Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

ആരോഗ്യ പരിരക്ഷ സാമൂഹികാവകാശമാണ്

റാശിദ് ഗന്നൂശി

ഒരു ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹികാവകാശങ്ങളില്‍ ഒന്നാണ് ആരോഗ്യ സംരക്ഷണാവകാശം. പ്രവാചകന്റെ അധ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മുന്‍കരുതലെടുക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത് എന്നു കാണാം. വൃത്തിയും മിതത്വവും പാലിക്കുക പോലുള്ള നിര്‍ദേശങ്ങളാണ് കൂടുതല്‍. സകലവിധ മാലിന്യങ്ങളില്‍ നിന്നും അകന്നുനില്‍ക്കണം. ലഹരി പദാര്‍ഥങ്ങളൊന്നും ഉപയോഗിക്കരുത്. ധൂര്‍ത്തും ദുര്‍വ്യയവും അരുത്. മുഴുവന്‍ നശീകരണ പ്രവൃത്തികളി(ഫസാദ്)ല്‍ നിന്നും അകന്നുനില്‍ക്കണം. മാനസികവും ശാരീരികവുമായ കരുത്ത് നല്‍കുന്ന കാര്യങ്ങളേ സ്വീകരിക്കാവൂ. നശിപ്പിക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതുമായ എല്ലാറ്റില്‍നിന്നും അകന്നുനില്‍ക്കുകയും വേണം. ''ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനാകുന്നു; ഇരുവരിലും നന്മയുണ്ടെങ്കിലും.''1 ശാരീരികക്ഷമത വര്‍ധിപ്പിക്കാനും പ്രവാചകന്‍ ഉദ്‌ബോധിപ്പിച്ചു. രോഗമായാലുടന്‍ ചികിത്സ തേടണം. പൊണ്ണത്തടിയനായിപ്പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.2 ഒരാളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണല്ലോ ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ വരെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിശ്വാസികളെന്നോ അവിശ്വാസികളെന്നോ ഭേദമില്ലാതെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക നാഗരികതയില്‍ ആശുപത്രികള്‍, ലാബുകള്‍, ഡിസ്‌പെന്‍സറികള്‍ പോലുള്ള വിപുലമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ കാണാന്‍ കഴിയുന്നത്.3 രോഗീ പരിചരണവും സന്ദര്‍ശനവും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അതൊരു ബാധ്യതയായി എണ്ണുകയും ചെയ്തു.4

കുടുംബം കെട്ടിപ്പടുക്കല്‍
മറ്റൊരു സാമൂഹിക അവകാശമാണിത്. ഇണകളായി ജീവിക്കുക എന്നതാണ് പ്രകൃതിനിയമം. വിശ്വാസികളെ സംബന്ധിച്ചേടത്തോളം അതൊരു മതകീയ പുണ്യകര്‍മമാണ്. വിവാഹം കഴിച്ച് ഇണകളായി ജീവിക്കുന്നവര്‍ ദീനിന്റെ പകുതി പൂര്‍ത്തീകരിച്ചു എന്നുപോലും പറയാം. കാരണം വ്യക്തിത്വത്തെ സന്തുലനപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും കുടുംബത്തിന് അത്ര വലിയ പങ്കുണ്ട്. എന്നു മാത്രമല്ല, മനുഷ്യകുലത്തിന്റെ തന്നെ നിലനില്‍പും വികാസവും ഉറപ്പു വരുത്തുന്ന മറ്റൊരു ബദല്‍ സംവിധാനവും ഇല്ല എന്നതാണ് വാസ്തവം. അതിനാല്‍ നിയമങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് വളരെ പ്രാധാന്യത്തോടെ തന്നെയാണ് ഇസ്‌ലാം കുടുംബമെന്ന സ്ഥാപനം പരിരക്ഷിക്കുന്നത്. ഇണകളില്‍ ഓരോരുത്തര്‍ക്കും അവകാശബാധ്യതകള്‍ ക്ലിപ്തപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരേ തരത്തിലല്ല ഈ നിര്‍ണയം നടന്നിരിക്കുന്നത്. ഇണകള്‍ പരസ്പരം പൂരിപ്പിക്കുക എന്ന നിലയില്‍ വളരെ നീതിപൂര്‍വകമായാണ് അവകാശബാധ്യതകളുടെ നിര്‍ണയം. ഒരു അവകാശം നല്‍കിയിട്ടുണ്ടെങ്കില്‍ അപ്പുറത്ത് ബാധ്യതയും നല്‍കിയിട്ടുണ്ടാവും. ''സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ അവകാശങ്ങളുമുണ്ട്'' (ഖുര്‍ആന്‍ 2:228).
അന്തസ്സ് പുലര്‍ത്തി ചെയ്യേണ്ട കെട്ടുറപ്പുള്ള കരാറാണ് വിവാഹം. ഒട്ടേറെ ഉള്‍പ്പിരിവുകളും സങ്കീര്‍ണതകളുമുള്ള സാമൂഹിക സ്ഥാപനമാണത്. അതിനാല്‍തന്നെ കേവല താല്‍പര്യങ്ങളുടെയും താല്‍ക്കാലികമായ ശരീരാകര്‍ഷണത്തിന്റെയും പേരില്‍ ഉണ്ടായിത്തീരുന്ന ബന്ധങ്ങള്‍ കുടുംബമെന്ന നിലക്ക് വിജയിക്കാന്‍ ഒരു സാധ്യതയുമില്ല. അതിനാലാണ് പരസ്പരം ഇഷ്ടപ്പെട്ടും ആദരിച്ചും ഉയര്‍ന്ന ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായും മാത്രമേ വിവാഹം നടക്കാവൂ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഈമാന്‍, ഇഹ്‌സാന്‍, ക്ഷമ, സ്‌നേഹം, നീതി തുടങ്ങിയവയാണ് ആ ധാര്‍മിക മൂല്യങ്ങള്‍. പരസ്പരം അറിയുന്നതിനും ഒരുമിച്ച് കഴിയുന്നതിനും തടസ്സമാകുന്ന സകല വംശീയ മതില്‍ക്കെട്ടുകളെയും ഇസ്‌ലാം തകര്‍ക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ ഒറ്റ കുടുംബമായിരുന്നല്ലോ. ആ കുടുംബത്തിലേക്കാണ് എല്ലാ കുടുംബങ്ങളും കണ്ണി ചേര്‍ക്കപ്പെടേണ്ടത്. ''ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു'' (ഖുര്‍ആന്‍ 4:1). വിവാഹത്തിനും കുടുംബ സംവിധാനത്തിനും ഇത്രയേറെ പ്രാധാന്യം ഇസ്‌ലാം നല്‍കുന്നതു കൊണ്ട്, ഇതിനുള്ള സൗകര്യമൊരുക്കലും രാഷ്ട്രത്തിന്റെ ബാധ്യതയായിത്തീരുന്നു.
''നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീ പുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്'' (24:32).
വിവാഹപ്രായമെത്തിയാല്‍ വിവാഹം കഴിക്കാനുള്ള പ്രേരണയാണ് ഇസ്‌ലാം നല്‍കുന്നത്. ദൈവപ്രാതിനിധ്യ നിര്‍വഹണവുമായാണ് അതിന് ബന്ധം. ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും മനുഷ്യര്‍ ഉണ്ടെങ്കിലല്ലേ ദൈവത്തിന്റെ പ്രാതിനിധ്യം അവര്‍ക്ക് യഥാവിധി നിര്‍വഹിക്കാനാവൂ. സാമ്പത്തിക താല്‍പര്യങ്ങളുടെയും മറ്റും പേരില്‍ മനുഷ്യരെ ജനിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഖുര്‍ആന്‍ പറയുന്നു: ''പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയ കുറ്റം തന്നെ''(17:31).5
ശൈശവത്തിന്റെയും മാതൃത്വത്തിന്റെയും സംരക്ഷണം ഇസ്‌ലാമിന്റെ മുഖ്യ പരിഗണനകൡലുണ്ട്. ഉമറുബ്‌നുല്‍ ഖത്ത്വാബ് തന്റെ ഭരണകാലത്ത് മുലകുടിക്കുന്ന ഓരോ കുഞ്ഞിനും പ്രത്യേകം റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. മാതാക്കള്‍ക്ക് ചെലവിനു കൊടുക്കണമെന്നും ആജ്ഞ നല്‍കി. അത് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ജ്ഞാനാര്‍ജന അവകാശം
അറിവ് നേടിയെടുക്കാന്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ജ്ഞാനികള്‍ക്ക് വലിയ സ്ഥാനമാണ് ഇസ്‌ലാം നല്‍കിയിരിക്കുന്നത്. അറിവില്ലാത്തവര്‍ അറിവ് നേടിയേ പറ്റൂ. അവരെ പഠിപ്പിക്കേ ബാധ്യത പണ്ഡി
തന്മാര്‍ക്കാണ്. അതിനുള്ള അവസരമൊരുക്കിയിരിക്കണം ഭരണകൂടം. ജ്ഞാനാര്‍ജനം നിര്‍ബന്ധമാക്കിയ ചരിത്രത്തിലെ ആദ്യ മതദര്‍ശനമായും ഇസ്‌ലാമിനെ കാണാവുന്നതാണ്. 'വിദ്യ അന്വേഷിക്കല്‍ മുസ്‌ലിമായ സ്ത്രീപുരുഷന്മാര്‍ക്ക് നിര്‍ബന്ധമാണ്' എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.6 ഇസ്‌ലാമിക നാഗരികത ഇതിന്റെ സാക്ഷ്യമായിരുന്നു. നാഗരികതകളുടെ ചരിത്രമെഴുതിയവര്‍ പറയുന്നത്, നിരക്ഷരത തുടച്ചുനീക്കിയ ചരിത്രത്തിലെ ആദ്യ നാഗരികതയായിരുന്നു കൊര്‍ദോവയിലേത്7 എന്നാണ്. പക്ഷേ, ഈ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളൊന്നും ധനകാര്യവകുപ്പിന് യാതൊരു ഞെരുക്കവും ഉണ്ടാക്കില്ല എന്ന പ്രത്യേകതയുമുണ്ട്. വിശ്വാസത്തെയും അറിവിനെയും, ദീനിനെയും ദുന്‍യാവിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാമിക സംസ്‌കാരം ഭൂമിയിലെ ദൈവപ്രാതിനിധ്യത്തെ നിര്‍വചിച്ചത് എന്നതിനാല്‍ ഈ ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളൊക്കെ വഖ്ഫുകള്‍ വഴി തന്നെ നടക്കും. സാമ്പത്തികവും വിദ്യാഭ്യാസപരവും മറ്റുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ രാഷ്ട്ര-ഭരണ ചട്ടക്കൂടില്‍നിന്ന് പൂര്‍ണമായും സ്വതന്ത്രമായിരിക്കും. പൗരസമൂഹം തന്നെയാണ് അവയുടെ നടത്തിപ്പുകാര്‍. ഇസ്‌ലാമിലെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ മറ്റൊരു പ്രത്യേകത, അത് കുട്ടികള്‍ക്ക് മാത്രമുള്ളതല്ല എന്നതാണ്. സമൂഹത്തെ മൊത്തമായി വിദ്യാഭ്യാസം ചെയ്യിക്കുകയാണ്. അതുപോലെ, അടിസ്ഥാന വിദ്യാഭ്യാസം എന്നത് എഴുത്ത്, വായന, ഗണിതം എന്നിവയില്‍ വൈദഗ്ധ്യം നേടുന്നതില്‍ പരിമിതവുമല്ല. മൂല്യങ്ങളുടെ പഠനവും സ്വാംശീകരണവും കൂടി വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്കു വേണ്ടിയും മുഴുവന്‍ മനുഷ്യരുടെയും ഇഹപര വിജയങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ താന്‍ നേടുന്ന വിദ്യാഭ്യാസം ഒരു പ്രേരണയും നല്‍കുന്നില്ലെങ്കില്‍ ആ വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല.8

കുറിപ്പുകള്‍
1. ഹാകിം ഉദ്ധരിച്ച നബിവചനം
2. ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ത്വാഹിറുല്‍ ഗര്‍സിയുടെ 'നുള്മുത്തഗ്‌സിയഃ ഫില്‍ ഇസ്‌ലാം' (തുനീഷ്യ) എന്ന കൃതിയിലുണ്ട്.
3. മുസ്ത്വഫസ്സിബാഈയുടെ 'മിന്‍ റവാഇഇ ഹളാറാത്തിനാ' കാണുക.
4. സ്വഹീഹ് ബുഖാരി
5. വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുെട 'സന്താന നിയന്ത്രണം' എന്ന പുസ്തകം കാണുക.
6. ഇബ്‌നുമാജ റിപ്പോര്‍ട്ട് ചെയ്തത്.
7. ജര്‍മന്‍ എഴുത്തുകാരി Sigrid Hunke-യുടെ Allah's Sun Over the Occident.  ശംസുല്‍ അറബ് തസ്ത്വിഉ അലല്‍ ഗര്‍ബ്' എന്ന പേരില്‍ അറബി പരിഭാഷ.
8. ഇബ്‌നുല്‍ ഖയ്യിം ജൗസിയ്യയുടെ തുഹ്ഫതുല്‍ മൗദൂദ് ബി അഹ്കാമില്‍ മൗലൂദ്, അബ്ദുര്‍റഹ്മാനുബ്‌നുല്‍  ജൗസിയുടെ ലഫ്തതുല്‍ കബിദ് ഫീ നസ്വീഹതില്‍ വലദ് എന്നീ കൃതികള്‍ കാണുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌