വൃത്തിയും ശുചിത്വവും
വൃത്തിയും ശുചിത്വവും പരിപൂര്‍ണതയോടെ പാലിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നവരെയാണ് ദൈവം തന്റെ പ്രിയപ്പെട്ടവരായി സ്വീകരിക്കുന്നത്. ശുചിത്വം സത്യവിശ്വാസത്തിന്റെ പകുതിയാണെന്ന് നബി(സ)യും പഠിപ്പിച്ചിട്ടുണ്ട്. ആത്മാവിനെ സ്ഫുടം ചെയ്ത് ശുദ്ധീകരിക്കുന്നത് സത്യവിശ്വാസത്തിന്റെ ഒരു പാതിയാണ്. ശരീരവും ചുറ്റുപാടും വൃത്തിയിലും ശുചിത്വത്തിലും പരിപാലിക്കുന്നത് ഈമാനിന്റെ മറുപാതിയും. ദൈവനിഷേധം, ബഹുദൈവാരാധന, ധര്‍മധിക്കാരം, ദുഷ്പ്രവൃത്തികള്‍ തുടങ്ങിയ മാലിന്യങ്ങളില്‍നിന്ന് മനസ്സിനെ വിമലീകരിച്ച് കലര്‍പ്പറ്റ വിശ്വാസവും ഉത്തമ സ്വഭാവഗുണങ്ങളും കൈവരുത്തുന്നതാണ് ആത്മാവിന്റെ ശുദ്ധീകരണം. ബാഹ്യമായ അഴുക്കുകളെല്ലാം കളഞ്ഞ് വൃത്തിയും വെടിപ്പും കൈവരുത്തുകയും അതൊരു നല്ല ശീലമായി നിലനിര്‍ത്തുകയും ചെയ്യുന്നതാണ് ശരീര ശുചിത്വം പാലിക്കുന്നതിന്റെ പൊരുള്‍.
നമ്മുടെ ജീവിതം വൃത്തിയും ശുചിത്വവും ഉള്ളതായിത്തീരാന്‍ മുറുകെപ്പിടിക്കേണ്ട ചില മര്യാദകള്‍ ഇസ്‌ലാം അനുശാസിച്ചിട്ടുണ്ട്.
ഒന്ന്, ഉറങ്ങി എഴുന്നേറ്റാല്‍ കഴുകുന്നതിന് മുമ്പ് കൈ വെള്ളത്തിന്റെയോ ഭക്ഷണത്തിന്റെയോ പാത്രങ്ങളില്‍ ഇടരുത്. ഉറക്കിനിടയില്‍ കൈ എവിടെയെല്ലാമായിരുന്നുവെന്നോ അതില്‍ എന്തെല്ലാം പറ്റിപ്പിടിച്ചിട്ടുണ്ടെന്നോ നമുക്ക് അറിയില്ല.
രണ്ട്, ബാത്ത്‌റൂമുകള്‍ ഏറ്റവും ശുചിയായി സൂക്ഷിക്കണം. കുളിക്കുകയും അംഗശുദ്ധി (വുദൂ) വരുത്തുകയും ചെയ്യുന്ന ഇടങ്ങളില്‍ വിസര്‍ജ്യാവശിഷ്ടങ്ങള്‍ ആകാതെ ശ്രദ്ധിക്കണം.
മൂന്ന്, ഖിബ്‌ലക്ക് അഭിമുഖമായോ എതിര്‍ മുഖമായോ വിസര്‍ജനത്തിന് ഇരിക്കരുത്. ആവശ്യങ്ങള്‍ നിവൃത്തിച്ച ശേഷം വൃത്തിയാക്കുന്നതില്‍ വീഴ്ച്ച വരുത്താന്‍ പാടില്ല. കഴിവതും കൈകള്‍ സോപ്പും മറ്റും ഉപയോഗിച്ചു കഴുകണം.
നാല്, പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ടായിരിക്കെ, അത് പൂര്‍ത്തിയാക്കാതെ ഭക്ഷണം കഴിക്കാന്‍ ഇരിക്കരുത്. അവയില്‍നിന്ന് ആശ്വാസം നേടിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക.
അഞ്ച്, വലതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത്. വുദൂ ചെയ്യുമ്പോഴും വലതു കൈ മുന്തിക്കണം. ശൗച്യം ചെയ്യാന്‍ ഇടതു കൈയാണ് ഉപയോഗിക്കേണ്ടത്.
ആറ്, വസ്ത്രത്തിലേക്ക് തെറിക്കും വിധം മൂത്രമൊഴിക്കരുത്, അതിന് സാധ്യതയില്ലാത്ത സ്ഥലത്ത് വേണം അത് നിര്‍വഹിക്കാന്‍. ഇരുന്ന് കൊണ്ടാണ് മൂത്രമൊഴിക്കേണ്ടത്. സാധ്യമല്ലെങ്കില്‍ മാത്രം നിന്ന് മൂത്രമൊഴിക്കാം. നിന്ന് മൂത്രമൊഴിക്കുന്നത് പൊതുവില്‍ മാന്യമല്ല.
ഏഴ്, പുഴകളുടെയും തോടുകളുടെയും കരകളിലും പൊതുവഴികളിലും ഉപയോഗ്യമായ കെട്ടിടങ്ങളുടെയും വീടുകളുടെയും സമീപത്തും പ്രാഥമിക ആവശ്യം നിവര്‍ത്തിക്കരുത്. അത് തീര്‍ത്തും മര്യാദകേടും ജനദ്രോഹവുമാണ്.
എട്ട്, ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ചെരിപ്പ് ഉപയോഗിക്കണം. തല മറക്കുന്നതും നല്ലതാണ്. ടോയ്‌ലറ്റില്‍ പ്രവേശിക്കുമ്പോള്‍ ഈ അര്‍ഥമുള്ള പ്രാര്‍ഥന ചൊല്ലണം; ''അല്ലാഹുവേ എല്ലാതരം മാലിന്യങ്ങളില്‍ നിന്നും ഞാന്‍ നിന്നില്‍ രക്ഷ തേടുന്നു'' (ബുഖാരി, മുസ്‌ലിം). പുറത്ത് വരുമ്പോള്‍, 'പ്രയാസങ്ങള്‍ ദൂരീകരിച്ച് എനിക്ക് ആശ്വാസം തന്ന അല്ലാഹുവിന് സ്തുതി' എന്ന അര്‍ഥമുള്ള പ്രാര്‍ഥന ചൊല്ലണം.
ഒമ്പത്, മൂക്ക് വൃത്തിയാക്കുന്നതിലും ചീറ്റിക്കളയുന്നതിലും സൂക്ഷ്മത പാലിക്കണം, വാഷ് ബെയ്‌സിനിലോ മറ്റോ വേണം ഇത് ചെയ്യാന്‍. ആളുകളുടെ മുമ്പില്‍, ഇടക്കിടെ മൂക്കില്‍ വിരലിട്ട് മാലിന്യങ്ങള്‍ പുറത്തെടുക്കരുത്. മറ്റുള്ളവരുടെ ഇടയില്‍ മൂക്ക് ചീറ്റി ടവ്വലില്‍ തുടക്കുകയും അത് പോക്കറ്റിലിടുകയും മറ്റും ചെയ്യരുത്. ഇത് മോശം സ്വഭാവമാണ്. ജനങ്ങള്‍ക്ക് അവജ്ഞയുണ്ടാക്കാത്ത വിധം മാറി നിന്ന് വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍.
പത്ത്, വായില്‍ ഭക്ഷണവും മറ്റും ചവച്ചും തുപ്പല്‍ നിറച്ചും ആളുകളോട് സംസാരിക്കരുത്. മുഖം അഭിസംബോധിതന്റെ വളരെ അടുത്തേക്ക് വെച്ച് സംസാരിക്കുന്നതും ശരിയല്ല. അവരുടെ ദേഹത്തേക്ക് തുപ്പല്‍ തെറിച്ചും മറ്റും പ്രയാസമുണ്ടാകാന്‍ ഇത് കാരണമാകും.
പതിനൊന്ന്, പൂര്‍ണ ശ്രദ്ധയോടെ വേണം വുദൂ നിര്‍വഹിക്കാന്‍. കഴിയാവുന്ന സമയമെല്ലാം വുദൂ നിലനിര്‍ത്താന്‍ ശ്രമിക്കണം. വെള്ളം ലഭിക്കാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലും സന്ദര്‍ഭങ്ങളിലും തയമ്മും മതിയാകുന്നതാണ്. ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹീം പറഞ്ഞു കൊണ്ട് വുദൂ ആരംഭിക്കുകയും പൂര്‍ത്തിയായ ശേഷം ഈ അര്‍ഥത്തിലുള്ള പ്രാര്‍ഥന ചൊല്ലുകയും വേണം: ''അല്ലാഹുവല്ലാതെ ഇലാഹ് ഇല്ലെന്നും അവന് പങ്കാളികളില്ലെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ് നബി (സ ) അവന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, പശ്ചാതപിക്കുന്നവരില്‍, വിശുദ്ധി കൈവരിക്കുന്നവരില്‍ എന്നെ ഉള്‍പ്പെടുത്തണേ'' (തിര്‍മിദി). വുദൂവിന് ശേഷമുള്ള മറ്റൊരു പ്രാര്‍ഥനയുടെ അര്‍ഥമിതാണ്: ''പരമ പരിശുദ്ധനായ അല്ലാഹുവേ, നിനക്കാണ് സ്തുതി കീര്‍ത്തനങ്ങളത്രയും. നീയല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നിലേക്ക് ഞാന്‍ പശ്ചാതപിച്ച് മടങ്ങുന്നു, നിന്നോട് പാപമോചനം തേടുന്നു'' (നസാഈ). 'സത്യവിശ്വാസികളുടെ വുദുവിന്റെ അവയവങ്ങള്‍ അന്ത്യനാളില്‍ പ്രകാശിക്കുമെന്നും തങ്ങളുടെ അവയവങ്ങളുടെ തിളക്കം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു വേണ്ടി പരിശ്രമിക്കട്ടെ എന്നും' മുഹമ്മദ് നബി പഠിപ്പിച്ചതായി ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്.
പന്ത്രണ്ട്, പല്ലു തേക്കുന്നത് പതിവാക്കണം. വൃത്തിഹീനമായ പല്ലുമായി ചിലര്‍ നബിയുടെ അടുത്ത് വന്നപ്പോള്‍, അവരോട് പല്ല് വൃത്തിയായി സൂക്ഷിക്കാന്‍ കര്‍ശനമായ നിര്‍ദേശം നബി (സ) നല്‍കുകയുണ്ടായി. എന്റെ ജനതക്ക് പ്രയാസകരമാകും എന്ന് തോന്നിയിരുന്നില്ലെങ്കില്‍ വുദൂ ചെയ്യുമ്പോഴെല്ലാം പല്ലു തേക്കാന്‍ ഞാന്‍ കല്പിക്കുമായിരുന്നു എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
പതിമൂന്ന്, കുളി ശീലമാക്കുകയും ശരീരം ശുചിയായി സൂക്ഷിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യണം. വിശ്വസ്തതയുടെ പൂര്‍ത്തികരണം സ്വര്‍ഗ പ്രവേശത്തിന് കാരണമാകുമെന്ന് ഒരിക്കല്‍ നബി (സ) പറഞ്ഞു. 'എന്താണ് അമാനത്തിന്റെ പൂര്‍ത്തികരണം'? അനുചരന്മാര്‍ ചോദിച്ചു. 'അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ വേണ്ടിയുള്ള കുളി അമാനത്തിന്റെ പൂര്‍ത്തീകരണത്തില്‍ പ്രധാനമാണ്. ആവശ്യ സന്ദര്‍ഭങ്ങളിലെല്ലാം കുളിക്കാന്‍ ശ്രദ്ധിക്കണം'- നബി (സ) പറഞ്ഞു.
പതിനാല്, അശുദ്ധാവസ്ഥകളില്‍ പള്ളിയില്‍ കയറരുത്. കുളിച്ച് ശുദ്ധിയാകാന്‍ സാധിക്കാത്ത നിര്‍ബന്ധിതാവസ്ഥയില്‍ തയമ്മും ചെയ്താണ് പള്ളിയില്‍ പ്രവേശിക്കേത്.
പതിനഞ്ച്, തലമുടിയും താടിയും എണ്ണയിട്ട് നന്നായി പരിപാലിക്കുകയും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുകയും ചെയ്യണം. മുടി ചീകാന്‍ മറക്കരുത്. നീണ്ടുപോകുന്ന താടിരോമങ്ങള്‍ കത്രികകൊണ്ട് വെട്ടി ശരിപ്പെടുത്തണം. കണ്ണുകളില്‍ സുറുമയെഴുതണം. നഖം മുറിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നതിലും ശ്രദ്ധയുണ്ടാവണം. ലാളിത്യം നിലനിര്‍ത്തിക്കൊണ്ട് അനുയോജ്യമായ അലങ്കാരങ്ങള്‍ അണിയാം.
പതിനാറ്, തുമ്മുമ്പോള്‍ ടവ്വല്‍ മുഖത്തോട് ചേര്‍ത്ത് പിടിക്കണം. തുമ്മല്‍ അവശിഷ്ടങ്ങള്‍ മറ്റുള്ളവരുടെ ദേഹത്ത് ആകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തുമ്മുന്നയാള്‍ 'അല്‍ഹംദു ലില്ലാഹ്' എന്നും അത് കേള്‍ക്കുന്നയാള്‍ 'യര്‍ഹമുകല്ലാഹ്' എന്നും പറയണം. 'യഹ്ദീകുമുല്ലാഹു വ യുസ്‌ലിഹ് ബാലകും' എന്നായിരിക്കണം തുമ്മിയ ആള്‍ പ്രാര്‍ഥിക്കേണ്ടത്.
പതിനേഴ്, സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നത് ശീലമാക്കണം. നബി (സ) സുഗന്ധ ദ്രവ്യങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഉറങ്ങി എഴുന്നേറ്റ് പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ നബി (സ) സുഗന്ധം പൂശാറുണ്ടായിരുന്നു.
(മുഹമ്മദ് യൂസുഫ് ഇസ്‌ലാഹിയുടെ ആദാബെ സിന്ദഗിയില്‍ നിന്ന്).
Comments