Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

നമ്മുടെ പള്ളികള്‍ എന്നാണ് മാറുക?

വി.ടി സൂപ്പി

അബ്ദുല്ല മന്‍ഹാമിന്റെ അമേരിക്കന്‍ അനുഭവങ്ങള്‍ വലിയ പ്രതീക്ഷകള്‍ പകരുന്നു. നമ്മുടെ നാട്ടിലെ പള്ളികളൊക്കെ അതില്‍ പരാമര്‍ശിച്ച പള്ളികളുടെ നിലവാരത്തിലേക്ക് ഏതുകാലത്താണ് ഉയരുകയെന്ന് ആലോചിച്ചുപോയി. ഭൗതിക സൗകര്യങ്ങള്‍ കുറഞ്ഞാലും ഖുത്വ്ബകള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതായാല്‍ തന്നെ നല്ല ഫലമുാകും. ടൗണ്‍ പള്ളികളില്‍ പ്രാര്‍ഥനക്ക് വരുന്നവരിലധികവും പല ആവശ്യങ്ങള്‍ക്കായി എത്തുന്നവരായിരിക്കും. ചില പള്ളികളില്‍ ഖുത്വ്ബ 40 മിനിറ്റോ അതിലേറെയോ നീളുന്നു. ഇത്തരം ഖുത്വ്ബകള്‍ ആളുകള്‍ക്ക് മടുപ്പും പ്രയാസവുമുളവാക്കും. അതുകൊണ്ട് തന്നെ അത്തരം പള്ളികളില്‍ ആളുകള്‍ വരുന്നത് കുറയും. പല പള്ളികളിലും ഖുത്വ്ബ തുടങ്ങി ഏകദേശം പകുതിയാവുമ്പേഴേ ആളുകള്‍ എത്തുന്നുള്ളൂ എന്നതും ശ്രദ്ധിക്കണം. ഖുത്വ്ബകളും ക്ലാസ്സുകളുമൊക്കെ ഫലപ്രദമാക്കാനും കുട്ടികളെ പള്ളികളിലേക്ക് ആകര്‍ഷിക്കാനും പുതുതമയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.

 

രൂപമല്ല പ്രധാനം; യാഥാര്‍ഥ്യമാണ്

'ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ഫലപ്രദമായ അധ്യയന രീതി വേണം' എന്ന തലക്കെട്ടില്‍ പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട് എഴുതിയ ലേഖനം (21-6-2019) വിഷയത്തിന്റെ മര്‍മം തൊടുന്നു. വിദ്യാഭ്യാസം കച്ചവടമായി മാറിയിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ് പരസ്യങ്ങളും പത്രങ്ങളും മീഡയയും മത്സര മനോഭാവത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രചാരണം കൊഴുപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് എല്ലാം സൗജന്യമായി കിട്ടുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു ക്ലാസ്സില്‍ 55 വരെ കുട്ടികള്‍ ഞെരുങ്ങി ഇരിക്കേണ്ടിവരുന്നു. ഇതില്‍ രക്ഷിതാക്കള്‍ക്ക് പരാതിയില്ല. സി.ബി.എസ്.ഇ പോലുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവാണെങ്കിലും മെച്ചപ്പെട്ട പഠനം ലഭിച്ചാലും പരാതികളുടെ പ്രളയമാണ്. ലേഖകന്‍ വിവരിക്കുന്ന രീതിയിലാണ് 90 ശതമാനം സ്‌കൂളുകളും.
ഗൈഡ്, സി.ഡി തുടങ്ങിയവയിലൂടെ പരീക്ഷക്ക് വേണ്ടിയുള്ള തയാറെടുപ്പിക്കല്‍ പ്രക്രിയയാണ് സ്‌കൂളുകളില്‍ പൊതുവെ നടക്കുന്നത്. എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ കുട്ടികളില്‍ കുറച്ചു പേര്‍ മാത്രമാണ് നിലവാരമുള്ള വിദ്യാഭ്യാസം ആര്‍ജിച്ചതായി കാണുന്നത്. അക്കാദമിക യോഗ്യതകളോടൊപ്പം കഴിവും ആത്മാര്‍ഥതയും കൂടിച്ചേര്‍ന്നാല്‍ മാത്രമേ മെച്ചപ്പെട്ട തലമുറയെ വാര്‍ത്തെടുക്കാനാകൂ. വിദ്യാഭ്യാസത്തിന്റെ മൂല്യവും നിലവാരവും ഉറപ്പുവരുത്താന്‍ ആകാരത്തില്‍ തങ്ങിനില്‍ക്കാതെ അതിന്റെ യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങേണ്ടതുണ്ട്.

രാധിക അരിപ്ര

 

വംശീയതയെക്കുറിച്ച ആഴത്തിലുള്ള വിശകലനം

വംശീയ ദേശീയതയും സ്വേഛാധിപത്യവും എന്ന മുഹമ്മദ് ശമീമിന്റെ വിശകലനം ആഴത്തിലുള്ള പഠനത്തിന്റെ മുഖവുര ആകുന്നുണ്ട്. മുഖ്യധാരാ വേദികളില്‍ ഇത് ചര്‍ച്ചയാകേണ്ടതുണ്ട്. ഒരേ കാലഘട്ടത്തില്‍ വികാസം പ്രാപിച്ച ഫാഷിസത്തിലും മാര്‍ക്‌സിസത്തിലും ഡാര്‍വിനിസം ചെലുത്തിയ സ്വാധീനം വിരുദ്ധ ദിശയിലുള്ളതാണ്. Eugenics-നെ പോലും ഫാഷിസം അതിന്റെ തത്ത്വശാസ്ത്ര അടിത്തറക്ക് ഉപയോഗപ്പെടുന്നത് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു. നീത്‌ഷെയുടെ ചിന്തകളെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഈ വിശലനത്തില്‍നിന്ന് മനസ്സിലാകുന്നതനുസരിച്ച് സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്നും ധാര്‍മികതയെ പിന്തള്ളുന്നതില്‍ ഈ ചിന്തയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പൈശാചിക സ്വാധീനം പ്രകടമാണല്ലോ. മഹാഭാരതം നല്‍കുന്ന പാഠങ്ങളിലൊന്ന് ഈ  പൈശാചിക നിലപാടിന്റെ നിരാകരണമാണെന്നത് ഒട്ടും യാദൃഛികമാവാന്‍ ഇടയില്ല. ഇന്നു നാം കാണുന്ന ഫാഷിസം അല്ലാത്ത രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളിലും നിലപാടുകളിലും നീത്‌ഷേയുടെ ആശയങ്ങള്‍ക്ക് തന്നെയല്ലേ മേല്‍ക്കൈ?

ടി.എ ജബ്ബാര്‍, കരിവെള്ളൂര്‍

 

ആ പദത്തിന്റെ ഉത്ഭവം

പ്രബോധനം വാരികയില്‍ താല്‍പര്യത്തോടെ വായിക്കുന്ന പംക്തിയാണ് ടി.കെ ഉബൈദിന്റെ ഖുര്‍ആന്‍ ബോധനം. ഖുര്‍ആനിലെ ചില പദങ്ങളെ, അവയുടെ മൂലസ്രോതസ്സുകളില്‍ ചെന്ന് നാനാര്‍ഥങ്ങള്‍ കണ്ടെത്തി വിശദീകരിക്കുന്നതിലൂടെ ഖുര്‍ആനികാശയങ്ങളുടെ ഇനിയും തുറക്കപ്പെടാത്ത അറകള്‍ അനുവാചകന്റെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. വളരെ ശ്രദ്ധയോടെ ചെയ്യണ്ട വിശകലന രീതിയാണിത്. പദങ്ങളുടെ യഥാര്‍ഥ സ്രോതസ്സ് കണ്ടെത്തുന്നതില്‍ വീഴ്ച വന്നാല്‍ വിശദീകരണത്തിലും അത് പ്രതിഫലിക്കും.
സൂറ അസ്സജദയുടെ വ്യാഖ്യാനത്തില്‍ പ്രബോധനം (5-07-2019) تَتَجَافَى -യുടെ മൂലം ചര്‍ച്ച ചെയ്തതില്‍ അത്തരമൊരു തെറ്റ് പറ്റിയിരിക്കുന്നു. ഉണക്കം, വരള്‍ച്ച എന്നര്‍ഥമുള്ള جفاف -ല്‍ നിന്നാണ് تَتَجَافَى എന്ന പദം ഉത്ഭവിച്ചതെന്ന് പറഞ്ഞത് ശരിയല്ല.   എന്ന ഹദീസിലെ ഒരു വാചകവും ഉദാഹരണത്തിന് കൊടുത്തിരിക്കുന്നു. യഥാര്‍ഥത്തില്‍  جفو എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണ്  تَتَجَافَى എന്ന വാക്ക്. 'അകന്നു, ഉയര്‍ന്നു' എന്നര്‍ഥമുള്ള جفَا ، يجفو എന്നാണതിന്റെ മൂന്നക്ഷര ഭൂതകാലക്രിയ. 'നിദ്രാശയ്യയില്‍നിന്ന് അവര്‍ അടര്‍ന്നുപോരുന്നു' എന്നാണല്ലോ സൂക്തത്തിന്റെ ആശയവും.  تَتَجَافَى  എന്നത് جَفَاف -ല്‍ നിന്നായിരുന്നുവെങ്കില്‍ تَجَفَّفَ എന്നായിരുന്നു വരേണ്ടിയിരുന്നത്. 'ഉണങ്ങി, വരണ്ടു' എന്നാണല്ലോ അതിന്റെ അര്‍ഥം. സൂക്തത്തിലെ ആശയവുമായി ഒരു ബന്ധവും ഈ അര്‍ഥത്തിന് ഇല്ല.

മലയില്‍ മൊയ്തീന്‍, ദുബൈ

 

കൊണ്ടോട്ടി മര്‍കസിന്റെ പിറവി

പ്രഫ. എം. മൊയ്തീന്‍ കുട്ടി സാഹിബിന്റെ അനുഭവ വിവരണത്തില്‍ പറഞ്ഞ കൊണ്ടോട്ടി മര്‍കസിന്റെ പിറവി 1980-ല്‍ അല്ല, 1976-ലാണ്. കൊണ്ടോട്ടി-അരീക്കോട് റോഡരികില്‍ ഒരു ഷെഡ് വിലക്കെടുത്ത് അതിലാണ് കോളേജ് ആരംഭിച്ചത്. മര്‍കസുല്‍ ഉലൂം അറബി കോളേജ് എന്ന പേരില്‍ അഫ്ദലുല്‍ ഉലമ പ്രിലിമിനറി ആയിരുന്നു തുടക്കം. കടന്നമണ്ണ എ. കുഞ്ഞുമുഹമ്മദ് മൗലവിയായിരുന്നു പ്രിന്‍സിപ്പല്‍. ഞാനും അധ്യാപകനായിരുന്നു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്‌റസയും ഈ ഷെഡ്ഡിലേക്ക് മാറ്റുകയുണ്ടായി.
1977-ല്‍ പള്ളി പണിയാന്‍ സ്ഥലം വാങ്ങി. വേഗത്തില്‍ പണി പൂര്‍ത്തിയാക്കി ജുമുഅ തുടങ്ങി. അതിന്റെ കടം വീട്ടിക്കഴിയുന്നതിനിടക്കാണ് തൊട്ടടുത്ത വീടും പറമ്പും വില്‍ക്കുന്നുവെന്ന് അറിഞ്ഞത്. അബ്ദുര്‍റഹ്മാന്‍ സാഹിബ് കോളേജിന് വേണ്ടി അത് കച്ചവടം ഉറപ്പിച്ചു. കടം വാങ്ങിയും മറ്റും പണം ഒപ്പിച്ചെടുക്കാന്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് വല്ലാതെ പ്രയാസപ്പെട്ടു. അന്നെല്ലാം അദ്ദേഹം ആവര്‍ത്തിച്ചിരുന്ന ഒരു വാചകം ഓര്‍മയിലു്. 'ഖുര്‍ആനും സുന്നത്തും ആഴത്തില്‍ പഠിച്ച പണ്ഡിതരായ പ്രസ്ഥാന പ്രവര്‍ത്തകര്‍ ഇതില്‍നിന്ന് ഇറങ്ങി വരണം.' സ്ഥാപനത്തിന് വേണ്ടി തയാറാക്കിയ ലഘുലേഖയിലും ഇക്കാര്യം ഊന്നിപ്പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കെ.സി ജലീല്‍ പുളിക്കല്‍

 

കുട്ടു സാഹിബിന്റെ ഓര്‍മകള്‍

ലക്കം 4-ല്‍ വന്ന ഒട്ടുമിക്ക ലേഖനങ്ങളും ആകര്‍ഷകം. ഈജിപ്ത്-തുര്‍ക്കി രാഷ്ട്രീയ അനുഭവങ്ങളെക്കുറിച്ച് സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ ലേഖനം, ശൈഖ് ഇബ്‌റാഹീം നൂറുദ്ദീനുമായുള്ള സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ  അഭിമുഖം തുടങ്ങിയവ. പ്രഫ. മൊയ്തീന്‍ കുട്ടി, ബഷീര്‍ തൃപ്പനച്ചിയുമായി 'ജീവിതം' പങ്കുവെച്ചത് നല്ലൊരു വയനാ വിരുന്നായിരുന്നു. ആത്മസുഹൃത്ത് കുട്ടു സാഹിബ്, മുഹമ്മദ് മുസ്‌ലിം സാഹിബിനെ പറ്റി കുറിച്ചതും മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. 'കോഴിക്കോട് വലിയങ്ങാടിയിലെ മുസ്‌ലിം സാഹിബും ബാഫഖി തങ്ങളും' ആണ് ആദ്യം വായിച്ചതും. അദ്ദേഹത്തിന്റെ ഇത്തരം പഴയ ഓര്‍മകള്‍ പുതിയ തലമുറക്ക് വലിയ മുതല്‍ക്കൂട്ടാണ്.

മമ്മൂട്ടി കവിയൂര്‍

 

താടിയും വൃത്തിയും

വൃത്തിയെക്കുറിച്ച് ഇസ്‌ലാം നല്‍കുന്ന സൗന്ദര്യ പാഠങ്ങള്‍ (എ.പി ശംസീര്‍, ജൂലൈ 12) വായിച്ചു. ഒരിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മീറ്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടികളുടെ വൃത്തിയില്ലായ്മയെക്കുറിച്ച് ചൂടേറിയ ചര്‍ച്ച നടന്നു. ഭൂരിപക്ഷവും താടിക്കാര്‍. താടിയും മുടിയും വെട്ടി വെടിപ്പാക്കി വരാന്‍ ആവശ്യപ്പെടണമെന്ന നിര്‍ദേശം വന്നപ്പോള്‍ അത് അവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തില്ലേ എന്ന ആശങ്കയാല്‍ വകുപ്പ് മേധാവി മടിച്ചു. പക്ഷേ, കുളിക്കാതെയും, ധരിക്കുന്ന വെളുത്ത കോട്ടും മറ്റും അലക്കാതെയും വളര്‍ത്തുന്ന താടി വിശ്വാസത്തിന്റെ ഭാഗമാവുന്നതെങ്ങനെ?

ഡോ. കെ.എ ജാസ്മിന്‍
(അസോസിയേറ്റ് പ്രഫസര്‍, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, മഞ്ചേരി)

 

യുവജന സംഘടനകളോട്

'നാമൊന്നിച്ച് ഉണര്‍ന്നിറങ്ങേണ്ട സമയം' എന്ന മുഖവാക്ക് വായിച്ചു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കാരണം വ്യക്തമാണ്. വര്‍ഗീയത കത്തിനില്‍ക്കുമ്പോള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളും ദലിതുകളും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കാന്‍ വൈകുന്നു. നടപ്പാക്കുന്ന ശിക്ഷകള്‍ അപര്യാപ്തവും അപൂര്‍ണവുമാണ്. മുസ്‌ലിംകള്‍ ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ നോക്കിനില്‍ക്കാന്‍ മാത്രമേ നമുക്ക് സാധിക്കുന്നുള്ളൂ. എന്താണിതിനൊരു പോംവഴി? ഇന്ത്യയുടെ മതേതര ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥനാണ്, അതിന് നേതൃത്വം നല്‍കാന്‍ മനുഷ്യാവകാശ - യുവജന സംഘടനകള്‍ ക്രിയാത്മകമായി മുന്നിട്ടിറങ്ങണം.

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌