Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

മുല്ലപ്പൂവിന്റെ മണമുള്ള പുസ്തകം

നബീല്‍ ഇല്ലിക്കല്‍

അയാള്‍ ഗള്‍ഫില്‍ ഒരിടത്തരം ഓഫീസില്‍ ജോലി ചെയ്യുന്നു. തിരക്കില്ലാത്ത പണിയിടം, പരാതിയിലെത്തിക്കാത്ത ശമ്പളം, അലട്ടലില്ലാത്ത താമസ സൗകര്യം. സ്വപ്‌നസുന്ദരമായ ഈയൊരവസ്ഥ ഇടക്കിടെ അയാളുടെ ആലോചനകളില്‍ വരും. ഉടനെ മറുഭാഗവും അയാള്‍ ചിന്തിക്കും. ഭൂമിയില്‍ സുഖ സുന്ദരമായ ഈ ജീവിത സാഹചര്യം ഒരുക്കിത്തന്ന നാഥന് താനെന്താണ് തിരികെ നല്‍കുന്നത്? ആലോചനകള്‍ മുറുകിക്കൊണ്ടിരുന്നു. അങ്ങനെ ഒരു വൈകുന്നേരം ഓഫീസ് പൂട്ടി തൊട്ടടുത്തു തന്നെയുള്ള കടല്‍തീരത്തേക്ക് അയാള്‍ നടന്നു. ആളൊഴിഞ്ഞ ഒരുഭാഗത്ത് മണലുകൊണ്ട് ഒരു കൊച്ചു കഅ്ബാലയം പണിതു. പിന്നീടതിനെ ത്വവാഫ് ചെയ്തുകൊണ്ടിരുന്നു. നേരം ഒരുപാടിരുട്ടിയപ്പോള്‍ അസ്വസ്ഥമായ മനസ്സോടെയെങ്കിലും അയാള്‍ക്ക് മടങ്ങേണ്ടി വന്നു. ജീവിതത്തിലെ സ്വാസ്ഥ്യമാണ് അയാളുടെ മനസ്സില്‍ കലക്കമുാക്കുന്നത്. സാധാരണ ലൗകിക ജീവിതത്തിലെ കുഴപ്പങ്ങളാണല്ലോ അസ്വസ്ഥതകള്‍ക്ക് കാരണമാകാറുള്ളത്. എന്നാല്‍ നുരയും തിരയുമില്ലാതെ, ശാന്തമായി പരന്നുകിടക്കുന്ന നീലസമുദ്രം കണക്കെ സ്വഛസുന്ദരമായ ജീവിത സാഹചര്യവും ചിലരെ അസ്വസ്ഥപ്പെടുത്തുകയാണ്. മനസ്സെന്നോ ആത്മാവെന്നോ അകമെന്നോ പല പേരുകളില്‍ ഒരു 'ഞാനും' 'നീയു'മുണ്ട്. ഓപ്പറേഷന്‍ തീയേറ്ററിലെ ടേബ്‌ളില്‍ തുറന്നുവെച്ച ശരീരത്തിനുള്ളില്‍ കാണാനും തൊട്ടുനോക്കാനും സാധിക്കുന്ന ഹൃദയത്തിനപ്പുറത്ത് അനുഭവിക്കാന്‍ മാത്രം കഴിയുന്ന ഓരോ ഹൃദയവും പേറിയാണ് ഓരോ മനുഷ്യനും നടക്കുന്നത്. ഈ പ്രഹേളികയെയാണ്, മനുഷ്യാസ്തിത്വത്തിന്റെ ഈ പ്രതിനിധാനത്തെയാണ് എഴുതപ്പെട്ട കഥകളിലും കവിതകളിലും അനുഭവങ്ങളിലുമെല്ലാം പകര്‍ത്തിവെച്ചിട്ടുള്ളത്. 
സന്തോഷം, സന്താപം, ദേഷ്യം, സ്‌നേഹം എന്നിങ്ങനെ നമ്മളനുഭവിക്കുന്നതും പ്രകടിപ്പിക്കുന്നതുമായ സകല വികാരപ്രകടനങ്ങളും ഈയൊരു ഹൃദയത്തിന്റെ സൃഷ്ടിയാണല്ലോ. അതുകൊണ്ടാണ് റസൂലുല്ല പറഞ്ഞത്, 'അത് നന്നായാല്‍ നിങ്ങള്‍ മുഴുവന്‍ നന്നായി' എന്ന്. എന്നാല്‍ നന്നാവാനുള്ള വഴി പറഞ്ഞുതരിക മാത്രമല്ല, ജീവിതം കൊണ്ട് കാണിച്ചുതരികയും ചെയ്തു റസൂലുല്ല. ആ ജീവിതം നാം അക്ഷരങ്ങളിലും കിതാബുകളിലും പകര്‍ത്തി സൂക്ഷിച്ചു. അങ്ങനെ സൂക്ഷിക്കുന്നതില്‍ വലിയ കണിശതയും കാണിച്ചു. പക്ഷേ, അവ ഹൃദയങ്ങളിലേക്ക് പകര്‍ത്താനോ, ഹൃദയങ്ങളിലേക്ക് പരക്കുന്ന വാക്കുകളും അക്ഷരങ്ങളുമാക്കി അവയെ മാറ്റാനോ പലപ്പോഴും സാധിക്കാതെ വന്നു. എങ്കിലും ഇതിനപവാദമായി ലോക ചരിത്രത്തില്‍ മറ്റു ഉദാഹരണങ്ങളുണ്ട്. മനുഷ്യഹൃദയങ്ങളെ അങ്ങേയറ്റം സ്വാധീനിക്കാന്‍ കഴിവുള്ള ഒട്ടനേകം മഹദ്‌വ്യക്തിത്വങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ നിരവധിയാണ്. വാക്കുകളാലും എഴുത്തിനാലും അതിലുപരി ഹൃദയത്തില്‍നിന്ന് പ്രസരിക്കുന്ന പ്രകാശത്താലും അവര്‍ ജനങ്ങളെ സ്വാധീനിച്ചു. 
പി.എം.എ ഗഫൂറിന്റെ ഹൃദയം ഹൃദയത്തെ പുണരുമ്പോള്‍ എന്ന ഗ്രന്ഥം വായനക്കാരന്റെ അകതാരിലേക്ക് മഴയായും ഇളംതെന്നലായും കടന്നെത്തുന്നു. അനുഗൃഹീത പ്രഭാഷകന്‍ കൂടിയാണ് ഗ്രന്ഥകാരന്‍. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും ഒരു നനുത്ത സ്പര്‍ശം ഉള്ളിലേക്ക് കടത്തിവിടുന്നു അദ്ദേഹം. കഴിഞ്ഞ റമദാനില്‍ 'റമദാന്‍ മഴ' എന്ന അദ്ദേഹത്തിന്റെ എഴുത്തിനാല്‍ നിറഞ്ഞതായിരുന്നു നമ്മുടെ സമൂഹ മാധ്യമങ്ങള്‍. അവതരണത്തിലെ വേറിട്ട ശൈലിതന്നെയാണ് പി.എം.എ ഗഫൂറിനെ വ്യത്യസ്തനാക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌