ജാതികളായി മനുഷ്യരെ വിഭജിക്കുന്നു്. അവരെ ഉയര്‍ന്നവരും താഴ്ന്നവരുമായി തരംതിരിക്കുന്ന പ്രവണത ഇന്നും നിലനില്‍ക്കുന്നു. അതനുസരിച്ച് ഏറ്റവും ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരാണ്  മതപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ക്ഷത്രിയര്‍ക്ക് രാജ്യഭരണവും വൈശ്യര്‍ക്ക് വ്യാപാര- വ്യവസായങ്ങളുമാണ് നല്‍കിയിരിക്കുന്നത്. ശൂദ്രര്‍ ഈ മൂന്ന് മേല്‍ജാതികളുടെ സേവകരും. അര്‍ഥശൂന്യമായ ഈ വിഭജനത്തിന്റെ തീരാദുരന്തങ്ങള്‍ അനുഭവിക്കുന്നവരാണ് ഹിന്ദുമത വിശ്വാസികള്‍. 
ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ കുതിച്ചുചാട്ടം നടത്തി എന്ന് അഹങ്കരിക്കുന്ന യൂറോപ്പിലും മനുഷ്യരെ കറുത്തവരെന്നും വെളുത്തവരെന്നും വിഭജിക്കുന്നത് സര്‍വസാധാരണമാണ്. വെള്ളക്കാര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ കറുത്തവരെ സഞ്ചരിക്കാന്‍ അനുവദിക്കാതിരിക്കുക, സ്‌കൂളില്‍ കുട്ടികളെ നിറം നോക്കി വെവ്വേറെ ക്ലാസ്സുകളില്‍ ഇരുത്തുക, എന്തിന് ഭക്ഷണശാലകളില്‍ പോലും നഗ്നമായ ഈ വിവേചനത്തിന്റെ അപരിഷ്‌കൃത രൂപങ്ങള്‍ കാണാം. സ്‌നേഹത്തിന്റെ ദിവ്യ വചനങ്ങള്‍ പ്രഘോഷണം ചെയ്യുമ്പോഴും ക്രൈസ്തവ മത സ്ഥാപനങ്ങള്‍ക്ക്  ഇത്തരം അര്‍ഥശൂന്യമായ വിവേചനങ്ങള്‍ തടയാന്‍ കഴിയുന്നില്ല. ജൂതരുടെ വംശീയമായ ഉച്ചനീചത്വം പറയാതിരിക്കുകയാണ് ഭേദം. മനുഷ്യസമത്വം ഉദ്‌ഘോഷിച്ച് രംഗപ്രവേശം ചെയ്ത കമ്യൂണിസവും സോഷ്യലിസവും, ഉള്ളവരെന്നും ഇല്ലാത്തവരെന്നും തൊഴിലാളിയെന്നും മുതലാളിയെന്നും മനുഷ്യരെ വിഭജിക്കുകയുണ്ടായി. ചരിത്രത്തിലുടനീളം ഈ രണ്ട് വിഭാഗങ്ങളുടെ സംഘട്ടനമാണ് നടക്കുന്നതെന്നും അന്തിമ വിജയം തൊഴിലാളികള്‍ക്കായിരിക്കുമെന്നുമാണ് കാള്‍ മാര്‍ക്‌സിന്റെ സിദ്ധാന്തം. കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ സിദ്ധാന്തം മനുഷ്യര്‍ക്കിടയില്‍ കടുത്ത ശത്രുത സൃഷ്ടിക്കുകയും ലോകത്തുടനീളം സംഘര്‍ഷങ്ങള്‍ വിതക്കുകയുമാണ് ചെയ്തത്. 
യഥാര്‍ഥത്തില്‍ മനുഷ്യരെല്ലാവരും ഒരേ മാതാവില്‍നിന്നും പിതാവില്‍നിന്നും ജനിച്ചവരാണെന്നും അവരുടെയെല്ലാം ജനിതകം ഒന്നാണെന്നും നവീന ശാസ്ത്രം അസന്ദിഗ്ധമായി തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ മനുഷ്യനെ വ്യത്യസ്ത വര്‍ണവും ആകൃതിയുമുള്ളവരാക്കുന്നത് അവര്‍ വളര്‍ന്ന സാഹചര്യവും കാലാവസ്ഥയും പ്രകൃതിയുമൊക്കെയാണ്. മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളനുസരിച്ച് മനുഷ്യരെ വിഭജിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. അത് തികച്ചും അപരിഷ്‌കൃതവും കാടത്തവുമാണ്. നിരവധി വൈവിധ്യങ്ങളുള്ള മനുഷ്യരെ ഉള്ളവരെന്നും ഇല്ലാത്തവരെന്നും പകുത്തതും അര്‍ഥശൂന്യം തന്നെ.

ഇസ്‌ലാമിലെ മാനദണ്ഡങ്ങള്‍
 മുകളില്‍ വിവരിച്ചതില്‍നിന്ന് തീര്‍ത്തും വിത്യസ്തമായി, ഇസ്‌ലാം മുഴുവന്‍ മനുഷ്യരെയും സമത്വത്തിലധിഷ്ഠിതമായ വീക്ഷണത്തോടെയാണ് നോക്കിക്കാണുന്നത്. മനുഷ്യര്‍ ഒന്നടങ്കം ഒരു സാകല്യമാണ്. ഒരേ മാതാവിന്റെയും പിതാവിന്റെയും സന്താനങ്ങള്‍. മതം, ജാതി, വര്‍ണം, തൊഴില്‍, ഭാഷ തുടങ്ങിയവയുടെ പേരിലുള്ള സകല വിഭജനങ്ങളെയും അത് തിരസ്‌കരിക്കുന്നു. ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (49:13).  ഖുര്‍ആനിലെ രണ്ടാം അധ്യായത്തിന്റെ ആരംഭം തന്നെ, ആദര്‍ശത്തോടുള്ള നിലപാടിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരെ പല വിഭാഗങ്ങളായി തിരിച്ചത് എന്നത് ശ്രദ്ധേയമാണ്.
''നിങ്ങളുടെ ഈ സമുദായം സത്യത്തില്‍ ഒരൊറ്റ സമുദായമാണ്. ഞാന്‍ നിങ്ങളുടെ നാഥനും. അതിനാല്‍ നിങ്ങളെനിക്കു മാത്രം വഴിപ്പെടുക'' (21:92). അപ്പോള്‍ അല്ലാഹുവിനെ വഴിപ്പെടുന്നതിനെ ആസ്പദമാക്കിയാണ് ഇസ്‌ലാമിലെ തരംതിരിവുകള്‍. മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ മണ്ണിനെ പോലെ വൈവിധ്യപൂ
ര്‍ണമാവുക സ്വാഭാവികമാണ്.  മണ്ണ് എത്ര തരത്തിലുണ്ട്? ചുവപ്പ്, കറുപ്പ്, മഞ്ഞ തുടങ്ങിയ അനേകം വര്‍ണങ്ങളില്‍ മണ്ണ് കാണപ്പെടാറുള്ളതുപോലെ മനുഷ്യവൈവിധ്യത്തെ കൂടി ആ അര്‍ഥത്തില്‍ മനസ്സിലാക്കുന്നതല്ലേ യുക്തി?
ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നത് ഇങ്ങനെ: ''അല്ലാഹു ആകാശത്തുനിന്ന് ജലം വര്‍ഷിക്കുന്നത് നിങ്ങള്‍ കാണുന്നില്ലയോ? എന്നിട്ട് അതുവഴി നാം, ഭിന്ന വര്‍ണങ്ങളുള്ള പലതരം ഫലങ്ങളുല്‍പാദിപ്പിക്കുന്നു. വെളുപ്പും ചുവപ്പും കടുംകറുപ്പുമായി ഭിന്ന വര്‍ണങ്ങളിലുള്ള പാറകള്‍ പര്‍വതങ്ങളിലും കണ്ടുവരുന്നു. ഇതേവിധം മനുഷ്യരുടെയും മൃഗങ്ങളുടെയും കന്നുകാലികളുടെയും നിറങ്ങളും വ്യത്യസ്തങ്ങളാകുന്നു.......'' (35:27,28).
ഏകദൈവത്വത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ ഒന്നിപ്പിക്കുന്ന പ്രസ്ഥാനമാണ് ഇസ്‌ലാം. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്നത് ഒരു ഏകശക്തിയാണെങ്കില്‍ അതേ ശക്തിയുടെ ആജ്ഞകള്‍ പിന്തുടരുകയാണ് മനുഷ്യരെ ഐക്യപ്പെടുത്താനുള്ള മാര്‍ഗം. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ആരാധനകള്‍ കേവല ആത്മീയ സംസ്‌കരണം മാത്രമല്ല ലക്ഷ്യം വെക്കുന്നത്. മറിച്ച്, മനുഷ്യസമത്വത്തിനു വേണ്ടിയുള്ള പരിശീലനം കൂടിയാണവ.  ഇസ്‌ലാമിലെ നിര്‍ബന്ധ ആരാധനകളെല്ലാം സാമൂഹികമായി നിര്‍വഹിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ എന്നന്നേക്കുമായി വിപാടനം ചെയ്യാന്‍ കൂടിയാണ്. 
എന്നാല്‍ ഇസ്‌ലാം മനുഷ്യരെ വിഭജിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനം ആദര്‍ശം മാത്രമാണെന്ന് നാം പറഞ്ഞു. മുഅ്മിന്‍ അഥവാ മുസ്‌ലിം, മുനാഫിഖ്, കാഫിര്‍ എന്നിങ്ങനെ ആദര്‍ശ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരെ വിഭജിച്ചിട്ടുള്ളത്. ദൈവത്തിന് സര്‍വാത്മനാ കീഴടങ്ങിയവന്‍, കപട വിശ്വാസി, നിഷേധി എന്നിങ്ങനെ യഥാക്രമം ആദര്‍ശാടസിഥാനത്തിലുള്ള വിഭജനം മാത്രമേ ഇസ്‌ലാം അംഗീകരിക്കുന്നുള്ളൂ. ഈ വിഭജനമാകട്ടെ യഥാര്‍ഥ ജയപരാജയങ്ങള്‍ മുന്നില്‍ വെച്ചുള്ളതും മരണാനന്തരം തുടരുന്നതുമാണ്. ഈ വിഭാഗക്കാരുടെ സ്വഭാവ സവിശേഷതകള്‍ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും വിശദമായി വിവരിച്ചിരിട്ടുണ്ട്.  അതനുസരിച്ച് താന്‍ ഏത് കോളത്തില്‍ ഉള്‍പ്പെടണമെന്ന് ഏതൊരാള്‍ക്കും സ്വയം തീരുമാനിക്കാവുന്നതുമാണ്.
മുസ്‌ലിം രാഷ്ട്രത്തിലെ ഇതര മതവിശ്വാസികളെ ദിമ്മികളെന്ന് വിഭജിച്ച് രണ്ടാംകിട പൗരന്മാരായി പരിഗണിക്കുന്നു എന്ന  ആരോപണം ഇസ്‌ലാമിന് നേരെ ശത്രുക്കള്‍ ഉന്നയിക്കാറുണ്ട്. ഒരു മുസ്‌ലിം പൗരന് സകാത്ത്, യുദ്ധം തുടങ്ങിയ മതപരമായ പല ബാധ്യതകളും നിര്‍വഹിക്കേണ്ടിവരുമ്പോള്‍ ഒരു അമുസ്‌ലിം പൗരന്, ഇതൊന്നും നിര്‍വഹിക്കാതെ അവന്റെ സംരക്ഷണം രാഷ്ട്രം സ്വമേധയാ ഏറ്റെടുത്തതിനാല്‍ അതിനുള്ള ഒരു പരോക്ഷ നികുതിയായി അതിനെ കണക്കാക്കിയാല്‍ മതി. ഇന്ന് മുസ്‌ലിം ലോകത്ത് ഇതര മത വിശ്വാസികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം തന്നെ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നു്.
ചുരുക്കത്തില്‍, മനുഷ്യരെ ജാതികളും ഉപജാതികളുമായി തിരിക്കുകയും ഉച്ചനീചത്വം കല്‍പിക്കുകയും ചെയ്യുന്നത് ഇസ്‌ലാമിക സംസ്‌കാരത്തിന് തീര്‍ത്തും അന്യമാണ്.  ജാതി വിഭജനം ഇസ്‌ലാം അംഗീകരിക്കാത്തതുപോലെ  തൊഴില്‍ അടിസ്ഥാനമാക്കിയുള്ള വിവേചനവും അത് അംഗീകരിക്കുന്നില്ല. ധാര്‍മികമായ പരിഗണനകള്‍ വെച്ച് ചില തൊഴിലുകള്‍ ഇസ്‌ലാം നിരോധിച്ചിട്ടുണ്ടെങ്കിലും അതൊന്നും മനുഷ്യനെ വിഭജിക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളല്ല. ഇസ്‌ലാമിക സമൂഹത്തില്‍ മതം, ജാതി, ഭാഷ, വര്‍ണം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിലനില്‍ക്കുകയോ തൊട്ടുകൂടായ്മ ഒരു അനുഷ്ഠാനമായി ആചരിക്കുകയോ ചെയ്യുന്നില്ല. ആദര്‍ശ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനത്തിനു മാത്രമേ പ്രസക്തിയുള്ളൂ. മറ്റു വിഭജനങ്ങളെല്ലാം മനുഷ്യനിര്‍മിതമാണ്, കൃത്രിമമാണ്, നിരാകരിക്കേണ്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌