ഒറ്റ : അഥവാ പുതിയ ഇന്ത്യന്‍ കിനാവുകള്‍
ഇത്തിരി കൂടി
സമയം തരൂ
പറിച്ചെടുത്തു വരാന്‍
കുടുംബത്തിന്റെ
അടരുകളില്‍
നട്ടുപിടിപ്പിച്ചതാണത്
പോയവരിലും
ജീവിച്ചിരിക്കുന്നവരിലും
അതിന്റെ
വേരുകളാഴ്ന്ന്
പോയിട്ടുണ്ട്
എന്തിനേറെ
ഇന്നലെ പിറന്ന
കുഞ്ഞുമോന്റെ
സിരകളിലേക്ക്
വേരുകള്‍
എത്ര എളുപ്പത്തിലാണ്
ആണ്ടിറങ്ങിയതെന്നോ
ഇത്തിരി കൂടി
സമയം തരു
അടുക്കിപ്പെറുക്കി
വെച്ചേച്ച് വരാം
പലയിടങ്ങളിലായി
വാരിവലിച്ചിട്ടിരിക്കയാണ്
ഒന്നില്‍ നിന്നും
വിട്ടു നില്‍ക്കാന്‍
കഴിയില്ലായിരുന്നു
അച്ചടക്കത്തിന്റെ
വാള്‍ത്തലപ്പില്‍
തോറ്റു പോയത്
അതുകൊണ്ടാണ്
നോക്കൂ
മാര്‍ക്കറ്റില്‍
സമരമുഖത്ത്
അക്ഷര തീരത്ത്
പിടയുന്ന പെണ്ണിന്റെ
രോദനങ്ങളില്‍
എവിടെയാണില്ലാത്തത്
എല്ലായിടത്തുമതിന്റെ
സാന്നിധ്യം
നിറഞ്ഞു നില്‍ക്കുകയാണ്
ഏകാഗ്രതയെ കുറിച്ച
ഭാഷണങ്ങള്‍ കൊള്ളാം
പക്ഷെ,
ഒന്നില്‍ മാത്രം തളച്ചിടാന്‍ പറയരുത്
അതൊരുമാതിരി
നിവൃത്തികേടാണ്
എടുത്തോളൂ
പക്ഷെ,
ആ തെരുവുകള്‍
വിജനമാക്കരുത്
കുടുംബം
അനാഥമാക്കരുത്
അക്ഷരങ്ങള്‍ക്ക്
ചിതയൊരുക്കരുത്
പൈതലിന്റെ പാലില്‍
വിഷം കലര്‍ത്തരുത്
വേരുകളറുത്ത്
'ഒറ്റ' യില്‍
തളക്കുമ്പോള്‍
വിജയിച്ചെന്ന്
തോന്നുന്നുണ്ടാവാം
നിമിഷാര്‍ധത്തിന്റെ
സുഖം തരുന്ന തോന്നലാണത്
ഒന്നിനപ്പുറം
പൂജ്യമാണ്
ശൂന്യത
ഒറ്റയില്‍ തളച്ചിടാന്‍
ശ്രമിച്ചോരെല്ലാം
ആ ശൂന്യതയിലാണ്
കെട്ടടങ്ങിത്തീര്‍ന്നിട്ടുള്ളത്
ആക്രോശങ്ങള്‍ നിലക്കും
ചോരത്തുള്ളികള്‍ സംസാരിക്കും
തെരുവുകള്‍ സാക്ഷി പറയും
അന്ന്,
അത്ര ദൂരെയല്ല
അടുത്ത്,
വളരെ അടുത്ത്
ഒറ്റ സംസ്‌കാരത്തിന്റെ
ആര്‍ത്ത നാദങ്ങള്‍
കേള്‍ക്കാനാവും
ബഹുസ്വരതയുടെ
തെരുവു പാട്ടുകള്‍
പാടാനാവും.
Comments