തുറന്നിടലും അടച്ചുവെക്കലും
വിവാദങ്ങളുടെ സ്വന്തം നാട്; ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ മേല്‍വിലാസം ഇങ്ങനെ മാറ്റിയെഴുതണമെന്നായിരിക്കുന്നു. ഓരോ ദിവസവും പുതിയ വിവാദങ്ങള്‍ കണികണ്ടാണ് കേരളം ഉണരുന്നത്. വിവാദങ്ങളുടെ തിരിയിലേക്ക് എണ്ണയും നെയ്യും കര്‍പ്പൂരവും പകര്‍ന്ന് ആളിക്കത്തിക്കാന്‍ ജാഗരൂകരായി കാത്തിരിക്കുന്ന സാമൂഹിക മാധ്യമങ്ങളും. പ്രതികരിക്കുന്നതിനേക്കാള്‍ മൗനം പാലിക്കലാണ് ഉത്തമമെന്ന് തോന്നിപ്പോകുന്ന വിഷയങ്ങളാണ് മിക്കതും.
ഒരു വനിതാ മാസികയുടെ മുഖചിത്രമാണ് അടുത്തിടെയായി കേരളം ആഘോഷമാക്കിയ ഒരു വിവാദം. ഒരു യുവതി തന്റെ മാറിടം തുറന്നിട്ട് കുഞ്ഞിന് മുലയൂട്ടുന്നതാണ് മുഖചിത്രം. മലയാളക്കരയിലെ മുഴുവന്‍ അമ്മമാരുടെയും പ്രതിനിധിയായിട്ടാണ് ഫോട്ടോയില്‍ യുവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 'തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന് ആണുങ്ങളെ താക്കീത് ചെയ്യുന്ന അടിക്കുറിപ്പും. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിന് കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ കുമിഞ്ഞുകൂടിയത്.
കളങ്കമില്ലാത്ത അപൂര്‍വം ആഹാരങ്ങളിലൊന്നാണ് മുലപ്പാല്‍. പൊക്കിള്‍ക്കൊടി കഴിഞ്ഞാല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധബന്ധത്തിന്റെ ഊഷ്മളതയെ പ്രതിനിധാനം ചെയ്യുന്ന പ്രകൃതിദത്തമായ ദ്രാവകം. അമ്മമാര്‍ തങ്ങളുടെ ജീവശ്വാസമായാണ് അത് പകര്‍ന്നുകൊടുക്കുന്നത്. നമ്മുടെ മലയാളിമങ്കമാരൊന്നും തന്നെ ഇത്രയും കാലം തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടിയിരുന്നില്ലേ എന്നൊരു സന്ദേഹം വായനക്കാരന്റെ മനസ്സില്‍ ജനിപ്പിക്കുന്നതു കൂടിയാണ് മാസികയുടെ അടിക്കുറിപ്പ്. ഏതായാലും സ്ത്രീയുടെ ശരീരസൗന്ദര്യത്തിന് കോട്ടം തട്ടുമെന്നു കരുതി കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിനു പകരം 'ഫീഡിംഗ് ബോട്ടില്‍' കൊടുക്കുന്ന പുരോഗമന മാതൃസമൂഹത്തെ കുഞ്ഞ് മുലയൂട്ടപ്പെടേണ്ടതു തന്നെയാണ് എന്ന് ബോധ്യപ്പെടുത്താന്‍ പ്രസ്തുത മുഖചിത്രത്തിന് ഒരു പരിധിവരെ സാധിച്ചിരിക്കാം.
അതേസമയം, വായനക്കാരന്റെ മസ്തിഷ്‌കത്തെ പാശ്ചാത്യവല്‍കൃത അധിനിവേശ മൂല്യങ്ങളുടെ കോളനിയാക്കിയും, സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് വന്‍ പ്രചാരം നല്‍കി വന്‍കിട വ്യാപാരികളുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ച് ആഗോള കോര്‍പറേറ്റ് മുതലാളിത്തത്തിന് മാര്‍ക്കറ്റുണ്ടാക്കിയും അധിനിവേശ ഭീകരതയോട് സൗഹാര്‍ദം പുലര്‍ത്തുന്ന ഒരു മാസിക പാശ്ചാത്യസംസ്‌കാരത്തിന് അനുരൂപമായി സ്ത്രീ ശരീരത്തിന്റെ നിമ്‌നഭാഗങ്ങള്‍ മാലോകര്‍ക്കു മുമ്പില്‍ തുറന്നിടണമെന്ന് ഉദ്‌ഘോഷിക്കുന്നതില്‍ അതിശയപ്പെടാനില്ല. സ്ത്രീസമൂഹം ശാരീരികമായി അങ്ങേയറ്റം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഒരു സ്ത്രീ അവളുടെ ചുറ്റുപാടില്‍നിന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവളെ ബോധവതിയാക്കുന്നതിനും അവലംബിക്കേണ്ട പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് പ്രബുദ്ധരാക്കേണ്ടതിനും പകരം അവളെ പുരുഷകാഴ്ചയുടെ കണ്‍കുളിര്‍മക്ക് ഉതകുംവിധം അണിയിച്ചൊരുക്കാനാണ് പലരും പാടുപെടുന്നത്.
യാത്രക്കിടയില്‍ മുലയൂട്ടേണ്ടി വരുമ്പോള്‍, ഒളിഞ്ഞുനോക്കുന്ന കണ്ണുകള്‍ ഒരു വലിയ പ്രശ്‌നം തന്നെയാണ്. വീടകങ്ങളില്‍ ചെയ്തിരുന്ന പലതും തെരുവുകളിലേക്ക് കൊണ്ടുവരണമെന്ന് വാദിക്കുന്ന ഫെമിനിസത്തിന്റെ മുദ്രാവാക്യങ്ങളിലൊന്നാണ് സ്ത്രീക്ക് പരസ്യമായി മുലയൂട്ടാന്‍ സ്വാതന്ത്ര്യം വേണമെന്നത്!
സ്ത്രീയെ കമ്പോളസംസ്‌കാരത്തിന്റെ ഇരകളാക്കി, അവളുടെ അന്തസ്സും ആഭിജാത്യവും അടിയറവെക്കുകയാണ് ഫെമിനിസ്റ്റുകള്‍ ഇതിലൂടെ ചെയ്യുന്നത്. ചര്‍മസംരക്ഷണവും സാരിപ്രദര്‍ശനവും അടിവസ്ത്രങ്ങളുടെ പരസ്യവുമൊക്കെ മാറിമാറി പയറ്റിയിട്ടും ഉദ്ദേശിച്ച പ്രചാരം ലഭിക്കാതെ വന്നപ്പോള്‍ വസ്ത്രങ്ങള്‍ അഴിച്ചിട്ട് സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെക്കൂടി തങ്ങളുടെ ഉല്‍പന്നങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഈ പുതിയ വിവാദത്തിനു പിന്നില്‍. ഒറ്റദിവസം കൊണ്ട് പതിനായിരക്കണക്കിന് ആളുകളിലേക്കാണ് മാസികയുടെ കവര്‍ചിത്രം ചെന്നെത്തിയത്. തന്റേതല്ലാത്ത കുഞ്ഞിന്, ചുരത്താത്ത അമ്മിഞ്ഞയൂട്ടിയ മോഡലിനും ലഭിച്ചു കൈനിറയെ പ്രതിഫലവും പിന്നെ പ്രശസ്തിയും. പല വിവാദങ്ങളും തന്ത്രപരമായ പരസ്യമാണ്.
സ്വന്തം മാറുമറക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ത്രീക്ക് നിഷേധിക്കപ്പെട്ട ഒരു കാലം മലയാളനാട്ടില്‍ കടന്നുപോയിട്ടുണ്ട്. സ്ത്രീ മാറുമറക്കരുത് എന്ന മേലാള കല്‍പനക്കെതിരെ പതിറ്റാണ്ടുകളോളം സമരം ചെയ്ത് പോരാടി നാം നേടിയെടുത്ത അവകാശം മുതലാളിത്തം കവര്‍ന്നെടുക്കുന്നത് എന്തെളുപ്പത്തിലാണ്! പക്ഷേ, അത് തിരിച്ചറിയാന്‍പോലും കഴിയാത്തവിധത്തിലായി പലരും.
സ്വാതന്ത്ര്യം എന്ന വാക്കിന്റെ നിര്‍വചനം തുണിയുരിയലാണെന്ന് ആരാണ് പഠിപ്പിച്ചത്? രഹസ്യമായി ചെയ്യേണ്ടതെല്ലാം പരസ്യമാക്കലാണ് സ്വാതന്ത്ര്യമെങ്കില്‍ ആ സ്വാതന്ത്ര്യത്തിന്റെ നിരാകരണമാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്ന തിരിച്ചറിവാണ് നമ്മെ നയിക്കേണ്ടത്. മൂല്യബോധത്തില്‍ പണിത സ്വാതന്ത്ര്യസങ്കല്‍പത്തിന്റെ സവിശേഷതയാണത്.
Comments