ഘര്‍വാപസിയുടെ ഉള്ളറകള്‍
ഭരണകൂടവും അതിന്റെ സംവിധാനങ്ങളും എത്രത്തോളം സവര്‍ണവും നീതിന്യായ നിര്‍വഹണത്തില്‍ എത്രത്തോളം സെലക്ടീവുമാണെന്നും തുറന്നുകാട്ടുകയാണ് 'ഘര്‍വാപസി: എ സെനോഫോബിക് ഹോം' എന്ന ഡോക്യുമെന്ററിയിലൂടെ സംവിധായകന്‍ കെ. ഹാശിര്‍. സംഘ്പരിവാര്‍ രൂപപ്പെടുത്തിയ, ഇടതുപക്ഷവും മുഖ്യധാരാ മതേതര ഇടങ്ങളും ഏറ്റെടുത്ത ലൗജിഹാദ് എന്ന മിഥ്യയായ വ്യവഹാരത്തിന്റെ മറപിടിച്ചുള്ള ഘര്‍വാപസിയുടെ യാഥാര്‍ഥ്യങ്ങളിലേക്കും അതിന്റെ ഇരകളുടെ അനുഭവങ്ങളിലേക്കും ഡോക്യുമെന്ററി ക്യാമറ ചലിപ്പിക്കുന്നു.
മൂന്ന് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രമായ യോഗ സെന്ററിന്റെ ഉള്ളറകളും പീഡന മുറകളുമാണ് വിഷയമാക്കുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ അനുഭവ വിവരണം, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഭരണഘടനാപരമായ മൗലികാവകാശം പരസ്യമായും രഹസ്യമായും എങ്ങനെ ലംഘിക്കപ്പെടുന്നുവെന്ന് അനാവരണം ചെയ്യുന്നു. ഡോ. ഹാദിയയുടെ അനുഭവവിവരണവും ഈ ഒന്നാം ഭാഗത്തു്.
മയ്യിത്തുകളെ കുറിച്ചാണ് രണ്ടാം ഭാഗം. ഇസ്‌ലാം സ്വീകരിക്കുക, മുസ്ലിമായി മരിക്കുക എന്നതെല്ലാം വ്യക്തിയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്ന 'മരണാനന്തര ഘര്‍വാപസി'യെ ഡോക്യുമെന്ററി ചോദ്യം ചെയ്യുന്നു. ഇസ്ലാം സ്വീകരിച്ച നജ്മല്‍ ബാബുവിന്റെ മയ്യിത്ത് ചേരമാന്‍ പള്ളിയില്‍ ഖബറടക്കണം എന്ന അഭിലാഷം ഭരണകൂടത്തെ കൂട്ടുപിടിച്ച് നിഷേധിക്കുകയാണ് ചെയ്തത്. സവര്‍ണ യുക്തിവാദികളും ഇടതുപക്ഷവും സ്റ്റേറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കി. മയ്യിത്ത് ഖബറടക്കാതെ കത്തിച്ചു കളഞ്ഞ അവരുടെ മുസ്ലിം വിരുദ്ധ ആഘോഷത്തെ ഡോക്യുമെന്ററി തുറന്ന് കാട്ടുന്നു. സൈമണ്‍ മാസ്റ്ററോടും മരണാനന്തരം കാണിച്ചത് ഇതേ അനീതി തന്നെയാണ്.
ഡോക്യുമെന്ററിയുടെ മൂന്നാം ഭാഗത്ത് ഘര്‍വാപസിയുടെ രാഷ്ട്രീയമാണ് വിഷയം. ഹിന്ദുത്വത്തില്‍ നിന്ന് പുറത്തുകടന്ന സവര്‍ണരെ മാത്രമല്ല, ദളിത് കീഴാളരെയും ഘര്‍വാപസിക്ക് വിധേയമാക്കുന്നുണ്ട്. ഇസ്ലാം സ്വീകരിച്ച അസ്മാ നസ്‌റീന്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കവെ, 'നീ ദളിതായാല്‍ പോലും നിന്റെ ശവശരീരം ഹിന്ദു ആചാര പ്രകാരം കത്തിക്കു'മെന്ന് ഭീഷണിപ്പെടുത്തിയ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും സംഘ്പരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്നുവെന്നാണ് ഡോക്യുമെന്ററിയുടെ നിരീക്ഷണം.
'ഘര്‍വാപസി' എന്നാല്‍ വീട്ടിലേക്കുള്ള മടക്കമെന്നാണ് അര്‍ഥം. ഹിന്ദുമതം എന്ന് വിളിക്കപ്പെടുന്ന, സംഘ്പരിവാര്‍ പക്ഷ ജാതീയ ആചാരങ്ങളിലേക്കുള്ള തിരിച്ചുപോക്കിനെയാണ് ആ പ്രയോഗം കുറിക്കുന്നത്. എന്നാല്‍ 'വീട് ഇല്ലാത്തവര്‍' അഥവാ, ദളിതരും കീഴാളരും പോലെയുള്ളവര്‍ ഏത് വീട്ടിലേക്കാണ് മടങ്ങിച്ചെല്ലേണ്ടത് എന്ന ചോദ്യമാണ് ഡോക്യുമെന്ററി ഉയര്‍ത്തുന്നത്.
തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെയും അവിടം കേന്ദ്രീകരിച്ചുള്ള ഘര്‍വാപസിയെയും കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തക ശബ്‌നാ സിയാദിന്റെ അനുഭവ വിവരണം ഡോക്യുമെന്ററിയിലുണ്ട്. തനിക്കെതിരെ വലിയ തോതില്‍ സോഷ്യല്‍ മീഡിയാ കാമ്പയിന്‍ നടന്നിരുന്നുവെന്നും ഭീഷണികള്‍ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും ശബ്‌നാ സിയാദ് പറയുന്നു. ഹാദിയ സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും ശബ്‌നയാണ്. മുസ്ലിംകള്‍ മാത്രമല്ല, ഒരളവില്‍ ക്രിസ്ത്യാനികളും ഘര്‍വാപസിയുടെ ഇരകളാക്കപ്പെടുന്നതായി അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എസ്.ഐ.ഒ കേരളയാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്.
Comments