കെ.എം അബ്ദുല്‍ മജീദ്
മന്നം നൂറുല്‍ ഇസ്‌ലാം ട്രസ്റ്റ് അംഗം, മന്നം ജാറപ്പടി പ്രാദേശിക ജമാഅത്ത് അംഗം, സെക്രട്ടറി, പറവൂര്‍ ഏരിയാ സെക്രട്ടറി, ദഅ്‌വാ വിഭാഗം കണ്‍വീനര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച സജീവപ്രവര്‍ത്തകനായിരുന്നു കെ.എം അബ്ദുല്‍മജീദ് സാഹിബ്.
സാമ്പത്തിക ഇടപാടുകളില്‍ കണിശതയും ഔദാര്യവും പുലര്‍ത്തി. പ്രസ്ഥാനത്തിന്റെ എല്ലാ സംരംഭങ്ങള്‍ക്കും നിര്‍ലോഭം സംഭാവനകളും വായ്പകളും നല്‍കി സഹായിച്ചു. അത്തരം ഇടപാടുകളൊന്നും പരസ്യപ്പെടുത്തുന്നത് ഇഷ്ടപ്പെട്ടില്ല. പ്രളയകാലത്ത്, തന്റെ വളപ്പില്‍ കൃഷി ചെയ്തുണ്ടാക്കിയ കപ്പ മുഴുവന്‍ പിഴുതെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു. നിര്‍ബന്ധ സകാത്ത് കണക്കാക്കുന്നതിന് മറ്റുള്ളവരുടെ സഹായവും ഉപദേശവും തേടുമായിരുന്നു. അസുഖബാധിതനായിരുന്ന സന്ദര്‍ഭങ്ങളില്‍ ബാധ്യതകള്‍ വീട്ടുന്നതില്‍ ജാഗ്രത പാലിച്ചു. ബഹ്‌റൈനിലെ പ്രവാസ ജീവിത കാലത്ത് ഇബ്‌നുല്‍ ഹൈഥം സ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും അതിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.
പറവൂര്‍ വടക്കേക്കര പ്രദേശങ്ങളിലെ ആദ്യകാല പ്രസ്ഥാന നായകനായിരുന്ന പരേതനായ മമ്മുക്കുഞ്ഞ് ഹാജിയുടെ മകനാണ്. അല്ലാബക്ഷ് ഹാജിയുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. തികഞ്ഞ പ്രസ്ഥാന കുടുംബം. ഏകമകന്‍ നൗഫല്‍ സോളിഡാരിറ്റി പ്രവര്‍ത്തകന്‍. പെണ്‍മക്കള്‍ നഈമ, നസീബ, നബീല എന്നിവരും അവരുടെ കുടുംബവും സജീവ ഇസ്‌ലാമിക പ്രവര്‍ത്തകരാണ്.
എം. മുഹമ്മദ് ഹനീഫ
കൊല്ലം ജില്ലയിലെ ജമാഅത്തെ ഇസ്‌ലാമി അംഗവും മുന്‍കാല സജീവ പ്രവര്‍ത്തകനുമായിരുന്നു എം. മുഹമ്മദ് ഹനീഫ. പരന്ന വായനയും ചിന്തയും ആദര്‍ശ വിശുദ്ധിയും കൈമുതലാക്കിയ അദ്ദേഹം ജില്ലയിലെ ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്നിരുന്നു.
യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സംസ്ഥാനത്ത് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് കേന്ദ്ര സര്‍വീസിലെത്തി വിവിധ സംസ്ഥാനങ്ങളില്‍ ഓഡിറ്റ് ഓഫീസറായി ജോലി നോക്കി. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം കൊല്ലത്ത് സ്ഥിരതാമസമാക്കിയതോടെയാണ് ഇസ്‌ലാമിക പ്രസ്ഥാനവുമായി സജീവ ബന്ധം സ്ഥാപിക്കുന്നത്. ഏറെ വൈകാതെ അംഗത്വം നേടുകയും കൊല്ലത്തെ വിവിധ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
വായനയെയും പഠനത്തെയും അത്യധികം സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന് വീട്ടില്‍ വലിയൊരു പുസ്തകശേഖരമുായിരുന്നു. ഐ.പി.എച്ചിന്റെ ഒട്ടുമിക്ക പുസ്തകങ്ങളും അതിലു്. ജോലിയോടൊപ്പം ഹോമിയോപ്പതി പഠിച്ച് പ്രാക്ടീസ് ചെയ്തിരുന്നു. ഇസ്‌ലാമിക സാഹിത്യങ്ങളും ആനുകാലികങ്ങളും വാങ്ങി ബന്ധുമിത്രാദികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യുമായിരുന്നു.
വായന തപസ്യയായി കൊണ്ടുനടന്ന അദ്ദേഹത്തിന് അസുഖം മൂലം കാഴ്ചശക്തി നഷ്ടപ്പെട്ടത് വലിയ ആഘാതമായിരുന്നു. എങ്കിലും തഫ്ഹീമുല്‍ ഖുര്‍ആനും മറ്റും ഇലക്‌ട്രോണിക് മീഡിയയിലൂടെ ശ്രവിക്കുകയും ആനുകാലികങ്ങള്‍ മക്കളിലൂടെയും ചെറുമക്കളിലൂടെയും വായിച്ച് കേള്‍ക്കുകയും സദാ റേഡിയോയിലൂടെ പ്രഭാഷണങ്ങള്‍ മറ്റും കേള്‍ക്കുകയും ചെയ്യുമായിരുന്നു.
സ്‌നേഹവും ഉത്തരവാദിത്വവുമുള്ള കുടുംബനാഥനായിരുന്നു അദ്ദേഹം. കണിശമായ തര്‍ബിയത്ത് നല്‍കി ഇസ്‌ലാമിക ബോധമുള്ള കുടുംബമാക്കി അവരെ മാറ്റാന്‍ പരിശ്രമിച്ചു. കുടുംബത്തില്‍ തന്നെ ഒരു ഘടകം-ഹല്‍ഖ- നിലനിര്‍ത്തി. മക്കളില്‍ മൂന്നുപേരും മരുമക്കളില്‍ നാലു പേരും കാര്‍കുനുകളായി. ചെറുമക്കള്‍ എസ്.ഐ.ഒ, ജി.ഐ.ഒ, സോളിഡാരിറ്റി പോഷക ഘടകങ്ങളില്‍ സജീവമാണ്.
ഭക്ഷണകാര്യത്തില്‍ കൃത്യതയും മിതത്വവും പാലിച്ചിരുന്നു. ആരോഗ്യം ക്ഷയിച്ച് തുടങ്ങിയ ഘട്ടത്തില്‍ ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ; ആശുപത്രിയുടെ ഒറ്റപ്പെടലില്‍നിന്ന് വീട്ടിലെ അന്തരീക്ഷത്തില്‍ മരിക്കാന്‍ അനുവദിക്കുക.
എച്ച്. മുഹമ്മദ് ഷാഫി, മാവള്ളി
Comments