നവോത്ഥാനം ഘനീഭവിച്ചുവോ?
പ്രബോധനം പ്രസിദ്ധീകരിച്ച (ലക്കം 36,37) മൂന്ന് ലേഖനങ്ങള്‍ (മാറിയ ഇന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ എന്തായിരിക്കണം, ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യേണ്ടത്, സമകാലിക സാമൂഹികാവസ്ഥകള്‍ - പരിഹാര നിര്‍ദേശങ്ങള്‍) സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
ആറര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തില്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ഇജ്തിഹാദീ പഠനമായിട്ടാണ് ആ ലേഖനങ്ങള്‍ അനുഭവപ്പെട്ടത്. നവോത്ഥാന പ്രസ്ഥാനം കാലത്തിന്റെ ചുവരെഴുത്തുകള്‍ വളരെ കൃത്യമായി വിശകലനം ചെയ്യുന്നു. സ്റ്റേജില്‍ സ്ഥാനവും പത്രത്തില്‍ പടവും വരുമെങ്കില്‍ ഏത് ക്രൂരന്മാരോടും ഫാഷിസ്റ്റുകളോടും ചങ്ങാത്തം കൂടാന്‍ മടിയില്ലാത്ത പൗരോഹിത്യത്തിന്റെ കാലത്ത് യഥാര്‍ഥത്തില്‍ വിസ്മയമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ഞാനും ഭാര്യയും തട്ടാനും എന്ന ചിന്തയിലേക്ക് പലരും തരംതാഴ്ന്നിരിക്കുന്നു. ഖിലാഫത്ത് എന്ന ദൗത്യനിര്‍വഹണം മറന്നവര്‍ ഭൗതിക സുഖങ്ങളുടെ പിന്നാലെയാണ് ഓടുന്നത്. ഇസ്‌ലാമിക പ്രസ്ഥാനത്തിലെ സഹോദരങ്ങള്‍ പോലും ചിന്താ-പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ചിലപ്പോള്‍ ഘനീഭവിച്ചുകിടക്കാറുണ്ട്.
ദഅ്‌വത്തും ജിഹാദും ഒരുമിച്ച് ചലിക്കേണ്ട പ്രവാഹമാണ്. ഒന്നിന്റെ അഭാവത്തില്‍ മറ്റൊന്നിന് നിലനില്‍ക്കാനാവില്ല. ഭരണ നിര്‍വഹണം എന്ന 'സുരക്ഷാ ബെല്‍റ്റ്' ധരിക്കാത്തതാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ നിരന്തരം വേട്ടയാടപ്പെടാന്‍ കാരണം. അധികാരമുള്ളിടത്താണെങ്കില്‍ മിക്ക രാഷ്ട്രങ്ങളെയും നയിക്കുന്നത് കപട വിശ്വാസികളുമാണ്. യാത്ര സുരക്ഷിതമാകണമെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന പ്രാഥമിക അറിവെങ്കിലും നാം കൈവരിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ അഭാവത്തില്‍ സമുദായത്തിന്റെ മുഴുവന്‍ കുതിപ്പും കിതപ്പും വ്യര്‍ഥമാണെന്ന് സമീപകാല സംഭവങ്ങള്‍ പഠിപ്പിക്കുന്നു; മാറിയ ഇന്ത്യന്‍ സാഹചര്യം പ്രത്യേകിച്ചും.
വിശപ്പുമൂലം മോഷണം നടത്തിയ തന്റെ പൗരനെ മോഷണക്കുറ്റത്തിന് ശിക്ഷിക്കാതെ തിരിച്ചയച്ച ഭരണാധികാരി ഉമറുല്‍ ഫാറൂഖിന്റെ പിന്‍ഗാമികള്‍ പട്ടിണിപ്പാവത്തെ തല്ലിക്കൊല്ലുന്ന മാനസികാവസ്ഥയില്‍ കേവലം മതപ്രബോധനം എന്ന ദഅ്‌വത്തിന് എന്ത് പ്രസക്തിയാണുള്ളത്?
മനുഷ്യമനസ്സുകളില്‍ പാറ പോലെ പൂണ്ടുപോയ ബിംബങ്ങള്‍ തച്ചുടക്കാതെ ലോക സാഹചര്യം മാറ്റിയെടുക്കല്‍ സാധ്യമല്ല. നിരന്തരമായ ഈ പ്രക്രിയയും തജ്ദീദിന്റെ ഭാഗമാണെന്ന് തിരിച്ചറിയുക. ഒരു യോഗത്തില്‍നിന്നും മറ്റൊരു യോഗത്തിലേക്ക് മാറിയിരിക്കല്‍ മാത്രമല്ല പ്രസ്ഥാന പ്രതിബദ്ധത. ലോകത്തെ നയിക്കേണ്ട നാം ആരൊക്കെയോ നിശ്ചയിക്കുന്ന അജണ്ടകള്‍ക്ക് പിന്നാലെ ഓടിപ്പോകുന്ന ദുരവസ്ഥ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ചിലപ്പോഴെങ്കിലും പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന പണി നാമും ചെയ്തുപോകുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളില്‍നിന്ന് സമൂഹത്തെ നയിക്കാനുള്ള പുതിയ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരില്‍നിന്നും ഉയര്‍ന്നുവരട്ടെ. സമൂഹത്തിന്റെ കൈപിടിച്ച് അവര്‍ക്ക് മുന്നില്‍ നടക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ എന്ന് സ്വയം സന്നദ്ധമാകുന്നുവോ അന്നേ ലോകത്തിന്റെയും രാജ്യത്തിന്റെയും ഭാവി ശോഭനമാകൂ.
ഒരു കുളത്തില്‍ മാത്രം ആയുഷ്‌കാലം മുഴുവന്‍ നീന്തി കുളിച്ച് രസിച്ചു ജീവിച്ച മത്സ്യം മറ്റൊരു കുളവും ലോകവും ഉണ്ടെന്ന് അംഗീകരിക്കാന്‍ മടിക്കുന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ ചിന്താ-കര്‍മ രംഗങ്ങളില്‍ ഇങ്ങനെ മാറിപ്പോകരുത്. ആഗോള സാമൂഹികാവസ്ഥകളുടെ ഉള്ളറകള്‍ യഥാവിധി ഗ്രഹിച്ച്, അവ തിരിച്ചറിഞ്ഞ് പ്രായോഗിക തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് വിജയിപ്പിച്ചെടുക്കുമ്പോഴാണ് നാം ജീവസ്സുറ്റ പ്രസ്ഥാനമായി മാറുക.
യൂഫ്രട്ടീസ് നദിക്കെന്തു ചേതം!
വിവാദങ്ങള്‍ക്ക് വഴിതെളിച്ച ഒരു മലയാള ചിത്രവും അതിലെ ഗാനവും വലിയ ജനശ്രദ്ധ നേടുകയുായി. പ്രവാചകന്റെയും പത്‌നി ഖദീജയുടെയും വിവാഹം വിവരിക്കുന്ന പ്രസ്തുത ഗാനം അതിന്റെ ദൃശ്യാവിഷ്‌കാരത്താല്‍ പ്രവാചക നിന്ദയാകുന്നു എന്നായിരുന്നു വാദം. യഥാര്‍ഥത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയാവാന്‍ മാത്രമുണ്ടായിരുന്നോ ഈ വിഷയം എന്നതില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. എവിടെ ഇടപെടണം, എവിടെ ഇടപെടരുത് എന്ന യുക്തിബോധം പലര്‍ക്കും കൈമോശം വന്നുവോ എന്ന ചോദ്യം പ്രസക്തമാണ്.
മൗനം വിദ്വാനു ഭൂഷണം എന്നതായിരിക്കും ഇത്തരം വിഷയങ്ങളില്‍ നല്ല നിലപാട്. കാരണം ഏതൊരു വിഷയത്തിലും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് അത് കൂടുതലായി പ്രചരിക്കപ്പെടുക. ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തിനിരയായ ചില ചിത്രങ്ങള്‍ പിന്നീട് വൈറലായത് ഉദാഹരണം. വിഷയം കത്തിപ്പടര്‍ന്ന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പ്രമുഖര്‍ പോലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണിതെന്ന് പ്രതികരിച്ച് രംഗത്തു വന്നു. വാദം ഉന്നയിച്ചവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വിപരീതമായ ഫലം ഉാകുന്നതാണ് പിന്നീട് കണ്ടത്.
മുസ്‌ലിം വിദ്വേഷം വളര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ വിഷയമായിത്തീരുന്നുവെന്നത് മാത്രമാകും മിച്ചം. യൂത്ത് കോണ്‍ഗ്രസ്സുകാരന്റെ കൊലപാതകത്തില്‍ മൗനം തുടര്‍ന്ന മുഖ്യമന്ത്രിയുടെ വാ തുറന്നതുപോലും ഇത്തരം വിഷയങ്ങള്‍ക്ക് വേണ്ടിയാണെന്നത് ദയനീയം തന്നെ.
സിനിമയോ ഗാനമോ പറയപ്പെടുന്ന അര്‍ഥത്തില്‍ മുസ്‌ലിമിനെ ബാധിക്കുന്നതല്ല എന്നതാണ് വസ്തുത. ഗാനരംഗങ്ങള്‍ പ്രവാചക നിന്ദയുണ്ടാക്കുന്നു എന്ന വാദവും അടിസ്ഥാനരഹിതമാണ്. ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ പ്രതിസന്ധികളനുഭവിക്കുന്ന ഘട്ടത്തില്‍ ഇത്തരം ചര്‍ച്ചകള്‍ ബാലിശവും ഖേദകരവുമാണ്. ഇതൊന്നും ഇസ്‌ലാമിന് ഒരു തരത്തിലും കോട്ടമുാക്കുന്നതല്ല. അപ്രസക്തമായ ഇത്തരം ആരോപണങ്ങള്‍ ചരിത്രത്തിലും ധാരാളം ഉണ്ടായിട്ടുണ്ട്. ഇതിനെയൊക്കെ തീര്‍ത്തും അവഗണിക്കുകയാണ് വേണ്ടത്. ഇമാം ശാഫിഈയുടെ കവിത അതോര്‍മപ്പെടുത്തുന്നു:
വിവരദോഷിയായ ഭോഷ്‌കനെ അവഗണിച്ചേക്കൂ,
അവന്‍ പറഞ്ഞതൊക്കെയും അവന് മാത്രം ബാധകം,
എന്നെങ്കിലും ഒരു പട്ടി ഇറങ്ങിയെന്നു വെച്ച്
യൂഫ്രട്ടീസ് നദിക്കെന്തു ചേതം!
മുഹമ്മദ് ബിലാല്‍
മാധ്യമ ധാര്‍മികത അകലെ
'മാധ്യമ ധാര്‍മികത'യെക്കുറിച്ച് നിസാര്‍ ബാലരാമപുരം ഉന്നയിച്ച ചോദ്യവും മുജീബ് നല്‍കിയ മറുപടിയും (ലക്കം 38) കാലികപ്രസക്തമാണ്. സ്വയം പാലിക്കേണ്ട ധാര്‍മിക മര്യാദകളില്‍നിന്ന് നമ്മുടെ ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ അടിക്കടി അകന്നുപോയിക്കൊണ്ടിരിക്കുന്നു. താരതമ്യേന കൂടുതല്‍ അകലുന്നത് ദൃശ്യമാധ്യമങ്ങളാണ്. ഉദ്വേഗജനകമായ സംഭവങ്ങളും വാര്‍ത്തകളും ആദ്യമാദ്യം വായനക്കാരുടെ/പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രതയും മത്സരവും ഈ രംഗത്ത് അനുവര്‍ത്തിക്കേണ്ട അടിസ്ഥാന മൂല്യങ്ങള്‍ തന്നെ നിരാകരിക്കുന്ന വിധമാണ്.
സംഭവങ്ങളുടെ നിജഃസ്ഥിതി അന്വേഷിച്ച് ബോധ്യപ്പെടാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന വിശുദ്ധ ഖുര്‍ആന്റെ മാര്‍ഗരേഖ തന്നെയാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാന പ്രമാണം. പ്രചരിപ്പിച്ച വാര്‍ത്ത പിന്നീട് തിരുത്തുകയോ തമസ്‌കരിക്കുകയോ ചെയ്യേണ്ടിവരുന്നത് ഈ അടിസ്ഥാന തത്ത്വം വിസ്മരിക്കുകയോ മനഃപൂര്‍വം ഉപേക്ഷിക്കുകയോ ചെയ്യുന്നതുകൊണ്ടാണ്.
വ്യക്തിയെയോ പ്രസ്ഥാനത്തെയോ സ്ഥാപനത്തെയോ ബോധപൂര്‍വം ആക്ഷേപിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല. അത് മാന്യമായ മാധ്യമ പ്രവര്‍ത്തനവുമല്ല. എന്നാല്‍, മാധ്യമങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. സമയ നിഷ്ഠയാണ് അതില്‍ പ്രധാനം. മാധ്യമ പ്രവര്‍ത്തകരുടെ സമയവും സൗകര്യവും നോക്കി മാറ്റിവെക്കാവുന്നതോ, നീട്ടിവെക്കാവുന്നതോ ആവില്ല വാര്‍ത്തകള്‍. അവ സമയബന്ധിതമായിതന്നെ മാധ്യമ സ്ഥാപനങ്ങളിലെത്തിക്കണം. മറ്റു മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തതിനു ശേഷം എത്ര പേജ് എഴുതി പ്രസിദ്ധീകരിച്ചാലും, എത്ര സമയം സംപ്രേഷണം ചെയ്താലും ഫലമില്ലാത്ത അവസ്ഥ!
മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതിസന്ധികളിലൊന്ന് ഇതാണ്. ഇത് മറികടക്കുന്നേടത്താണ് കിടമത്സരം മുറുകുന്നത്. അങ്ങനെ വരുമ്പോഴാണ് മാധ്യമ ധാര്‍മികത ചോര്‍ന്നുപോകുന്നതും. എന്നിരുന്നാലും വാര്‍ത്തകളുടെ സത്യസ്ഥിതി അന്വേഷിച്ചറിയാതെ അവ സമൂഹത്തിന് മുന്നിലെത്തിക്കുന്നതിന് ന്യായീകരണമില്ല. രാജ്യത്തെ നീതിന്യായ സംവിധാനങ്ങള്‍ മറികടന്ന് മാധ്യമങ്ങള്‍ മുന്‍കൂറായി ന്യായ വിചാരണ നടത്തുന്ന പ്രവണതയും ശരിയല്ല.
സലാം എടവനക്കാട്, കൊച്ചി
ആമിയും കമലും
ആമിയെന്ന സിനിമയുടെ കലാ നിരൂപണമല്ല ഇത്. ലോകതലത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ക്ക് കമലിന്റെ വക ഒരു സംഭാവനയാണ് ആമി എന്നു തോന്നുന്നു. നേരത്തേ തന്നെ തന്ത്രപൂര്‍വം കമല്‍ ഇത് നിര്‍വഹിച്ചിട്ടുണ്ട്, ചില സിനിമകളില്‍. കമലിന് അത്തരമൊരു രാഷ്ട്രീയം കൊണ്ടുനടക്കാന്‍ ജനാധിപത്യ സമൂഹത്തില്‍ അനുവാദമുണ്ട്. അതിനെ നിരൂപണം ചെയ്യാനുള്ള അവകാശം നമുക്കുമുണ്ട്. സിനിമയുടെ പ്രധാന സന്ദേശം ആമിയുടെ ഇസ്‌ലാം സ്വീകരണം ലൗ ജിഹാദാണെന്നതാണ്. നമ്മുടെ ഇടയില്‍ ജീവിക്കുന്ന ഒരു മനുഷ്യനെ അക്ബര്‍ എന്ന പേരില്‍ കഥാപാത്രമായി കമല്‍ കൊണ്ടുവരുന്നു. അയാളുടെ രൂപഭാവവും ജോലിയും രണ്ടു വിവാഹവും ഉര്‍ദു പ്രാവീണ്യവും വെച്ച് അയാള്‍ ആരാണെന്ന് പ്രേക്ഷകന് മനസ്സിലാക്കാം. അയാളുമായുള്ള പ്രേമമാണ് മുസ്‌ലിമാവാന്‍ ആമിയെ പ്രേരിപ്പിക്കുന്നത് എന്ന് സിനിമ പറയുന്നു.
ഒരു പാശ്ചാത്യ എഴുത്തുകാരിയുടെ പുസ്തകത്തില്‍നിന്നുള്ള വരികളും കേരളത്തിലെ സംഘ് പരിവാര്‍ സഹയാത്രികയായ ലീലാ മേനോന്‍ പറഞ്ഞ കാര്യങ്ങളും മാത്രമാണ് കമല്‍ അക്കാര്യത്തിന് അവംബിച്ചത്. കമലാ സുറയ്യ മരിച്ചതുകൊണ്ട് ഇതിനൊരു മറുപടി അവര്‍ക്ക് പറയാനാവില്ല. അവരുടെ മക്കള്‍ ഇതിന്റെ സത്യം വെളിപ്പെടുത്തണം. കമലിന്റെ ക്യാമറ ബോധപൂര്‍വം കണ്ണടച്ച രണ്ട് കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. ആമി ഹിന്ദുവായിരിക്കെ രണ്ട് അനാഥരായ മുസ്‌ലിം കുട്ടികളെ ദത്തെടുത്ത് വളര്‍ത്തി നല്ല ജോലി നേടിക്കൊടുത്തു. അതില്‍ ഒരാള്‍ അന്ധനായിരുന്നു. മറ്റൊന്ന്, അവരുടെ മരണാനന്തര ചടങ്ങുകളില്‍ മക്കള്‍ പങ്കെടുത്തു. ഇസ്‌ലാമിക രീതിയില്‍ ഖബ്‌റടക്കം ചെയ്യുന്നതില്‍ പൂര്‍ണ സന്തോഷത്തോടെ ഭാഗഭാക്കായി. ആമിയുടെ ജീവിതം പറയുമ്പോള്‍ എന്തുകൊണ്ടാണ് കമല്‍ ഈ ഭാഗങ്ങള്‍ വിട്ടുകളഞ്ഞത്?
കെ.കെ ബഷീര്‍ കണ്ണൂര്‍
Comments