Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

പള്ളികള്‍ ഇങ്ങനെയുമാകാം

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഇത് വീടില്ലാത്തവരുടെ വീടാണ്. ഇവിടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാം, കുളിക്കാം, ഭക്ഷണം കഴിക്കാം, വിശ്രമിക്കാം. പിന്നെ, ആവശ്യക്കാര്‍ക്ക് തങ്ങള്‍ക്കിണങ്ങിയ വസ്ത്രങ്ങളും സ്വീകരിക്കാം. നമുക്ക് പരിചിതമായ ഏതെങ്കിലും അഭയകേന്ദ്രത്തെക്കുറിച്ചോ, റിലീഫ് സെന്ററിനെപ്പറ്റിയോ അല്ല പറയുന്നത്.
ഒരു പള്ളിയെക്കുറിച്ചാണ്. തുര്‍ക്കിയിലെ  സെലിമെ ഹതൂന്‍ മസ്ജിദ്. ആരാധനാലയം മാത്രമല്ല, ആലംബഹീനരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്ന അത്താണി കൂടിയാണിത്. വീടില്ലാത്ത തെരുവ് ജീവിതങ്ങള്‍ക്കു വേണ്ടിയാണ് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയത് അത്തരം അമ്പത് പേര്‍ക്ക്  ദിവസവും  ഇവിടെ സൗജന്യമായി കുളിക്കാം. ശനിയാഴ്ച്ച തോറും സൗജന്യ ഭക്ഷണ വിതരണം. ഉടുതുണിക്ക് പ്രയാസപ്പെടുന്നവര്‍ക്ക്  ഇവിടെ വന്ന് വസ്ത്രങ്ങള്‍ സ്വീകരിക്കാം, ഡ്രസ്സ് ബാങ്ക്  എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും. ഏതാനും പേര്‍ക്ക് രാത്രി താമസിക്കാനും സൗകര്യമുണ്ട്.
പതിനേഴാം നൂറ്റാണ്ടിലാണ് സെലിമെ ഹതൂന്‍ മസ്ജിദ് പണിതത്. പതിനേഴ് വര്‍ഷമായി അവിടത്തെ ഇമാമായ ഉസ്മാന്‍ ഗോക്രെം ആണ് പള്ളി കേന്ദ്രീകരിച്ചുള്ള ഈ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തുര്‍ക്കിയിലെ പൊതു ശൗചാലയങ്ങളിലും ബാര്‍ബര്‍ ഷോപ്പുകളിലും വരെ, തെരുവ് ജീവിതങ്ങളെ വൃത്തിഹീനര്‍ എന്നു ആക്ഷേപിച്ച് അകറ്റി നിര്‍ത്തുകയാണ്. അവര്‍ക്ക് ഈ മസ്ജിദ് വലിയ ആശ്വാസമാണെന്ന് ഇമാം ഉസ്മാന്‍ ഗോക്രെം പറയുന്നു. ആദ്യമൊക്കെ നാലോ അഞ്ചോ പേരാണ് ഇവിടെ കുളിക്കാന്‍ വന്നിരുന്നത്. ഇപ്പോഴത് അമ്പത് വരെയായി. 'ആര്‍ക്കും വേണ്ടാത്ത ഈ മനുഷ്യര്‍, എവിടെപ്പോയാണ് കുളിക്കുക, ഭക്ഷണം കഴിക്കുക, മറ്റു ആവശ്യങ്ങള്‍ നിവര്‍ത്തിക്കുക എന്ന് ആലോചിച്ചു നോക്കൂ. ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കാനും സഹായം ചെയ്യാനും സാമ്പത്തിക പിന്തുണ നല്‍കിയാല്‍ മാത്രം പോരാ. വ്യക്തിപരമായി സേവന പ്രവര്‍ത്തനം നടത്താനും തയ്യാറാവണം'- ഇമാം പറയുന്നു. ഈ അഗതികളുടെ ജീവിത സാഹചര്യം കൃത്യമായി മനസ്സിലാക്കുന്നതിന് ധനികര്‍ അവരെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
തുര്‍ക്കിയിലെത്തന്നെ മറ്റൊരു പള്ളി അതിന്റെ വാതിലുകള്‍ പൂച്ചകള്‍ക്കും പക്ഷികള്‍ക്കും തുറന്നു കൊടുത്തിട്ടു്. മനോഹരമായ അതിന്റെ കാര്‍പ്പറ്റില്‍ വിശ്വാസികള്‍ സാംഷ്ടാംഗം വീഴുക മാത്രമല്ല, അവിടെ പൂച്ചകള്‍ വിശ്രമിക്കുകയും ചെയ്യുന്നു. വിശാലമായ അതിന്റെ കോമ്പൗണ്ട് പക്ഷികള്‍ക്ക് ആതിഥ്യമരുളുന്നു. ഇസ്താംബൂളിലെ അസീസ് മഹ്മൂദ് ഹുദായി മസ്ജിദാണ് ഇങ്ങനെ വളര്‍ത്തുമൃഗ സൗഹൃദ Pet friendly) കേന്ദ്രമായി നമ്മെ വിസ്മയിപ്പിക്കുന്നത്. 1594 ല്‍ പണിത ഈ പള്ളിയുടെ പരിസരത്ത് ധാരാളം പൂച്ചകളും പക്ഷികളുമുണ്ട്. ശൈത്യകാലത്ത് ഈ പൂച്ചകള്‍ തണുപ്പ് സഹിക്കാനാകാതെ പ്രയാസപ്പെടുന്നത് മനസ്സിലാക്കിയാണ് ഇമാം പള്ളി വാതിലുകള്‍  അവയ്ക്കും തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. അങ്ങിനെ ഈ പള്ളി മനുഷ്യരുടെ പ്രാര്‍ത്ഥനാലയം മാത്രമല്ല, മിണ്ടാപ്രാണികളുടെ പുരയിടം കൂടിയാകുന്നു. 
വലിയ മനസ്സും ചെറിയ ശ്രമവും ഉണ്ടെങ്കില്‍ നമ്മുടെ പല പളളികളും ജീവകാരുണ്യത്തിന്റെ മഹദ് കേന്ദ്രങ്ങളാക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌