വെയിലു കായുന്ന മഴ (കവിത)
എം. പി ജയപ്രകാശ്
തോര്‍ന്നു തുടങ്ങിയ
മഴ,
പുഴക്കടവില്‍
ഇളവെയിലലക്കാന്‍
കൊണ്ടു വരും.
കാത്തിരുന്നു മടുത്ത
കൊറ്റി
പറക്കാന്‍ തുടങ്ങുമ്പോള്‍
ഒരു പരല്‍മീന്‍
തലയുയര്‍ത്തി നോക്കും.
പുഴയിറമ്പില്‍
എവിടെ നിന്നൊക്കെയോ
ദാഹിച്ചു വന്ന വേരുകള്‍
വെള്ളം കുടിച്ചു
പള്ള വീര്‍പ്പിക്കും,
അകലെയെവിടെയൊക്കെയോ
ഇലകളുടെ
കവിള്‍ തുടുക്കും.
ഭാവി പറയുന്നൊരു
കാക്ക,
മഴവെള്ള സംഭരണിയില്‍
വന്നിരുന്ന്
നിര്‍ത്താതെ കരയുന്നു.
പില്‍കാലത്തേക്കുള്ള
മണ്‍കലം
പണ്ടെന്നോ
പൊടി പിടിച്ചു പോയിരുന്നെങ്കിലും
മാറ്റി വെക്കപ്പെടാത്ത
ഒരു പിടിയെക്കുറിച്ച്
അമ്മ മാത്രം എന്നും
വേവലാതിപ്പെടും.
Comments