Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

ഓത്തുപള്ളികളില്‍ തുടങ്ങിയ വൈജ്ഞാനിക യാത്ര

എം.വി മുഹമ്മദ് സലീം/സി.എസ് ഷാഹിന്‍

നല്ല തണുപ്പുള്ള പ്രഭാതം. ജ്യേഷ്ഠന്‍ പതിവില്ലാതെ എന്നെ കുളത്തില്‍ കൊണ്ടുപോയി. നന്നായി കുളിച്ച് വസ്ത്രം ധരിച്ച് ഞങ്ങള്‍ രണ്ടുപേരും നടന്നു. 'നിന്നെ ഓത്തു പള്ളിയില്‍ ചേര്‍ക്കാന്‍ പോവുകയാണ്'- ജ്യേഷ്ഠന്‍ പറഞ്ഞു. അതായിരുന്നു എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കം.
മൊല്ലാക്ക പഠിപ്പിച്ചത്
ഓത്തു പള്ളിയില്‍ അധ്യാപകനായി അഹ്മദ് മുല്ല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചത്തിലുള്ള അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം പുറത്തു നിന്ന് വ്യക്തമായി കേള്‍ക്കാം. ഞങ്ങള്‍ അകത്ത് കയറി. ഗാംഭീര്യം മുറ്റി നില്‍ക്കുന്ന ശബ്ദം. ആകര്‍ഷകമായ മുഖം. ഒരു ചെറുപുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്ത് ബെഞ്ചില്‍ ഇരിക്കാന്‍ പറഞ്ഞു. മൊല്ലാക്കായുടെ ചുറ്റും പല പ്രായത്തിലുള്ള പഠിതാക്കള്‍ വിവിധ ബെഞ്ചുകളില്‍ വട്ടമിട്ടിരിക്കുന്നു. അവര്‍ വിവിധ ഗ്രൂപ്പുകളാണ്. മൊല്ലാക്ക പാഠം പരിശോധിച്ച് ഓരോ ഗ്രൂപ്പിനും പുതിയ പാഠം ചൊല്ലികൊടുക്കുന്നു. നവാഗതനായ എനിക്ക് ഒരു വെള്ളക്കടലാസ് പലതായി മടക്കി അതില്‍ അറബി അക്ഷരങ്ങള്‍ എഴുതിത്തന്നു. ഒരു തവണ മൊല്ലാക്ക വായിക്കുമ്പോള്‍ ഞാനും കൂടെ വായിച്ചു. അതായിരുന്നു ആദ്യ അക്ഷര പാഠം.
ആ ഗുരുഭൂതന് അര്‍ഹമായ ദക്ഷിണ നല്‍കിയത് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ്. എനിക്ക് ആള്‍ ഇന്ത്യ റേഡിയോവില്‍ ഖുര്‍ആന്‍ പാരായണത്തിന് അവസരം ലഭിക്കുകയുായി. അതിന് ലഭിച്ച പാരിതോഷികം ഞാന്‍ മൊല്ലാക്കയെ ഏല്‍പ്പിക്കുകയായിരുന്നു. 
ഓത്തുപള്ളിയില്‍ വെച്ച് മനസ്സില്‍ പതിഞ്ഞ ഒരു ദാരുണ ചിത്രമുണ്ട്. മൊല്ലാക്ക പറയുന്നതുപോലെ  ഒരു വാചകം പറയാന്‍ സാധിക്കാതെ ഒരു വിദ്യാര്‍ഥി പ്രയാസപ്പെടുന്ന രംഗം! ഓരോ തെറ്റിനും ഓരോ അടിവാങ്ങി കരഞ്ഞുകൊണ്ട് ആ കുട്ടി ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു. ആരംഭിച്ചേടത്ത് തന്നെ ആ കുട്ടിയുടെ അന്നത്തെ പഠനം അവസാനിച്ചു. പില്‍ക്കാലത്ത് അക്ഷരം പഠിപ്പിക്കാനുള്ള നൂതന വിദ്യകള്‍ തേടിപ്പിടിക്കാന്‍ ഈ അനുഭവം എനിക്ക് പ്രചോദനമായിട്ടു്. 
ഏതാനും മാസങ്ങള്‍ കഴിഞ്ഞ് എനിക്ക് സ്‌കൂളിലും പ്രവേശനം ലഭിച്ചു. ഒന്നാം ക്ലാസിലെ പരീക്ഷയില്‍ ഞാന്‍ ക്ലാസ്സില്‍ ഒന്നാമനായി. അപ്രതീക്ഷിതമായി തേടിയെത്തിയ ഈ ബഹുമതി എനിക്കാവേശമായിരുന്നു. എന്റെ വൈജ്ഞാനിക യാത്രയിലെ ആദ്യപ്രചോദനം. ആ ഒന്നാം സ്ഥാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരിക്കല്‍ ലഭിച്ചാല്‍ എക്കാലത്തും അത് നിലനിര്‍ത്താന്‍ മനസ്സ് വെമ്പല്‍ കൊള്ളും. എന്റെ മനസ്സും വ്യത്യസ്തമായിരുന്നില്ല. എല്ലായിടത്തും ഒന്നാമനാവുക  എന്നത് അറിയാതെ എന്റെ വാശിയായി മാറി. വിദ്യാഭ്യാസ ജീവിതത്തിലെ അവസാന വര്‍ഷം വരെ അത് തുടര്‍ന്നു.
ഞാന്‍ ജനിച്ചത് ഒരു ബലി പെരുന്നാള്‍ സുദിനത്തിലാണെന്ന് ഉമ്മ പറഞ്ഞു. അക്കാലത്ത് സ്‌കൂളില്‍ പ്രവേശനം ലഭിക്കാനായി വയസ്സില്‍ അഞ്ചോ ആറോ മാസം കൂട്ടിയിടുക പതിവായിരുന്നു. ശരിയായ ജനന തീയതി പരിശോധിച്ചപ്പോള്‍ 28-12-1941 ആണെന്ന് മനസ്സിലായി; ഹി. 10.12.1360. എന്നാല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ 01.07.1941 എന്നാണ് ജനന തീയതി ചേര്‍ത്തിട്ടുള്ളത്.  

മൊറയൂരിലെ കുട്ടിക്കാലം
മലപ്പുറം ജില്ലയിലെ മൊറയൂരിലാണ് എന്റെ ജനനം. പിതാവ് മണ്ണിശ്ശേരി വീരാന്‍ കുട്ടി (ഇംറാന്‍ ലോപിച്ച് മീറാനായി, പിന്നെ ബീരാനായി, അവസാനം വീരാനായി). മാതാവ് വെള്ളുവമ്പ്രം പാലക്കപ്പള്ളിയാലി ആച്ചുമ്മ (അസ്മാ ലോപിച്ച് ആച്ചുമ്മയായി).
മൊറയൂര്‍ ഒരു കുഗ്രാമമായിരുന്നു. കുറേയേറെ പ്രത്യേകതകളുള്ള കുഗ്രാമം. അക്കാലത്ത് തന്നെ അവിടെ മൂന്ന് വിദ്യാലയങ്ങളുണ്ടായിരുന്നു. ഒന്ന് ഹൈസ്‌കൂള്‍. പിന്നെ ഞങ്ങള്‍ പഠിച്ച പ്രാഥമിക പാഠശാല.  ബോര്‍ഡ് സ്‌കൂള്‍ എന്നാണ് അത് അറിയപ്പെട്ടിരുന്നത്. കാരണം, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡാണ് സ്‌കൂള്‍ നിയന്ത്രിച്ചിരുന്നത്. മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു അന്ന് മലബാര്‍. മുസ്‌ലിം കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു സ്‌കൂള്‍. അമുസ്‌ലിംകള്‍ക്ക് പഠിക്കാന്‍ മറ്റൊരു സ്‌കൂള്‍. ബ്രിട്ടീഷ് ഭരണകാലത്ത് അങ്ങനെ കുറേ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. മൊറയൂര്‍ വാലഞ്ചേരിയിലെ സ്‌കൂള്‍ ഹിന്ദു സ്‌കൂള്‍. ഞങ്ങളുടേത് മാപ്പിള സ്‌കൂള്‍. അതില്‍ ഭൗതിക പഠനത്തിനും മതപഠനത്തിനും സൗകര്യമുണ്ടായിരുന്നു. രാവിലെ സ്‌കൂള്‍ തുടങ്ങുന്നതുവരെ മതപഠനം. അപ്പോള്‍ ഓത്തുപള്ളി എന്നായിരുന്നു അതിന്റെ പേര്. 
ഓത്തുപള്ളിയിലെ എന്റെ സഹ
പാഠികള്‍ പല നിലവാരത്തിലുള്ളവരായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അഞ്ച് ജുസ്അ് വരെ പാരായണം ചെയ്യാന്‍ അറിയുന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനെയും വെവ്വേറെ വിളിച്ച് മേശക്ക് ചുറ്റും നിര്‍ത്തി ഗുരുനാഥന്‍ അവരുടെ പാഠഭാഗങ്ങള്‍ പരിശോധിക്കും. പഴയകാലത്ത് ബാഗ്ദാദ്, ഈജിപ്ത്, മക്ക, മദീന തുടങ്ങി ലോകത്തെല്ലായിടത്തും വിദ്യാഭ്യാസ സമ്പ്രദായം ഇങ്ങനെയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ഒരു ഗുരുനാഥന്‍, ഒരു ക്ലാസ്സ്, ആ ക്ലാസ്സില്‍ വ്യത്യസ്ത നിലവാരത്തിലുള്ള  വിദ്യാര്‍ഥികള്‍!
ഞാന്‍ ബോര്‍ഡ് സ്‌കൂളില്‍ നാലാം ക്ലാസ്സിലെത്തി. സ്‌കൂള്‍ കാല ഓര്‍മ്മകളില്‍ ആദ്യം ഓടിയെത്തുന്ന ഒരാളുണ്ട്. നെടിയിരുപ്പുകാരന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഒരിക്കല്‍ എന്നെ അദ്ദേഹം ഇരിക്കുന്ന അഞ്ചാം ക്ലാസിലേക്ക് വിളിപ്പിച്ചു. 'നമുക്ക് സ്‌കൂളില്‍ സാഹിത്യസമാജം തുടങ്ങണം. നീ  അതിന്റെ സെക്രട്ടറിയാകണം'. ഇതായിരുന്നു നിര്‍ദേശം. ഞാന്‍ പറഞ്ഞു: 'സാര്‍, എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലല്ലോ. സെക്രട്ടറി എന്നാല്‍ എന്താണെന്നുതന്നെ എനിക്ക് അറിയില്ല'. അതിനദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: 'അതൊക്കെ ഞാന്‍ പറഞ്ഞു തരാമെടോ. മിനുട്‌സ് എഴുതുക, സമാജം തീരുമ്പോള്‍ നന്ദിപറയുക. ഇതു രണ്ടുമാണ് സെക്രട്ടറിയുടെ പ്രധാന ചുമതല.' രണ്ടിനും ഓരോ സാമ്പിള്‍ അദ്ദേഹം എഴുതി തന്നു. നന്ദി പ്രകടനം ഞാന്‍ കാണാതെ പഠിച്ചു. മനപ്പാഠം എനിക്ക് എളുപ്പമാണെന്ന് സാറിന്  അറിയാമായിരുന്നു. ക്ലാസ്സ് കഴിയുമ്പോഴേക്കും മനപ്പാഠമാക്കാനുള്ളതെല്ലാം അപ്പോള്‍തന്നെ ഞാന്‍ മനപ്പാഠമാക്കിയിരിക്കും. 
വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. ഞാന്‍ ശാന്തപുരത്ത് പഠിക്കുന്ന കാലം. ഒരിക്കല്‍ സാറിന്റെ നാട്ടില്‍, മുസ്‌ലിയാരങ്ങാടിയില്‍, പ്രഭാഷണം നിര്‍വഹിക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചു. പീടികയുടെ മുകളിലെ നിലയിലായിരുന്നു പരിപാടി. പ്രസംഗം കഴിഞ്ഞ്  ഞാന്‍ പുറത്തേക്കിറങ്ങി. സമയം രാത്രി അല്പം വൈകിയിരുന്നു. താഴെ കടയുടെ മുമ്പില്‍ പ്രായം ചെന്ന ഒരാള്‍ ഇരിക്കുന്നു. ഞാന്‍ അടുത്ത് ചെന്നു. കുഞ്ഞിരാമന്‍ മാഷായിരുന്നു അത്. അദ്ദേഹം അധ്യാപനത്തില്‍ നിന്ന് വിരമിച്ചിട്ട് കാലം കുറേയായി. 'മാഷ് എന്താ ഇവിടെ ഈ സമയത്ത്?' ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി; 'നിന്റെ പേര് നോട്ടീസില്‍ കണ്ടിരുന്നു. ഞാന്‍ നിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്നതാണ്. നീ ഒരു പ്രഭാഷകന്‍ ആകുമെന്ന് അന്നേ എനിക്കറിയാമായിരുന്നു!' നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സാറിന് അറിയാമായിരുന്നുവത്രേ! ആ വാചകം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചുവെച്ചു. അന്ന് അദ്ദേഹം എന്നെ സമാജത്തിന്റെ ചുമതല ഏല്‍പ്പിക്കുമ്പോള്‍ എന്തൊക്കെയോ മനസ്സില്‍ കണ്ടിരിക്കണം. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു പൊതുസദസ്സിനെ അഭിമുഖീകരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അഭിമാനത്തോടെ അത് കേള്‍ക്കാന്‍ വന്നതായിരുന്നു. മുകളിലായിരുന്നല്ലോ പരിപാടി. വാര്‍ധക്യം കാരണം മുകളിലേക്ക് കയറാന്‍ അദ്ദേഹത്തിന് പ്രയാസമായിരുന്നു. താഴെ കടയുടെ മുന്നില്‍ മാഷ് നിന്നു. പീടികക്കാരന്‍ ഇരിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. പ്രസംഗം തീരുവോളം അവിടെ ഇരുന്നു. സന്തോഷം പങ്കുവെച്ച് മാഷ് തിരിഞ്ഞുനടന്നു. വാര്‍ധക്യത്തിന്റെ അവശത ആ നടത്തത്തില്‍ കാണാമായിരുന്നു. 
ഞാന്‍ മാഷെ നോക്കി നിശ്ചലനായി നിന്നു. എന്റെ മനസ്സ് വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിച്ചു. എന്റെ കണ്ണുകള്‍ നിറയുന്നുായിരുന്നു. സ്‌കൂളിലെ പല അനുഭവങ്ങളും മനസ്സില്‍ തിരികെ വന്നു. എന്നെ  വാര്‍ഷിക യോഗത്തില്‍ പരിപാടികള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചതും കവിതകള്‍ എഴുതിത്തന്ന് കാണാതെ പഠിപ്പിച്ചതും..... എല്ലാമെല്ലാം ഒരു ദീര്‍ഘകാല ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. അന്ന് എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഇങ്ങനെയാകണം ഗുരുനാഥന്‍. തന്റെ വിദ്യാര്‍ഥി ഭാവിയില്‍ എന്താകണമെന്ന് മനസ്സില്‍ കണ്ടുകൊണ്ട് പഠിപ്പിക്കുന്ന ഗുരുനാഥന്‍. വിദ്യാര്‍ഥികളുടെ ചെറിയ ചെറിയ കഴിവുകള്‍ നിരീക്ഷിക്കുന്ന ഗുരുനാഥന്‍. അദ്ദേഹം അന്നെന്നെ സെക്രട്ടറിയാക്കിയതിനാലാവാം എന്നില്‍ നിന്ന് സഭാകമ്പം ഒഴിഞ്ഞുപോയത്. സ്റ്റേജ് ഒരു വിഷയമല്ലാതെയായി. എവിടെയും കയറി എന്തും പറയാനുള്ള ധൈര്യം ലഭിച്ചു. ആ വന്ദ്യ ഗുരു  ഇന്നും എന്റെ ഓര്‍മയില്‍ ജീവിക്കുന്നു.
എനിക്ക് ഒരു വയസ്സായപ്പോള്‍ പിതാവ് അല്ലാഹുവിലേക്ക് യാത്രയായി. മാതാവാണ് പോറ്റി വളര്‍ത്തിയത്. അക്ഷരജ്ഞാനമില്ലെങ്കിലും ഞാന്‍ പഠിച്ചു വളരുന്നതില്‍ അതീവ തല്‍പരയായിരുന്നു അവര്‍. പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ രാത്രി തോറും പ്രേരിപ്പിക്കുക അവരുടെ ശീലമായിരുന്നു. സാമ്പത്തിക പരാധീനതയുടെ കാലമായിരുന്നു അത്. മാതാവ് സാമ്പത്തിക സൗകര്യമുള്ള വീട്ടില്‍ ജനിച്ചു വളര്‍ന്നതാണ്. വിവാഹിതയായി പത്ത് മക്കളെ പെറ്റ് പോറ്റിയ ശേഷമാണ്  സാമ്പത്തിക പരാധീനത കുടുംബത്തെ ബാധിച്ചത്. പിതാവിന്റെ വിയോഗാനന്തരം കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് മൂത്ത ജ്യേഷ്ഠനായിരുന്നു. പേര് രായിന്‍കുട്ടി. ഇബ്രാഹിംകുട്ടി ലോപിച്ചപ്പോള്‍ രായിന്‍ കുട്ടിയായി. മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു സംഭവമു്. നാലാം ക്ലാസ് പാസായാല്‍ നേരിട്ട് ഹൈസ്‌കൂളില്‍ ആറാം ക്ലാസിലേക്ക് പ്രമോഷന്‍ ലഭിക്കുന്ന ഒരു സംവിധാനം അന്നുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ഹെഡ്മാസ്റ്ററോട് എന്റെ പ്രമോഷന്റെ കാര്യം സംസാരിച്ചു. അദ്ദേഹം വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ ഞാന്‍ സമ്മതിച്ചില്ല. നാലാം ക്ലാസ് കഴിഞ്ഞ് അഞ്ചില്‍ പഠിക്കാതെ ആറിലേക്ക് ചാടുന്ന രീതിയാണല്ലോ അത്. ഞാന്‍ ഇപ്പോള്‍ ക്ലാസ്സില്‍ ഒന്നാമനാണ്. ഒരു നാലാം ക്ലാസുകാരന്‍ ആറിലെത്തിയാല്‍ ഏറെ പിറകിലാകും. അത് എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ ആശങ്ക ജ്യേഷ്ഠന്‍ കണക്കിലെടുത്തു. അഞ്ചില്‍ തന്നെ പഠനം തുടര്‍ന്നു. പക്ഷേ, ശാന്തപുരം പഠനകാലത്ത് ഞാന്‍ ഡബിള്‍ പ്രൊമോഷന്‍ വാങ്ങിയിട്ടുണ്ട്. അതിനു മുമ്പ് പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലും ഡബിള്‍ പ്രമോഷന്‍ കിട്ടിയിട്ടുണ്ട്. നാലാം ക്ലാസില്‍ എടുത്ത തീരുമാനം അബദ്ധമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. പ്രമോഷന്‍ കിട്ടിയിരുന്നെങ്കില്‍ വിദ്യാഭ്യാസ വളര്‍ച്ചയെ അതൊരിക്കലും പ്രതികൂലമായി ബാധിക്കുമായിരുന്നില്ല.
പിന്നീട് മൊറയൂര്‍ ഹൈസ്‌കൂളിലായിരുന്നു പഠനം. മൊറയൂര്‍ ഹൈസ്‌കൂള്‍ ഉണ്ടായതിനു പിന്നില്‍ ഒരു കഥയുണ്ട്. മര്‍ഹൂം മുഹമ്മദ് അമാനി മൗലവി മൊറയൂരില്‍ ഗുരുനാഥനായി വന്ന കാലം. നാട്ടിലെ ചെറുപ്പക്കാരെ അദ്ദേഹം സംഘടിപ്പിച്ചു. എന്റെ ജ്യേഷ്ഠനും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി ഒരു അറബിക് കോളേജ് സ്ഥാപിച്ചു. കോളേജിന് ആവശ്യമായ കെട്ടിടം കോടിത്തൊടിക വീരാന്‍ ഹാജി വഖഫ് ചെയ്തു. സ്ഥാപനം നല്ലനിലയില്‍ മുന്നോട്ടുപോയി. ആ സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ ഒരു ഓഫര്‍ മുന്നോട്ടു വെച്ചത്; കെട്ടിടമുണ്ടെങ്കില്‍ ഹൈസ്‌കൂള്‍ ലഭിക്കും. നാട്ടുകാര്‍ കൂടിയിരുന്നു വിഷയം ചര്‍ച്ചചെയ്തു. നാട്ടിലൊരു ഹൈസ്‌കൂള്‍ ഉണ്ടാവുക. അത് എല്ലാവരുടെയും അഭിലാഷമായിരുന്നു. മൊറയൂരിലെ കുട്ടികള്‍ക്ക് ഹൈസ്‌കൂളില്‍ പഠിക്കണമെങ്കില്‍ മഞ്ചേരിയിലേക്ക് പോകണമായിരുന്നു. അല്ലെങ്കില്‍ മലപ്പുറത്തേക്ക്. അതുമല്ലെങ്കില്‍ ഫറോക്കിലേക്ക്. ചുരുങ്ങിയ ദൂരം 13 കിലോമീറ്റര്‍! അതുകൊണ്ടുതന്നെ മൊറയൂരില്‍ അക്കാലത്ത് ഹൈസ്‌കൂളില്‍ പഠിക്കുന്നവര്‍ വളരെ കുറവായിരുന്നു. 
ഹൈസ്‌കൂള്‍ വരട്ടെ എന്ന് തീരുമാനമായി. 1940-ല്‍ അറബികോളേജ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഹൈസ്‌കൂള്‍ നിലവില്‍ വന്നു. അറബി കോളേജ് ഫറോക്കിലേക്ക് മാറ്റി. അതാണ് ഇന്നത്തെ റൗദത്തുല്‍ ഉലൂം. പിന്നീട് ഫാറൂഖ് കോളേജ് ആദ്യം തുടങ്ങിയത് റൗദത്തുല്‍  ഉലൂമിന്റെ കെട്ടിടത്തിലാണ്. എന്റെ വീടിനടുത്തായിരുന്നു ഹൈസ്‌കൂള്‍. ബെല്ല് അടിക്കുന്നത് കേട്ടാല്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയാല്‍ മതി. അത്രയും അടുത്ത്. അത് വലിയൊരു അനുഗ്രഹമായിരുന്നു. രാവിലെ പാല്‍ അങ്ങാടിയില്‍ കൊുപോയി കൊടുത്ത ശേഷമാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. 
അക്കാലത്ത് എട്ടാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങള്‍ വേറെയും ഉണ്ടായിരുന്നു. ഇ.എസ്.എല്‍സിയാണ് അവിടെ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്. ഈ പരീക്ഷ എഴുതിയ മറ്റു സ്‌കൂളുകളിലെ  വിദ്യാര്‍ഥികളില്‍ ചിലര്‍ ഹൈസ്‌കൂളിലെ ഫോര്‍ത്ത് ഫോമില്‍ (ഒമ്പതാം ക്ലാസ്) ഞങ്ങളോടൊപ്പം വന്ന് ചേര്‍ന്നു.  അവര്‍ ഗവണ്‍മെന്റ് പരീക്ഷക്ക് ഒരുങ്ങിയവരാണ്. അതുകൊണ്ടുതന്നെ നിലവാരം ഉയര്‍ന്നവര്‍. ഞങ്ങളാകട്ടെ ഒരു ഒഴുക്കില്‍ പോവുകയായിരുന്നു. എട്ടാം ക്ലാസ് വരെ എനിക്ക് വെല്ലുവിളിയായി ആരുമുണ്ടായിരുന്നില്ല. മത്സരിച്ച് പഠിക്കുക, ഒന്നാമതെത്തുക എന്നൊക്കെയാണല്ലോ പഠനകാലത്തെ ചിന്ത. ഫോര്‍ത്ത് ഫോമിലെ അര്‍ധ വാര്‍ഷിക പരീക്ഷ കഴിഞ്ഞു. എന്നെക്കാള്‍ കഴിവുകളുള്ള കുട്ടികള്‍ കൂടെയുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അന്നുമുതല്‍ ഞാന്‍ ചുവടൊന്ന്  മാറ്റിപ്പിടിച്ചു. സമയം ഒന്നുകൂടി ചിട്ടപ്പെടുത്തി. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്‌കൂളില്‍ വെച്ച് പഠിക്കുന്ന കാര്യങ്ങള്‍ പിന്നെ വീട്ടില്‍ വെച്ച് ഞാന്‍ വായിച്ചിരുന്നില്ല. അതിന് സൗകര്യവും ഉണ്ടായിരുന്നില്ല. കാരണം ഞങ്ങളുടെ അന്നത്തെ നിത്യവരുമാന മാര്‍ഗങ്ങളിലൊന്ന് പാല്‍ കച്ചവടമായിരുന്നു. വീട്ടില്‍ ആടുകളെ വളര്‍ത്തിയിരുന്നു. ആട്ടിന്‍പാല്‍ കടയില്‍ എത്തിക്കല്‍ എന്റെ ചുമതലയായിരുന്നു. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനുള്ള കാശ് അങ്ങനെയാണ് ഉാക്കിയിരുന്നത്. രാവിലെ കടയില്‍ പാല്‍ എത്തിക്കും. ശേഷം സ്‌കൂളിലേക്ക് ഒറ്റ ഓട്ടം. രാവിലെത്തെ സമയം അങ്ങനെ തീരും. ഉച്ചതിരിഞ്ഞ് വീട്ടിലേക്ക് മടങ്ങും. കുറച്ചുനേരം കഴിഞ്ഞാല്‍ വൈകുന്നേരത്തെ പാലുമായി കടയിലേക്ക് പോകണം. പാലിന്റെ  കാശ് പെട്ടെന്ന് കിട്ടില്ല. ഉമ്മ തന്ന ലിസ്റ്റനുസരിച്ച് സാധനങ്ങള്‍ വാങ്ങണം. കടക്കാരന്‍ പാലിന്റെ കാശ് തന്നാലേ  അത് നടക്കൂ. രാത്രിയുടെ പ്രധാന ഭാഗം മിക്കവാറും അവിടെ തീരും. തിരിച്ച് വീട്ടിലെത്തിയാല്‍ വായിക്കാന്‍ സമയമുണ്ടാകില്ല. ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. എങ്കിലും ക്ലാസ്സില്‍ നല്ലപോലെ ശ്രദ്ധിക്കുമായിരുന്നു. ഹാജര്‍  നൂറ് ശതമാനം ലഭിക്കാന്‍ ജാഗ്രത പുലര്‍ത്തും. മിക്കവാറും 99 ശതമാനമെങ്കിലും കിട്ടും. ക്ലാസ്സിലെത്തിയാല്‍ ശ്രദ്ധ മുഴുവന്‍ പഠനത്തില്‍ മാത്രം. മറ്റൊരു ചിന്തക്കും അവസരം കൊടുക്കുകയില്ല.
ഞങ്ങള്‍ ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ ഒരു സംഭവമുണ്ടായി. അക്കൊല്ലമാണ് കേരള സംസ്ഥാനം നിലവില്‍ വന്നത്. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായി. മലബാറില്‍ അതുവരെ മദ്രാസ് സംസ്ഥാന സിലബസിലാണ് പഠനം തുടര്‍ന്നിരുന്നത്. അത് കേരള സിലബസിലേക്ക് മാറ്റാന്‍ തീരുമാനമായി. എന്നാല്‍ ഫിഫ്ത്ത് ഫോമില്‍ തോല്‍ക്കുന്നവര്‍ എന്തുചെയ്യും? അടുത്ത അധ്യയനവര്‍ഷം പുതിയ സിലബസാണല്ലോ പഠിപ്പിക്കുക. അതുകൊണ്ടുതന്നെ ഫിഫ്ത്ത് ഫോമിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എസ്.എസ്.എല്‍സി ക്ലാസ്സായ സിക്‌സ്ത്ത് ഫോമിലേക്ക് പ്രമോഷന്‍ നല്‍കാന്‍ ഓര്‍ഡിനന്‍സ് വന്നു. 
അതുവരെയുണ്ടായിരുന്ന സമ്പ്രദായത്തെക്കുറിച്ച് കൂടി ഓര്‍ക്കേണ്ടതുണ്ട്. അര്‍ധവാര്‍ഷിക പരീക്ഷയില്‍ പിന്നിലായവര്‍ക്ക് ഡീറ്റയ്ന്‍ നോട്ടീസ് നല്‍കും. അടുത്ത ക്ലാസിലേക്ക് പ്രമോഷന്‍ ലഭിക്കുകയില്ല എന്ന സൂചനയാണത്. ജോസഫ് മുണ്ടശ്ശേരിയുടെ ആനുകൂല്യത്തില്‍ ഫിഫ്ത്ത് ഫോമിലെ എല്ലാവരും വിജയിച്ചു. അക്കൂട്ടത്തില്‍ യോഗ്യതയില്ലാത്തവരും  ഉണ്ടായിരുന്നു. 'മുണ്ടശ്ശേരി പാസ്'എന്നാണ് അതിനെ വിളിച്ചിരുന്നത്. പരാജയപ്പെടാന്‍ സാധ്യതയുള്ള ഒരാളായിരുന്നു എന്റെ അടുത്ത സുഹൃത്ത് അഹമ്മദ് കുട്ടി. ഈ നിയമം വഴി അദ്ദേഹവും വിജയിച്ചു. എല്ലാ കാര്യത്തിലും അഹമ്മദ് കുട്ടി മുന്നിലായിരുന്നു. പഠനത്തില്‍ മാത്രം പിറകില്‍. എസ്.എസ്.എല്‍.സിക്ക് ശേഷം അദ്ദേഹം ഫറോക്കില്‍ പഠനം തുടര്‍ന്നു. എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള രണ്ടു വര്‍ഷത്തെ പഠനം പ്രീ യൂനിവേഴ്‌സിറ്റി എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. എന്റെ വീട്ടിലേക്കുള്ള വഴി ഹൈസ്‌കൂളിന്റെ മുന്നിലൂടെയാണ്. വീട്ടിലേക്ക് പോകുമ്പോള്‍ ഒരിക്കല്‍ ഹെഡ്മാസ്റ്റര്‍ എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞു: 'നിന്റെ കൂടെയുണ്ടായിരുന്ന അഹമ്മദ് കുട്ടി പ്രീയൂനിവേഴ്‌സിറ്റിയില്‍ ഒന്നാമനായിരിക്കുന്നു. ഫിഫ്ത്തില്‍ തോല്‍പിക്കാന്‍ തീരുമാനിച്ച  കുട്ടികളുടെ കൂട്ടത്തില്‍ ഒരാളായിരുന്നു അവന്‍'. ചൈല്‍ഡ് സൈക്കോളജി പ്രകാരം പ്രായം മാറുമ്പോള്‍ ബുദ്ധിപരമായ കഴിവുകളില്‍ മാറ്റം സംഭവിക്കും എന്ന കാര്യവും മാഷ് അപ്പോള്‍ സൂചിപ്പിക്കുകയുണ്ടായി. പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്ന കുട്ടികളെ മോശമായി കാണരുത്, പ്രായമാറ്റത്തില്‍ അവരുടെ ബുദ്ധി തെളിയാം എന്ന കാര്യം പിന്നീട് അധ്യാപന കാലത്ത് ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടു്.
എന്റെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയായി. ഇനിയെന്ത് എന്ന ചോദ്യം മനസ്സില്‍ സജീവമായി. വീട്ടിലെ വരുമാന മാര്‍ഗങ്ങളിലൊന്ന് കൃഷിയായിരുന്നു. ജ്യേഷ്ഠന്‍മാരായിരുന്നു കൃഷി ചെയ്തിരുന്നത്. നാല് ജ്യേഷ്ഠന്മാര്‍. മൂന്നുപേരും വയലില്‍ പണിയെടുക്കാന്‍ പോകും. അവര്‍ക്ക് കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. നാലാമത്തെ ജ്യേഷ്ഠനെ നന്നായി പഠിപ്പിക്കണമെന്ന് കുടുംബം ആഗ്രഹിച്ചു. അവനെ ഹൈസ്‌കൂളില്‍ അയച്ചു. ആവേശത്തോടെ അവന്‍ പഠനത്തില്‍ മുഴുകി. സ്‌കൂള്‍ ഫൈനല്‍ പാസായി. കുടുംബം മുഴുവന്‍ സന്തോഷത്തിന്റെ നിറവിലെത്തിയ സന്ദര്‍ഭം. എന്നാല്‍ ആ സന്തോഷത്തിന് ആയുസ്സ് നന്നേ കുറവായിരുന്നു. പെട്ടെന്നാണ് അവനില്‍ ഒരു രോഗം പ്രത്യക്ഷപ്പെട്ടത്. ഡോക്ടര്‍ രോഗത്തിന് രാജേഷ്മ എന്ന പേരിട്ടു. ചികിത്സ തുടര്‍ന്നു. ഒരു വര്‍ഷം ജ്യേഷ്ഠന്‍ രോഗവുമായി മല്ലിട്ടു. രോഗം ചികിത്സക്കു വഴങ്ങിയില്ല. ഒടുവില്‍ ജ്യേഷ്ഠന്‍ വിധിക്കു കീഴടങ്ങി, അല്ലാഹുവിലേക്ക് യാത്രയായി. എന്നെയാണ് പിന്നീട് പഠിപ്പിച്ച് വളര്‍ത്തിക്കൊണ്ടു വരാന്‍ തീരുമാനിച്ചത്.  
ജ്യേഷ്ഠന് ഇസ്ലാമിക പ്രസ്ഥാനവുമായി ആദ്യ കാലം മുതല്‍ ബന്ധമുണ്ടായിരുന്നു. പ്രബോധനം ഇറങ്ങിയ കാലത്താണ് ആ ബന്ധം തുടങ്ങുന്നത്. പ്രബോധനത്തിന്റെ മൂന്നാമത്തെ ലക്കം സൈക്കിളില്‍ വിതരണം ചെയ്യുകയായിരുന്നു മര്‍ഹൂം ഇസ്ഹാഖലി മൗലവി. 'മാസിക വേണോ?' മൊറയൂരിലെത്തിയ അദ്ദേഹം ചോദിച്ചു. ഒരു കോപ്പി ജ്യേഷ്ഠന്‍ വാങ്ങി. അന്നുമുതല്‍ ജ്യേഷ്ഠന്‍ പ്രബോധനത്തിന്റെ വായനക്കാരനായി. ക്രമേണ അത് ഇസ്‌ലാമിക സാഹിത്യ വായനയിലേക്ക് വികസിച്ചു. 
എസ്.എസ്.എല്‍.സി പാസായപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു: 'തുടര്‍പഠനം എവിടെയാണ് ഉദ്ദേശിക്കുന്നത്?' 'ഫാറൂഖ് കോളേജില്‍ പഠിക്കണം എന്ന് വിചാരിക്കുന്നു' - ഞാന്‍ മറുപടി നല്‍കി. ഒ.ബി.സി ആയതിനാലും ഉയര്‍ന്ന മാര്‍ക്ക് ഉള്ളതുകൊണ്ടും സ്‌കൂള്‍ പഠനകാലത്ത് സ്‌കോളര്‍ഷിപ്പ് കിട്ടിയിരുന്നു. പുസ്തകം വാങ്ങാന്‍ തികയുന്ന ഒരു സംഖ്യ. കോളേജില്‍ എത്തിയാല്‍ സ്‌കോളര്‍ഷിപ്പ് തുക അല്പം കൂടുമെന്ന് സാറിനോട് ചോദിച്ചപ്പോള്‍ മനസ്സിലായി. അക്കാര്യം ജ്യേഷ്ഠനെ അറിയിച്ചു. ജ്യേഷ്ഠന്റെ മറുപടി: 'അതിനേക്കാള്‍ സുഖകരമായ ഒരു കോഴ്‌സുണ്ട്, അറബി കോളേജില്‍. അഫ്ദലുല്‍ ഉലമ. അത് ബി.എ പഠനത്തിന് തുല്യമാണ്. പെട്ടെന്ന് ജോലി ലഭിക്കാന്‍ സാധ്യതയുമുണ്ട്. അത് പഠിച്ചവര്‍ അധികമില്ല'. മൊറയൂര്‍ ഹൈസ്‌കൂളില്‍ ഞങ്ങളെ അറബി പഠിപ്പിച്ചിരുന്ന മൗലവിയെ ഉദാഹരണമായി എടുത്തു കാട്ടി. അദ്ദേഹം പഠിച്ചതും അഫ്ദലുല്‍ ഉലമയാണ്. ജ്യേഷ്ഠന്‍ എന്തുകൊണ്ടായിരിക്കാം കാര്യങ്ങള്‍ ഇങ്ങനെ അവതരിപ്പിച്ചത്? എന്റെ അന്നത്തെ അവസ്ഥയില്‍ മതപരമായ പ്രചോദനത്തിന് പകരം ഭൗതിക നേട്ടങ്ങള്‍ മുന്നില്‍ വെക്കുന്നതായിരിക്കും നല്ലത് എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. അങ്ങനെ അഫ്ദലുല്‍ ഉലമയില്‍ അഭയം തേടാന്‍ തീരുമാനിച്ചു. എന്നെ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ത്തു.  
മദീനത്തുല്‍ ഉലൂമിലെ സിലബസ്സ് പ്രഗത്ഭരായ പണ്ഡിതന്‍മാര്‍ തയാറാക്കിയതായിരുന്നു. എം.സി.സി. അബ്
ദുര്‍റഹ്മാന്‍ മൗലവിയായിരുന്നു പ്രിന്‍സിപ്പല്‍. കെ.സി. അലവി മൗലവി, കെ. ആലിക്കുട്ടി മൗലവി, പി.എന്‍. മുഹമ്മദ് മൗലവി, പി.പി. ഉണ്ണീന്‍കുട്ടി മൗലവി തുടങ്ങി പ്രഗല്‍ഭരായ പണ്ഡിതന്മാര്‍ അധ്യാപകരായി പഠിതാക്കളെ വളര്‍ത്തുന്ന കാലം. ശാഫിഈ മദ്ഹബിലെ പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥമായ ശറഹുല്‍ മഹല്ലി, നിദാന ശാസ്ത്ര ഗ്രന്ഥങ്ങള്‍, റശീദ് റിദയുടെ അല്‍ വഹ്‌യുല്‍ മുഹമ്മദി തുടങ്ങി വിദ്യാര്‍ഥികളുടെ വൈജ്ഞാനിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പാഠ്യവിഷയങ്ങള്‍ അഫ്ദലുല്‍ ഉലമാ പരീക്ഷക്കുള്ള വിഷയങ്ങള്‍ക്ക് പുറമെ പഠിപ്പിച്ചിരുന്നു. 
വീട്ടില്‍നിന്ന് കോളേജിലേക്ക് കുറച്ചു ദൂരം മാത്രം. ഹൈസ്‌ക്കൂളില്‍ പഠിച്ച അറബിയുമായാണ് ഞാന്‍ മദീനത്തുല്‍ ഉലൂമില്‍ എത്തുന്നത്. കോളേജില്‍ ആ അറബി ഒട്ടും മതിയാകുമായിരുന്നില്ല. എന്‍ട്രന്‍സ് ക്ലാസിന്റെ മുമ്പുള്ള മൂന്നാം ക്ലാസ്സിലാണ് എന്നെ ചേര്‍ത്തത്. ഫിഖ്ഹില്‍ ഇമാം നവവിയുടെ മിന്‍ഹാജുത്ത്വാലിബീന്‍ ആയിരുന്നു ഞങ്ങള്‍ക്ക് പഠിപ്പിച്ചിരുന്നത്. അറബി നന്നായി വശമില്ലാത്ത ഒരാള്‍ മിന്‍ഹാജ് വായിച്ചാലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മറ്റുവിഷയങ്ങള്‍ എങ്ങനെയെങ്കിലും ഒപ്പിക്കാമായിരുന്നു. പക്ഷേ മിന്‍ഹാജ് തലവേദനയായി മാറി. എന്തെങ്കിലും ഒരു പ്രയാസം നേരിട്ടാല്‍ അതിന് വഴങ്ങി കൊടുക്കുക എന്നത് ചെറുപ്പത്തിലേ എന്റെ പ്രകൃതമല്ല. അതിനെ അതിജീവിക്കാന്‍ എന്ത് ചെയ്യണം എന്ന് ചിന്തിക്കും. ഞാന്‍  മിന്‍ഹാജുമായി ഹൈസ്‌കൂളിലെ ഗുരുനാഥനെ സമീപിച്ചു. അദ്ദേഹത്തോട് പറഞ്ഞു: 'ഇതിന്റെ ആദ്യഭാഗം ക്ലാസ്സില്‍ നേരത്തെ എടുത്ത് പോയി. എനിക്ക് അത് വിശദീകരിച്ചു തരുമോ'? അദ്ദേഹം തുടക്കം മുതല്‍ മിന്‍ഹാജ് വിശദീകരിച്ചുതന്നു. അര്‍ധവാര്‍ഷിക പരീക്ഷ ആകുമ്പോഴേക്കും ഞാന്‍ മറ്റു സഹപാഠികളോടൊപ്പമെത്തി. അതിജീവനത്തിന്റെ ഒരു കൊല്ലം അങ്ങനെ കഴിഞ്ഞു. മൂന്നാം ക്ലാസ്സില്‍ നിന്ന് അഞ്ചാം ക്ലാസ്സിലേക്ക് പ്രമോഷന്‍ ഓഫര്‍ വന്നു. ഞാന്‍ പ്രമോഷന്‍ സ്വീകരിച്ചു. 
വാസ്തവം പറഞ്ഞാല്‍ പ്രമോഷന്‍ കാരണം എന്തൊക്കെയോ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. അഞ്ചില്‍ എത്തിയപ്പോഴാണ് അക്കാര്യം മനസ്സിലായത്. പ്രത്യേകിച്ചും ഗ്രാമറില്‍ ആധികാരിക ഗ്രന്ഥമായ അല്‍ഫിയയുടെ ചില പ്രധാന ഭാഗങ്ങള്‍ വിട്ടുപോയി! മര്‍ഹൂം കെ.സി അലവി മൗലവി വ്യാകരണം പഠിപ്പിക്കാന്‍ താല്‍പര്യമുള്ള ഗുരുനാഥനായിരുന്നു. കോളേജില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസം. ഞാന്‍ അദ്ദേഹത്തോട് പ്രശ്‌നം പറഞ്ഞു. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ: 'അത്  നല്ലതാ, നീ അസര്‍ നമസ്‌കാരശേഷം വന്നോ'. ഞാന്‍ ഒരു സഹപാഠിയെ കൂടെക്കൂട്ടി. അസര്‍ നമസ്‌കാരവും ചായകുടിയും കഴിഞ്ഞ്  ഞങ്ങള്‍ ഉസ്താദിനെ കാത്തുനില്‍ക്കും. അങ്ങനെ അല്‍ഫിയ മുഴുവന്‍ അദ്ദേഹം പഠിപ്പിച്ചുതന്നു. നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പുളിക്കല്‍ പഠിക്കുന്ന കാലത്ത് അവസരം ലഭിച്ചിരുന്നു. മദ്‌റസയില്‍ ഖിറാഅത്ത് പഠിപ്പിക്കുന്ന അസൈനാര്‍ മൊല്ലാക്കയായിരുന്നു ബാങ്ക് വിളിച്ചിരുന്നത്. അദ്ദേഹമാണ് എനിക്ക് അവസരമൊരുക്കിത്തരാറ്. ജുമുഅ ഖുതുബയും ഇക്കാലത്ത് പരിശീലിച്ചു. മൊറയൂരില്‍ മലയാളത്തില്‍ ഖുതുബ നിര്‍വഹിക്കുന്ന ഒരു പള്ളി അന്നേ ഉണ്ട്. ഒഴിവുകാലത്ത് അവിടെയാണ് ഞാന്‍ ജുമുഅക്ക് പോയിരുന്നത്. എന്നെ കണ്ടാല്‍ ഖതീബ് അവസരം തരും. ഇതെല്ലാം മതപരമായി കൂടുതല്‍ പഠിക്കാനും വളരാനുമുള്ള പ്രചോദനമായി. 
പുളിക്കല്‍ പഠന സൗകര്യങ്ങള്‍ വളരെ പരിമിതമായി തോന്നി. അഫ്ദലുല്‍ ഉലമാ സര്‍ട്ടിഫിക്കറ്റ് നേടാന്‍ എനിക്ക് താല്പര്യം കുറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ഇസ്‌ലാമിക വിദ്യാഭ്യാസത്തെക്കുറിച്ച ചിന്തയായിരുന്നു അക്കാലത്ത് മനസ്സ് നിറയെ. ഒരു ദിവസം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ ഒരു തോന്നല്‍; ഇതിനേക്കാള്‍ നല്ല വിദ്യാഭ്യാസ രീതി എവിടെയെങ്കിലും ഉണ്ടാകുമോ? ഉണ്ടാകുമെന്ന് മനസ്സ് പറഞ്ഞു. 'എങ്കില്‍ അവിടെ എത്തണം'. ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ആ ആലോചന അസ്വസ്ഥതയായി മാറി. പലരോടും അന്വേഷിച്ചു. അങ്ങനെയാണ് ഉമറാബാദിലെ ദാറുസ്സലാമും ലഖ്‌നോയിലെ നദ്‌വതുല്‍ ഉലൂമും ഞാന്‍ പരിചയപ്പെടുന്നത്. രണ്ട് സ്ഥാപനങ്ങളിലേക്കും കാര്‍ഡ് അയച്ചു. രണ്ടിടങ്ങളില്‍ നിന്നും മറുപടി വന്നു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌