Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 16

3043

1439 ജമാദുല്‍ ആഖിര്‍ 27

സനാതന ഹിന്ദുവിന്റെ ഇസ്‌ലാമിക സ്വത്വം

പ്രസന്നന്‍

ഒന്‍പത് - പരലോകം 

ഞങ്ങളുടെ ചെറുപ്പത്തില്‍ റേഷന്‍ ഷാപ്പ് ഒരു മഹാകാര്യമായിരുന്നു. ഇന്നും അങ്ങനെയൊക്കെ ആവുന്ന ആയിരങ്ങള്‍ കാണും. അവിടുന്ന് മാത്രം കിട്ടുന്ന അരി, പഞ്ചസാര, മണ്ണെണ്ണ ഒക്കെ കൊണ്ടാണ് ജീവിതത്തിന്റെ അറ്റങ്ങള്‍ വീട്ടുകാര്‍ കൂട്ടിമുട്ടിച്ചിരുന്നത്. ചില ക്ഷാമകാലത്ത് അരിയൊക്കെ കിട്ടാന്‍ വലിയ പ്രയത്‌നം വേണ്ടിവരും. പുലര്‍ച്ചെ ചെന്ന് കാര്‍ഡ് വെക്കുക. എന്നാല്‍ പോലും ചിലപ്പോള്‍ അട്ടിയില്‍ മേലെ ആയിരിക്കും നമ്മുടെ കാര്‍ഡ്. ഏകദേശ സമയം കണക്കാക്കി കാര്‍ഡ് വിളിക്കുമ്പോള്‍ ഹാജരാവുക. അരി വാങ്ങി വീട്ടില്‍ കൊണ്ടു വരിക. ഇതൊക്കെ ചിലപ്പോള്‍ എന്റെ ചുമതല ആയിരുന്നു. കാര്‍ഡ് വിളിക്കുന്ന സമയം വൈകുന്നേരമാണെങ്കില്‍ ആധി കൂടും. ദിനേന ഉള്ള കളി നഷ്ടപ്പെടുമോ എന്ന സങ്കടം. സ്വന്തം കാര്‍ഡിന്റെ കളറും നോക്കി അട്ടിയുടെ കനം കുറയുന്നതും പ്രതീക്ഷിച്ചുള്ള ആ കാത്തിരിപ്പുകള്‍ മറക്കാനാവില്ല. 

പക്ഷേ ഒന്നു രണ്ടു പ്രാവശ്യം അട്ടിമറി സംഭവിച്ചു (തിരക്ക് കാരണം ആളുകളുടെ കൈ തട്ടിയൊക്കെയാവും അതു സംഭവിക്കുക. അല്ല, മനപ്പൂര്‍വം ആണെന്ന വാഗ്വാദങ്ങളും കാണും) എന്റെ കാര്‍ഡ് വീണ്ടും അകലേക്ക് പോയപ്പോള്‍ ഉണ്ടായ അലോസരം വിവരിക്കാനാവാത്തതാണ്. ഇത്തരം ചെറിയ നീതിനിഷേധങ്ങള്‍ പോലും അസഹനീയമാവുന്ന ഒരു മനുഷ്യജീവിക്ക് എന്തൊക്കെ നീതിനിഷേധങ്ങള്‍ ഭരണകൂടവും ചുറ്റുപാടുകളും സമ്മാനിക്കാനിരിക്കുന്നു!

നീതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്കൊക്കെ ഒരു പരിധിയില്ലേ. ഇനി ഒരുവേള മനുഷ്യന്‍ സ്ഥാപിച്ചെടുക്കുന്ന നീതി അതെത്ര ആത്മാര്‍ഥമായാലും ഒരുപാട് പരിമിതികള്‍ നിറഞ്ഞതാവാനും സാധ്യതയുണ്ട്. 

ഈയടുത്ത കാലത്ത് മാവിന്‍ തോട്ടത്തില്‍ കയറി മാങ്ങ പറിച്ചെന്ന കാരണത്താല്‍ ഒരു മുസ്‌ലിം പെണ്‍കുട്ടി ഉത്തരേന്ത്യയില്‍ കൊല്ലപ്പെട്ടിരുന്നല്ലോ. അതോ മുസ്‌ലിമായി എന്ന കാരണമാണോ യഥാര്‍ഥത്തില്‍ കൊലക്കു പിന്നിലെന്നറിയില്ല. എന്തായാലും ആ കൊലയില്‍ അസ്വസ്ഥമായി ഒരു സുഹൃത്തു വിളിച്ചപ്പോള്‍ പറഞ്ഞു; 'നീ പറയുന്ന പരലോകം വേണമെന്ന് ഇന്നെനിക്കു തോന്നി. നിറയെ പച്ച മാങ്ങകളുള്ള അതിരുകളില്ലാത്ത തോട്ടത്തില്‍ അവള്‍ പാറി നടക്കുക എന്നത് മാത്രമാണ് എനിക്ക് സങ്കല്‍പ്പിക്കാവുന്ന ഏക നീതി'!

അതേ, ആരോ പറഞ്ഞിരുന്നില്ലേ ദൈവം എന്ന സമഗ്രവും സമ്പൂര്‍ണവുമായ ഒരാശയം ശരിക്കും ഇല്ലായിരുന്നെങ്കില്‍ അതുപോലെ ഒന്നിനെ മനുഷ്യന് സൃഷ്ടിക്കേണ്ടിവരുമായിരുന്നു എന്ന്. അതുപോലെ അവന്‍ പരലോകവും സങ്കല്‍പിക്കേണ്ടി വന്നേനെ, നീതിയുടെ പൂര്‍ണതക്കായി!

ഞങ്ങള്‍ക്കൊക്കെ ഈ ലോകത്തു തന്നെ നീതി കിട്ടണം എന്ന മറുവാദം ഉന്നയിക്കുന്നത് എനിക്ക് കേള്‍ക്കാം. അതങ്ങനെ ചോദിച്ചു എന്നോട് കലമ്പിയ ഒരു കൂട്ടുകാരിയോട് ചോദിച്ചു:

'അതെങ്ങനെ കൊടുക്കും?'

ചിലര്‍ക്ക് ഐശ്വര്യയെപ്പോലെ സുന്ദരിയാവണം 

ലത മങ്കേഷ്‌കറിനെ പോലെ പാടണം 

മദര്‍ തെരേസയുടെ മനസ്സ് 

മേരി ജോയുടെ കുതിപ്പ് 

കഴിവുകള്‍ക്ക് പോലും വേണ്ടേ സംവരണം! 

ഈ ലോകം അനീതി നിറഞ്ഞതു തന്നെയാണ് 

പ്രത്യക്ഷ നീതിക്കു വേണ്ടി മാത്രമല്ലേ പോരാട്ടം നടത്താന്‍ പറ്റൂ 

എന്തിനേറെ പ്രസവം ഒന്ന് മാറ്റിപ്പിടിക്കാന്‍ നേര്‍പാതി ആഗ്രഹിച്ചാല്‍ പോലും പറ്റുമോ?

ഇതിനൊക്കെ നീതി കിട്ടുന്നതല്ലേ യഥാര്‍ഥ നീതി?

ഈ ലോകത്തു നീതി നടപ്പിലാക്കാനുള്ള എല്ലാ ശ്രമങ്ങളെയും, അതാരായാലും സര്‍വാത്മനാ അംഗീകരിക്കുന്നതോടൊപ്പം, യഥാര്‍ഥ നീതി അസംഭവ്യം ആണെന്ന തിരിച്ചറിവില്‍ നീതിക്കു വേണ്ടി നൈസര്‍ഗികമായി തന്നെ അടങ്ങാത്ത തേട്ടമുള്ള മനുഷ്യന്‍ പരലോകത്തെ കുറിച്ച് സ്വപ്‌നം കാണുന്നതില്‍, അതിനായി സ്വന്തം ജീവിതത്തെ നന്മയില്‍ അധിഷ്ഠിതമായി ഒരുക്കൂട്ടുന്നതില്‍ എന്താണ് കുഴപ്പം?

സമ്പൂര്‍ണമായ നീതിയുടെ തേട്ടം എന്റെ സ്വപ്‌നമാണ്, പൂര്‍ണമായ നീതി സംസ്ഥാപനം ഈ പ്രകൃതിയില്‍ അസാധ്യമാണ്. ചുറ്റുപാടുമുള്ള നീതിനിഷേധങ്ങള്‍ ഒരിക്കലെങ്കിലും നിങ്ങളെ അലോസരപ്പെടുത്തിയിട്ടില്ലേ? ഇനി അതൊക്കെ ശരിയാക്കിയാലും യേശുദാസിനെ പോലെ എനിക്കെന്താ പാടാനാവാത്തത്? സച്ചിനെപ്പോലെ സ്‌ക്വയര്‍ കട്ട് ചെയ്യാന്‍, ബോള്‍ട്ടിനെപ്പോലെ ഓടാന്‍, അങ്ങനെ വിവിധങ്ങളായ ഒരുപാട് കഴിവുകള്‍.  പ്രസവത്തിന്റെയും ആര്‍ത്തവത്തിന്റെയും ഒക്കെ പ്രയാസം പ്രകൃതി എന്തിനാ സ്ത്രീകള്‍ക്കു മാത്രം നല്‍കിയേ? അപ്പോള്‍ ഓരോരുത്തര്‍ക്കും നിരങ്കുശമായ നീതി കിട്ടുന്ന മറ്റൊരു ലോകം എന്റെ ബുദ്ധി ആവശ്യപ്പെടുന്നു, ആ ലോകത്തെ അവസ്ഥ തീര്‍ച്ചയായും സ്വന്തം കര്‍മബലം അശ്രയിച്ചേ ആവാനും പാടുള്ളൂ. നന്മ ചെയ്തവര്‍ക്ക് തീര്‍ച്ചയായും പ്രതിഫലം കിട്ടണം. തിന്മ ചെയ്തവരെ, ആ മനോഗതിയുമായി ആ സമാധാന ലോകത്തേക്ക് അടുപ്പിക്കുകയേ വേണ്ട. അതുമല്ലെങ്കില്‍ അറിവിന്റെ പൂര്‍ണതയുള്ള ഒരു ലോകം! അതു തന്നെ എത്ര മാത്രം കൊതിപ്പിക്കുന്നതല്ല! കര്‍മം നന്നാക്കി ആ ലോകത്തേക്ക് പ്രവേശിക്കാന്‍ തയാറെടുക്കു എന്നു മാത്രമേ ദൈവം ആവശ്യപ്പെടുന്നുള്ളൂ, യഥാര്‍ഥ ഘര്‍വാപ്പസിക്കു വേണ്ടി തയാറെടുക്കൂ എന്ന്. വീട്ടിലേക്കു തിരിച്ചുപോവേണ്ട എന്നുള്ളവര്‍ക്കു പ്രകൃതിയില്‍ ലയിച്ചുചേരാം. പക്ഷേ വീടിന്റെ സ്‌നേഹവും മണവും സമാധാനവും വേണ്ടവര്‍ക്ക് അതിനായി സ്വയം സമര്‍പ്പിച്ചേ മതിയാവൂ. 

ഇത്തരം വിശകലന രീതിയിലാണ് ഞാനെന്റെ ദൈവവിശ്വാസം കരുപ്പിടിപ്പിച്ചത്. പക്ഷേ യഥാര്‍ഥ വിശ്വാസത്തിന്റെ സുഗന്ധം അനുഭവിക്കാന്‍ വീണ്ടും ഏറെ മുന്നോട്ടുപോവേണ്ടിയിരുന്നു. ഇനിയും ഒരുപാട് വഴിദൂരം സഞ്ചരിക്കാനുമിരിക്കുന്നു.

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൗവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തേതന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്തുകിടക്കുന്നതു നിനക്കു കാണാം. പിന്നെ നാമതില്‍ മഴ വീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു (ഖുര്‍ആന്‍ 22:5).

ആത്മാവിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ നാഥന്റെ വരുതിയിലുള്ള കാര്യമാണ്. അറിവില്‍നിന്ന് അല്‍പമേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ (17:85).

 

പത്ത് -ആരാധന

ഞങ്ങളുടേത് ഒരു ഇടതുപക്ഷ ഗ്രാമമായിരുന്നു. പണ്ടൊക്കെ അമ്പലങ്ങളേക്കാള്‍ പാര്‍ട്ടി ഓഫീസുകളെയും വായനശാലകളെയും ആരാധിച്ചിരുന്ന ഗ്രാമം. ഇപ്പോഴതൊക്കെ മാറി വരുന്നു! ക്രിക്കറ്റ് ഭ്രാന്ത് തലയിലേറ്റിയ കൗമാര കാലത്ത് ഞങ്ങളുടെ ഒരു ശീലമായിരുന്നു, ചെറുകല്ലുകളെടുത്ത് ദൂരെ കാണുന്ന ഇലക്ട്രിക്ക് പോസ്റ്റിനെയോ മരങ്ങളെയോ ഉന്നം വെച്ചെറിയുക എന്നത്. കൂട്ടമായിരുന്നു കഥപറയുന്ന നേരത്തും നടക്കുമ്പോഴും ഒക്കെ ഉണ്ടാവും ഈ വിനോദം.

അമ്പലത്തിനടുത്ത് പുതുതായുണ്ടാക്കിയ വായനശാലക്കു മുന്നിലെ ഒരു വൈകുന്നേരം. ഒരു ചെറുകല്ലെടുത്ത് ഞാന്‍ ഉന്നം വെച്ചത് പാര്‍ട്ടിയുടെ കൊടിമരത്തെ. പെട്ടെന്ന് കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരന്‍ ഗൗരവം പൂണ്ടു; 'കൊടിമരത്തിന് കൊണ്ടാല്‍ അത് കളി വേറെയാവും കേട്ടോ'. അവന്റെ ആരാധ്യ വസ്തുവിനെ തിരിച്ചറിഞ്ഞ ദൃഷ്ടാന്തം എന്നില്‍ വന്നു നിറഞ്ഞു. ശീവേലി കല്ലുകള്‍ ഫുട്‌ബോള്‍ പോസ്റ്റായി അമ്പലപ്പറമ്പില്‍ കളിച്ചപ്പോള്‍ നമ്മള്‍ക്കാര്‍ക്കും ഒരു വിഷമവും അനുഭവപ്പെടാതിരുന്ന ബാല്യകാലം ആയിരുന്നു അതെന്നും ഓര്‍ക്കണം. ഇന്നത് ചിന്തിക്കാനാവില്ല തന്നെ. അന്ന് കുട്ടിക്കൃഷ്ണനും ഞങ്ങളോടൊപ്പം പന്തു കളിച്ചിട്ടുാവണം. ഇത്തരം കാല്‍പനികതകളായായിരുന്നു എനിക്ക് അന്നത്തെ മതം. എന്റെ കൗമാരകാലത്തു തന്നെയാണ് ആ അമ്പലത്തിനു മതില്‍ വന്നത്. സിമന്റ് തേച്ചപ്പോള്‍ മതിലില്‍ 'അഹിന്ദുക്കള്‍ക്കു പ്രവേശനം ഇല്ല' എന്ന, നാട്ടു മര്യാദ എഴുതാന്‍ തെരഞ്ഞെടുത്തത് എന്നെ. കൈയക്ഷരത്തിന്റെ മഹത്വം കൊണ്ടാവാം. അന്നതെഴുതുമ്പോള്‍ സ്വയം അഹിന്ദു ആവുന്ന ഒരു ഭാവികാലം എനിക്കുണ്ടാവുമെന്നു ആരറിഞ്ഞു?

ദൈവങ്ങളെ മതിലുകെട്ടി വേര്‍തിരിച്ച് ചിലയാളുകളെ പുറത്തുനിര്‍ത്തുന്നതൊക്കെ ഓരോ ജീവിതപാഠങ്ങളല്ലേ? എന്തായാലും ആ അമ്പലവും കുളവുമൊക്കെ അശുദ്ധമാക്കാന്‍ ഇപ്പോള്‍ ഞാന്‍ പോവാറില്ല തന്നെ!

പക്ഷേ ഇന്നും നല്ലൊരു സനാതന ഹിന്ദുവാണ് ഞാനെന്ന അഭിമാനത്തിലാണ് എന്റെ ജീവിതം. ഞാന്‍ പോരാടി നേടിയെടുക്കാന്‍ ശ്രമിക്കുന്നതാണെന്റെ ഇസ്ലാമിക സ്വത്വം. പ്രപഞ്ച സ്രഷ്ടാവിനുള്ള ജീവിത സമര്‍പ്പണം ഒരു ചെറിയ ഏര്‍പ്പാടല്ലല്ലോ. അതിനാണല്ലോ ജിഹാദ് വേണ്ടി വരുന്നത്. ഹൈന്ദവ സനാതന മൂല്യങ്ങള്‍കൂടി എനിക്കതിനു ഇന്ധനം ആവുന്നെണ്ടന്നത് ഒരു രഹസ്യമല്ല താനും. മൂല്യങ്ങളുടെയൊക്കെ കുത്തക പ്രപഞ്ചസ്രഷ്ടാവിനാണ്, ഒരു മതത്തിന്റെയും കള്ളികളില്‍ ഒതുങ്ങേണ്ടുന്ന ഒന്നല്ല നന്മകള്‍.

ആരാധനകള്‍ ഓരോ മനുഷ്യനും അനുഷ്ഠിക്കുന്നു. അത് ദൈവങ്ങളായാലും, വിഗ്രഹങ്ങളായാലും, പാര്‍ട്ടി ചിഹ്നങ്ങളായാലും, നേതാക്കന്മാരായാലും. അതിനൊക്കെ വേണ്ടി തല്ലാനും കൊല്ലാനുമൊക്കെ തയാറാവുന്നു. എന്തിനെയെങ്കിലും ആരാധിക്കാനുള്ള ഒരാഗ്രഹം മനുഷ്യനില്‍ നിറഞ്ഞുനില്‍ക്കുന്നു. അപ്പോള്‍ ആരെങ്കിലും യഥാര്‍ഥത്തില്‍ ആരാധന അര്‍ഹിക്കുന്നുണ്ടെങ്കില്‍ അവനാവില്ലേ 'ദൈവം' എന്ന തോന്നല്‍ പിന്നീടെന്നെ മഥിക്കാന്‍ തുടങ്ങിയതിന് ഇത്തരം കാഴ്ചകളുടെ സ്വാധീനം പറയേണ്ടതില്ലല്ലോ. ഒരരാധ്യവസ്തുവിനെയും കിട്ടിയില്ലെങ്കില്‍ സ്വന്തം ഇഛയെ ആരാധിക്കുന്നവരും കുറവല്ലല്ലോ.

ആരാധനക്കു വേണ്ടി ഇതേ കൂട്ടുകാരന്‍ ചെയ്ത മറ്റൊരു ദൃഷ്ടാന്തം കൂടി പറഞ്ഞാലേ കഥ പൂര്‍ത്തിയാവൂ. ആരുടെയും ആരാധനാ വസ്തുക്കളെ നാം അവമതിക്കരുതല്ലോ. അതുകൊണ്ടു തന്നെ പഴയ സംഭവം എനിക്കൊരു മുറിവായിരുന്നു. ഞാന്‍ കൊടിമരത്തെ ഉന്നംവെച്ച് കൊച്ചു കല്ലെറിയാന്‍ തുനിഞ്ഞതു പോലും!

അത് എന്റെ ആദ്യത്തെ വോട്ടുമായി ബന്ധപ്പെട്ടാണ്. ജോലിക്കാരനായതിനാല്‍ ഹാഫ് ഡേ ലീവുമെടുത്താണ് കാസര്‍കോട്ടു നിന്ന് ഉച്ചവണ്ടി പിടിച്ച് വൈകുന്നരത്തോടടുപ്പിച്ചു നെരുവമ്പ്രത്തെ പോളിംഗ് ബൂത്തിലെത്തിയത്. പാര്‍ട്ടിക്കാരില്‍നിന്ന് സ്ലിപ് കൈപ്പറ്റുമ്പോഴേ മാര്‍ക് ചെയ്യുന്നയാള്‍ സൂചിപ്പിച്ചു; 'നിന്റെ വോട്ടു ചെയ്തല്ലോ, നമ്മളുടെ ഉറച്ച വോട്ടല്ലേ, വരില്ലെന്ന് വിചാരിച്ചുകാണും'.

സ്വന്തം അവകാശം ആരോ കവര്‍ന്നെടുത്ത ഇഛാഭംഗം. എങ്കിലും ബൂത്തിലെത്തി പോളിംഗ് ഓഫീസറെ കണ്ടു. വേണമെങ്കില്‍ ടെണ്ടര്‍ വോട്ടു ചെയ്യാമെന്ന ഉപദേശം. അതിലൊന്നും വലിയ കാര്യമില്ല എന്ന ഉദ്ബോധനം വേറെയും. കള്ളവോട്ട് നടന്നു എന്ന് അയാളെയെങ്കിലും ബോധ്യപ്പെടുത്തി ഞാന്‍ മടങ്ങി. പോളിംഗ് ഓഫീസറായി പില്‍ക്കാലത്ത് പലതവണ ജോലി ചെയ്തപ്പോള്‍ ജനാധിപത്യത്തില്‍ നടക്കുന്ന എല്ലാ വൃത്തികേടുകളും അനുഭവിച്ചറിയുകയും ചെയ്തു. എങ്കിലും എന്റെ വോട്ടു ചെയ്ത മഹാനെ തിരിച്ചറിയണമല്ലോ. 

തിരിച്ചു പാര്‍ട്ടിക്കാരുടെ അടുത്തു വന്ന് സംഭവം ചോര്‍ത്തിയെടുത്തു. കൊടിമരത്തെ ആരാധിച്ച അതേ കൂട്ടുകാരന്‍! ആ വോട്ടു ചെയ്ത് ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തിയ ചാരിതാര്‍ഥ്യത്തില്‍ അവനവിടെത്തന്നെ ഉണ്ടായിരുന്നു. ഇതൊക്കെ ഒാരോ പാര്‍ട്ടിയും അവരുടെ ഭൂരിപക്ഷ പ്രദേശത്ത് ഒരു കുറ്റബോധവും കൂടാതെ നടത്തിവരുന്ന കലാപരിപാടികളാണുതാനും. പിന്നെ ഞാന്‍ വോട്ടു ചെയ്യാന്‍ ശ്രമിച്ചിട്ടേ ഇല്ല എന്നു കൂടി പറയട്ടെ. ചില അവിശ്വാസങ്ങള്‍ കയറിവരുന്നതും കാഴ്ചകളിലൂടെ ആണല്ലോ. ഏറ്റവും ഒടുവില്‍ പ്രിസൈഡിംഗ് ഓഫീസറായി ജോലി നോക്കിയപ്പോള്‍ സ്വന്തം ബൂത്തിലല്ലാതെ വോട്ടു ചെയ്യാവുന്ന അവസരം ഉപയോഗപ്പെടുത്തി. 40 വയസ്സിനുശേഷം ഞാന്‍ എന്റെ ആ 'കന്യകാത്വം' അങ്ങനെ നഷ്ടപ്പെടുത്തി. 

നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്തനടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല, തീര്‍ച്ച (31:18). 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (14-17)
എ.വൈ.ആര്‍

ഹദീസ്‌

സ്വര്‍ഗം നേടാനുള്ള വഴി
എം.എസ്.എ റസാഖ്‌