Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

മദയാനയെ തളയ്ക്കാന്‍ വാഴനാരോ?

എ.ആര്‍

ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ അട്ടിമറി വിജയവും സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് നേരിടേണ്ടിവന്ന വന്‍ തകര്‍ച്ചയുമാണ് ദേശീയ രാഷ്ട്രീയത്തിലെ ഒടുവിലത്തെ ശ്രദ്ധേയ സംഭവവികാസവും സജീവ ചര്‍ച്ചാ വിഷയവും. ഈ വര്‍ഷാവസാനത്തിലോ അടുത്ത വര്‍ഷം മധ്യത്തിലോ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടപ്പിനെ അഭൂതപൂര്‍വമായ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഈ വിജയം ബി.ജെ.പിക്ക് സഹായകമാവുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ മനോവീര്യം തകര്‍ക്കാനും വഴിയൊരുക്കും എന്നതാണ് പൊതുവായ വിലയിരുത്തല്‍. കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന ഒരേയൊരു വലിയ സംസ്ഥാനമായ കര്‍ണാടകയിലെ ആസന്നമായ നിയമസഭാ തെരഞ്ഞെടപ്പില്‍ ആ പാര്‍ട്ടിയുടെ നില പരുങ്ങലിലാക്കാനും ഈ കനത്ത തോല്‍വി ഇടയാക്കും എന്ന നിരീക്ഷണവുമുണ്ട്. ഈ വിലയിരുത്തലുകളെല്ലാം യാഥാര്‍ഥ്യബോധമില്ലാത്തതോ ഉപരിപ്ലവമോ അല്ല താനും.

എന്നാല്‍, പശ്ചിമബംഗാള്‍ നിശ്ശേഷമായി ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതില്‍ പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്-വിശിഷ്യാ സി.പി.എമ്മിന്- നിര്‍ണായക സ്വാധീനമുള്ള രണ്ടേ രണ്ട് സംസ്ഥാനങ്ങളിലൊന്നായ ത്രിപുരയില്‍ കാല്‍ നൂറ്റാണ്ട് നീണ്ട ഭരണകുത്തകക്ക് അന്ത്യം കുറിച്ചതോടെ രാജ്യത്ത് ഇടതുപക്ഷത്തിന്റെ ഭാവി എന്താവും എന്ന ചോദ്യമാണ് സര്‍വഥാ പ്രധാനം. ഒരുവശത്ത് ഇടതുപക്ഷത്തിന്റെ തകര്‍ച്ച ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദുരന്തമാവും എന്ന് ജയറാം രമേശിനെപോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കുമ്പോള്‍, മറുവശത്ത് കോണ്‍ഗ്രസ്സുമായി ഒരു തരത്തിലും തലത്തിലും ബന്ധം വേണ്ടെന്ന് ശഠിക്കുന്ന സി.പി.എമ്മിലെ പ്രകാശ് കാരാട്ടും കേരള ഘടകവും ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് ആവുമ്പോഴേക്ക് നിലപാട് പുനഃപരിശോധിക്കേണ്ടിവരുമെന്ന കണക്കു കൂട്ടലും രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍, സി.പി.എം കേരള പാര്‍ട്ടിയല്ല, ദേശീയ പാര്‍ട്ടിയാണെന്നോര്‍മിപ്പിക്കേണ്ടിവന്ന അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ശക്തമായ വാദഗതികള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു സാധിച്ചില്ലെങ്കിലും കോണ്‍ഗ്രസ് ബന്ധം വേണ്ടേ വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള ഘടകം. പക്ഷേ, ലളിത ജീവിതത്തിന്റെ ദേശീയ മാതൃകയായ മാണിക് സര്‍ക്കാറിനെ പോലുള്ള ഒരു ജനകീയ മുഖ്യമന്ത്രി ഭരണനേതൃത്വത്തിലിരുന്നിട്ടും ത്രിപുര, തീവ്ര വലതുപക്ഷ വര്‍ഗീയ പാര്‍ട്ടിയെ വട്ടപ്പൂജ്യത്തില്‍നിന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് ഉയര്‍ത്തിയെങ്കില്‍ നയനിലപാടുകളാകെ പുനഃപരിശോധിക്കേണ്ട പതനത്തിലാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം എത്തിപ്പെട്ടിരിക്കുന്നത്. സി.പി.എമ്മിന്റെ വോട്ട് വിഹിതത്തില്‍ പറയത്തക്ക കുറവ് സംഭവിച്ചിട്ടില്ലെന്നത് ശരിയാണ്. 42.7 ശതമാനം വോട്ട് ഇപ്പോഴും പാര്‍ട്ടിക്കുണ്ട്. എന്നാല്‍ ബി.ജെ.പിയുടേത് 1.54-ല്‍നിന്ന് 42.5 ശതമാനമായാണ് കുതിച്ചുയര്‍ന്നത്. അതില്‍ സിംഹഭാഗവും കോണ്‍ഗ്രസ്സിന്റേതു തന്നെ. കഴിഞ്ഞ തവണ 36.5 ശതമാനമുണ്ടായിരുന്ന കോണ്‍ഗ്രസ് വോട്ട് ഇത്തവണ 1.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാവുന്നു. കോണ്‍ഗ്രസ്സുമായി ധാരണയുണ്ടായിരുന്നെങ്കില്‍ പോലും ബി.ജെ.പിയുടെ വിജയത്തിന് തടയിടാനാവുമായിരുന്നില്ല. സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കാം എന്നു മാത്രം. കാരണം വ്യക്തമാണ്; കോണ്‍ഗ്രസ്സുകാരെ കൂട്ടത്തോടെ കൂറുമാറ്റിയെടുത്തുകൊണ്ടാണ് ബി.ജെ.പി ത്രിപുര പിടിച്ചെടുക്കാന്‍ തുനിഞ്ഞിറങ്ങിയത്.

മേഘാലയയിലും നാഗാലാന്റിലുമാകട്ടെ മരുന്നിന് പോലുമില്ല ഇടതുപക്ഷം. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയില്‍ കോണ്‍ഗ്രസ്സിനെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഹിന്ദുത്വ പാര്‍ട്ടിക്ക് കഴിഞ്ഞതാണ് അവിടത്തെ പ്രത്യേകത. കേരളത്തില്‍നിന്ന് പോയ ഉമ്മന്‍ ചാണ്ടി പ്രഭൃതികള്‍ക്കൊന്നും ക്രൈസ്തവ സമ്മതിദായകരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അല്‍ഫോണ്‍സ് കണ്ണന്താനമാകട്ടെ തന്റെ ദൗത്യം വിജയകരമായി നിര്‍വഹിച്ചതിന്റെ പേരില്‍ നേതൃത്വത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. നാഗാലാന്റില്‍ പ്രാദേശിക കക്ഷികള്‍ക്കാണ് നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞതെങ്കിലും അവരുടെ പിന്തുണയോടെ സര്‍ക്കാറുണ്ടാക്കാനാണ് ബി.ജെ.പിയുടെ സഫല ശ്രമം. കേന്ദ്ര ഭരണം കൈയിലിരിക്കെ എന്ത് വില കൊടുത്തും അധികാരമുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശേഷി മറ്റൊരു പാര്‍ട്ടിക്കുമില്ല താനും.

വന്‍തോതില്‍ പണമൊഴുക്കിയും കുതന്ത്രങ്ങള്‍ പയറ്റിയും അധികാര ദുര്‍വിനിയോഗം നടത്തിയുമാണ് അമിത് ഷായും നരേന്ദ്ര മോദിയും സംസ്ഥാനങ്ങളെ പിടിയിലൊതുക്കുന്നതെന്ന പ്രതിപക്ഷാരോപണത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. ഒരുവിധ നൈതികതയിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കാത്ത ഹിന്ദുത്വ പടക്ക് മതേതര പാര്‍ട്ടികളുടെ ബലഹീനതകള്‍ ശരിക്കും അറിയാവുന്നതുകൊണ്ട് സമര്‍ഥമായി മുതലെടുക്കാന്‍ കഴിയുന്നുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുര്യോഗം.

അവസാന വിശകലനത്തില്‍ ദേശീയ സനാരിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്ന നഗ്ന യാഥാര്‍ഥ്യങ്ങള്‍ രാഷ്ട്രത്തിന്റെ ഭാവിയില്‍ തല്‍പരരായ മുഴുവന്‍ പൗരന്മാരുടെയും സഗൗരവ വിചിന്തനത്തിന് വിധേയമാവേണ്ടതാണ്.

ഒന്ന്, വംശീയതയുടെ ഉള്ളടക്കമുള്ള തീവ്ര ദേശീയതയുടെ ശക്തമായ തിരിച്ചുവരവ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പൊതുവായ പ്രത്യേകതയാണ്. അമേരിക്കയും യൂറോപ്പും പൗരസ്ത്യ രാജ്യങ്ങളുമൊന്നും അതിനപവാദമല്ല. രണ്ടാം ലോക യുദ്ധത്തിന്റെ കെടുതികളനുഭവിച്ച ലോകം ഐക്യരാഷ്ട്ര സഭയുടെ രൂപവത്കരണത്തിലൂടെ സാര്‍വലൗകിക മാനവികകൈ്യത്തിനും യുദ്ധമില്ലാ ലോകത്തിനും തുനിഞ്ഞിറങ്ങിയെങ്കിലും കരുത്തരായ അംഗരാഷ്ട്രങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ ലോക സംഘടന നിര്‍വീര്യമായി കഴിഞ്ഞു. സോവിയറ്റ് യൂനിയന്റെയും കമ്യൂണിസ്റ്റ് ചേരിയുടെയും പതനം ദേശരാഷ്ട്രങ്ങളുടെ രണോത്സുക ദേശീയതക്ക് ആക്കം കൂട്ടി. ഒടുവിലത്തെ ദശകത്തില്‍ വംശ, വര്‍ണ വിഭാഗീയ ശക്തികള്‍ പലേടത്തും കരുത്താര്‍ജിച്ചു. വംശവെറി മനുഷ്യലോകത്തിന് തന്നെ ഭീഷണിയായി. ജനാധിപത്യ രാജ്യമായ ഇന്ത്യയിലും ഈ പ്രതിഭാസമാണ് കുതിച്ചുയരുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയും നെതന്യാഹുവിന്റെ ഇസ്രയേലും നരേന്ദ്ര മോദിയുടെ ഇന്ത്യയും ഒരേ പാതയില്‍ പരസ്പരം കൈകോര്‍ത്താണ് മുന്നോട്ടു കുതിക്കുന്നത്. ഇതിന് തടയിടാന്‍ മത നിരപേക്ഷ ജനാധപത്യ ഭൂമികയിലെ വാചാടോപങ്ങള്‍ക്കാവുകയില്ല.

രണ്ട്, 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ -പെന്റഗണ്‍ ആക്രമണത്തിനു ശേഷം അതുവരെ മന്ദഗതിയിലായിരുന്ന ഇസ്‌ലാമോഫോബിയ അതിന്റെ മൂര്‍ധന്യത്തിലെത്തുകയും ആഗോളവ്യാപകമായി 'ഇസ്‌ലാമിക ഭീകരത' (Islamic Terrorism) ലോക സമാധാനത്തിന് നേരെ ഉയരുന്ന വന്‍ ഭീഷണിയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് മുസ്‌ലിം-അമുസ്‌ലിം രാജ്യങ്ങളിലുടനീളം ഇസ്‌ലാമിക തീവ്രവാദം എന്ന് പേരിട്ട പ്രതിഭാസത്തിന്റെ പേരില്‍ ആരെയും എവിടെ വെച്ചും എപ്പോഴും വേട്ടയാടുകയും പിടികൂടുകയും ചെയ്യാവുന്ന സാഹചര്യം ഭരണകൂടങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചു. നേരത്തേതന്നെ കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോയിക്കൊണ്ടിരുന്ന ഇന്ത്യന്‍ ഭരണകൂടത്തിനും അതിനവരെ നിര്‍ബന്ധിക്കുന്ന തീവ്ര വലതുപക്ഷത്തിനും ഇത് മികച്ച അവസരമൊരുക്കി. ഇന്ത്യന്‍ മുസ്‌ലിംകള്‍ മൊത്തം സംശയത്തിന്റെയും നിരീക്ഷണത്തിന്റെയും കരിനിഴലിലായി. മുംബൈ സ്‌ഫോടനം എരിതീയില്‍ എണ്ണ പകര്‍ന്നു. മുസ്‌ലിം ന്യൂനപക്ഷം സ്വതേ കണ്ണിലെ കരടായ ഹിന്ദുത്വശക്തികള്‍ക്കിത് സുവര്‍ണാവസരമായി. മതേതര പാര്‍ട്ടികളെ അവര്‍ സമ്മര്‍ദത്തിലാക്കി. മൃദുഹിന്ദുത്വം പയറ്റാനും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പാസ്സാക്കാനും കോണ്‍ഗ്രസ് സര്‍ക്കാറുകളെ നിര്‍ബന്ധിതമാക്കിയത് ഈ പശ്ചാത്തലമാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യ ഐ.എസ് മുക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോഴും മുസ്‌ലിം യുവാക്കള്‍ കൂട്ടത്തോടെ ഐ.എസിലേക്കാകര്‍ഷിക്കപ്പെടുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയാണ് മീഡിയ. ഇത് ഭൂരിപക്ഷ സമുദായ മനസ്സുകളെ തീവ്ര ഹിന്ദുത്വത്തിലേക്കടുപ്പിക്കാന്‍ ഒട്ടൊന്നുമല്ല സഹായിക്കുന്നത്.

മൂന്ന്, മതനിരപേക്ഷ ജനാധിപത്യത്തില്‍ അധിഷ്ഠിതമെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് വാര്‍ധക്യസഹജമായ ഒട്ടേറെ രോഗങ്ങളാല്‍ കഷ്ടപ്പെടുകയാണ്. മൗലിക തത്ത്വങ്ങളില്‍നിന്ന് വ്യതിചലിച്ച് അവസരവാദപരമായ കൂട്ടുകെട്ടുകളിലേര്‍പ്പെടാനും എവ്വിധവും അധികാരം കൈവിടാതിരിക്കാനുമുള്ള വ്യഗ്രതയില്‍ പാര്‍ട്ടി കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന പരുവത്തിലെത്തി നില്‍ക്കുന്നു. വീണ്ടെടുപ്പിന് കരുത്തുറ്റ നേതൃത്വം പാര്‍ട്ടിക്കില്ല. സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളാണ് കോണ്‍ഗ്രസിനു എക്കാലത്തും തുണയാവാറ്. ഒടുവിലത്തെ ഉദാഹരണമാണ് പഞ്ചാബ്. മറ്റെല്ലായിടത്തും പിന്നോട്ട് പോകുമ്പോഴും പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി കൂട്ടുകെട്ടിനെ തോല്‍പ്പിക്കാനായത് അമരീന്ദര്‍ സിംഗ് എന്ന പ്രാദേശിക നേതാവിന്റെ കരുത്തിലാണ്. ആന്ധ്രയില്‍ വൈ.എസ്.ആര്‍ റെഡ്ഡി ജീവിച്ചിരുന്നപ്പോഴും അതായിരുന്നു സ്ഥിതി. ഇപ്പോള്‍ ഒട്ടുമുക്കാല്‍ സംസ്ഥാനങ്ങളിലും ജനസമ്മതരായ നേതാക്കളില്ല, ഉള്ളവര്‍ തമ്മില്‍ അവസാനിക്കാത്ത തല്ലും. സ്വാഭാവികമായും മുതലെടുക്കുന്നത് സൈനികവത്കൃത ആര്‍.എസ്.എസ്സിന്റെ പശ്ചാത്തലമുള്ള ബി.ജെ.പിയാണ്. രാഹുല്‍ ഗാന്ധിയാവട്ടെ അമ്മയുടെ നേതൃശേഷി പോലും പ്രകടിപ്പിക്കുന്നുമില്ല. ഈയവസ്ഥയില്‍ ദേശീയാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് കൂടി ഘടകമായ മതേതര മുന്നണി എന്ന സ്വപ്‌നം യാഥാര്‍ഥ്യമായാലും മഹാത്ഭുതമൊന്നും പ്രതീക്ഷിക്കാന്‍ വയ്യ.

നാല്, തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആഗോള കമ്യൂണിസത്തിന് തകര്‍ച്ച നേരിട്ടപ്പോഴും ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍- വിശേഷിച്ചും സി.പി.എം- താരതമ്യേന ശക്തമായ ഒരിടതുപക്ഷത്തെ നിലനിര്‍ത്തുന്നതില്‍ വിജയിക്കുകയുണ്ടായി. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സൈദ്ധാന്തിക വ്യാഖ്യാനങ്ങളും ഹര്‍കിഷന്‍ സുര്‍ജിതിന്റെ അടവുനയങ്ങളും പശ്ചിമ ബംഗാളില്‍ ജ്യോതിബസുവിന്റെ സമര്‍ഥമായ നേതൃത്വവുമൊക്കെ അതിനു സഹായിച്ച ഘടകങ്ങളാണ്. 2004-2014 കാലത്തെ യു.പി.എ സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണച്ച കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ തുടര്‍ന്നുവന്ന തെരഞ്ഞെടപ്പില്‍ ഇടതുപക്ഷത്തിന്റെ ബലഹീനത പ്രകടമായി. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ പൂര്‍വാധികം ശക്തി ക്ഷയിച്ചു; ബംഗാള്‍ പോലും പാര്‍ട്ടിയെ കൈവിട്ടു. ഒടുവിലിതാ ത്രിപുരയിലെ ഞെട്ടിക്കുന്ന പരാജയത്തോടെ ദേശീയപാര്‍ട്ടി പദവിതന്നെ സി.പി.എമ്മിന് നിലനിര്‍ത്താനാവുന്ന കാര്യം പരുങ്ങലിലായിരിക്കുന്നു. അതോടൊപ്പം 1964-ല്‍ ഈ പാര്‍ട്ടിയെ പിളര്‍ത്തിയ കോണ്‍ഗ്രസ്സിനോടുള്ള സമീപന പ്രശ്‌നം ഇപ്പോള്‍ വീണ്ടും ഒരുവശത്ത് സി.പി.എമ്മിനകത്തും സി.പിഎം -സി.പി.ഐ ബന്ധങ്ങളിലും വിള്ളലുകള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താതെ നില പരുങ്ങലിലാണെന്നിരിക്കെ അനൈക്യം ഇടതുപക്ഷത്തെ പൂര്‍വാധികം തളര്‍ത്തുമെന്ന് തീര്‍ച്ച. ഒരേയൊരു ചെന്തുരുത്തായ കേരളത്തിലടക്കം അത് പ്രത്യാഘാതങ്ങള്‍ ഉളവാക്കാതെ വയ്യ. മുതലെടുക്കുന്നത് സ്വാഭാവികമായും സംഘ് പരിവാര്‍ തന്നെ.

സ്ഥിതിവിശേഷം ആഴത്തില്‍ പഠിച്ച് പാളിച്ചകള്‍ തിരുത്തി ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെങ്കില്‍ ഏകകക്ഷി ഭരണമാവും ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസ്സിനെയും അത് നിയന്ത്രിക്കുന്ന സര്‍ക്കാറിനെയും ഫാഷിസ്റ്റാണെന്ന് സമ്മതിക്കാന്‍ സി.പി.എം കേരള ഘടകത്തിന്റെ പിന്തുണയില്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയാറാവാതിരിക്കുന്നത്. 'ഇവിടെ ഫാഷിസം ഇല്ല. ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയുമല്ല' എന്ന് അദ്ദേഹം തീര്‍ത്തുപറയുന്നു. കാരാട്ടിന്റെ ദൃഷ്ടിയില്‍ കേവലം സ്വേഛാധിപത്യം മാത്രമാണ് ആര്‍.എസ്.എസ്സിന്റേത് (മാധ്യമം ആഴ്ചപ്പതിപ്പുമായുള്ള അഭിമുഖം, മാര്‍ച്ച് 5, 2018) കോണ്‍ഗ്രസ് ബി.ജെ.പിക്ക് തുല്യമല്ലെങ്കിലും കോര്‍പ്പറേറ്റുകളെ വാരിപ്പുണരുന്ന കാര്യത്തില്‍ രണ്ട് പാര്‍ട്ടികളും തമ്മില്‍ അന്തരമില്ലെന്നും അദ്ദേഹം വാദിക്കുന്നു. ഈ നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുന്നേടത്തോളം യോജിച്ച ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം അസാധ്യമാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തി പ്രതിസന്ധിയെ നേരിടുമെന്ന വീരവാദം വെറും വീണ്‍വാക്കാവുമെന്നാണ് ഒടുവിലത്തെ ത്രിപുര ഫലങ്ങള്‍ തെളിയിച്ചുകാട്ടുന്നതും. ചുരുക്കത്തില്‍ മദയാനയെ തളക്കാന്‍ വാഴനാര് പിരിക്കാനുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും ചിരിക്കാന്‍ മാത്രമേ വകനല്‍കൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌