ബോണ്‍സായ് വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കാറില്ല
നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിച്ചുകൊണ്ടിരിക്കുന്ന മകന്‍ ഒരുനാള്‍ തറവാട്ടില്‍ വന്നു. അഛന്റെ ആവശ്യപ്രകാരം പണം അയക്കാന്‍ അദ്ദേഹത്തോടൊപ്പം ബാങ്കില്‍ പോയി. തിരക്കു കാരണം മണിക്കൂറുകളോളം അവിടെ ചെലവഴിക്കേണ്ടിവന്നു. സ്മാര്‍ട്ട് ഫോണ്‍ തുറന്ന് വിരലുകള്‍ കൊണ്ട് തോണ്ടി ആലസ്യമകറ്റി. ഇന്റര്‍നെറ്റിന്റെ കടലില്‍ മുങ്ങിയും താണും സമയം പോക്കി. ഇടക്ക് മകന്‍ അഛനോട് ചോദിച്ചു: 'അഛാ, എന്തിനാണ് ഈ ബാങ്കില്‍ ഇത്രയും സമയം കാത്തുനില്‍ക്കുന്നത്? ആ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഒന്നു ചെയ്തുകൂടേ? എന്തിന്; അഛന് വേണ്ട വീട്ടുസാധനങ്ങള്‍ വരെ വാങ്ങാന്‍ ഇനി നടന്ന് വിഷമിച്ച് കടക്കു മുന്നില്‍ കാത്തുനില്‍ക്കേണ്ടതില്ല. മൊബൈല്‍ എടുത്ത് ആ ചൂണ്ടുവിരല്‍ ഒന്നമര്‍ത്തിയാല്‍ മതി, ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ആമസോണ്‍ വീട്ടിലെത്തിക്കും.' അഛന്‍ ചെറുപുഞ്ചിരി തൂകി പറഞ്ഞു: 'മോനേ, അഛന്‍ ഇത്രയും സമയം ഇവിടെ ചെലവഴിച്ചത് ഒട്ടും പാഴായിട്ടില്ല. ഞാന്‍ ഇവിടെ എന്റെ എത്രയോ സുഹൃത്തുക്കളെ കണ്ടു. സ്‌നേഹിതരുമായി സംസാരിച്ചു. കൂടെ ജോലി ചെയ്ത പലരുമായി സംസാരിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. പിന്നെ നീയും ഭാര്യയും മക്കളും ഫ്‌ളാറ്റിലാണല്ലോ താമസം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പനി പിടിച്ച് കിടന്നപ്പോള്‍ ഞാന്‍ സ്ഥിരമായി പച്ചക്കറി വാങ്ങുന്ന കടയുടമയാണ് കുറച്ച് ദിവസങ്ങളായല്ലോ കണ്ടില്ല എന്ന് പറഞ്ഞ് അന്വേഷിച്ച് വന്ന് ശുശ്രൂഷിച്ചത്. കൂടാതെ അമ്മ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി റോഡിലെ കുഴിയില്‍ വീണപ്പോള്‍ 'അമ്മച്ചീ' എന്നു വിളിച്ച് ഓടിവന്ന് ഓട്ടോക്കാരനെയും കൂട്ടി ആശുപത്രിയില്‍ കൊണ്ടുപോയത് ആ പലചരക്ക് കച്ചവടക്കാരനാണ്. മനം കൊതിക്കുന്ന ഉല്‍പന്നങ്ങളൊക്കെയും ആമസോണ്‍ ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കുമായിരിക്കും. പക്ഷേ പച്ച മനുഷ്യന്റെ കരുണ നിറഞ്ഞ ഹൃദയത്തിന്റെ ഈ സ്‌നേഹസ്പര്‍ശം ഓണ്‍ലൈന്‍ വഴി ലഭിക്കില്ലല്ലോ മോനേ.' ഇനിയും വറ്റിത്തീരാത്ത ഗ്രാമ ജീവിതത്തിന്റെ സ്‌നേഹക്കുളിരുള്ള ആത്മഭാഷണം കേട്ട് ഓണ്‍ലൈന്‍ ജീവിയായ പുത്രന്‍ സ്തബ്ധനായി നിന്നു.
വാട്ട്‌സ്ആപ്പില്‍ വൈറലായ ഒരു കഥ എന്നതിനപ്പുറം ആധുനിക തലമുറ അകപ്പെട്ടുപോയ സ്‌നേഹനിരാസത്തിന്റെ ആഴവും പഴയ തലമുറ അനുഭവിച്ച സ്‌നേഹ സ്പര്‍ശത്തിന്റെ പരപ്പും ലളിത സുന്ദരമായി ഈ കഥ വ്യക്തമാക്കിത്തരുന്നു. ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് ചുറ്റിപ്പടര്‍ന്ന് കയറേണ്ട സ്‌നേഹം റേഞ്ച് കിട്ടാത്ത മൊബൈലിലെ ചുറ്റിത്തിരിയുന്ന സിംബലുകള്‍ക്ക് മുന്നില്‍ ഫ്രണ്ട് റിക്വസ്റ്റ് കിട്ടാതെ തലചുറ്റി വീഴുകയാണ്. നൂറുകണക്കിന് വാട്‌സ്ആപ്പ് കൂട്ടുകാരും ആയിരക്കണക്കിന് ഫേസ്ബുക് ചങ്ങാതിമാരുമുള്ളവര്‍ അപകടത്തില്‍പെട്ട് ആരുമാരും തിരിഞ്ഞുനോക്കാതെ ചോര വാര്‍ന്നു കിടക്കുന്നു. സഹതാപ വികാരം നിറഞ്ഞ സഹായാഭ്യര്‍ഥനയുടെ വാട്‌സ്ആപ്പ് മെസേജുകള്‍ വായിച്ച് സഹായ ഹസ്തവുമായി ഓടിച്ചെല്ലുന്നതിനു പകരം അടുത്ത ഗ്രൂപ്പില്‍ ആദ്യമയക്കുന്ന വ്യക്തി താനായി മാറാന്‍ ഓണ്‍ലൈനില്‍ മത്സരിക്കുകയാണ് ആധുനിക തലമുറ. സാമൂഹിക മാധ്യമങ്ങള്‍ ലോകത്തിന്റെ ദൂരദൈര്‍ഘ്യം കുറച്ചുവെങ്കിലും മനുഷ്യഹൃദയങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വികര്‍ഷിച്ചോ എന്ന ചിന്ത ഒട്ടും അസ്ഥാനത്തല്ല.
ജനങ്ങളിലേക്ക് ഇറങ്ങിവരേണ്ട മതവും വിശ്വാസവും ഈ കുത്തൊഴുക്കില്‍ ഓണ്‍ലൈന്‍ ജീവിതം പോലെ ഏകാന്തതയിലേക്ക് ഉള്‍വലിയുന്നു. ജനങ്ങളിലേക്കിറങ്ങി ഹൃദയങ്ങളുമായി സംവദിക്കേണ്ട ദര്‍ശനം ഒരുവേള ആട്ടിന്‍കൂട്ടങ്ങളുമായി മലകയറി സായൂജ്യമടയുന്നു. ഇനിയും ചിലര്‍ കരിഷ്മാറ്റിക് അഭ്യാസങ്ങളില്‍ അഭിരമിക്കുന്നു. ഇനിയുമൊരു കൂട്ടര്‍ പര്‍ണശാലയില്‍ അടയിരിക്കുന്നു. കപട സിദ്ധന്മാരുടെ ദര്‍ശനത്തിനായി ദിവസങ്ങളോളം കാത്തുകിടക്കുന്നു. സാമൂഹികതല്‍പരത നഷ്ടപ്പെട്ട ആത്മസായൂജ്യങ്ങളായി മതവും മാറിപ്പോകുന്നു. സ്വന്തത്തിലേക്ക് ചുരുങ്ങിപ്പോയ മതവും സാങ്കേതിക വിദ്യകളും.
സര്‍വവും അലങ്കാരമായി മാറിയതാണ് ആധുനിക ലോകത്തിന്റെ സവിശേഷത; മതങ്ങള്‍ മാത്രമല്ല, മരങ്ങളും തഥൈവ. ഇത് ബോണ്‍സായ് വൃക്ഷങ്ങളുടെ കാലമാണ്. ഭൂമിയില്‍ തായ്‌വേര് ഇറങ്ങി പടര്‍ന്നു പന്തലിക്കുന്ന വന്‍ മരങ്ങളുടെ വളര്‍ച്ച മുരടിപ്പിച്ച് സ്വീകരണ മുറിയിലെ ചട്ടിയില്‍ നട്ടുനനച്ച് നിലനിര്‍ത്തുന്ന രീതിയാണത്. പൂക്കള്‍ വിരിഞ്ഞ് സൗരഭ്യവും പഴങ്ങള്‍ നിറഞ്ഞ് സമൃദ്ധിയും നല്‍കേണ്ട മരം സ്വീകരണ മുറിയിലെ ചെറുചട്ടിയില്‍ പത്തിരുപതിഞ്ച് നീളം മാത്രമുള്ള കുള്ളനായിരിക്കുന്നു. പഴങ്ങളും ചൂടിനെ പ്രതിരോധിച്ച് തണല്‍ വിരിച്ച് കുളര്‍മയും നല്‍കേണ്ട മരങ്ങള്‍ കണ്ണിനു കൗതുകം മാത്രമുള്ള അലങ്കാരച്ചെടിയായി നാല്‍ ചുമരുകള്‍ക്കുള്ളില്‍ ചുരുങ്ങിപ്പോയിരിക്കുന്നു. ജനഹൃദയങ്ങളിലേക്കിറങ്ങാത്ത ആധുനിക ആധ്യാത്മിക വൃക്ഷത്തെ ബോണ്‍സായ് മതം എന്ന് വിളിച്ചാല്‍ അതിലൊട്ടും അതിശയോക്തിയില്ല.
ജീവിക്കുന്ന ചുറ്റുപാടുകളിലും അയല്‍പക്കങ്ങളിലും പരസഹായത്തിനു കേഴുന്ന മനുഷ്യരുണ്ടാകുമ്പോള്‍, ദൈവത്തിനു മുന്നില്‍ കൈകൂപ്പുന്ന കരങ്ങള്‍ ആ പാവങ്ങളിലേക്ക് നീളുന്നില്ലെങ്കില്‍ ആ വിശ്വാസി ഒരു ബോണ്‍സായ് ഭക്തന്‍ തന്നെ. സര്‍വ മത വിഭാഗങ്ങളുടെയും ഭക്തി ഇന്ന് ഉത്സവങ്ങളും നേര്‍ച്ചകളുമായി നിറഞ്ഞാടുന്ന കാലമാണ്. രാമായണ സപ്താഹ യജ്ഞങ്ങളും ബൈബിള്‍ പ്രഘോഷണങ്ങളും ദിക്ര്‍ ഹല്‍ഖകളും നഗരമധ്യത്തിലെ മൈതാനങ്ങളില്‍ കെട്ടുകാഴ്ചകളാകുന്ന ലോകം.
എറണാകുളം നഗരമധ്യത്തിലെ ബഹുനില കെട്ടിടത്തില്‍നിന്ന് ഒരു മനുഷ്യന്‍ കാല്‍ വഴുതി നടുറോഡില്‍ വീഴുന്നു. അപകടത്തിന്റെ ആഘാതത്തില്‍ വേദന കൊണ്ട് പുളഞ്ഞ മനുഷ്യന്‍ നൊമ്പരപ്പെട്ട് പിടയുന്നു. ഹതഭാഗ്യനായ മനുഷ്യന്റെ നിസ്സഹായമായ കണ്ണുകള്‍ ചുറ്റും കൂടി നിന്ന വലിയ ആള്‍ക്കൂട്ടത്തിലേക്ക് നോക്കുന്നു. സാധാരണ അപകടങ്ങളില്‍ ഓടിയെത്താറുള്ള ഓട്ടോറിക്ഷക്കാര്‍ വരെ കാഴ്ചക്കാരാകുന്നു. കുറച്ചു നേരത്തേക്കെങ്കിലും നിസ്സംഗരായി നിന്നവരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാകാനേ തരമുള്ളൂ. കേരളത്തില്‍ മേമ്പൊടിക്കു പോലും കാണാത്ത യുക്തിവാദികളെ നാമെന്തിന് പ്രതിക്കൂട്ടിലാക്കണം! നിസ്സംഗരായി നിന്നവര്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെന്നിരിക്കെ കണ്ണുകള്‍ ചിമ്മി ഭക്തിപുരസ്സരം പ്രപഞ്ചസ്രഷ്ടാവിലേക്ക് നീട്ടിയ കൂപ്പുകൈകള്‍ എന്തേ മിനിറ്റുകളോളം സഹായത്തിനു വേണ്ടി കേണുകരഞ്ഞ ആ പച്ച മനുഷ്യനിലേക്ക് നീളാതിരുന്നത്? എന്നാല്‍, കാണികളായി നിന്ന ബോണ്‍സായ് വൃക്ഷങ്ങള്‍ക്കു മുമ്പില്‍ അഡ്വ. രഞ്ജിനിയും കുറച്ച് സുമനസ്സുകളും അവിടെ വടവൃക്ഷമായി പടര്‍ന്നു പന്തലിച്ചു. ആ കരുണയുടെ നിറകുടങ്ങളെയാണ് മതമേതായാലും സേവനത്തിന്റെ മാലാഖമാര്‍ എന്നു വിശേഷിപ്പിക്കേണ്ടത്.
സാംസ്‌കാരിക കേരളത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമായ ഒരു നഗരത്തിന്റെ നിര്‍വികാരത പല സുമനസ്സുകളെയും വേദനിപ്പിച്ചു. കേരള മുഖ്യമന്ത്രി വരെ ആ നിസ്സംഗതയില്‍ നടുക്കം രേഖപ്പെടുത്തി. കേരള നിയമസഭയോടൊപ്പം ലോകത്തെ കരുണ വറ്റാത്ത മനുഷ്യരഖിലം സുമനസ്സുകളെ പ്രകീര്‍ത്തിച്ചു. സര്‍വവും ഓണ്‍ലൈനിലായ യാന്ത്രിക സമൂഹത്തിന് സ്മാര്‍ട്ട് ഫോണിന്റെ കാമറക്കണ്ണിലൂടെ അപകടങ്ങള്‍ പകര്‍ത്തി ചൂണ്ടുവിരല്‍ കൊണ്ട് തോണ്ടി മറു ഗ്രൂപ്പില്‍ അയക്കാന്‍ മാത്രമേ അറിയൂ.
ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്ക് പടര്‍ന്നു കയറുന്ന സ്‌നേഹത്തിന്റെ തന്ത്രികള്‍ വികാസക്ഷമതയുള്ള ഒരു മതദര്‍ശനത്തിന്റെ വിത്തില്‍നിന്നേ പടര്‍ന്നു പന്തലിക്കുകയുള്ളൂ. മതം മനുഷ്യനെ പടര്‍ന്നു പന്തലിക്കുന്ന വൃക്ഷമാക്കണം. സൗരഭ്യം പൊഴിക്കുന്ന പൂമരം. വിശക്കുന്നവന്റെ മുന്നിലേക്ക് പഴം ഇട്ടുകൊടുക്കുന്ന വന്‍ മരം. അതാണല്ലോ മതദര്‍ശനങ്ങളുടെയും വേദപുസ്തകങ്ങളുടെയും അകംപൊരുള്‍. മഹാമനീഷികളുടെ ജീവിതമുദ്രയും അതുതന്നെ. ക്രൗഞ്ച പക്ഷിയെ വേട്ടയാടാന്‍ നിന്ന വേടനോട് 'മാ നിഷാദ' പാടിയ വാല്‍മീകി. നല്ല സമരിയക്കാരനെ അശ്വരമാക്കിയ യേശു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ വിശ്വാസിയല്ലെന്ന് പ്രഖ്യാപിച്ച മുഹമ്മദ് നബി. കൊടുങ്കാറ്റിലും കടപുഴകാത്ത വന്‍ മരങ്ങള്‍!
''ഉത്തമ വചനത്തിനു അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് ഒരു ഉത്തമ വൃക്ഷം പോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ചില്ലകള്‍ ആകാശത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഇപ്രകാരം ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നത് അവര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനു വേണ്ടിയാകുന്നു'' (ഇബ്‌റാഹീം 25,26).
മതസമൂഹങ്ങളുടെ ആരാധനാലയങ്ങള്‍ നിറഞ്ഞ സാംസ്‌കാരിക കൈരളിയില്‍ പ്രകടമാകുന്ന നിസ്സംഗത നമ്മെ അമ്പരപ്പിക്കുന്നു. അന്യന്റെ നൊമ്പര കണ്ണുനീരിനെ സ്വന്തം ആത്മനൊമ്പരമായി കാണാന്‍ കഴിയുന്ന ദര്‍ശനത്തിന്റെ വക്താക്കളാവുകയാണ് വേണ്ടത്. ആ ദര്‍ശനമുള്ളവര്‍ എത്ര വിദൂരത്താണെങ്കിലും അവര്‍ സമരപന്തലില്‍ ഓടിയെത്തും. ആ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാണ് കൂരിരുട്ടിലും പ്രതീക്ഷയുടെ നാളങ്ങള്‍. അവര്‍ ഭക്തിയെ ഉത്സവമാക്കിയവരല്ല, ജനസേവനത്തെ ഉപാസനയാക്കിയവര്‍. ആധുനിക മതത്തിന്റെ പുറംതോട് പൊട്ടിച്ച് പൂക്കളും പഴങ്ങളും നിറഞ്ഞ വടവൃക്ഷമായി പടര്‍ന്നു പന്തലിക്കുന്നവര്‍. ഓര്‍ക്കുക; ബോണ്‍സായ് വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കാറില്ല!
Comments